Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എച്ച് എൽഎൽ ലേല വ്യവസ്ഥയിലെ കേന്ദ്രസർക്കാർ നിലപാടിനെതിരെ അഭിപ്രായം അറിയിക്കും; പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി; ഭൂമി കൈമാറ്റ വ്യവസ്ഥ പരിഷ്‌കരിക്കാനും മന്ത്രിസഭാ തീരുമാനം

എച്ച് എൽഎൽ ലേല വ്യവസ്ഥയിലെ കേന്ദ്രസർക്കാർ നിലപാടിനെതിരെ അഭിപ്രായം അറിയിക്കും; പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി; ഭൂമി കൈമാറ്റ വ്യവസ്ഥ പരിഷ്‌കരിക്കാനും മന്ത്രിസഭാ തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളിൽ സംസ്ഥാന സർക്കാരിന് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

സംസ്ഥാനത്തിനകത്തുള്ള എച്ച്. എൽ. എൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ ഉത്തരവിറക്കിയിരുന്നു.

സംസ്ഥാന സർക്കാരുകൾക്ക് എച്ച് എൽ എൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കത്ത് നൽകിയിരുന്നു. അതിലുള്ള സർക്കാരിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനാണ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

സ്റ്റാഫ് പാറ്റേൺ പുതുക്കി

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ സ്റ്റാഫ് പാറ്റേൺ പുതുക്കാൻ തീരുമാനിച്ചു.

പാട്ടത്തിന് നൽകും

കാസർഗോഡ് ജില്ലയിലെ കരിന്തളം വില്ലേജിൽ 12 ഏക്കർ ഭൂമി 400 കെ വി സബ് സ്റ്റേഷൻ നിർമ്മാണത്തിനായി ഉഡുപ്പി-കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡിന് 30 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

നിയമനം

35-ാമത് ദേശിയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തിൽ വെങ്കലമെഡൽ നേടിയ കെ കെ സുഭാഷിന് ജോലി നൽകാൻ തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട് തസ്തികയിലാകും നിയമനം.

കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി അരുണാചലം സുകുമാറിനെ നിയമിച്ചു.

ഗ്യാരണ്ടി തുക വർദ്ധിപ്പിക്കും

ദേശിയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷനുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ സർക്കാർ ഗ്യാരണ്ടി തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. 6 കോടിയിൽ നിന്നും 15 കോടിയായാണ് വർദ്ധിപ്പിക്കുക.

കാലാവധി ദീർഘിപ്പിച്ചു

പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്(റിട്ട.) ജി ശശിധരന്റെ സേവന കാലാവധി 13/03/2022 മുതൽ 3 വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.

നഷ്ടപരിഹാരം

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ ഉന്മൂലനം ചെയ്യപ്പെട്ടതുമായ പക്ഷികൾക്കും നശിപ്പിച്ച മുട്ടകൾക്കും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.

രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നൽകും. മുട്ട ഒന്നിന് 5 രൂപ വീതമാണ് നഷ്ടപരിഹാരം.

ഭൂമി കൈമാറ്റ വ്യവസ്ഥ പരിഷ്‌കരിക്കും

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സർക്കാർ വാങ്ങി നൽകുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

ഭവന നിർമ്മാണം, തനിക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖം, പെൺമക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് പണയപ്പെടുത്താം. ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാവണം ഇത്. അർഹരായ ഗുണഭോക്താക്കൾക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല/ ഷെഡ്യൂൾഡ്/ സഹകരണബാങ്കുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വികസ കോർപ്പറേഷൻ എന്നിവയിൽ വായ്പക്കായി പണയപ്പെടുത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP