Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ നിന്നല്ലേ സുധാകരൻ വരുന്നത്; സിപിഎം എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിനറിയാമെന്ന് എം എം മണി; താൻ പറഞ്ഞതിൽ തെറ്റില്ല, പറഞ്ഞത് സുധാകരനുമുള്ള മറുപടി മാത്രം; പ്രകോപനപരമായി ഒന്നുമില്ലെന്ന് പറഞ്ഞ് കൊലവിളി പ്രസംഗത്തെ ന്യായീകരിച്ചു സി വി വർഗീസും

കണ്ണൂരിൽ നിന്നല്ലേ സുധാകരൻ വരുന്നത്; സിപിഎം എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിനറിയാമെന്ന് എം എം മണി; താൻ പറഞ്ഞതിൽ തെറ്റില്ല, പറഞ്ഞത് സുധാകരനുമുള്ള മറുപടി മാത്രം; പ്രകോപനപരമായി ഒന്നുമില്ലെന്ന് പറഞ്ഞ് കൊലവിളി പ്രസംഗത്തെ ന്യായീകരിച്ചു സി വി വർഗീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കടന്നാക്രമിച്ച് മുൻ മന്ത്രി എം.എം. മണി. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ലെന്ന് എം.എം. മണി പറഞ്ഞു. കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികൾ ജയിലിൽ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ തങ്ങൾ എന്ത് ചെയ്യുമെന്ന് കെ. സുധാകരന് അറിയാം. കണ്ണൂരിൽ നിന്നല്ലേ സുധാകരന് വരുന്നതെന്നും മണി ചൂണ്ടിക്കാട്ടി. നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്ന വിശ്വാസമാണുള്ളതെന്നും എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരായ വിവാദ പരാമർശത്തിലുറച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസും രംഗത്തുവന്നു. താൻ പറഞ്ഞതിൽ തെറ്റില്ല, ധീരജിന്റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. അതിനാണ് സുധാകരന് മറുപടി നൽകിയത്. താൻ പറഞ്ഞതിൽ പ്രകോപനപരമായി ഒന്നുമില്ലെന്നും സി.വി വർഗീസ് പറഞ്ഞു.

''ധീരജ് കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരൻ പറഞ്ഞു. പ്രതികളെ ജയിലിൽ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. സുധാകരൻ ഇടുക്കിയിൽ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. അത്തരം പരമാർശം നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടത്''. സന്ദർഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് നൽകിയതെന്നും ഏറ്റവും മാന്യമായി സത്യം പറഞ്ഞതാണെന്നും വർഗീസ് വിശദീകരിക്കുന്നു. പരാമർശം വിവാദമായതോടെയാണ് സി വി വർഗീസിന്റെ വിശദീകരണം.

കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പരാമർശം. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്.

''സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തിയെന്നാണ്. ഇടുക്കിയിലെ കോൺഗ്രസുകാരാ നിങ്ങൾ കരുതിക്കോ. സുധാകരൻ എന്നാ ഭിക്ഷാംദേഹിക്ക് ഞങ്ങൾ സിപിഎം കൊടുക്കുന്ന ധാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ എന്നായിരുന്നു വർഗീസിന്റെ പരാമർശം.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാറിന്റെ ഭരണപരാജയത്തിനെതിരെ ചെറുതോണിയിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎം നടത്തിയ പരിപാടിയിലാണ് സുധാകരനെതിരെ വിവാദ പരാമർശം ഉയർന്നത്. ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ ധീരജിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സിപിഎം-കോൺഗ്രസ് പോര് രൂക്ഷമാണ്. ധീരജ് വധത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇപ്പോൾ അറസ്റ്റിലായ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും കെ. സുധാകരൻ നിലപാടെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP