Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലേഷ് യാദവ് പൊരുതി, പക്ഷേ പോരാ; കോൺഗ്രസിനെയും ബിഎസ്‌പിയെയും മാറ്റിനിർത്തി ഇത്തവണ പോരാടിയത് ചെറുപാർട്ടികളുടെ സഖ്യം രൂപീകരിച്ച്; വോട്ട് വിഹിതത്തിലും സീറ്റിലും കുതിപ്പ് ഉണ്ടാക്കിയിട്ടും കിതച്ചുവീണു; അഖിലേഷിന്റെയും സമാജ് വാദി പാർട്ടിയുടെയും കണക്കുകൂട്ടലുകൾ പിഴച്ചത് എവിടെ?

അഖിലേഷ് യാദവ് പൊരുതി, പക്ഷേ പോരാ; കോൺഗ്രസിനെയും ബിഎസ്‌പിയെയും മാറ്റിനിർത്തി ഇത്തവണ പോരാടിയത് ചെറുപാർട്ടികളുടെ സഖ്യം രൂപീകരിച്ച്; വോട്ട് വിഹിതത്തിലും സീറ്റിലും കുതിപ്പ് ഉണ്ടാക്കിയിട്ടും കിതച്ചുവീണു; അഖിലേഷിന്റെയും സമാജ് വാദി പാർട്ടിയുടെയും കണക്കുകൂട്ടലുകൾ പിഴച്ചത് എവിടെ?

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: യുപിയിൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകൾ വന്നപ്പോൾ സമാജ് വാദി പാർട്ടി ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. അന്തിമ വിജയം ജനാധിപത്യത്തിന്റേത് ആയിരിക്കുമെന്നും, തങ്ങൾ സർക്കാരുണ്ടാക്കും എന്നുമായിരുന്നു സമാജ് വാദി പാർട്ടിയുടെ ട്വീറ്റ്.
'ഫലം ഇനിയും പൂർത്തിയായിട്ടില്ല. രാവും പകലും ജാഗ്രതയോടെയും സജീവമായും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചതിന് സമാജ്വാദി പാർട്ടിയുടെയും സഖ്യത്തിന്റെയും എല്ലാ പ്രവർത്തകർക്കും അനുഭാവികൾക്കും നേതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ നന്ദി. ജനാധിപത്യത്തിന്റെ ശിപായിമാർ വിജയപത്രവുമായ മാത്രമേ മടങ്ങുകയുള്ളു'- സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

2017 ൽ 47 സീറ്റു മാത്രമുണ്ടായിരുന്ന എസ്‌പി ഇത്തവണ 110 ലേറെ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. എസ്‌പി രണ്ടിരട്ടിയലധികം സീറ്റുകൾ പിടിക്കുന്ന സാഹര്യമുണ്ടെങ്കിലും 403 അംഗ നിയമസഭയിൽ ഭരണമുറപ്പിക്കാനുള്ള കേവല ഭൂരിപക്ഷത്തിൽ നിന്നും വളരെ അകലെയാണ്. എന്നിരുന്നാലും, ബിജെപിയുടെ ജയാരവത്തിന്റെ തിളക്കം അല്പം കുറയ്ക്കാനും, ഉജ്ജ്വലമായി പോരാടി നേട്ടമുണ്ടാക്കാനും, അഖിലേഷിനും പാർട്ടിക്കും കഴിഞ്ഞു.

ഒരുപക്ഷേ, ചില കണക്കുകൂട്ടലുകൾ തെറ്റിയെങ്കിലും. 'എല്ലാവർക്കും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന ആഗ്രഹം ഉണ്ട്. എല്ലാവരും സൈക്കിൾ ചിഹ്നത്തിൽ വോട്ടു ചെയ്യും. തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തെറിയപ്പെടും. ദളിത് പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക വിഭാഗക്കാരും ബിജെപിക്ക് എതിരായി'- ഒരു അഭിമുഖത്തിൽ അഖിലേഷ് പറഞ്ഞത് തന്റെ കണക്കുകൂട്ടലുകളാണ്. അത് പൂർണമായി ശരിയായില്ലെങ്കിലും. എന്തായാലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, എസ്‌പിക്ക് 76 ഓളം സീറ്റുകൾ കൂടുതലായി കിട്ടി. ബിജെപിക്ക് 52 ഓളം സീറ്റുകൾ കുറയുകയും ചെയ്തു.

കോൺഗ്രസിന്റെയോ മറ്റ് പാർട്ടികളുടെയോ പിന്തുണ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സമാജ്‌വാദി പാർട്ടി സഖ്യത്തിന് ഭരിക്കേണ്ട ഭൂരിപക്ഷം ലഭിക്കുമെന്നാണ് അഖിലേഷ് വിശ്വസിച്ചിരുന്നത്. സമാജ്‌വാദി പാർട്ടി ബിജെപിയെ തോൽപ്പിക്കാനാണ് മത്സരിക്കുന്നതെന്നും കോൺഗ്രസും ബിഎസ്‌പിയും സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കാനാണ് മത്സരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞിരുന്നു.

മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് അഖിലേഷ് യാദവ് യുപിയിൽ പ്രചാരണത്തിനിറങ്ങിയത്. തന്ത്രപരമായ സഖ്യങ്ങളും വിജയസാധ്യതയുടെ അടിസ്ഥാനത്തിലെ സ്ഥാനാർത്ഥി നിർണയവുമെല്ലാം ഈ ആസൂത്രണത്തിൽപ്പെട്ടിരുന്നു. കോൺഗ്രസിന് യുപിയിൽ ശക്തി വളരെ കുറവാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഖിലേഷ് പറഞ്ഞിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസ് വളരെ ദുർബലരാണ്. ബിജെപിയെ തോൽപിക്കാനുള്ള കരുത്തില്ല. 2017ൽ അവരുമായി സഖ്യമുണ്ടാക്കിയപ്പോൾ അത്ര നല്ല അനുഭവമായിരുന്നില്ല. 100 ന് മുകളിൽ സീറ്റുകൾ അവർക്കു നൽകി, പക്ഷേ ജയിക്കാൻ സാധിച്ചില്ല. യുപിയിലെ ജനങ്ങൾ കോൺഗ്രസിനെ ഉപേക്ഷിച്ചതായും അഖിലേഷ് പറഞ്ഞിരുന്നു.

ചെറുപാർട്ടികളുടെ സഖ്യം എന്ന തന്ത്രം

ചെറുപാർട്ടികളുടെ സഖ്യം രൂപീകരിച്ചാണ് ഇത്തവണ അഖിലേഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തന്റെ മുസ്ലിം-യാദവ വോട്ട് ബാങ്കിനൊപ്പം ഒബിസി വോട്ടുകൾ കൂടി പിടിക്കാം എന്നാായിരുന്നു സഖ്യരൂപീകരണത്തിന് പിന്നിലെ അഖിലേഷിന്റെ മനസ്സിലിരുപ്പ്.
ആർഎൽഡിയും അപ്നാ ദളുമുൾപ്പടെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായാണ് സമാജ്‌വാദി പാർട്ടി സഖ്യമുണ്ടാക്കിയത്.

പിന്നാക്കവിഭാഗങ്ങൾ യോഗിയുടെ ഭരണത്തിൽ അതൃപ്തരാണെന്ന സൂചനയായി, തുടർച്ചയായി യോഗി മന്ത്രിസഭയിലെ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ള എംഎൽഎമാരുടെ രാജി ഉണ്ടായിരുന്നു. മൂന്ന് മുതിർന്ന മന്ത്രിമാരാണ് ബിജെപി പാളയം വിട്ടത്. ഇവരടക്കം പതിനാല് എംഎൽഎമാർ ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.

യോഗി ആദിത്യനാഥ് 403-ൽ 312 സീറ്റുകളോടെ വോട്ടുകൾ തൂത്തുവാരിയ മുമ്പത്തെ തെരഞ്ഞെടുപ്പിലേത് പോലല്ല, അരയും തലയും മുറുക്കി പോരിനൊരുങ്ങാൻ തന്നെയായിരുന്നു അഖിലേഷ് യാദവിന്റെ തീരുമാനം. ബിഎസ്‌പിയും കോൺഗ്രസും സഖ്യമില്ലാതെ വെവ്വേറെയാണ് മത്സരിച്ചത്. അപ്നാ ദൾ, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദൾ, ജൻ അധികാർ പാർട്ടി എന്നിങ്ങനെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായി എസ്‌പി സഖ്യം രൂപീകരിച്ചു.

അഖിലേഷിന്റെ വാഗ്ദാനങ്ങൾ ജനം കേട്ടില്ലേ?

ഉത്തർപ്രദേശിൽ തന്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നാൽ സർക്കാർ ജോലിക്കുള്ള പ്രായപരിധിയിൽ ഇളവ് നൽകുമെന്നും പൊലീസ് സേനയിലെ ഒഴിവുകൾ പ്രഖ്യാപിക്കുമെന്നും അഖിലേഷ് വാഗ്ദാനം ചെയ്തിരുന്നു. 2017ൽ ഉത്തർ പ്രദേശിൽ അധികാരത്തിൽ എത്തിയപ്പോൾ സംസ്ഥാനത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നാണ് ബിജെപി പറഞ്ഞത്. എന്നാൽ അവരുടെ വരുമാനം പകുതിയായി കുറയുകയാണ് ചെയ്തത്. കോവിഡ് സമയത്ത് ബിജെപി ലോക്ക്ഡൗൺ ഏർപ്പെടുത്തി, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരായി. പലരും പാതിവഴിയിൽ മരിച്ചു. ആ സമയത്ത്, ഉത്തർ പ്രദേശിലെ ജനങ്ങളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് സമാജ്വാദി പാർട്ടിയാണ്. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ സർക്കാർ അവരുടെ നേരെ കണ്ണടച്ചു

കോവിഡ് കാലത്ത് അവർക്ക് മരുന്നുകളും കിടക്കകളും നൽകാൻ കഴിഞ്ഞില്ല. അവർ കൃത്യസമയത്ത് മരുന്നും ഓക്‌സിജനും നൽകിയിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. അഖിലേഷ് പറഞ്ഞു. മാത്രമല്ല കോവിഡ് പ്രതിസന്ധി കാരണം. നിരവധി യുവാക്കൾക്ക് സർക്കാർ ജോലിക്കുള്ള പ്രായപരിധി മറികടന്നു ആയതിനാൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ പ്രായപരിധിയിൽ ഇളവ് നൽകും. കൂടാതെ, സൈന്യത്തിലെ റിക്രൂട്ട്മെന്റിനുള്ള പ്രായപരിധിയിൽ ഇളവ് നൽകാൻ ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടും അദ്ദേഹം പറഞ്ഞു.

എല്ലാം മറികടന്ന് യോഗിയും ബിജെപിയും

എന്നാൽ, ഇതിനെയെല്ലാം മറികടന്നാണ് ബിജെപിയുടെയും യോഗിയുടെയും വിജയം. മറ്റുബിജെപി മുഖ്യമന്ത്രിമാർക്ക് അനുകരിക്കാൻ കഴിയും വിധം പുതിയ ഒരു ഭരണ മാതൃക യോഗി മുന്നോട്ട് വച്ചു. രണ്ടാമതായി ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചു. യാദവ ഇതര മണ്ഡൽ വോട്ടുകൾ ബിജെപിക്ക് നഷ്ടമാകുന്നു എന്നായിരുന്നു പ്രചാരണത്തിനിടെ ഉയർന്ന വാദം. 2014 ലും, 2017 ലും 2019 ലും മണ്ഡൽ വോട്ടുകൾ ബിജെപിക്ക് കിട്ടിയിരുന്നു. എന്നാൽ, ഒബിസി വോട്ടുചോർച്ച കാര്യമായി ഉണ്ടായില്ല എന്നുവേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് അനുമാനിക്കാൻ. കഴിഞ്ഞ എട്ടുവർഷത്തിനിടെ, നാലാമത്തെ തവണയാണ് ബിജെപി വോട്ടുവിഹിതം 40 ശതമാനത്തിൽ എത്തുന്നത്. 1989 ന് ശേഷം ഒരു പാർട്ടിക്കും ഇത്രയും വോട്ട് വിഹിതം നേടാൻ കഴിഞ്ഞിട്ടില്ല. ബിഎസ്‌പിയും എസ്‌പിയും ഭൂരിപക്ഷ സർക്കാരുകൾ രൂപീകരിച്ചപ്പോളും വോട്ട് വിഹിതം 30 ശതമാനം കടന്നിരുന്നില്ല. മൂന്നാമതായി വിലക്കയറ്റവും, തൊഴിലില്ലായ്മയും, കോവിഡും വരുത്തിയ ദുരിതങ്ങൾ സൗജന്യ റേഷൻ അടക്കം ജനക്ഷേമ നടപടികളിലൂടെ ബിജെപിയും യോഗിയും മറികടന്നു. ബിജെപി ഇപ്പോൾ വെറും ബ്രാഹ്മിൺ -ബനിയ പാർട്ടിയല്ല. ജനക്ഷേമ നടപടികളിലൂടെ ഒബിസി ദളിത് വോട്ടർമാരുടെ മനം കവർന്നു ബിജെപി എന്നുവേണം കരുതാൻ.

2017 ലെ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തോളം പുരോഗതി വോട്ട് വിഹിതത്തിൽ ബിജെപിക്കുണ്ടായി. 44.6 ശതമാനത്തോളം. അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. എന്നാൽ, 76 ഓളം സീറ്റുകൾ കൂടുതലായി നേടി മികച്ച പോരാട്ടം കാഴ്ച വച്ചിട്ടും ഭൂരിപക്ഷത്തിലേക്ക് അടുക്കാൻ ആയില്ലെന്ന നിരാശ അഖിലേഷിനെയും എസ്‌പിയെയും അലട്ടാതിരിക്കില്ല.

അതേസമയം, കനത്ത തിരിച്ചടി കിട്ടിയത് മായാവതിയുടെ ബിഎസ്‌പിക്കാണ്. 2017ൽ 19 സീറ്റ് നേടിയ മായാവതി, ഇത്തവണ അഞ്ചെണ്ണത്തിലാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് അമ്പേ പിന്നോട്ടുപോയ ബിഎസ്‌പി, കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ബിഎസ്‌പിയുടെ പിന്നോട്ടുപോക്ക് ബിജെപിക്ക് ഗുണകരമായി. മായാവതിയുടെ ഉറച്ച കോട്ടകളിൽ ഇത്തവണ ബിജെപിയാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്.

അതേസമയം, ബിജെപിക്ക് 2017 ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും യുപിയിൽ പുതു ചരിത്രമെഴുതാൻ സാധിച്ചു. 37 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തുടർ ഭരണം വരുന്നത്. യോഗി ആദിത്യനാഥിന് ഗൊരഖ്പുരിൽ 22,000ന് മുകളിലാണ് ലീഡ്. മത്സരിച്ച മന്ത്രിമാർ എല്ലാംതന്നെ വിജയിച്ചു.

അഖിലേഷ് പൊരുതി പക്ഷേ പോരാ

വീണ്ടും യുപിയുടെ മുഖ്യമന്ത്രിയാവാൻ അഖിലേഷ് അഞ്ചുവർഷം കൂടി കാത്തിരിക്കണം. വോട്ട് വിഹിതത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും. സമാജ് വാദി പാർട്ടിയുടെ വോട്ട് വിഹിതം 31.8 ശതമാനം ആയി ഉയർന്നു. 2017 ൽ 21.8 ശതമാനമായിരുന്നു. 10 ശതമാനത്തിന്റെ വർദ്ധന.

ഇതിന് മുമ്പ് 2012 ലായിരുന്നു മികച്ച പ്രകടനം. 29.12 ശതമാനം വോട്ടുകൾ. അന്ന് 200 ലേറെ സീറ്റുകൾ കിട്ടി. 2017ലെ പോലെ തന്നെ ശക്തമായ പ്രകടനം ബിജെപി കാഴ്ച വച്ചതോടെയാണ് മികച്ച വോട്ട് വിഹിതം കിട്ടിയിട്ടും എസ്‌പി പിന്നിലാവാൻ കാരണം. 2017 നെ അപേക്ഷിച്ച് കുറച്ചുസീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം കൂടിയതാണ് ആ പാർട്ടിക്ക് തുണയായത്. ഈ വ്യത്യാസം മറികടക്കാൻ അഭൂതപൂർവമായ പിന്തുണയുടെ വർദ്ധന എസ്‌പിക്ക് ഉണ്ടാകേണ്ടിയിരുന്നു. അതുണ്ടായില്ല.

അഖിലേഷിന്റെ നേതൃത്വത്തിൽ ഇത് തുടർച്ചയായ മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് എസ്‌പി പിന്നിലാവുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് പുനരാരോചന വേണ്ടി വരുമെന്ന് ഉറപ്പാണ്. 2017 ൽ കോൺഗ്രസുമായി കൂട്ടുചേർന്നപ്പോൾ സീറ്റ് നില 50 ൽ താഴെയായി കുറഞ്ഞു. അതുകൊണ്ട് ഇത്തവണ കോൺഗ്രസിനെ മാറ്റി നിർത്തി. 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിയുമായി കൂട്ടുകൂടിയപ്പോഴും പരാജയമായിരുന്നു ഫലം. 2022ൽ ചെറുകക്ഷികളുടെ സഖ്യം ഉണ്ടാക്കിയപ്പോഴും, ബിജെപി വിമതരെ ഒപ്പം കൂട്ടിയപ്പോഴും പരാജയം തന്നെ. സമാജ് വാദി പാർട്ടിക്ക് ഏറെ തല പുകയ്‌ക്കേണ്ട കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP