Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാരിശക്തി പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ കേരളത്തിൽ നിന്നും രാധികയും ടിഫാനിയും; ഇത് മലയാളികൾക്ക് അഭിമാന നിമിഷം

നാരിശക്തി പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ കേരളത്തിൽ നിന്നും രാധികയും ടിഫാനിയും; ഇത് മലയാളികൾക്ക് അഭിമാന നിമിഷം

സ്വന്തം ലേഖകൻ

കൊച്ചി: നാരിശക്തി പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ കേരളത്തിൽ നിന്നും രണ്ട് വനിതകൾ. മർച്ചന്റ് നേവി ക്യാപ്റ്റൻ രാധിക മേനോനും ം അന്ധതയുള്ളവർക്കായി വെളിച്ചം പകരുന്ന ടിഫാനി ബ്രാറുമാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കന്നത്. 2020ലെ പുരസ്‌കാര ജേതാക്കളിൽടിഫാനി ബ്രാറും 2021ലെ ജേതാക്കളിൽ, മർച്ചന്റ് നേവി ക്യാപ്റ്റൻ രാധിക മേനോനും ഇടംപിടിക്കുക ആയിരുന്നു.

കടലിലെ അസാമാന്യ ധീരതക്കുള്ള ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ.എം.ഒ) പുരസ്‌കാരം (2016) നേടിയ പ്രഥമ ഇന്ത്യൻ വനിതയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ രാധിക. 2015 ജൂൺ 22ന് ഒഡിഷയിലെ ഗോപാൽപൂരിലെ കടലിൽനടന്ന രക്ഷാപ്രവർത്തനമാണ് ഇവരെ പുരസ്‌കാരത്തിനർഹയാക്കിയത്. 2013ൽ സമ്പൂർണ സ്വരാജ്യ കപ്പലിന്റെ നായക സ്ഥാനത്തെത്തിയതിലൂടെ ഇവർ ഇന്ത്യയിലെ ആദ്യ വനിത കപ്പൽ മേധാവിയായി. കപ്പൽ പര്യടനം നടത്തുന്നതിനിടെ എൻജിൻ തകരാർ മൂലം തിരമാലകളിൽ ആടിയുലയുന്ന ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ ജീവൻ പണയം വെച്ചും രക്ഷിക്കാൻ മുന്നിൽ നിന്നു. തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആ ധീരപ്രവർത്തനത്തെ അവർ വിശേഷിപ്പിച്ചത്.

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് സി.ബി. മേനോന്റെയും സുധ മേനോന്റെയും മകളാണ്. സമുദ്രമേഖലയിലെ കരിയർ തെരഞ്ഞെടുക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഇന്റർനാഷനൽ വിമൻ സീഫെയറേഴ്‌സ് ഫൗണ്ടേഷൻ (ഐ.ഡബ്ല്യു.എസ്.എഫ്) സഹസ്ഥാപകയാണ്.

കാഴ്ചയില്ലാത്തവർക്കായി തിരുവനന്തപുരം അമ്പലമുക്കിൽ ജ്യോതിർഗമയ സ്‌കൂൾ ആരംഭിച്ചാണ് ടിഫാനി ബ്രാർ ശ്രദ്ധ നേടിയത്. കാഴ്ചയില്ലാത്തതിനാൽ ചെറുപ്പം മുതൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ മറ്റുള്ളവർക്കുണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് ടിഫാനി ബ്രാർ, ജ്യോതിർഗമയ സ്‌കൂൾ ആരംഭിക്കുന്നത്. ഇന്ന് കാഴ്ചയില്ലാത്ത ഒട്ടേറെ പേർക്ക് കൈത്താങ്ങും വഴികാട്ടിയുമാണ്. മലയാളം, ഹിന്ദി, തമിഴ്, നേപ്പാളി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ടിഫാനി പ്രതിസന്ധികളെ അതിജീവിച്ച് വഴുതക്കാട് വിമൻസ് കോളജിൽനിന്ന് ഇംഗ്ലീഷ് ബിരുദം, സ്‌പെഷൽ എജുക്കേഷനിൽ ബി.എഡ് എന്നിവ സ്വന്തമാക്കി.

2012ൽ മൊബൈൽ സ്‌കൂളായി തുടങ്ങിയ ജ്യോതിർഗമയ പിന്നീട് പരിശീലനകേന്ദ്രമായി. ആത്മവിശ്വാസം വർധിപ്പിക്കാനും എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുമുള്ള പരിശീലനത്തിൽ തുടങ്ങി മൊബിലിറ്റി ട്രെയിനിങ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവയെല്ലാം പകർന്നു നൽകുന്നുണ്ട്. ചെറുപ്പത്തിൽ ശാരീരിക പ്രയാസങ്ങളേറെ നേരിട്ട ടിഫാനി ഇന്ന് വിദേശരാജ്യങ്ങളിൽ വരെ ക്ലാസെടുക്കാൻ പോകാറുണ്ട്.

നാരി ശക്തി പുരസ്‌കാരങ്ങൾ അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും. ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങൾ നൽകിയവർക്കാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നാരി ശക്തി പുരസ്‌കാരം നൽകുന്നത്.

സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവരാണ് 2020ലെ പുരസ്‌കാര ജേതാക്കൾ. 2021ൽ ഉള്ളവർ ഭാഷാശാസ്ത്രം, സംരംഭകത്വം, കൃഷി, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, മർച്ചന്റ് നേവി, വിദ്യാഭ്യാസം, സാഹിത്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ മുതലായ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഇരു വർഷങ്ങളിലുമായി 29 പേർക്കാണ് ചൊവ്വാഴ്ച അവാർഡ് നൽകുക. പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP