Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശ്രേയംസിനെ വെട്ടിയൊതുക്കാൻ സിപിഎം; അവകാശ വാദവുമായി സിപിഐ എത്തുന്നത് എൽജെഡിക്ക് വിന; സീറ്റ് കിട്ടിയാലും വീരന്റെ പാർട്ടിയിൽ അടിമൂക്കും; കോൺഗ്രസിൽ നിർണ്ണായകം ആന്റണിയുടെ മനസ്സ്; രാജ്യസഭാ സീറ്റിൽ രണ്ടിടത്തും അനിശ്ചിതത്വം; ഇടതിൽ പിണറായി തീരുമാനിക്കും

ശ്രേയംസിനെ വെട്ടിയൊതുക്കാൻ സിപിഎം; അവകാശ വാദവുമായി സിപിഐ എത്തുന്നത് എൽജെഡിക്ക് വിന; സീറ്റ് കിട്ടിയാലും വീരന്റെ പാർട്ടിയിൽ അടിമൂക്കും; കോൺഗ്രസിൽ നിർണ്ണായകം ആന്റണിയുടെ മനസ്സ്; രാജ്യസഭാ സീറ്റിൽ രണ്ടിടത്തും അനിശ്ചിതത്വം; ഇടതിൽ പിണറായി തീരുമാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംവി ശ്രേയംസ് കുമാറിന്റെ എൽജെഡിക്ക് രാജ്യസഭാ സീറ്റ് അനുവദിക്കില്ലെന്ന് സൂചന. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാനാണ് സാധ്യത. യുഡിഎഫിൽ നിൽക്കുമ്പോൾ എൽജെഡിക്ക് ലഭിച്ചതായിരുന്നു രാജ്യസഭാ സീറ്റ്. ഉപതെരഞ്ഞെടുപ്പിലൂടെ അത് വീണ്ടും എൽജെഡിക്ക് തന്നെ ഇടതുപക്ഷം നൽകി. യുഡിഎഫ് വിടുമ്പോൾ എംപി വീരേന്ദ്രകുമാർ രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു. ഇടതിൽ എത്തിയ ശേഷം വീരൻ വീണ്ടും എംപിയായി. വീരന്റെ മരണ ശേഷം ശ്രേയംസും രാജ്യസഭയിൽ എത്തി.

എന്നാൽ യുഡിഎഫിൽ ഉണ്ടായിരുന്നുവെങ്കിൽ ആ സീറ്റിൽ ഇപ്പോൾ എൽജിഡിക്ക് ജയിക്കാൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷവും എൽജെഡിക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് സിപിഎമ്മിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. നിയസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മാത്രമാണ് എൽജെഡിക്ക് നൽകിയത്. രാജ്യസഭാ സീറ്റുണ്ടെന്ന ന്യായീകരണത്തിലായിരുന്നു അത്. അതിൽ കൽപ്പറ്റയിലും വടകരയിലും എൽജെഡി തോറ്റു. ശക്തിക്ഷയിച്ച പാർട്ടി സിപിഎം കരുത്തിൽ പാനൂരിൽ മാത്രമാണ് വിജയിച്ചത്.

ഇതിന് ശേഷം സോഷ്യലിസ്റ്റുകളുടെ ലയനമെന്ന ആവശ്യവും മുമ്പോട്ട് വച്ചു. ഇതും എൽജെഡി അംഗീകരിച്ചില്ല. ജനതാദള്ളിൽ ലയിക്കാൻ അവർ തയ്യാറായതുമില്ല. ഇതും പിടിവാശിയുടെ ഫലമാണെന്ന് സിപിഎം കരുതുന്നു. അതുകൊണ്ട് തന്നെ എൽജെഡിയെ തഴയാനാണ് നീക്കം. എന്നാൽ അത് ഇടതുപക്ഷത്ത് നിന്ന് അവരുടെ യുഡിഎഫ് ചാട്ടത്തിന് വഴിവയ്ക്കും. കെപി മോഹനന് മന്ത്രിയാകാൻ കഴിയാത്തതിന്റെ വേദനയുണ്ട്. ഷെയ്ക് പി ഹാരീസ് ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് സിപിഎമ്മിലേക്ക് ചേക്കേറിയത്. ഈ സാഹചര്യത്തിൽ രാജ്യസഭയിലെ സിപിഎം നിലപാട് നിർണ്ണായകമാകും.

എൽ.ഡി.എഫിനു ലഭിക്കുന്ന രണ്ടു സീറ്റുകളിൽ ഓരോന്നുവീതം സിപിഎമ്മിന്റേതും എൽ.ജെ.ഡി.യുടേതുമാണ്. ഇതിൽ തുടർച്ച വേണമെന്നാണ് എൽ.ജെ.ഡി.യുടെ ആവശ്യം. ഒഴിവുവരുന്ന ആദ്യസീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് സിപിഐ. അതിശക്തമായി തന്നെ ഇക്കാര്യം കാനം രാജേന്ദ്രൻ ഉന്നയിക്കും. സിപിഎം മത്സരിക്കും. സിപിഐയുടെ പിടിവാശി എൽജെഡിക്ക് വിനയായി മാറുകയും ചെയ്യും. ഇടതു മുന്നണി യോഗമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. സീറ്റ് എൽജെഡിക്ക് നൽകിയാലും രാജ്യസഭയിൽ ശ്രേയംസിനെതിരെ പാർട്ടിയിൽ പടനീക്കമുണ്ടാകും.

വർഗ്ഗീസ് ജോർജ്, നീലലോഹിത ദാസൻ നാടാർ എന്നിവർ രാജ്യസഭാ സീറ്റ് ആഗ്രഹിക്കുന്നുണ്ട്. ഇത് എൽജെഡിയിൽ പ്രശ്‌നം രൂക്ഷമാക്കും. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തികൂട്ടാൻ രാജ്യസഭാ സീറ്റ് ഘടകകക്ഷികൾക്കു നൽകേണ്ടതില്ലെന്ന വാദം സിപിഎമ്മിലുണ്ട്. എന്നാൽ, വീണ്ടും അവസരം നൽകണമെന്ന ആവശ്യം എൽ.ജെ.ഡി. ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മൂന്നുസീറ്റ് ഒഴിവുവന്നപ്പോൾ എൽ.ഡി.എഫിന് രണ്ടും യു.ഡി.എഫിന് ഒന്നുമാണ് വിജയിപ്പിക്കാവുന്ന സീറ്റുകളുണ്ടായിരുന്നത്. ഇതിൽ എൽ.ഡി.എഫിലെ രണ്ടുസീറ്റും സിപിഎമ്മാണ് എടുത്തത്.

യു.ഡി.എഫിന്റെ സീറ്റ് കോൺഗ്രസിനാണെങ്കിലും സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവരുടെ ബാഹുല്യമാണ് പ്രശ്‌നം. മൂന്ന് സീറ്റിൽ ഒരിടത്ത് ജയിക്കാനുള്ള അംഗ ബലം കോൺഗ്രസിനുണ്ട്. കോൺഗ്രസിൽ ആര് സ്ഥാനാർത്ഥിയാകുമെന്നതാണ് തർക്കം. പ്രൊഫ. കെ.വി. തോമസ്മുതൽ സതീശൻ പാച്ചേനിവരെ തയ്യാറായിനിൽക്കുന്നതാണ് കോൺഗ്രസിനെ അലട്ടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും മോഹമുണ്ട്. ചെറിയാൻ ഫിലിപ്പും ചർച്ചകലിലാണ്. എകെ ആന്റണി ഒഴിയുന്ന സീറ്റിൽ ആന്റണി പറയുന്ന ആളാകും സ്ഥാനാർത്ഥിയെന്നും സൂചനയുണ്ട്. എംഎം ഹസ്സനും സജീവമായി രംഗത്തുണ്ട്.

യുവാക്കൾക്ക് പരിഗണനൽകി പതിവുരീതി മാറ്റാനുള്ള ആലോചനയും കോൺഗ്രസിലുണ്ട്. അത്തരമൊരു തീരുമാനമെടുത്താൽ കെപിസിസി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം സ്ഥാനാർത്ഥിയാകും. മത്സരിക്കാനില്ലെന്ന് വി എം സുധീരൻ പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം വി എം സുധീരനേയും കോൺഗ്രസ് പരിഗണിക്കുമായിരുന്നു. ഹൈക്കമാണ്ടിൽ സ്വാധീനം ഇപ്പോഴും കെസി വേണുഗോപാലിനുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ സ്ഥാനാർത്ഥിയെ മുകളിൽ നിന്ന് കെട്ടിയിറക്കാനും സാധ്യത ഏറെയാണ്. സിഎംപിയും സീറ്റിനായി രംഗത്തുണ്ട്. സിപി ജോൺ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP