Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പന്തിന്റെ തിളക്കം കൂട്ടാൻ 'തുപ്പൽ പ്രയോഗം' ഇല്ല; 'മങ്കാദിങ്' ആവാം, മോശം കാര്യമല്ല; സ്ട്രൈക്ക് റൊട്ടേഷനിലും മാറ്റം; വിലയുള്ള പകരം കളിക്കാരൻ; ക്രിക്കറ്റ് നിയമങ്ങളിൽ അടിമുടി മാറ്റവുമായി എംസിസി; ഒക്ടോബറിൽ പ്രാബല്യത്തിൽ

പന്തിന്റെ തിളക്കം കൂട്ടാൻ 'തുപ്പൽ പ്രയോഗം' ഇല്ല; 'മങ്കാദിങ്' ആവാം, മോശം കാര്യമല്ല; സ്ട്രൈക്ക് റൊട്ടേഷനിലും മാറ്റം; വിലയുള്ള പകരം കളിക്കാരൻ; ക്രിക്കറ്റ് നിയമങ്ങളിൽ അടിമുടി മാറ്റവുമായി എംസിസി; ഒക്ടോബറിൽ പ്രാബല്യത്തിൽ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ക്രിക്കറ്റ് നിയമങ്ങളിൽ വമ്പൻ പരിഷ്‌കാരങ്ങൾക്ക് മാരിൽബോൺ ക്രിക്കറ്റ് ക്ലബ്. പന്തിന് തിളക്കം വർധിപ്പിക്കാൻ ഉമിനീർ ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കും. ബൗളർ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമ വിധേയമാക്കാൻ എംസിസി തീരുമാനിച്ചതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. പുതിയ നിയമങ്ങൾ ഈവർഷം ഒക്ടോബറിൽ പ്രാബല്യത്തിൽ വരും. ക്രിക്കറ്റ് നിയമങ്ങൾ പരിഷ്‌കരിക്കുന്ന അന്തിമ സമിതിയാണ് എംസിസി. 1787ൽ രൂപം കൊണ്ട എം.സി.സിയാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളുടെയെല്ലാം അവസാന വാക്ക്.

മങ്കാദിങ്, സ്ട്രൈക്ക് റൊട്ടേഷൻ, വൈഡ് ബോൾ, പകരം കളിക്കാരൻ, പന്തിൽ തുപ്പൽ പുരട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങളാണ് വരുത്തുന്നത്. ക്രിക്കറ്റ് നിയമങ്ങൾ പരിഷ്‌കരിക്കാൻ അധികാരമുള്ള എം.സി.സിയുടെ നിയമ സമിതിയാണ് പുതിയ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. എം.സി.സിയുടെ സബ് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ പ്രധാന കമ്മിറ്റി കഴിഞ്ഞയാഴ്ച യോഗം ചേർന്ന് അംഗീകരിച്ചിരുന്നു.

ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് ക്ലബ്ബും കൂടിയാണ് മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബ്.

'മങ്കാദിങ്' ആവാം, മോശം കാര്യമല്ല
ബൗളർ റണ്ണപ്പിന് ശേഷം ബൗളിങ് ആക്ഷൻ പൂർത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങിയാൽ റണ്ണൗട്ടാക്കുന്ന രീതിയെയാണ് മങ്കാദിങ് എന്നു പറയുന്നത്. മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയായാണ് മങ്കാദിങ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാലിപ്പോൾ ഈ നിയമത്തിൽ കാര്യമായ പരിഷ്‌കരണമാണ് എംസിസി വരുത്തിയിരിക്കുന്നത്. നീതിയുക്തമല്ലാത്ത 41-ാം നിയമത്തിൽ ഉൾപ്പെട്ടിരുന്ന മങ്കാദിങ് ഇപ്പോൾ റണ്ണൗട്ടിനെ കുറിച്ച് പരാമർശിക്കുന്ന 38-ാം നിയമത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതായത് മങ്കാദിങ്ങിലൂടെ ബാറ്റ്സ്മാനെ പുറത്താക്കുന്നത് ഇനിയൊരു മോശം കാര്യമായി കാണില്ല, പകരം അത് റണ്ണൗട്ടിന്റെ പരിധിയിൽ വരും.

പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ ബിൽ ബ്രൗണിനെ ഇന്ത്യൻ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയതോടെയാണ് മങ്കാദിങ് ആദ്യമായി പൊതുവേദിയിൽ ചർച്ച ചെയ്യപ്പെട്ടത്. 1948ലായിരുന്നു ഈ സംഭവം. ബൗണിന്റെ പുറത്താകലിനെ ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചത്. ഇത്തരത്തിൽ നോൺ സ്ട്രൈക്കറെ പുറത്താക്കുന്നതിന് ഇന്ത്യൻ ഇതിഹാസത്തിന്റെ പേര് നൽകിയതിനെ സുനിൽ ഗാവസ്‌കർ ഉൾപ്പടെ നിരവധി പേർ എതിർത്തിരുന്നു. വിനൂ മങ്കാദിനെ അപമാനിക്കുന്നതിന് തുല്യമാണിത് എന്നായിരുന്നു ഗാവസ്‌കറുടെ വാദം.

2019 ഐപിഎല്ലിനിടെ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന ആർ. അശ്വിൻ, ആ സമയം അടിച്ച് കളിക്കുകയായിരുന്ന ജോസ് ബട്ട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതോടെയാണ് മങ്കാദിങ് ക്രിക്കറ്റ് ലോകത്ത് വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചത്.

ഉമിനീരിന് വിലക്ക്
എംസിസിയുടെ പുതിയ പരിഷ്‌കാരങ്ങൾ അനുസരിച്ച് പന്തിൽ ഉമിനീര് ഉപയോഗിക്കാൻ താരങ്ങൾക്ക് അനുമതിയില്ല. പന്തിൽ കൃത്രിമം കാണിക്കുന്ന നീക്കമായി ഉമിർനീർ പ്രയോഗം ഒക്ടോബർ മുതൽ നിർത്തലാക്കും. കോവിഡ് മഹാമാരിക്കാലത്ത് ക്രിക്കറ്റ് പുനരംരാഭിച്ചപ്പോൾ ഐസിസി പന്തിൽമേലുള്ള ഉമിനീർ പ്രയോഗം വിലക്കിയിരുന്നു. പുതിയ നിയമഭേദഗതിയോടെ ഇത് തുടരും.

പന്തിന്റെ തിളക്കം കൂട്ടാൻ തുപ്പൽ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കാനാണ് എംസിസി തീരുമാനിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനം. എന്നാൽ വിയർപ്പ് ഉപയോഗിക്കുന്നതിന് വിലക്കില്ല. ഉമിനീര് പുരട്ടുന്നതുകൊണ്ട് പന്തിന്റെ സ്വിങിൽ കാര്യമായ മാറ്റമുണ്ടാവുന്നില്ലെന്നാണ് എംസിസി നടത്തിയ പഠനത്തിലെ കണ്ടെത്തൽ.

സ്ട്രൈക്ക് റൊട്ടേഷൻ
സ്ട്രൈക്ക് റൊട്ടേഷൻ നിയമത്തിലാണ് എംസിസി കാര്യമായ ഇടപെടൽ നടത്തിയിരിക്കുന്നത്. ഇനിമുതൽ ഒരു ബാറ്റ്സ്മാൻ ക്യാച്ച് നൽകി പുറത്തായാൽ പുതുതായി ഇറങ്ങുന്ന ബാറ്റ്സ്മാൻ വേണം അടുത്ത പന്തിൽ സ്ട്രൈക്ക് ചെയ്യാനെന്നതാണ് അടുത്ത മാറ്റം. ഓവറിലെ അവസാന പന്തിലാണ് ഈ പുറത്താകലെങ്കിലും പുതിയ ബാറ്റ്സ്മാനാകും അടുത്ത ഓവറിലെ ആദ്യ പന്ത് നേരിടേണ്ടത്. നേരത്തെ ഇത്തരത്തിൽ ഫീൽഡർ ക്യാച്ച് എടുക്കും മുമ്പ് ബാറ്റ്സ്മാന്മാർ ക്രോസ് ചെയ്താൽ പുതിയ ബാറ്റ്സ്മാൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിലാണ് വരിക. ഫലത്തിൽ, നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന താരം അവിടെത്തന്നെ തുടരും.

വൈഡ് നിർണയം
ആധുനിക ക്രിക്കറ്റിൽ ബാറ്റ്സ്മാന്മാർ നിരവധി പുതിയ ഷോട്ടുകൾ പരീക്ഷിക്കുന്നുണ്ട്. ഇത് മുൻനിർത്തി വൈഡ് നിർണയിക്കുന്ന നിയമത്തിലും എംസിസി മാറ്റം വരുത്തി. ബൗളർമാരിൽ ആശക്കുഴപ്പമുണ്ടാക്കാൻ റണ്ണപ്പിനിടെ ബാറ്റ്സ്മാന്മാർ അനാവശ്യമായി ക്രീസിൽ നിന്ന് മാറിക്കളിക്കാറുണ്ട്. ഇത്തരത്തിൽ ബൗളർ എറിയുന്ന പന്തുകൾ പലപ്പോഴും വൈഡ് വിളിക്കാറുമുണ്ട്. ഇനി ബൗളർ റണ്ണപ്പ് തുടങ്ങിയാൽ ബാറ്റ്സ്മാൻ എവിടെയാണോ നിൽക്കുന്നത് അതിനനുസരിച്ചാകും വൈഡ് ബാധകമാകുക.

പകരം കളിക്കാരൻ
എംസിസിയുടെ 1.3 നിയമമനുസരിച്ച് പകരക്കാരനായി ഇറങ്ങുന്ന കളിക്കാരുടെ കാര്യത്തിലും മാറ്റമുണ്ട്. പകരക്കാരായി ഇറങ്ങുന്ന താരങ്ങൾ ആർക്ക് പകരമാണോ ഇറങ്ങുന്നത് അവർക്ക് മുൻ കളിക്കാരനെ പോലെ തന്നെ പുറത്താക്കലുകളും മറ്റും സ്വന്തം പേരിൽ തന്നെ ലഭിച്ചതായി കണക്കാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP