Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരന്മാരുടെ സർട്ടിഫിക്കറ്റുകളും രേഖകളും ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; അക്ഷയയുടെ സേവനങ്ങൾ വ്യാജമായി നൽകുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

പൗരന്മാരുടെ സർട്ടിഫിക്കറ്റുകളും രേഖകളും ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; അക്ഷയയുടെ സേവനങ്ങൾ വ്യാജമായി നൽകുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ ലോഗോയും സമാന്തര പേരും, നിറവും ഉപയോഗിച്ച് പത്തനംതിട്ടയിൽ നിരവധി സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ പൊതുജനങ്ങളെ അക്ഷയകേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സർക്കാർ സേവനങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്. അയ്യർ അറിയിച്ചു.

ഇത്തരം കേന്ദ്രങ്ങളിലൂടെ പൗരന്മാരുടെ സർട്ടിഫിക്കറ്റുകളും രേഖകളും ദുരുപയോഗം ചെയ്യുന്നതായുള്ള പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടും നിലവിലുണ്ട്. ഇത്തരം പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങളും നിലവിലുണ്ട്. സമാന്തര ഓൺലൈൻ കേന്ദ്രങ്ങൾ സർക്കാർ സംവിധാനത്തിലൂടെ നൽകേണ്ട സേവനങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് ജില്ലാതല ഉദ്യോഗസ്ഥരും, വകുപ്പ് മേധാവികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പു വരുത്തേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ വിവിധ സർക്കാർ വകുപ്പുകൾ ലഭ്യമാക്കിയിട്ടുള്ള സേവനങ്ങൾ ഓൺലൈനായി നൽകുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങൾ അക്ഷയ കേന്ദ്രങ്ങളായിരിക്കെ സർക്കാർ സേവനങ്ങൾക്കായി ഇത്തരം സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളിലെത്തി പൊതുജനങ്ങൾ വഞ്ചിതരാകാൻ പാടില്ല. ഇത്തരം ഓൺലൈൻ കേന്ദ്രങ്ങൾ ഇ-ജില്ലാ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

പുതിയ ഓൺലൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ നൽകിയ ലൈസൻസിൽ പരാമർശിച്ച സേവനങ്ങൾ മാത്രമാണോ നൽകുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. ലൈസൻസ് നൽകുമ്പോൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർകോഡ്, ലോഗോ എന്നിവ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾക്ക് സർക്കാർ ഫീസ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതും, ഇത് നിരീക്ഷിക്കുന്നതിന് സംവിധാനം ഉള്ളതുമാണ്. അമിത ഫീസ് ഈടാക്കുന്നവർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. എന്നാൽ, നിയമത്തിന്റെ പരിധിയിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നിരീക്ഷണ, നിയന്ത്രണ സംവിധാനം നിലവിലില്ല. ഈ സാഹചര്യത്തിൽ പൗരന്മാരുടെ വിലപ്പെട്ട രേഖകളുടെ സുരക്ഷിതത്വം, പ്രവർത്തന നിരീക്ഷണത്തിന് വിവിധ തലങ്ങളിലുള്ള സംവിധാനങ്ങൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജ് എന്നിവ കണക്കിലെടുത്ത് സർക്കാരിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.

അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ ബോർഡുകൾ / ലോഗോ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങളെ അക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങൾ നൽകുകയോ അക്ഷയ കേന്ദ്രങ്ങളുടെ ലോഗിൻ ദുരുപയോഗപ്പെടുത്തി ഇ-ജില്ല ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വിവിധ സർക്കാർ വകുപ്പുകൾ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള സെന്ററുകൾ അക്ഷയകേന്ദ്രങ്ങൾ മാത്രമായിരിക്കും എന്നിരിക്കെ അംഗീകാരമുണ്ട് എന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളിൽ ഇ ഡിസ്ട്രിക് സേവനങ്ങൾ ഉൾപ്പെടെ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് തഹസിൽദാർമാർ ഇത്തരം ഓൺലൈൻ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP