Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിദ്വാറും ഋഷികേശും അടങ്ങുന്ന ദേവഭൂമി പിടിച്ച് ബിജെപിയുടെ പ്രസ്റ്റീജ് പോരാട്ടം; ഉത്തരാഖണ്ഡിൽ വീണ്ടും വിജയക്കൊടി നാട്ടി സുസ്ഥിര ഭരണത്തിന് ബിജെപി; നാണംകെട്ട് വിജയം മനക്കോട്ട കെട്ടി സ്ഥാനാർത്ഥികളെ ബിജെപി റാഞ്ചാതിരിക്കാൻ ഹെലികോപ്റ്ററും പ്രൈവറ്റ് ജെറ്റുംവരെ ഒരുക്കി കാത്തിരുന്ന കോൺഗ്രസ്

ഹരിദ്വാറും ഋഷികേശും അടങ്ങുന്ന ദേവഭൂമി പിടിച്ച് ബിജെപിയുടെ പ്രസ്റ്റീജ് പോരാട്ടം; ഉത്തരാഖണ്ഡിൽ വീണ്ടും വിജയക്കൊടി നാട്ടി സുസ്ഥിര ഭരണത്തിന് ബിജെപി;  നാണംകെട്ട് വിജയം മനക്കോട്ട കെട്ടി സ്ഥാനാർത്ഥികളെ ബിജെപി റാഞ്ചാതിരിക്കാൻ ഹെലികോപ്റ്ററും പ്രൈവറ്റ് ജെറ്റുംവരെ ഒരുക്കി കാത്തിരുന്ന കോൺഗ്രസ്

കെ എം വിനോദ്കുമാർ

ന്യൂഡൽഹി: ദേവഭൂമിയാണ് ഉത്തരാഖണ്ഡ്. ഹരിദ്വാറും ഋഷികേശുമുൾപ്പെടെ ഹിമാലയസാനുക്കളിലെ നിരവധി പുണ്യധാമങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനം. ഇവിടം പിടിച്ചെടുക്കുക ബിജെപിക്ക് ഇത്തവണ ആത്മാഭിമാന പോരാട്ടമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞതവണ അധികാരം നേടിയിട്ടും അഞ്ചുവർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിക്കേണ്ടിവന്നതോടെ ആകെ ആശങ്കയിലായിരുന്നു ബിജെപി. എങ്കിലും അവസാന ടേമിൽ ബിജെപി മുഖ്യമന്ത്രിയായി കണ്ടെത്തിയ, 46 വയസ്സ് മാത്രം പ്രായമുള്ള യുവ നേതാവ് പുഷ്‌കർസിങ് ധാമിക്ക് ജനങ്ങളെ കയ്യിലെടുക്കാൻ കഴിഞ്ഞിരിക്കുന്നു എന്നാണ് പുറത്തുവരുന്ന തിരഞ്ഞെടുപ്പുഫലങ്ങൾ ഉറപ്പിക്കുന്നത്. മൂന്നിൽ രണ്ടു സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ധാമിതന്നെ ആയിരിക്കും വീണ്ടും ഉത്തരാഖണ്ഡിനെ ഭരിക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞു.

ഹിമാലയസാനുകക്കളുടെ താഴ്‌വാരത്തുള്ള സംസ്ഥാനത്ത് പക്ഷേ തണുത്തുറഞ്ഞതല്ല രാഷ്ട്രീയകാലാവസ്ഥ. എന്നും ചൂടുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് കുപ്രസിദ്ധമാണ് ഉത്തരാഖണ്ഡ്. അതിനാൽ തന്നെ കാലുമാറ്റമെന്ന രാഷ്ട്രീയതന്ത്രം ഏറ്റവുമധികം പയറ്റപ്പെട്ട രാജ്യത്തെ സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് ഉത്തരാഖണ്ഡിന്റെ സ്ഥാനം. ഏതായാലും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും ഭരണം ഉറപ്പെന്നും കരുതി ഇരിക്കുകയായിരുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ തുടർഭരണം. തങ്ങൾ ജയിക്കുന്ന സാഹചര്യമുണ്ടായാൽ ബിജെപി സ്ഥാനാർത്ഥികളെ റാഞ്ചുമെന്ന് ഭയന്ന് എല്ലാവരേയും ഒളി സങ്കേതങ്ങളിലേക്ക് മാറ്റാൻ ഹെലികോപ്റ്ററുകളും പ്രൈവറ്റ് ജെറ്റും ഒരുക്കി കാത്തിരുന്ന കോൺഗ്രസിന് നിരാശയായി തിരഞ്ഞെടുപ്പ് ഫലം.

കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള നീക്കങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. ഇന്ത്യുടെ ഇരുപത്തിയേഴാമത് സംസ്ഥാനമായി 2000 നവംബർ 9നാണ് ഉത്തരാഖണ്ഡ് രൂപീകൃതമാകുന്നത്. 53,483 ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന സംസ്ഥാനത്ത് 13 ജില്ലകൾ. പതിനൊന്ന് കോടിയാണ് ജനസംഖ്യ. തലസ്ഥാനം ടൂറിസം കേന്ദ്രമായ ഡെറാഡൂൺ. ഹിന്ദി, കുമൊണി, ഗഡ്വാളി എന്നിവയാണ് പ്രധാന ഭാഷകൾ. രാഷ്ട്രീയത്തിൽ അസ്ഥിരത പ്രകടിപ്പിക്കുന്ന സംസ്ഥാനമായിരുന്നു പിറന്നുവീണതുമുതൽ ഉത്തരാഖണ്ഡ്. 21 വർഷത്തിനിടെ 11 മുഖ്യമന്ത്രിമാരുണ്ടായി സംസ്ഥാനത്ത് എന്നു പറഞ്ഞാൽ തന്നെ ഈ അസ്ഥിരത വ്യക്തമാകും. ഇന്ന് ബിജെപിയിലാണെങ്കിൽ നാളെ കോൺഗ്രസിലേക്ക് മാറാൻ ഒരു മടിയുമില്ലാത്ത നേതാക്കന്മാരാണ് ഇവിടെയെന്നത് പരസ്യമായ രഹസ്യം.

നിലവിലെ ബിജെപി സർക്കാരിന് മാത്രം അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് മുഖ്യമന്ത്രിമാരെയാണ് പരീക്ഷിക്കേണ്ടിവന്നത്. ഉത്തരാഖണ്ഡ് ബിജെപി.യുടെ കടിഞ്ഞാൺ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലാണ് കുറേക്കാലമായി. കൂടെ ആർഎസ്എസും കാര്യങ്ങൾ നിയന്ത്രിക്കുന്നു. പക്ഷേ, 2017ൽ അധികാരം കിട്ടിയപ്പോൾ ഇവരുടെ തീരുമാനങ്ങൾ പാളി. മുതിർന്ന ആർഎസ്എസ്. നേതാവായ ത്രിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. പക്ഷേ, അത് മണ്ടത്തരമായി. കാരണം ഭരണനൈപുണ്യമില്ലാത്തയാളായിരുന്നു ത്രിവേന്ദ്ര സിങ്. പിന്നീട് തിരുത്തൽ വന്നു. തീർത്ഥ സിങ്ങിനെ മുഖ്യമന്ത്രിയാക്കി. അദ്ദേഹമാകട്ടെ സ്ത്രീവിരുദ്ധ പരാമർശത്തിലൂടെ വിവാദങ്ങളിൽ നിറഞ്ഞതോടെ ഇത് മറികടക്കാൻ ബിജെപി തയ്യാറായി. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന ചൊല്ല് അന്വർത്ഥമാക്കും വിധമായിരുന്നു ഈ തീരുമാനം. പിന്നീട് ബിജെപി മുഖ്യമന്ത്രിയാക്കിയ 46 വയസ്സുമാത്രമുള്ള പുഷ്‌കർ സിങ് ധാമി ക്ളിക്കായി. ആർഎസ്എസിലെ സീനിയർ നേതാക്കളെ മറികടന്നായിരുന്നു ഈ തീരുമാനമെങ്കിലും പിന്നീട് ധാമി ഭരണപാടവമുള്ള മുഖ്യമന്ത്രിയെന്ന് തെളിയിച്ചു. ഇതാണ് ഇപ്പോൾ തുടർഭരണം സംസ്ഥാനത്ത് ബിജെപിക്ക് സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ധാമിതന്നെയായിരിക്കും വീണ്ടും മുഖ്യമന്ത്രിയെന്നതും ഉറപ്പായിരിക്കുകയാണ്.

ഇത്തവണ സീറ്റു ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർ വിമതരായി ഉണ്ടായിരുന്നത് ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ബിജെപി.യുടെ പ്രീപോൾ സർവേയിൽ വീണ്ടും മത്സരിപ്പിച്ചാൽ തോൽക്കുമെന്ന് തെളിഞ്ഞ സ്ഥാനാർത്ഥികളെ ഇത്തവണയും മത്സരിപ്പിച്ചതും ചർച്ചയായിരുന്നു. ഇത്തരത്തിൽ 12 സീറ്റുകളിൽ പ്രശ്നമുണ്ടെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതെല്ലാം മറികടന്ന് ബിജെപി അധികാരം പിടിക്കുകയാണ് ഉത്തരാഖണ്ഡിൽ വീണ്ടും. പ്രത്യക്ഷത്തിൽ കോൺഗ്രസാണ് പ്രചാരണങ്ങളാണ് ബിജെപി.യെക്കാൾ മുന്നിട്ടു നിന്നതെന്നായിരുന്നു രാഷ്ട്രീയവിലയിരുത്തലെങ്കിലും ആർ.എസ്.എസിന് ശക്തമായ വേരോട്ടമുള്ള ദേവഭൂമിയിൽ ബിജെപി ശക്തമായി വിജയിച്ചുകയറുകയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ 57 സീറ്റും നേടിയത് ബിജെപിയാണ്. കോൺഗ്രസ് 11 സീറ്റും മറ്റുള്ളവർ 2 സീറ്റും നേടി. ഇക്കുറി ആകെ സീറ്റുകളുടെ എണ്ണം അമ്പതിൽ താഴെയായി കുറഞ്ഞെങ്കിലും ബിജെപിക്കുതന്നെയാണ് അധികാരത്തിലേക്ക് വഴി തുറക്കുന്നത്.

2017 ൽ, ഉത്തരാഖണ്ഡ് തെരെഞ്ഞെടുപ്പിൽ 70 ൽ 56 സീറ്റും ജയിച്ചാണ് ബിജെപി ഭരണത്തിലെത്തിയത്. എന്നാൽ ഫലം പുറത്തുവന്ന ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആദ്യത്തെ അഞ്ചു പേരിൽ ഇല്ലാതിരുന്ന ത്രിവേന്ദ്ര സിങ് റാവത് ആണ് മുഖ്യമന്ത്രി ആയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയും ആർഎസ്എസിന്റെ അനുഗ്രഹാശിസ്സുകളോടേയും ആയിരുന്നു ഇത്. ഏതാണ്ട് യുപിയിൽ യോഗിയെ മുഖ്യമന്ത്രിയായി അവരോധിച്ചതുപോലെ ഒരു നീക്കം. പക്ഷേ, യുപിയിൽ വിജയിച്ചെങ്കിൽ അത് ഉത്തരാഖണ്ഡിൽ പാളി. ഭരണത്തിലേറി നാല് വർഷം പൂർത്തീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റാവത് രാജിവെച്ചു. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഉടനെ തന്നെ ഇദ്ദേഹത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിയിരുന്നവരുടെ വിജയമായി ഇത്. ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചതെങ്കിലും കഴിഞ്ഞവർഷത്തെ നിലയ്ക്ക് താഴെയാണെങ്കിലും ഭരണത്തിന് വേണ്ട ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് കഴിയുന്നു.

തിരിച്ചടിയിൽ ഞെട്ടി കോൺഗ്രസ്

ഏതായാലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉത്തരാഖണ്ഡിലെ ഫലം. ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ആയിരുന്നു. കോൺഗ്രസിൽ നിന്ന് വിജയിക്കുന്ന ഒരാൾ പോലും മറുപക്ഷത്തേക്ക് പോകരുതെന്ന ഉറപ്പുവരുത്തണമെന്ന വലിയ ചുമതലയാണ് പാർട്ടി ബാഗലിന് നൽകിയിരിക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളെ ഉടൻ മുൻകൂട്ടി തയാറാക്കി നിർത്തിയിരിക്കുന്ന ഹെലികോപ്റ്ററിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വരെ കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. ഡെറാഡൂണിലേക്കാകും ഈ ഹെലികോപ്റ്റർ പറക്കുക എന്നും. വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ എല്ലാ വിജയികളെയും കൂട്ടി ചാർട്ടേർഡ് വിമാനം റായ്പൂരിലേക്ക് പറക്കുമെന്നും വരെ റിപ്പോർട്ടുകൾ വന്നു. ഇത്തരത്തിൽ വിജയം പ്രതീക്ഷിച്ച കോൺഗ്രസിന് തിരിച്ചടിയായി ജനവിധി.

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷ പുലർത്തിയത് ഒരുപക്ഷേ ഉത്തരാഖണ്ഡിലായിരുന്നു. അതിനാൽ തന്നെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെ മുന്നിൽ നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, സോണിയാ ഗാന്ധിയുമായി അത്ര രസത്തിലല്ലാത്ത റാവത്തിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് മറ്റൊരുതരത്തിൽ എതിർപ്പ് നേരിട്ടുവെന്ന് വേണം കരുതാൻ. ഹരീഷ് റാവത്തിനു പുറമേ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗണേശ് ഗോദിയാൽ, ബിജെപി. സർക്കാരിനെ വെറും 11 എംഎ‍ൽഎ.മാരെ വെച്ചുമാത്രം നേരിട്ട പ്രതിപക്ഷ നേതാവ് പ്രീതം സിങ് എന്നിവരും കോൺഗ്രസിന്റെ സ്റ്റാർ പോരാളികൾ ആയിരുന്നു. ഗോത്രവിഭാഗത്തിൽനിന്നുള്ള പ്രീതംസിങ് രാഹുൽ ഗാന്ധിയുടെ പിന്തുണയുള്ളയാളാണ്.

ഹരീഷ് റാവത്ത് ഒതുക്കൽ രാഷ്ട്രീയത്തിന്റെ ചാണക്യനാണ്. ഉത്തരാഖണ്ഡിൽനിന്ന് മറ്റൊരു നേതാവിനെയും വളർന്നുവരാൻ അനുവദിക്കില്ല അദ്ദേഹം. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ച് ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ റാവത്ത് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പൊതുധാരണ. പക്ഷേ, സോണിയാഗാന്ധി മുൻ യു.പി. മുഖ്യമന്ത്രി എൻ.ഡി. തിവാരിയെയാണ് ആ സ്ഥാനത്തുകൊണ്ടുവന്നത്. അന്നുമുതൽ റാവത്ത് തനിക്കൊപ്പം വളരാൻ ആരെയും അനുവദിച്ചില്ല. അതിനാൽ തന്നെ കോൺഗ്രസിൽ തഴയപ്പെട്ടപോയ നിരവധി പേരുണ്ട്. പലരും മറുകണ്ടം ചാടുകയും ബിജെപി പക്ഷത്തേക്ക് മാറുകയും ചെയ്തു. 2012-ൽ കോൺഗ്രസിന് 32-ഉം ബിജെപി.ക്ക് 31-ഉം സീറ്റുകളാണ് ലഭിച്ചത്. അന്ന് സ്വതന്ത്രനെയും മറ്റുപാർട്ടികളെയും ചേർത്തുനിർത്തിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. അന്നും ആദ്യം വിജയ് ബഹുഗുണയെ ആണ് മുഖ്യമന്ത്രിയാക്കിയത്. ഉത്തരാഖണ്ഡിൽ പ്രളയം നേരിടേണ്ടിവന്നതും അഴിമതി നിറഞ്ഞ ഭരണവുമായതോടെ വിജയ് ബഹുഗുണയെ മാറ്റി ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയാക്കി.

ഇതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാക്കുന്നതിൽ അമിത്ഷാ വിജയിക്കുന്നത്. വിജയ് ബഹുഗുണയുടെ മകൻ സൗരഭ് ബഹുഗുണയുടെ ചരടുവലികളിൽ 10 എംഎ‍ൽഎ.മാർ ബിജെപി.ക്കൊപ്പം പോയി. ഈ 10 പേർക്കും ബിജെപി. സർക്കാരിൽ മന്ത്രിപദം നൽകുകയാണ് അമിത് ഷാ ചെയ്തത്. ഇതിൽ ചിലർ ഇത്തവണ കോൺഗ്രസിനൊപ്പം ചേർന്നെങ്കിലും ഭൂരിഭാഗവും ബിജെപി. സ്ഥാനാർത്ഥികളായി ഇക്കുറി രംഗത്തുണ്ടായിരുന്നു. റാവത്തിനൊപ്പം കോൺഗ്രസിനെ വളർത്തിയ പാർട്ടിയുടെ മുൻ അധ്യക്ഷൻ കിഷോർ ഉപാധ്യായയെ ഒതുക്കിയതും കോൺഗ്രസിന് തിരിച്ചടിയായി. അതിന്റെ ഫലമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് മുമ്പ് കിഷോർ ഉപാധ്യായ ബിജെപി.യിലേക്ക് ചുവടുമാറിയത്. അദ്ദേഹത്തിന് ബിജെപി. ടെഹരിയിൽനിന്നു മത്സരിക്കാൻ ടിക്കറ്റ് നൽകി. ഇത്തരത്തിൽ കോൺഗ്രസിന്റെ നീക്കങ്ങൾ പലതും ഫലിച്ചില്ലെന്നാണ് തിരഞടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ബിജെപിക്ക് തുണയായത് സംഘടനാ കരുത്ത്

സംഘടനാപരമായി കരുത്തരാണ് ബിജെപി. ശക്തമായ പാർട്ടിയുടെ കേഡർ സംവിധാനം ഉപയോഗിച്ചു കോൺഗ്രസിനേക്കാൾ മികച്ച രീതിയിൽ പ്രചാരണം നടത്താനായി. മോദി പ്രഭാവത്തിനൊപ്പം പുൽവാമ ഭീകരാക്രമണത്തിനു സർക്കാർ നൽകിയ തിരിച്ചടിയും ബിജെപിക്ക് പ്രചരണ വിഷയമായി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തകർന്ന കോൺഗ്രസ്, നഗര ഭരണ പ്രദേശങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചു വരവു നടത്തിയത് ബിജെപിക്ക് തലവേദനയായിരുന്നു. ഇതായിരുന്നു കോൺഗ്രസിന്റെ വിജയപ്രതീക്ഷയുടെ അടിസ്ഥാനവും. പക്ഷേ, ഒന്നും സംഭവിച്ചില്ല. റോഡായിരുന്നു മറ്റൊരു പ്രധാന തിരഞ്ഞെടുപ്പ് വിഷയം.

റോഡില്ലെങ്കിൽ തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഗ്രാമങ്ങളിൽ ഉയർന്നിരുന്നു. റോഡുകളില്ലാത്തതിനാൽ ചില ഗ്രാമങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്നു. പ്രായമായവരേയും അസുഖ ബാധിതരേയും ചുമന്നും ഉന്തുവണ്ടിയിലുമായി ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന അവസ്ഥ നിലനിൽക്കുന്നു. ഇക്കാരണങ്ങളാൽ നാടുവിട്ടു പോകേണ്ടി വരുന്നതും മോശം ജീവിത സാഹചര്യങ്ങളും ഇരു പാർട്ടികൾക്കും തലവേദനയായിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് ഗംഗാ ശുദ്ധീകരണവും തൊഴിലില്ലായ്മ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ടുതേടിയത്. ഇതിനൊപ്പം തന്നെ ബിജെപി അധികാരം നിലനിർത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി ധാമിയുടെ വാക്കുകളും തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയെന്നാണ് കണക്കുകൂട്ടുന്നത്.

ക്ഷേത്രഭരണം സർക്കാർ നിയന്ത്രണത്തിലാക്കാൻ നടത്തിയ നീക്കം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അതുണ്ടായില്ല. തീരുമാനം എതിർപ്പിനെ തുടർന്ന് പിൻവലിക്കാൻ പുഷ്‌കർസിങ് ധാമി എടുത്ത നടപടി ജനം ശരിവച്ചുവെന്ന് വേണം വിലയിരുത്താൻ. ഇതോടൊപ്പം ലൗജിഹാദിന് പത്തുവർ്ഷം കഠിന തടവ് നൽകുമെന്നും സൗജന്യമായി ഗ്യാസ് നൽകുമെന്നും ഉള്ള, സാധാരണക്കാരെ ആകർഷിക്കുന്ന പ്രകടന പത്രികയാണ് ബിജെപി മുന്നോട്ടുവച്ചത്. ഹിന്ദുത്വ അജണ്ടയിലൂന്നിയ ഈ പ്രകടന പത്രികയെ ചെറുക്കാൻ കോൺഗ്രസ് മാത്രമല്ല, ആംആദ്മി പോലും മൃദുഹിന്ദുത്വ സമീപനം കൈക്കൊണ്ടെങ്കിലും ജനം അതിലൊന്നും വീണില്ലെന്നും അവർ ബിജെപിക്കൊപ്പം തന്നെ നിലകൊണ്ടുവെന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിഞ്ഞില്ല എന്നത് ബിജെപിയിലും ആർഎസ്എസിലും വലിയ ചർച്ചാവിഷയം ആകുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP