Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടാങ്കുകളുമായി പട്ടാളം അതിർത്തി പിടിച്ചു; ഒറ്റ ദിവസം ക്രൊയേഷ്യയിൽ കുടുങ്ങിയത് 20,000 അഭയാർത്ഥികൾ

ടാങ്കുകളുമായി പട്ടാളം അതിർത്തി പിടിച്ചു; ഒറ്റ ദിവസം ക്രൊയേഷ്യയിൽ കുടുങ്ങിയത് 20,000 അഭയാർത്ഥികൾ

സിറിയയിൽ നിന്നും മറ്റ് മധ്യപൂർവദേശങ്ങളിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹവുമായി ബന്ധപ്പെട്ട് ഹംഗറിയും ക്രൊയേഷ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാവുകയാണ്. ഇതിനെ തുടർന്ന് ഹംഗറി സായുധവാഹനങ്ങൾ ക്രൊയേഷ്യയുടെ അതിർത്തിയിലേക്ക് അയച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വരിവരിയായി ടാങ്കുകൾ, സായുധരായ പട്ടാളക്കാരെ വഹിച്ചു കൊണ്ടുള്ള വാഹനങ്ങൾ, തുടങ്ങിയവ ഇതിന്റെ ഭാഗമായി തങ്ങളുടെ തെക്കെ അതിർത്തിയിൽ ഹംഗറി എത്തിച്ചിട്ടുണ്ട്. അതിർത്തിയിലേക്ക് ഇത്തരത്തിൽ പട്ടാളക്കാരുടെ പ്രവാഹത്തെ തദ്ദേശീയർ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ക്രൊയേഷ്യ ബസുകളിൽ വൻ തോതിൽ അഭയാർത്ഥികളെ അതിർത്തിയിൽ കൊണ്ടിറക്കുന്നത് തുടരുകയാണെങ്കിൽ സൈനികനടപടി കൈക്കൊള്ളാനാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ ഇന്നലെ ഉത്തരവിട്ടിരിക്കുന്നത്. ഇത്തരത്തിൽ പട്ടാളം അതിർത്തി അടച്ചതോടെ ഒറ്റദിവസം ക്രൊയേഷ്യയിൽ കുടുങ്ങിയത് 20,000 അഭയാർത്ഥികളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്രൊയേഷ്യയുമായി പങ്ക് വയ്ക്കുന്ന 110മൈൽ അതിർത്തി ഹംഗറി കഴിഞ്ഞയാഴ്ച അടച്ചതിനെ തുടർന്ന് നിരവധി അഭയാർത്ഥികളാണ് ക്രൊയേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സിറിയയിൽ നിന്നുള്ളവരാണ്. റേസർ വയർ ഫെൻസ് കൊണ്ടാണ് ഹംഗറി അതിർത്തി അടച്ചത്. ചൊവ്വാഴ്ച അതിർത്തി കടക്കാൻ ശ്രമിച്ചവരെ ടിയർ ഗ്യാസ്, ജലപീരങ്കി എന്നിവയാൽ വളരെ ക്രൂരമായായിരുന്നു ഹംഗേറിയൻ റയട്ട് പൊലീസ് നേരിട്ടിരുന്നത്. ഇതിനെ തുടർന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് കടന്ന് പോകാൻ അഭയാർത്ഥികൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നായിരുന്നു ക്രൊയേഷ്യ ഉടൻ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ അഭയാർത്ഥികളുടെ കുത്തൊഴുക്കുണ്ടായതിനെ തുടർന്ന് അത് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ക്രൊയേഷ്യയും നിർബന്ധിതമാവുകയായിരുന്നു.തങ്ങളുടെ ചില അതിർത്തികളിലൂടെ ഇപ്പോഴും അഭയാർത്ഥി പ്രവാഹം തുടരുന്നുണ്ടെങ്കിലും മറ്റ് അതിർത്തികൾ അടച്ചിരിക്കുകയാണെന്നാണ് ക്രൊയേഷ്യ പറയുന്നത്.

ഹംഗറി സെർബിയയുമായുള്ള അതിർത്തി അടച്ചതോടെ പടിഞ്ഞാറൻ യൂറോപ്പിലേക്ക് കടക്കാൻ ക്രൊയേഷ്യയിലൂടെ മാത്രമാണ് മാർഗം അവശേഷിച്ചതെന്നും ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയന്റെ ഏകീകൃതമായ ശ്രദ്ധ പതിയണമെന്നുമാണ് ക്രൊയേഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ രാജ്യത്തെത്തുന്ന അഭയാർത്ഥികളെ പടിഞ്ഞാറൻ യൂറോപ്പിലേക്കും വടക്കൻ യൂറോപ്പിലേക്കും അയക്കുന്നതിന് മുമ്പ് അവർക്ക് തങ്ങളാലാകുന്ന വിധം ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയവ ലഭ്യമാക്കുന്നുണ്ടെന്നാണ് ക്രൊയേഷ്യൻ പ്രധാനമന്ത്രി സൊറാൻ മിലനൊവിക് പറഞ്ഞു. വെള്ളിയാഴ്ച മാത്രം 3000 അഭയാർത്ഥികളാണ് ബസിലും ട്രെയിനിലുമായി ഹംഗറിയിലേക്ക് പ്രവേശിച്ചത്. ക്രൊയേഷ്യ അഭയാർത്ഥികളോട് ഉദാരമായ നടപടി സ്വീകരിച്ചതിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും ഇതിലൂടെ ക്രൊയേഷ്യ അന്താരാഷ്ട്ര നിയമം ലംഘിച്ചിരിക്കുകയാണെന്നും ഹംഗറി കുറ്റപ്പെടുത്തി. കൂടുതൽ പേർ ഇന്നലെ ഹംഗറിയിലേക്ക് കടക്കാൻ ബെറെമെൻഡ് ഗ്രാമത്തിൽ ക്യൂ നിൽക്കുന്നത് കാണാമായിരുന്നു.

ഇവിടെയെത്തുന്നവരെ അയക്കാൻ തങ്ങൾ നിർബന്ധിതരാകുന്നുവെന്നും അതിനാൽ അത് ചെയ്യുന്നുവെന്നുമാണ് ക്രൊയേഷ്യൻ പ്രധാനമന്ത്രിയായ മിലനൊവിക് വടക്ക്കിഴക്കൻ പട്ടണമായ ബെലി മനാസ്റ്റിറിൽ പറഞ്ഞത്. ഇവിടെ നിന്നാണ് നിരവധി പേർ ബസുകളിലും ട്രെയിനുകളിലുമായി ഹംഗറിയിലേക്ക് കയറിപ്പോയത്. ഇക്കാര്യത്തിൽ ക്രൊയേഷ്യയുടെ നടപടി നിരാശാജനകമാണെന്നാണ് ഹംഗറിയുടെ വിദേശകാര്യമന്ത്രി പീറ്റർ സിജാർട്ടൊ പറഞ്ഞത്. ക്രൊയേഷ്യൻ ബോർഡറിൽ കൂടുതൽ ഫെൻസിങ് നിർമ്മിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ 50,000 അഭയാർത്ഥികൾ കടന്ന് വന്നതിനെ തുടർന്ന് ഹംഗറി സെർബിയയുമായുള്ള അതിർത്തി അടച്ചിരുന്നു. എന്നാൽ ഇതിനെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനമുയർന്നിരുന്നു.സിറിയൻ അഭയാർത്ഥികളുടെ മറവിൽ പാക്കിസ്ഥാനികളും അഫ്ഗാനിസ്ഥാനികളും സന്ദർഭം ചൂഷണം ചെയ്യുന്നുവെന്ന പേരിൽ ഹംഗറി ക്രൊയേഷ്യൻ അതിർത്തിയിൽ സംഘർഷമുണ്ടായിരുന്നു. അവരിൽ ചിലർ ക്രൊയേഷ്യൻ പട്ടണമായ ബെലി മനസ്റ്റിറിൽ വച്ച് കല്ലുകൾ വലിച്ചെറിയുകയും സംഘട്ടനത്തിലേർപ്പെടുകയും ചെയ്തു. തുടർന്ന് പൊലീസ് ലാത്തി പ്രയോഗിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP