Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർധ സെഞ്ചുറി 73 പന്തിൽ; അടുത്ത 24 പന്തിൽ 46 റൺസും; മൊഹാലിയിൽ തകർത്തടിച്ച ഋഷഭ് പന്തിന് സെഞ്ചുറി നഷ്ടം; അർധ സെഞ്ചുറിയുമായി വിഹാരിയും; ലങ്കയ്ക്കെതിരെ ഇന്ത്യ ആദ്യ ദിനം ആറ് വിക്കറ്റിന് 357 റൺസ്; നൂറാം ടെസ്റ്റിൽ കോലി 8000 റൺസ് ക്ലബ്ബിൽ

അർധ സെഞ്ചുറി 73 പന്തിൽ; അടുത്ത 24 പന്തിൽ 46 റൺസും; മൊഹാലിയിൽ തകർത്തടിച്ച ഋഷഭ് പന്തിന് സെഞ്ചുറി നഷ്ടം; അർധ സെഞ്ചുറിയുമായി വിഹാരിയും; ലങ്കയ്ക്കെതിരെ ഇന്ത്യ ആദ്യ ദിനം ആറ് വിക്കറ്റിന് 357 റൺസ്; നൂറാം ടെസ്റ്റിൽ കോലി  8000 റൺസ് ക്ലബ്ബിൽ

സ്പോർട്സ് ഡെസ്ക്

മൊഹാലി: റിഷഭ് പന്ത് ഒരിക്കൽകൂടി കൗണ്ടർ അറ്റാക്കുമായി ഇന്ത്യയുടെ രക്ഷകനായ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യ ദിനം ആധിപത്യം സ്ഥാപിക്കാനുള്ള ശ്രീലങ്കൻ ബോളർമാരുടെ കഠിന പരിശ്രമമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഒറ്റയാൾ പോരാട്ടത്തിലൂടെ മറികടന്നത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 85 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (45), രവിചന്ദ്രൻ അശ്വിൻ (10) എന്നിവർ ക്രീസിൽ.

മൊഹാലിയിൽ കരുതലോടെ തുടങ്ങി പിന്നീട് തകർത്തടിച്ച പന്തിന് സെഞ്ചുറി നഷ്ടമായത് നാല് റൺസിന്റെ വ്യത്യാസത്തിലാണ്. പന്തിന്റെ സെഞ്ചുറി നഷ്ടത്തിന്റെ നിരാശയ്ക്കിടയിലും ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ആധിപത്യം ഉറപ്പിച്ചു.

നാല് സിക്സുകൾ, ഒമ്പത് ഫോറ്, റിഷ് പന്ത് നേടിയത് 97 പന്തിൽ 96 റൺസ്. ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ കളിഗതി മാറ്റിയത് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ ഏകദിന ശൈലിയിലുള്ള ബാറ്റിംഗായിരുന്നു. ഒരുഘട്ടത്തിൽ നാലിന് 175 എന്ന നിലയിൽ നിൽക്കുകയായിരുന്ന ടീമിനെ ആദ്യദിനം ആറിന് 357 എന്ന മികച്ച സ്‌കോറിലേക്ക് ഉയർത്തിയതും പന്ത് തന്നെ.

ടെസ്റ്റിൽ ഇത് 14ാം തവണയാണ് ഇന്ത്യ ആദ്യ ദിനം 350 റൺസിനു മുകളിൽ സ്‌കോർ ചെയ്യുന്നത്. ഇതിൽ ആറു തവണയും എതിരാളികൾ ശ്രീലങ്കയായിരുന്നു. ഇന്ത്യൻ ഇന്നിങ്‌സിൽ ടോപ് സ്‌കോററായ പന്ത് 96 റൺസെടുത്ത് പുറത്തായി. അർധസെഞ്ചുറി പിന്നിട്ടതിനു പിന്നാലെ തകർത്തടിച്ച ഋഷഭ്, 97 പന്തിലാണ് 96 റൺസെടുത്തത്. ഒൻപതു ഫോറും നാലു സിക്‌സും സഹിതമാണ് പന്ത് 96 റൺസെടുത്തത്. ഒടുവിൽ സുരംഗ ലക്മലിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് പന്തിന്റെ മടക്കം. ആറാം വിക്കറ്റിൽ പന്ത് ജഡേജ സഖ്യം 118 പന്തിൽ 104 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഇന്നിങ്‌സിലെ ഏക സെഞ്ചുറി കൂട്ടുകെട്ടാണിത്.

ഇന്ത്യയിൽവച്ച് ഏറ്റവും ഒടുവിൽ നടന്ന ഏഴു ടെസ്റ്റ് മത്സരങ്ങളുടെ ഒന്നാം ഇന്നിങ്‌സിൽ പന്തിന്റെ പ്രകടനങ്ങൾ ഇങ്ങനെ: 92, 92, 91, 58*, 1, 101, 96. ടെസ്റ്റ് കരിയറിൽ പന്ത് 90കളിൽ പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ്. സ്ഥിരം വിക്കറ്റ് കീപ്പർമാരിൽ എം.എസ്. ധോണി മാത്രമാണ് ഇത്രയും തവണ 90കളിൽ പുറത്തായ മറ്റൊരു താരം.

കോലി മടങ്ങിയ ശേഷം ശ്രേയസ് അയ്യർക്കും മുകളിൽ അഞ്ചാമനായിട്ടാണ് പന്ത് ക്രീസിലെത്തുന്നത്. ഇതിനോടകം രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഇടങ്കയ്യൻ സ്പിന്നർ എംബുൾഡെനിയയുടെ ആക്രമണം ചെറുക്കുകയെന്നതായിരുന്നു ലക്ഷ്യം. പന്ത് ആക്രമിച്ച് കളിച്ചതോടെ ശ്രീലങ്കയുടെ താളം തെറ്റി. എങ്ങനെ ഫീൽഡൊരുക്കുമെന്നുള്ള ആശയക്കുഴപ്പമായി. ഇതിനിടെ അയ്യരെ (27) മടക്കി അയക്കാൻ അവർക്ക് സാധിച്ചു. ധനഞ്ജയ ഡിസിൽവയുടെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി. 53 റൺസ് പന്തിനൊപ്പം കൂട്ടിചേർത്താണ് അയ്യർ മടങ്ങിയത്.

പിന്നാലെ ക്രീസിലെത്തിയത് ജഡേജ. രണ്ട് ഇടങ്കയ്യന്മാരും ലങ്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. 104 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. എന്നാൽ പന്തിനെ സെഞ്ചുറി തികകയ്ക്കാൻ സുരംഗ ലക്മൽ സമ്മതിച്ചില്ല. 96ൽ നിൽക്കെ പന്തിനെ ബൗൾഡാക്കി. ഒന്നാംദിനം അവസാനിക്കുന്നത് മുമ്പ് ലങ്ക ആഗ്രഹിച്ച വിക്കറ്റ് സ്വന്തമാക്കി.

രവീന്ദ്ര ജഡേജ 82 പന്തിൽ അഞ്ചു ഫോറുകളോടെയാണ് 45 റൺസെടുത്തത്. അശ്വിൻ 11 പന്തിൽ രണ്ടു ഫോറുകളോടെയും 10 റൺസെടുത്തു. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ രോഹിത് ശർമ (29), സഹ ഓപ്പണർ മയാങ്ക് അഗർവാൾ (33), 100ാം ടെസ്റ്റ് കളിക്കുന്ന മുൻ ക്യാപ്റ്റൻ വിരാട് കോലി (45), ഹനുമ വിഹാരി (58), ശ്രേയസ് അയ്യർ (48 പന്തിൽ മൂന്നു ഫോറുകളോടെ 27) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ശ്രീലങ്കയ്ക്കായി ലസിത് എംബുൽദേനിയ രണ്ടും വിശ്വ ഫെർണാണ്ടോ, ലഹിരു കുമാര, ധനഞ്ജയ ഡിസിൽവ, സുരംഗ ലക്മൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

രോഹിത് ശർമ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റിൽ നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. ആറ് ബൗണ്ടറികൾ ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ കുമാരയുടെ ബൗൺസൽ പുൾ ചെയ്യാനുള്ള ശ്രമത്തിൽ ഫൈൻലെഗിൽ സുരംഗ ലക്മലിന് ക്യാച്ച്. ഓപ്പണിങ് വിക്കറ്റിൽ മായങ്കിനൊപ്പം 52 രോഹിത് കൂട്ടിച്ചേർത്തത്. അധികം വൈകാതെ മായങ്ക് വിക്കറ്റിന് മുന്നിൽ കുടുങ്ങി. എംബുൽഡെനിയയാണ് താരത്തെ പുറത്താക്കിയത്.

പിന്നാലെ കോലി- വിഹാരി സഖ്യം 90 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ വിഹാരി അർധ സെഞ്ചുറി പൂർത്തിയാക്കി. അഞ്ച് ബൗണ്ടറികളാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. തൊട്ടുപിറകെ കോലി ബൗൾഡായി. എംബുൽഡെനിയയാണ് സവിശേഷ ടെസ്റ്റിൽ കോലിയെ മടക്കിയത്. അധികം വൈകാതെ വിഹാരിയും ഡ്രസിങ് റൂമിൽ തിരിച്ചെത്തി. വിശ്വ ഫെർണാണ്ടോയുടെ പന്തിൽ ബൗൾഡ്. തുടരെ രണ്ട് വിക്കറ്റ് പോയിരിക്കെയാണ് പന്ത്- ശ്രേയസ്, പന്ത്- ജഡേജ കൂട്ടുകെട്ടുകൾ ഇന്ത്യക്ക് തുണയായത്.

കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളിൽ 8000 റൺസ് ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് കോലി. ശ്രീലങ്കയ്ക്കെതിരെ 38 റൺസായപ്പോഴാണ് കോലി ടെസ്റ്റിൽ 8000 റൺസ് നേടിയത്. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് കോലി. സച്ചിൻ ടെൻഡുൽക്കർ (154 ഇന്നിങ്സ്), രാഹുൽ ദ്രാവിഡ് (157 ഇന്നിങ്സ്), വിരേന്ദർ സെവാഗ് (160), സുനിൽ ഗവാസ്‌കർ (166), വിരാട് കോലി (169), വിവി എസ് ലക്ഷമൺ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യൻ താരങ്ങൾ. 100-ാം ടെസ്റ്റ് കളിക്കുമ്പോൾ തന്നെ ഇത്രയും റൺസ് മറികടക്കുന്ന ലോകത്തെ രണ്ടാമത്തെ താരണ് കോലി. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും 100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ൽ സിഡ്നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP