Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർട്ടി നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പുറത്ത്; ഐസ്‌ക്രീം കേസ് ഒത്തുതീർപ്പാക്കലും ആവിയായി; പി ശശി സംസ്ഥാന കമ്മിറ്റിയിൽ എത്തിയത് എങ്ങനെ? പരാതി പറഞ്ഞ സികെപി പത്മനാഭൻ ഏരിയാ കമ്മറ്റിയിൽ; ശശി 'ശശിയാക്കുന്നത്' കണ്ണൂർ നേതാക്കളെ

പാർട്ടി നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പുറത്ത്; ഐസ്‌ക്രീം കേസ് ഒത്തുതീർപ്പാക്കലും ആവിയായി; പി ശശി സംസ്ഥാന കമ്മിറ്റിയിൽ എത്തിയത് എങ്ങനെ? പരാതി പറഞ്ഞ സികെപി പത്മനാഭൻ ഏരിയാ കമ്മറ്റിയിൽ; ശശി 'ശശിയാക്കുന്നത്' കണ്ണൂർ നേതാക്കളെ

എം റിജു

കോഴിക്കോട്: 96 ൽ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരമേറ്റപ്പോൾ ശരിക്കും സമാന്തര അധികാര കേന്ദ്രമായിരുന്നു പി ശശിയെന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സ്രെക്രട്ടറി. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിച്ചത്, പി ശശിയുടെയും മൂൻ അഡ്വക്കേറ്റ് ജനറൽ എം കെ ദാമോദരന്റെയും ഒത്താശയോടെയാണെന്ന് സിപിഎം വൃത്തങ്ങളിൽ നിന്നുതന്നെ പിന്നീട് ആരോപണം ഉയർന്നിരുന്നു. എന്നാലും ശശിക്ക് വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടായത്. സിപിഎമ്മിന്റെ രീതി അനുസരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പിന്നെ ഏറ്റവും പവർഫുള്ളായ പോസ്റ്റായി കണക്കാക്കപ്പെടുന്നത് കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തിരുന്ന് ഇത്രയേറെ ആരോപണങ്ങൾ കേട്ടിട്ടും, പി ശശി പിന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ഉയരുന്ന കാഴ്ചയാണ് കണ്ടത്. പിണറായി-കോടിയേരി ദ്വന്ദത്തിനു ശേഷം കണ്ണൂരിലെ രണ്ടാംനിര നേതാക്കളിൽ പ്രബലനായ നേതാവുകൂടിയാണ് പി.ശശി

ഇങ്ങനെ നിറഞ്ഞു നിൽക്കുന്ന സമയത്താണ് പി ശശിക്കെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. പ്രമുഖനായ ഒരു ഡിവൈഎഫ് ഐ നേതാവിന്റെ ഭാര്യയെ ലൈംഗികചൂഷണത്തിനു ശ്രമിച്ചുവെന്ന അതിഗുരുതരമായ പരാതിയാണ് പാർട്ടിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ശശിയെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്‌ത്താനാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. എന്നാൽ വനിതാ നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഇയാളെ പുറത്താക്കി. ഇതോടെ സിപിഎമ്മിലെ ശശിയുഗം അവസാനിച്ചു എന്ന് കരുതിയവരെയൊക്കെ 'ശശിയാക്കിക്കൊണ്ട്' ഇപ്പോൾ വീണ്ടും സംസ്ഥാന കമ്മ്ിറ്റിയിൽ എത്തിയിരിക്കയാണ്.

പടിപടിയായി നേതൃത്വത്തിലേക്ക്

പയ്യെ തിന്നാൽ പനയും തിന്നാമെന്ന പഴമൊഴി പോലെയായിരുന്നു പി ശശിയുടെ പ്രവർത്തനം. പാർട്ടിയിൽ നിന്ന് പുറത്തായതിനുശേഷവും വിമത പ്രവർത്തനത്തിനോ, മറ്റ് പാർട്ടികളിൽ ചേരാനോ ഒന്നും അദ്ദേഹം ശ്രമിച്ചില്ല. അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം സജീവമായി. അങ്ങനെ ലോയോഴ്‌സ് യൂനിയൻ നേതാവായി. അതോടെ സിപിഎം നേതാക്കളുടെ കേസുകൾ ഒക്കെയും ശശി ഏറ്റെടുത്ത് വിജയിപ്പിക്കാൻ തുടങ്ങി. അതോടെ അദ്ദേഹം പതുക്കെ ബ്രാഞ്ച് കമ്മറ്റിയിൽ എത്തി.

പിന്നെ തലശ്ശേരി ലോക്കൽ കമ്മിറ്റി, ഏരിയാകമ്മിറ്റിയംഗം എന്ന നിലയിലേക്ക് ഉയർന്നു. ഇതൊന്നും മാധ്യമങ്ങളിൽ വാർത്ത പോലും ആയില്ല. ഇപ്പോൾ ജില്ലാകമ്മിറ്റി അംഗവുമായി. എന്നാൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശശി സംസ്ഥാന കമ്മറ്റിയിൽ എത്തി. ഗോപി കോട്ടമുറിക്കലിനെപ്പോലെ പാർട്ടിയിൽ വീണ്ടും അവിശ്വസനീയമായി തിരിച്ചുവന്നിരിക്കുകയാണ് പി.ശശി. എറ്റവും വിചിത്രം സിപിഎം കണ്ണുർ ജില്ലാ കമ്മ്ിറ്റിപോലു ശശി സംസ്ഥാന കമ്മറ്റിയിൽ എത്തിയത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നതാണ്. കാരണം ശശി സമ്മേളന പ്രതിനിധി പോലും ആയിരുന്നില്ല.

സമ്മേളന പ്രതിധിയാവാതെ സംസ്ഥാന സമിതിയിൽ

സിപിഎമ്മിന്റെ സമ്മേളന നടപടിക്രമങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കണ്ടത്. സമ്മേളനത്തിൽ പങ്കെടുക്കാതെയും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക എന്നത് അത്യപുർവമാണ്. സംസ്ഥാന സമിതിയിലേക്ക് വന്ന പി ശശി സമ്മേളന പ്രതിനിധിപോലും ആയിരുന്നില്ല. കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധി ലിസ്റ്റിൽ പി ശശി ഉണ്ടായിരുന്നില്ല. അച്ചടക്ക നടപടിക്കുശേഷം ഇപ്പോൾ ജില്ലാകമ്മിറ്റിയിൽ വന്ന ഇയാളെ കണ്ണൂർ ജില്ലാ കമ്മിറ്റി പരിഗണിച്ചിരുന്നില്ല എന്നാണ് വാസതവം.

എന്നാൽ സിപിഎമ്മിന്റെ ഭരണഘടന പ്രകാരം സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും ഒരാൾക്ക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാം. അതിന് സമ്മേളനത്തിൽ പങ്കെടുത്ത ആരെങ്കിലും പേര് നിർദ്ദേശിക്കുകയും രണ്ടുപേർ പിന്തുണക്കുകയും വേണം. അല്ലെങ്കിൽ സ്ഥാനമൊഴിയുന്ന കമ്മിറ്റി വെക്കുന്ന ലിസ്റ്റിൽ ശശിയുടെ പേര് വരണം. ഇവിടെ സംഭവിച്ചത് രണ്ടാമത്തേതാണ്. കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച ലിസ്റ്റിൽ ശശിയുടെ പേര് ഉണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ്, പി ശശിക്ക് തുണയായത്. മികച്ച അഭിഭാഷകൻ എന്ന നിലയിലുള്ള ശശിയുടെ സേവനം പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് കോടിയേരിയും കരുതുന്നത്. കണ്ണൂരിൽ നിന്നുതന്നെ സംസ്ഥാന കമ്മ്ിറ്റിയിൽ എത്തുമെന്ന് കരുതിയിരുന്ന മികച്ച നേതാക്കളെ തഴഞ്ഞാണ് ശശിയെ ഉൾപ്പെടുത്തിയത്. തലശ്ശേരി എംഎൽഎ ഷംസീർ, വനിതാ നേതാവായ എൻ. സുകന്യ, മുൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ എം.വി സരള എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജില്ലാപഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെയും മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമളയെയും പരിഗണിക്കണമെന്നായിരുന്നു കണ്ണൂർ ജില്ലാനേതൃത്വത്തിന്റെ നിലപാട്. എന്നാൽ തർക്കം കാരണം ഇവർ ആരെയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

അതുപോലെ തന്നെ പി ശശിക്കെതിരെ പരാതി നൽകിയ സികെപി പത്മനാഭൻ എന്ന മുൻ സംസ്ഥാന സമിതി നേതാവ് തരംതാഴ്‌ത്തപ്പെട്ട് ഇപ്പോഴും ഏരിയാ കമ്മറ്റിയിലാണ്. ഡിവൈഎഫ്ഐയുടെ എക്കാലത്തെയും മികച്ച സംസ്ഥാന നേതാവായിരുന്ന സികെപിയെ തരംതാഴ്‌ത്തിയത് പി ശശിക്കെതിരായ വാർത്ത മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നതിന്റെ പേരിലാണ്. പക്ഷേ ശശി സംസ്ഥാന കമ്മറ്റിയിൽ എത്തിയിട്ടും സികെപി ഏരിയാ കമ്മറ്റിയിൽ ഒതുങ്ങി.

പി ശശിയുടേത് പാഠമെന്ന് കോടിയേരി

അതുപോലെ പി ശശിക്കെതിരെ നടപടി തീരുമാനിച്ച ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കാതിരുന്നതും വിവാദമായിട്ടുണ്ട്. അണികൾക്കിടയിൽ മികച്ച ഇമേജുള്ള പി ജയരാജന്റെ രാഷ്ട്രീയ ഭാവി തന്നെ ഇതോടെ അവസാനിച്ച മട്ടാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇപ്പോൾ പി.കെ ശ്രീമതി മാത്രമാണ് കണ്ണൂരിൽ നിന്നുള്ള ഏക വനിത. മുൻ മന്ത്രി കെ.കെ ശൈലജ കേന്ദ്രകമ്മിറ്റിയിൽ ഉണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയായതിനാൽ മറ്റൊരു കണ്ണൂരുകാരനായ എം.വി ഗോവിന്ദനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. തെറ്റുതിരുത്തിയാൽ ആർക്കും തിരിച്ചുവരാമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. സമ്മേളനത്തിൽ പ്രതിനിധികളാല്ലാത്തവരെയും കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കാം. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്താണെന്നും കോടിയേരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP