Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹർമൻപ്രീതിന്റെ ഒറ്റയാൾ പോരാട്ടവും ഫലം കണ്ടില്ല ; ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകളെ തകർത്ത് ന്യൂസീലൻഡ്; ആതിഥേയർക്കെതിരായ പരാജയം 62 റൺസിന്; ന്യൂസിലാന്റിന് വിജയമൊരുക്കിയത് അമേലിയ ഖേറുടെ ഓൾറൗണ്ട് പ്രകടനം

ഹർമൻപ്രീതിന്റെ ഒറ്റയാൾ പോരാട്ടവും ഫലം കണ്ടില്ല ; ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകളെ തകർത്ത് ന്യൂസീലൻഡ്; ആതിഥേയർക്കെതിരായ പരാജയം 62 റൺസിന്; ന്യൂസിലാന്റിന് വിജയമൊരുക്കിയത് അമേലിയ ഖേറുടെ ഓൾറൗണ്ട് പ്രകടനം

സ്പോർട്സ് ഡെസ്ക്

ഹാമിൽട്ടൺ: വനിതാ ലോകകപ്പിൽ രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് കനത്ത തോൽവി.ആതിഥേയരായ ന്യൂസിലാന്റിനോട് 62 റൺസിനാണ് ഇന്ത്യയുടെ തോൽവി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി ന്യൂസീലൻഡ് ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ സംഘം 46.4 ഓവറിൽ 198 റൺസിന് ഓൾഔട്ടായി.

63 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 71 റൺസെടുത്ത ഹർമൻപ്രീത് കൗർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നോക്കിയത്. എന്നാൽ താരത്തിന് കാര്യമായി പിന്തുണ നൽകാൻ ആരുമുണ്ടായില്ല.56 പന്തുകളിൽ നിന്ന് ഒരു ബൗണ്ടറിയോടെ 31 റൺസ് നേടിയ നായിക മിതാലി രാജ്, 59 പന്തുകളിൽ നിന്ന് രണ്ടു ബൗണ്ടറികളോടെ 28 റൺസ് നേടിയ ഓപ്പണർ യസ്തിക ഭാട്യ എന്നിവരാണ് മറ്റു പ്രധാന സ്‌കോറർമാർ..അർധസെഞ്ചുറിയും മൂന്നു വിക്കറ്റുകളുമായി ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച അമേലിയ ഖേറാണ് ഇന്ത്യയെ തകർത്തത്.

261 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സ്‌കോർ 10-ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ സ്മൃതി മന്ദാനയെ (6) നഷ്ടമായി. വൈകാതെ ദീപ്തി ശർമയയും (5) മടങ്ങി. 59 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 28 റൺസെടുത്ത യസ്തിക ഭാട്ടിയയുടെ ഊഴമായിരുന്നു അടുത്തത്. യസ്തികയുടെയും ക്യാപ്റ്റൻ മിതാലി രാജിന്റെയും മെല്ലെപ്പോക്ക് ഇന്നിങ്സ് പുരോഗമിക്കവെ ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നാലാം വിക്കറ്റിൽ മിതാലി രാജ് - ഹർമൻപ്രീത് സഖ്യം കൂട്ടിച്ചേർത്ത 47 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. മിതാലി രാജ് 56 പന്തിൽ നിന്ന് ഒരു ഫോറടക്കം 31 റൺസെടുത്ത് പുറത്തായി. റിച്ച ഘോഷും (0) നിരാശപ്പെടുത്തി. സ്നേഹ് റാണ (18), പൂജ വസ്ത്രാക്കർ (6), ജുലൻ ഗോസ്വാമി (15), രാജേശ്വരി ഗെയ്ക്വാദ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ആമി സാറ്റേർത്ത്വെയ്റ്റും അമേലിയ കെറുമാണ് കിവീസ് ടീമിനായി തിളങ്ങിയത്. 84 പന്തിൽ നിന്ന് ഒമ്പത് ഫോറടക്കം 75 റൺസെടുത്ത സാറ്റേർത്ത്വെയ്റ്റാണ് അവരുടെ ടോപ് സ്‌കോറർ. അമേലിയ 64 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 50 റൺസെടുത്തു. ഇരുവരും ചേർന്ന് കിവീസിനായി മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു.

കാറ്റി മാർട്ടിൻ (41), ക്യാപ്റ്റൻ സോഫി ഡെവിൻ (35), മാഡി ഗ്രീൻ (27) എന്നിവരും കിവീസ് ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.ഇന്ത്യയ്ക്കായി പൂജ വസ്ത്രാക്കർ നാലു വിക്കറ്റുമായി തിളങ്ങി. 10 ഓവറിൽ 34 റൺസ് വഴങ്ങിയാണ് താരം നാലു വിക്കറ്റെടുത്തത്. രാജേശ്വരി ഗെയ്ക്വാദ് രണ്ടു വിക്കറ്റെടുത്തു. മാർച്ച് 12-ന് വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP