Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിസയും മാസ്റ്റർ കാർഡും റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു; പേപാൽ സർവ്വീസുകളും നിർത്തി; സാംസങ്ങും നാടുവിട്ടു; റഷ്യൻ മാധ്യമങ്ങളുടെ പേജുകളും ചാനലുകളും യൂറോപ്പിൽ നിരോധിച്ച് ഫേസ്‌ബുക്കും യൂട്യുബും; നഷ്ടമായത് 100 ബില്യൺ പൗണ്ടിന്റെ വ്യാപാര സാധ്യതകൾ; റഷ്യയെ ശ്വാസം മുട്ടിക്കുന്നതിന് പുതു വഴി തേടി നാറ്റോ സഖ്യം

വിസയും മാസ്റ്റർ കാർഡും റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു; പേപാൽ സർവ്വീസുകളും നിർത്തി; സാംസങ്ങും നാടുവിട്ടു; റഷ്യൻ മാധ്യമങ്ങളുടെ പേജുകളും ചാനലുകളും യൂറോപ്പിൽ നിരോധിച്ച് ഫേസ്‌ബുക്കും യൂട്യുബും; നഷ്ടമായത് 100 ബില്യൺ പൗണ്ടിന്റെ വ്യാപാര സാധ്യതകൾ; റഷ്യയെ ശ്വാസം മുട്ടിക്കുന്നതിന് പുതു വഴി തേടി നാറ്റോ സഖ്യം

മറുനാടൻ മലയാളി ബ്യൂറോ

പ്രമുഖ പേയ്മെന്റ് ഗേറ്റ്‌വേ ആയ പേയ്പാൽ റഷ്യയിലെ സേവനം മതിയാക്കുന്നു. പണമിടപാട് സാധ്യമാക്കുന്ന ക്സൂം എന്ന ടൂൾ സഹിതമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതേ രംഗത്ത് പ്രവർത്തിക്കുന്ന വൈസും റെമിറ്റ്ലിയും നേരത്തേ അവരുടെ റഷ്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഇതിനു മുൻപായി കഴിഞ്ഞ ചൊവ്വാഴ്‌ച്ച മുതൽ ഫേസ്‌ബുക്കും യൂട്യുബും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെയും സ്പുട്നിക്കിന്റെയും ചാനലുകൾക്ക് യൂറോപ്പിൽ വിലക്കേർപ്പെടുത്തിയിരുന്നു.

സാമ്പത്തിക ഉപരോധത്തോടൊപ്പം സാങ്കേതികവിദ്യാ ഉപരോധവും ഏർപ്പെടുത്തി റഷ്യയെ ശ്വാസം മുട്ടിക്കുക എന്നതാണ് ഇപ്പോൾ നാറ്റോ കൈക്കൊണ്ടിരിക്കുന്ന പുതിയ തന്ത്രം. സർവ്വ വിനാശകാരിയായ മറ്റൊരു ലോകയുദ്ധത്തിന് വഴിയൊരുക്കാതെ, നേരിട്ട് റഷ്യയുമായി ഏറ്റുമുട്ടാതെ റഷ്യയെ മുട്ടുകുത്തിക്കുക എന്ന തന്ത്രം ഏറെക്കുറെ ഫലം ചെയ്യുമെന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്. അതിനിടയിൽ ലോകത്തെ തന്നെ ഗൃഹോപകരണ വിപണിയിലെ ഭീമന്മാരായ സ്വീഡിഷ് കമ്പനി ഐക്കിയ റഷ്യയിലെ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതായി അറിയിച്ചു. യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അവർ അറിയിച്ചു.

കടകൾക്ക് പൂട്ടു വീഴുന്നതിനു മുൻപായി സാധനങ്ങൾ വാങ്ങിക്കുവാൻ ഇന്നലെ റഷ്യയിലെ വിവിധ നഗരങ്ങളിലുള്ള വിവിധ ഐക്കിയ ഷോറൂമുകളിൽ വൻ തിരക്കായിരുന്നു. യുദ്ധം മനുഷ്യ ജീവിതത്തെ ഇപ്പോൾ തന്നെ വല്ലാതെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നുപറഞ്ഞ ഐക്കിയ വക്താവ് വിതരണ ശൃംഖലയിലും വ്യാപാരാന്തരീക്ഷത്തിലും ധാരാളം പ്രതിസന്ധികൾ ഉണ്ടാവുകയാണ് എന്നും പറഞ്ഞു. യുക്രെയിൻ യുദ്ധം ഒരു മനുഷ്യ ദുരന്തം തന്നെയാണ്. അതിൽ കഷ്ടപ്പെടുന്നവരോട് തങ്ങൾക്ക് സഹാനുഭൂതിയുണ്ടെന്നും കമ്പനി പറഞ്ഞു.

സോവിയറ്റ് യൂണിയന്റെ പതനശേഷം 2000-ൽ ആണ് ഐക്കിയ റഷ്യയിൽ എത്തുന്നത്. അതിവേഗം വളർന്ന ഈ കമ്പനി നിരവധി ഷോ റൂമുകൾ തുറന്ന് റഷ്യയിലെ ഏറ്റവും വലിയ പാശ്ചാത്യ തൊഴിൽ ദാതാവായി മാറിയിരുന്നു. ഏകദേശം 15000 ജീവനക്കാരാണ് റഷ്യയിലെ ഐക്കിയ സ്ഥാപനങ്ങളിൽ ഉള്ളത്. ഇതിനൊപ്പം വിവിധ ബ്രിട്ടീഷ് കമ്പനികളും ഉദ്പന്നങ്ങൾ നീക്കം ചെയ്ത് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ ഏകദേശം 100 ബില്യൺ പൗണ്ടിന്റെ വ്യാപാര സാധ്യതകളാണ് ഇതോടെ റഷ്യയ്ക്ക് നഷ്ടമായതെന്ന് കണക്കാക്കപ്പെടുന്നു.

ഫാഷൻ ബ്രാൻഡുകളായ, ബൂഹൂ, എച്ച് ആൻഡ് എം, ബർബെറി എന്നിവർ റഷ്യയിൽ സാന്നിദ്ധ്യം കുറയ്ക്കുകയാണ്. അതോടൊപ്പം മ്യുസിക് സ്ട്രീമിങ് സൈറ്റ് ആയ സ്പോട്ടിഫൈയും റഷ്യയിലെ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിനു പുറമേയാണ് നിരവധി ബ്രിട്ടീഷ് കമ്പനികൾ ഉൾപ്പടെ അന്താരാഷ്ട്ര സ്ഥാപനങ്ങൾ റഷ്യയിൽ നിന്നും ഉദ്പന്നങ്ങൾ വാങ്ങുന്നത് നിർത്തിവെച്ചത്. തങ്ങളുടെ രാജ്യങ്ങളിലേക്ക് റഷ്യൻ ഉദ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇവർ തയ്യാറാകാത്തത് റഷ്യൻ വാണിജ്യ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇതോടൊപ്പം, ഹോളിവുഡ് സിനിമകളും റഷ്യക്ക് അന്യമായേക്കും.വാർണർ ബ്രൊസ് അവരുടെ ദി ബാറ്റ്മാൻ നീക്കം ചെയ്തപ്പോൾ സോണിയുടെ മോറിബിയുസും ഡിസ്നിയുടെ കുട്ടികൾക്കായുള്ള അനിമേഷൻ ചിത്രങ്ങളും റഷ്യയിൽ നിന്നും പിൻവലിക്കുകയാണ്. ഏറ്റവും ഒടുവിൽ കാർഡ് പേയ്മെന്റ് രംഗത്തെ അതികായന്മാരായ വിസയും മാസ്റ്റർകാർഡും റഷ്യയിലെ സേവനം പിൻവലിക്കാൻ തീരുമാനിച്ചതോടെ റഷ്യ അക്ഷരാർത്ഥത്തിൽ ഒരു വൻ തകർച്ചയെ അഭിമുഖീകരിക്കുകയാണ്.

റഷ്യയ്ക്ക് പുറത്തുള്ള സാമ്പത്തിക സ്ഥാപനങ്ങൾ നൽകിയ വിസ, മാസ്റ്റർകാർഡുകൾ ഇനിമുതൽ റഷ്യയിൽ സാധുവായിരിക്കില്ല. അത്തരം കാർഡുകൾ ഉപയോഗിച്ച് റഷ്യയിൽ സാമ്പത്തിക ഇടപാടുകൾ നടത്താനും കഴിയില്ല. അതോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ മെമ്മറി ചിപ് ഉദ്പാദകരായ സാംസങ്ങും റഷ്യയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. റഷ്യയിലെ സ്മാർട്ട് ഫോൺ മാർക്കറ്റിൽ ഏറ്റവും മുന്നിലുള്ള ബ്രാൻഡ് കൂടിയാണ് സാംസങ്ങ്. റഷ്യയിലേക്ക് പുതിയ ഷിപ്മെന്റുകൾ അയയ്ക്കേണ്ട എന്ന് തീരുമാനിച്ച കമ്പനി, സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും, പുതിയ സാഹചര്യങ്ങൾ ഉരുത്തിരിയുമ്പോൾ അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രമുഖ സ്പാനിഷ് വസ്ത്രനിർമ്മാതാക്കളായ സാറാ, സ്പോർട്സ് കമ്പനിയായ പ്യൂമ,എന്നിവരും അവരുടെ കടകൾ പൂട്ടുകയാണ്. നൂറോളം റീടെയിൽ ഷോപ്പുകളാണ് പ്യൂമയ്ക്ക് റഷ്യയിലുള്ളത്. കടകൾ അടച്ചുപൂട്ടിയാലും ജീവനക്കാർക്ക് തുടര്ന്നും ശമ്പളം നൽകുമെന്ന് പ്യൂമയും ഐക്കിയയും അറിയിച്ചിട്ടുണ്ട്.

ഇതുവരെ പുടിൻ ഉൾപ്പടെയുള്ള പ്രമുഖർക്ക് നേരെയായിരുന്നു സാമ്പത്തിക ഉപരോധം ഉണ്ടായിരുന്നത്. റഷ്യൻ നവ സമ്പന്ന വർഗ്ഗമായിരുന്നു അതിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ചിരുന്നതും. എന്നാൽ, കൂടുതൽ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ റഷ്യയിൽ നിന്നും പിന്മാറുന്നതോടെ ദുരിതം സാധാരണക്കാരിലേക്കും എത്തുമെന്നുള്ളത് ഉറപ്പായിരിക്കുകയാണ്. രാജ്യം കൂടുതൽ ഒറ്റപ്പെട്ടുപോവുന്ന ഒരു അവസ്ഥയിലേക്കാണ് റഷ്യ പോയ്ക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP