Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിന്റെ ശക്തമായ മതേതര ശബ്ദമായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുൽ ഗാന്ധി; പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നെന്ന് കോടിയേരി; മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമെന്ന് കെ. സുധാകരൻ; തങ്ങളുടെ വിയോഗത്തിൽ രാഷ്ട്രീയ കേരളത്തിന്റെ അനുശോചന പ്രവാഹം

യുഡിഎഫിന്റെ ശക്തമായ മതേതര ശബ്ദമായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുൽ ഗാന്ധി; പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നെന്ന് കോടിയേരി; മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമെന്ന് കെ. സുധാകരൻ; തങ്ങളുടെ വിയോഗത്തിൽ രാഷ്ട്രീയ കേരളത്തിന്റെ അനുശോചന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു രാഷ്ട്രീയ കേരളം. കേരളത്തിലെ വിവിധ നേതാക്കളും തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് രംഗത്തുവന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയും അനുശോചിച്ചു. എല്ലാവരുടെയും സാഹോദര്യത്തെയും ബഹുമാനത്തെയും പുരോഗതിയെയും പിന്തുണക്കുന്ന, യു.ഡി.എഫിന്റെ ശക്തമായ മതേതര ശബ്ദമായിരുന്നു അദ്ദേഹമെന്ന് രാഹുൽ അനുസ്മരിച്ചു.

പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് കോടിയേരി

കേരളത്തിന്റെ പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാവായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ നേതാവായിരിക്കുമ്പോൾ തന്നെ ആത്മീയ നേതാവുമായിരുന്നു അദ്ദേഹം. അനേകം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അനാഥ മന്ദിരങ്ങളുടേയും സാരഥിയെന്ന നിലയിൽ വലിയൊരു വിഭാഗം അവരുടെ ആശ്രയമായാണ് തങ്ങളെ കണ്ടിരുന്നത്.

പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയെന്ന കീഴ്‌വഴക്കമനുസരിച്ചാണ് 13 വർഷം മുമ്പ് അദ്ദേഹം ലീഗ് അധ്യക്ഷനായത്. അതിന് ശേഷമാകട്ടെ പല ഘട്ടങ്ങളിലും സ്വന്തം നിലപാട് പ്രകടിപ്പിച്ച് നേതൃശേഷി അദ്ദേഹം തെളിയിച്ചു.

ന്യൂനപക്ഷ മതത്തിന്റെ പേരിലെ രാഷ്ട്രീയ കക്ഷിയുടെ തലവനായിരുന്നിട്ടും സംസ്ഥാനത്ത് മതസൗഹാർദത്തിനു വേണ്ടി പൊതുവിൽ നിലകൊണ്ടു. താനടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി നല്ല വ്യക്തി ബന്ധമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. ആധുനിക കേരളത്തിനായുള്ള പദ്ധതികളും പരിപാടികളും മനസിലാക്കാനുള്ള താല്പര്യമുണ്ടായിരുന്ന ലീഗിലെ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടം: കെ. സുധാകരൻ

തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. തങ്ങളുമായി തനിക്ക് ദീർഘവർഷത്തെ ആത്മബന്ധമാണുള്ളത്. മതേതരമുഖമായിരുന്നു തങ്ങളുടേത്. നിരാലംബരോട് തങ്ങൾ കാണിച്ച കാരുണ്യവും സ്നേഹവും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സവിശേഷത തുറന്ന് കാട്ടുന്നതാണ്.

കഷ്ടതകളും ദുരിതങ്ങളുമായി പാണക്കാട് തറവാട്ടിലെത്തുന്ന നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിൽ അദ്ദേഹം കാട്ടിയ താൽപര്യം എടുത്തുപറയേണ്ടതാണ്. മത സൗഹാർദ്ദം സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷത്തിന് ഒരു പോറൽപോലും ഏൽക്കാതിരുന്നതിൽ ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടുന്ന പാണക്കാട് തറവാടിന്റെ പങ്ക് വളരെ വലുതാണ്.

സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ തങ്ങൾ നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച നേതാവാണ്. വർഗീയ ശക്തികളെ എന്നും അദ്ദേഹം അകറ്റി നിർത്തി. സത്യസന്ധത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. രാഷ്ട്രീയ മത ചിന്തകൾക്കതീതമായി സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.

സമുദായാചാര്യൻ എങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരവ് നേടി. യു.ഡി.എഫിന്റെ ശക്തിസ്രോതസും മാർഗദർശിയുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം യു.ഡി.എഫിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. തങ്ങളോടുള്ള ആദരസൂചകമായി കെപിസിസി മാർച്ച് 7ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായും കെ. സുധാകരൻ അറിയിച്ചു.

കേരള പൊതുമണ്ഡലത്തിന്റെ നഷ്ടം-കേന്ദ്രമന്ത്രി വി. മുരളീധരൻ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു ഹൈദരലി തങ്ങളെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദപരമായി ഇടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരള പൊതുമണ്ഡലത്തിന് നഷ്ടമാണ്. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം: സ്പീക്കർ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

ഹൈദരലി തങ്ങളുടെ കുടുംബത്തിനും അനുയായികൾക്കും സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം അനുശോചനം നേർന്നു. സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.

2009ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുക എന്ന കീഴ്‌വഴക്കമനുസരിച്ചായിരുന്നു സ്ഥാനാരോഹണം. 1990 മുതൽ മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റായിരുന്നു. ശിഹാബ് തങ്ങൾ ലീഗ് സംസ്ഥാന അധ്യക്ഷനായതോടെയാണ് ജില്ല ലീഗ് നേതൃത്വത്തിൽ ഹൈദരലി തങ്ങൾ അവരോധിതനായത്.

19 വർഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റായിരുന്നു. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയർമാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്, തൃശൂർ ജില്ല ഖാദി സ്ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്. 1994ൽ നെടിയിരുപ്പ് പോത്ത്‌വെട്ടിപ്പാറ മഹല്ല് ഖാദിയായാണ് തുടക്കം.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി ഹൈദരലി തങ്ങൾക്കാണ്. 1977ൽ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി തുടക്കം കുറിച്ച തങ്ങൾ ചെമ്മാട് ദാറുൽ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂർ മർക്കസ്, വളാഞ്ചേരി മർക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവിയും അലങ്കരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരത്തിരിക്കാനും ഭാഗ്യം ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP