Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുത നൂറ്റാണ്ടിന്റെ പന്ത്; കളിക്കളത്തിനകത്തും പുറത്തും 'ചൂടൻ സ്വഭാവം'; ഒത്തുകളിക്കാനുള്ള പാക് നായകന്റെ വാഗ്ദാനത്തിൽ തെറിവിളിച്ച് പ്രതികരിച്ച തന്റേടി; ഷെയ്ൻ വോൺ പകരക്കാരനില്ലാത്ത ഇതിഹാസ താരം

മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുത നൂറ്റാണ്ടിന്റെ പന്ത്; കളിക്കളത്തിനകത്തും പുറത്തും 'ചൂടൻ സ്വഭാവം'; ഒത്തുകളിക്കാനുള്ള പാക് നായകന്റെ വാഗ്ദാനത്തിൽ തെറിവിളിച്ച് പ്രതികരിച്ച തന്റേടി; ഷെയ്ൻ വോൺ പകരക്കാരനില്ലാത്ത ഇതിഹാസ താരം

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടങ്ങളുടെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. മണിക്കൂറുകൾക്ക് മുൻപ് ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റർ റോഡ്നി മാർഷിന്റെ വിയോഗം. തൊട്ടു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചുവെന്ന വാർത്തയും.

ക്രിക്കറ്റ് ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഷെയ്ൻ വോൺ. ലെഗ് സ്പിന്നിലെ കലാകാരനെന്ന് വോണിനെ നിസംശയം പറയാം. ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരം.

പന്തുകൾ കൊണ്ട് എന്നും ക്രിക്കറ്റ് പ്രേമികൾക്ക് അമ്പരപ്പ് സമ്മാനിക്കുന്ന താരമാണ് ഷെയ്ൻ വോൺ. ഓസ്ട്രേലിയൻ ഇതിഹാസ താരത്തിന്റെ കുത്തിതിരിയുന്ന ഓരോ പന്തുകളും കായികപ്രേമികൾ അത്ഭുതത്തോടെയല്ലാതെ കണ്ടുനിന്നിട്ടില്ല.

കളിക്കളത്തിൽ ആരാധകരെ എന്നും ഞെട്ടിച്ചിട്ടുള്ള ഷെയ്ൻ വോൺ ജീവിത്തിൽ നിന്നുള്ള മടക്കയാത്രയിലും ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. ആരോടും പറയാതെ ആർക്കും ഒരു സൂചന പോലും നൽകാതെ വോൺ ഭൂമിയിൽ നിന്ന് യാത്രയായി. ഹൃദയാഘാതത്തിലൂടെ വോണിനെ മരണം തട്ടിയെടുത്തപ്പോൾ നടുങ്ങിയത് കായികലോകം ഒന്നടങ്കമാണ്.

വെറുമൊരു സ്പിന്നർ മാത്രമായിരുന്ന വോണിനെ ലോകത്തിന്റെ സ്പിൻ തമ്പുരാനായി ലോകം വാഴ്‌ത്തിയ വർഷമായിരുന്നു 1993. അന്നാണ് വോൺ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായി വളർന്നത്.

1993 ജൂൺ നാല്, ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് ആഷസ് പരമ്പര. ഷെയ്ൻ വോൺ അന്നുവരെ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ലെഗ് സ്പിന്നർ മാത്രമായിരുന്നു. എന്നാൽ 1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂൺ നാലിന് ക്രിക്കറ്റ്പ്രേമികൾ സാക്ഷാൽ ഷെയ്ൻ വോണെന്ന മാന്ത്രികന്റെ വിരലുകളിൽ വിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി.

ക്രിക്കറ്റ് ലോകം നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ച വോണിന്റെ ആ മാജിക്ക് പിറന്നിട്ട് 27 വർഷം തികഞ്ഞു. വോണിന്റെ കൈവിരലുകളിൽ നിന്ന് പിറവിയെടുത്ത ഒരു പന്ത് സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുതപ്പോൾ ഗാറ്റിങ്ങിനൊപ്പം ക്രിക്കറ്റ് ലോകവും അദ്ഭുതംകൂറി. ഒരു സാധാരണ ലെഗ് സ്പിന്നറായി ഒതുങ്ങിപ്പോകേണ്ട വോണിന്റെ കരിയർ തന്നെ മാറിമറിഞ്ഞത് ആ പന്തിലായിരുന്നു.

ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാൽ മൈക്ക് ഗാറ്റിങ് പോലും ഒന്ന് അമ്പരന്നു. വിക്കറ്റ് നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ ഗാറ്റിങ് തിരിഞ്ഞ് നടക്കുമ്പോൾ ക്രിക്കറ്റ് ലോകം ആ പന്തിനെ നൂറ്റാണ്ടിന്റെ പന്തെന്ന് വിളിച്ചു. ആ പന്ത് ഷെയ്ൻ വോൺ എന്ന ഇതിഹാസ സ്പിന്നറെ കൂടി ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തുകയായിരുന്നു. അന്ന് ഗാറ്റിങ്ങിനെതിരേ പന്തെറിയാനെത്തുമ്പോൾ അതുവരെ 11 ടെസ്റ്റുകളിൽ നിന്നായി 31 വിക്കറ്റുകൾ മാത്രമായിരുന്നു വോണിന്റെ സമ്പാദ്യം. എന്നാൽ ആ ടെസ്റ്റിൽ ആകെ എട്ടു വിക്കറ്റുകൾ വീഴ്‌ത്തിയ വോൺ 1993 ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിൽ നിന്നായി വീഴ്‌ത്തിയത് 35 വിക്കറ്റുകളായിരുന്നു.

ക്രിക്കറ്റിനെ നെഞ്ചേറ്റിയ അന്നൊക്കെ പറഞ്ഞു പരത്തിയ ഒരു കഥയുണ്ട്. പിച്ചിലെ പ്രതലം വേണമെന്നില്ല ഷെയ്ൻ വോണിന്, വേണമെങ്കിൽ ഗ്ലാസ് പ്രതലത്തിലും പന്ത് കുത്തിത്തിരിക്കാൻ ഷെയ്ൻ വോണിന് സാധിക്കുമെന്ന്. കേൾക്കുന്നവർക്ക് ഇതിൽ അവിശ്വസനീയത തോന്നാം. എന്നാൽ ഒരുവട്ടമെങ്കിലും ആ വിരലുകളിൽ നിന്നും പന്ത് ഉയർന്ന് പിച്ചിൽ കുത്തി തിരിഞ്ഞ് ബാറ്റ്‌സ്മാനെ കബളിപ്പിച്ച് വിക്കറ്റിലേക്ക് എത്തുന്നത് കണ്ടിട്ടുള്ളവർ ഈ കഥ വിശ്വസിക്കും. അത്രത്തോളം മാസ്മരീകത ഒളിപ്പിച്ചിട്ടുണ്ട് ഷെയ്ൻ വോണിന്റെ ആ വിരലുകളിൽ.

ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കരീബിയൻ ഇതിഹാസ താരം ബ്രയൻ ലാറയുമടക്കം തൊണ്ണൂറുകളിലെ മുൻനിര ബാറ്റ്‌സ്മാന്മാരും ഷെയ്ൻ വോണുമായുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലത്തും ആവേശം നൽകുന്നതാണ്. ഇതിൽ പ്രത്യേകിച്ച് സച്ചിനും ഷെയ്ൻ വോണും. തലയ്ക്ക് മുകളിലൂടെ പറക്കുന്ന സച്ചിന്റെ സിക്‌സറുകൾ തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഒരിക്കൽ വോൺ തുറന്നു പറഞ്ഞപ്പോൾ ആ വാക്കുകൾ നെഞ്ചിൽ ഏറ്റെടുത്ത ഇന്ത്യൻ ആരാധകർ വോണിലെ പോരാളിയെ ബഹുമാനിച്ചു. ഒപ്പം സച്ചിന്റെ പ്രൗഡിയും.

ക്യാപ്റ്റനെന്ന നിലയിലും വോൺ സവിശേഷമായ സ്ഥാനം ക്രിക്കറ്റിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രഥമ ഐപിഎല്ലിൽ എല്ലാവരും നിസാരരായി കണ്ട രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ച വോണിന്റെ നായക മികവിന് അന്ന് ക്രിക്കറ്റ് ലോകം കൈയടിച്ചു.

അന്ന് എട്ടിൽ ഏഴ് ഐപിഎൽ ടീമുകൾക്കും നായകന്മാർ ഇന്ത്യൻ താരങ്ങളായിരുന്നപ്പോൾ രാജസ്ഥാൻ മാത്രമാണ് വിദേശ താരത്തെ ക്യാപ്റ്റനാക്കിയത്. രവീന്ദ്ര ജഡേജ, യൂസുഫ് പഠാൻ അടക്കമുള്ള അന്ന് പുതുമുഖ താരങ്ങളായിരുന്നവരെ വച്ചാണ് വോൺ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ചത്. വോണും പിള്ളേരുമെന്ന് കളിയാക്കിയവർക്ക് കന്നികിരീടം നേടിയാണ് മറുപടി നൽകിയത്.

ഷെയ്ൻ വോൺ 1969 സെപ്റ്റംബർ 13ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ജനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന താരമെന്ന റെക്കോർഡ് നേട്ടത്തിൽ വോൺ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 1992ലാണ് വോൺ ഓസ്ട്രേലിയക്കായി അരങ്ങേറിയത്. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകൾ നേടി.

2007 ഡിസംബർ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോർഡ് മറികടന്നത്. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നടി. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നാണ് ആയിരത്തിലധികം വിക്കറ്റ് വോൺ നേടി. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോൺ.

കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ വിവാദ നായകനായിരുന്നു ഷെയ്ൻ വോൺ. സ്ലഡ്ജിംഗിന് പേരുകേട്ട ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും ചൂടനായ താരം. സച്ചിനോട് കൊമ്പുകോർക്കുമ്പോൾ പോലും ആ ചൂടൻ സ്വഭാവം പുറത്തെടുക്കാൻ വോണും മഗ്രാത്തും ഒക്കെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ സച്ചിൻ ഇതിനൊക്കെ മറുപടി പറഞ്ഞത് ബാറ്റുകൊണ്ടായിരുന്നു എന്നുമാത്രം.

ഒത്തുകളിക്കായി പാക് നായകൻ വാഗ്ദാനം ചെയ്ത കോടികളെക്കുറിച്ച് ഷെയ്ൻ വോണിന്റെ തുറന്നു പറച്ചിൽ അടുത്തകാലത്ത് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു.

മുൻ പാക് ക്രിക്കറ്റ് നായകൻ സലീം മാലിക്കിനെതിരെയായിരുന്നു ഗുരുതര ആരോപണം. പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ മോശം പ്രകടനം പുറത്തെടുക്കാൻ മാലിക് രണ്ട് കോടിയോളം രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് വോണിന്റെ ആരോപണം. 1994 ൽ നടന്ന കറാച്ചി ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു സംഭവം. ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് വോണിന്റെ ഈ വെളിപ്പെടുത്തൽ.

ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടയിൽ മാലിക് എന്നെ കാണണമെന്ന് അഭ്യർത്ഥിച്ചു. ഞാൻ അദ്ദേഹത്തിന്റെ മുറിയിലെത്തി. നല്ലൊരു മത്സരമാണല്ലോ നടക്കുന്നത് എന്ന് മാലിക് പറഞ്ഞു. അതെ നാളെ ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പാണെന്ന് ഞാൻ മറുപടിയും നൽകി. പാക്കിസ്ഥാൻ തോറ്റാൽ തങ്ങളുടേയും ബന്ധുക്കളുടേയുമെല്ലാം വീട് അഗ്‌നിക്കിരയാകുമെന്ന് മാലിക് പറഞ്ഞു.

ഞാനും റൂമിലെ സഹതാരം ടിം മേയും മോശം കളി പുറത്തെടുക്കണമെന്നും അതിന് ഒന്നരക്കോടി രൂപ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. ഞെട്ടിപ്പോയ ഞാൻ മാലികിനെ തെറി വിളിച്ച് അദ്ദേഹത്തിന്റെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി. അന്ന് മത്സരം ഒത്തുകളിക്കുക എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമായിരുന്നു.

സംഭവം ടീം മാനേജ്മെന്റിനെ അറിയിച്ചു. ടിം മെയ് ഇക്കാര്യം പരിശീലകൻ ബോബ് സിംപ്സണേയും ക്യാപ്റ്റൻ മാർക്ക് ടെയ്ലറേയും അറിയിച്ചിരുന്നതായും വോൺ പറഞ്ഞു. ആ മത്സരത്തിൽ പക്ഷേ ഭാഗ്യം പാക്കിസ്ഥാന് ഒപ്പമായിരുന്നു. പാക്കിസ്ഥാൻ ഒരു വിക്കറ്റിന് വിജയിച്ചു. ഇൻസമാമുൽ ഹഖും മുഷ്താഖ് അഹമ്മദും ചേർന്ന് പടുത്തുയർത്തിയ 57 റൺസിന്റെ കൂട്ടുകെട്ടാണ് അവർക്ക് വിജയമൊരുക്കിയതെന്നും വോൺ പറയുന്നു. പിന്നീട് ഒത്തുകളിയെ തുടർന്ന് സലീം മാലിക്കിന് 2000-ത്തിൽ ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചത് ചരിത്രം.

ഓസ്ട്രേലിയയിൽ കാട്ടുതീ ദുരിതാശ്വാസത്തിനായി ക്രിക്കറ്റിലെ കങ്കാരുപ്പടയുടെ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ തന്റെ 'ബാഗി ഗ്രീൻ ക്യാപ്' ലേലത്തിൽ വെച്ചപ്പോൾ ലഭിച്ച പ്രതികരണം ഒന്നുമതി താരത്തിന്റെ ജനപ്രീതി മനസ്സിലാക്കാൻ. ഓസ്ട്രേലിയൻ താരങ്ങൾ ക്രിക്കറ്റിൽ ഉപയോഗിക്കുന്ന തൊപ്പിയാണിത്. ഒരാഴ്ച നീളുന്ന ലേലം അവസാനിക്കാനിരിക്കുമ്പോൾ ക്രിക്കറ്റിലെ ഏറ്റവും വലിയ ലേലവസ്തുവായി ഷെയ്ൻ വോണിന്റെ തൊപ്പി മാറി. ഡോൺ ബ്രാഡ്മാന്റെ വരെ ബാഗി ഗ്രീനിനെ മറികടന്നാണ് അദേഹത്തിന്റെ തൊപ്പിയുടെ മൂല്യം കുതിച്ചത്.

2003ൽ നടന്ന ലേലത്തിൽ 425000 ഡോളറിനാണ് ഡോൺ ബ്രാഡ് മാന്റെ കളിക്കളത്തിലെ തൊപ്പി ലേലത്തിൽ പോയത്. ലേലം ആരംഭിച്ച് നാലു ദിവസം പിന്നിടുമ്പോഴേക്കും 520,500 ഡോളറായി മാറിയിരുന്നു. ഇത് ഏകദേശം 3.7 കോടി രൂപവരും. മുമ്പ് 2011ൽ ലോകകപ്പ് ഫൈനലിൽ നുവാൻ കുലശേഖരയെ സിക്സറടിച്ച് തറപ്പറ്റിക്കാൻ എംഎസ് ധോണി ഉപയോഗിച്ച ബാറ്റ് 10,0000 പൗണ്ടിനാണ് വിറ്റുപോയത്. അതുപോലെ വിൻഡീസ് താരം സോബേഴ്സന്റെ ഒരു ഓവറിൽ ആറ് പന്തുകളിലും സിക്സറടിച്ച ബാറ്റ് 154257 കോടിരൂപയ്ക്കാണ് 2000ത്തിൽ ലേലം ചെയ്യപ്പെട്ടത്. സമാനമായിരുന്നു വോണിന്റെ തൊപ്പിക്ക് ലഭിച്ച മൂല്യവും.

കളിക്കളത്തിലെ ചൂടൻ സ്വഭാവം മാത്രമല്ല, കാമുകിക്കും മറ്റു രണ്ട് ലൈംഗിക തൊഴിലാളികൾക്കുമൊപ്പം സെക്സ് പാർട്ടി നടത്തിയതും വോണിനെ വിവാദത്തിൽ അകപ്പെടുത്തിയിരുന്നു. ലണ്ടനിലെ വോണിന്റെ വസതിയിലായിരുന്നു സെക്സ് പാർട്ടി. ജനാലകൾ തുറന്നിട്ട് പാർട്ടി നടത്തിയത്അയൽക്കാർക്ക് ശല്യമായതായും അന്നത്തെ ഇംഗ്ലീഷ് മാധ്യമം ദ സണ്ണിന്റെ റിപ്പോർട്ട് വന്നു.

വോണിന്റെ വീട്ടിൽ നിന്നുള്ള ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതായും മണിക്കൂറുകൾക്ക് ശേഷം മൂന്ന് സ്ത്രീകൾ ഇറങ്ങിപ്പോകുന്നത് കണ്ടതായും അയൽവാസികൾ പറയുന്നു. അതേസമയം വോണിന്റെ ഒപ്പമുണ്ടായിരുന്ന കാമുകിയുടെ പേര് സൺ പുറത്തുവിട്ടിരുന്നില്ല.

നേരത്തേയും ഓസീസ് താരം ലൈംഗികാരോപണങ്ങളിൽ പുലിവാൽ പിടിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് സിമോൺ കലഹാനുമായുള്ള വോണിന്റെ വിവാഹബന്ധം തകരുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് നഴ്സിന് അശ്ലീല സന്ദേശമയച്ചതാണ് വോണിന്റെ പേരിലുയർന്ന മറ്റൊരു വിവാദം. 2000-ത്തിൽ ആയിരുന്നു ഇത്.പിന്നീട് വോണുമായി മൂന്നു മാസത്തെ ബന്ധമുണ്ടെന്ന് മെൽബണിൽ നിന്നുള്ള ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹബന്ധം തകർന്നത്. 1995-ലാണ് വോണും സിമോൺ കലഹാനും വിവാഹിതരായത്. 10 വർഷം നീണ്ടുനിന്ന ഈ ബന്ധം 2005-ൽ അവസാനിക്കുകയായിരുന്നു.

വോൺ ആരാധകരെയും ക്രിക്കറ്റിനെയും ലോകത്തെയും വിട്ട് യാത്രയായെങ്കിലും അദ്ദേഹം പുൽമൈതാനത്ത് നൽകിയ അത്ഭുത പന്തുകൾ എക്കാലവും ക്രിക്കറ്റ് പ്രേമികൾ ഓർക്കും. ക്രിക്കറ്റുള്ള കാലത്തോളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP