Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബേബിയെ മാതൃകയാക്കി സെക്രട്ടറിയേറ്റിൽ നിന്നൊഴിയാൻ പിണറായി; മരുമകനെ 16പേരിൽ ഒരാളാക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി മുഖ്യമന്ത്രി; റിയാസിന് വേണ്ടി കരുനീക്കങ്ങൾ സജീവം; പിജെയെ ഉൾപ്പെടുത്തി കണ്ണൂരിലെ സഖാക്കളെ പിണക്കാതിരിക്കാനും നീക്കം; സെക്രട്ടറിയേറ്റിൽ പെൺകരുത്തായി സീമ എത്തിയേക്കും; അവസാന നിമിഷങ്ങളിലും അനിശ്ചിതത്വം

ബേബിയെ മാതൃകയാക്കി സെക്രട്ടറിയേറ്റിൽ നിന്നൊഴിയാൻ പിണറായി; മരുമകനെ 16പേരിൽ ഒരാളാക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി മുഖ്യമന്ത്രി; റിയാസിന് വേണ്ടി കരുനീക്കങ്ങൾ സജീവം; പിജെയെ ഉൾപ്പെടുത്തി കണ്ണൂരിലെ സഖാക്കളെ പിണക്കാതിരിക്കാനും നീക്കം; സെക്രട്ടറിയേറ്റിൽ പെൺകരുത്തായി സീമ എത്തിയേക്കും; അവസാന നിമിഷങ്ങളിലും അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗമല്ല. മേൽഘടകത്തിലെ നേതാവെന്ന നിലയിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനും കഴിയും. ഇതേ രീതിയിലൂടെ മന്ത്രി മുഹമ്മദ് റിയാസിനെ സെക്രട്ടറിയേറ്റിൽ എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറിയേറ്റിലെ സ്ഥാനം ഒഴിയും. പിണറായിക്ക് പകരം റിയാസ് സെക്രട്ടറിയേറ്റിൽ എത്താനാണ് സാധ്യത. കണ്ണൂരിൽ നിന്ന് പി ജയരാജനെ സെക്രട്ടറിയേറ്റിൽ എടുക്കാനും സാധ്യത ഏറെയാണ്. റിയാസിനെ ഉൾപ്പെടുത്തി ജയരാജനെ തഴഞ്ഞാലുള്ള പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി സാധ്യത കണക്കിലെടുത്താണ് ഇത്. ടി എൻ സീമയും സെക്രട്ടറിയേറ്റിലെത്തും.

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരി ബാലകൃഷ്ണന്റേത് ഇത് മൂന്നാംമൂഴമാണ്. അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ എത്തുമെന്നാണ് സൂചന. മുഹമ്മദ് റിയാസും എ എൻ ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ എന്നിവർക്കും സാധ്യതയുണ്ട്. പി ജയരാജന്റെ പേരും പരിഗണനയിലാണ്. തിരുവനന്തപുരത്ത് നിന്ന് കടകംപള്ളിയെ വെട്ടി സീമ സെക്രട്ടറിയേറ്റിൽ എത്താനാണ് കൂടുതൽ സാധ്യത. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാനൽ അവതരണം നടക്കും. സംസ്ഥാന സമിതിയിലും പ്രഖ്യാപനമുണ്ടാകും.

റിയാസിനെ സെക്രട്ടറിയേറ്റിൽ എത്തിക്കുന്നതിനെ ചിലർ എതിർക്കുന്നുണ്ട്. എന്നാൽ പിണറായിയുടെ മകളുടെ ഭർത്താവായ റിയാസിനെ എതിർക്കുന്നത് സംഘടനാ തലത്തിൽ ദോഷം ചെയ്യുമെന്ന് നേതാക്കൾക്ക് അറിയാം. അതുകൊണ്ട് തന്നെ പരസ്യ വിമർശനങ്ങൾ ആരും ഉയർത്തില്ല. അടുത്ത സമ്മേളനത്തിൽ റിയാസിനെ പാർട്ടി സെക്രട്ടറിയാക്കാനാണ് നീക്കം.

സംസ്ഥാന സമിതി തിരഞ്ഞെടുപ്പിനൊപ്പം സെക്രട്ടേറിയേറ്റും ഇന്ന് രൂപീകരിച്ചേക്കും. പാർട്ടി കമ്മറ്റികളിലെ പ്രായപരിധി 75 വയസായി കേന്ദ്ര കമ്മറ്റി നിശ്ചയിച്ചതിന് പിന്നാലെ മുതിർന്ന അംഗങ്ങളിൽ പലരുടേയും നേതൃനിരയിൽ നിന്നുള്ള വിടവാങ്ങലിനും സമ്മേളനം സാക്ഷ്യം വഹിക്കും. ഇവരടക്കം ഇരുപതോളം നേതാക്കൾ ഒഴിവായേക്കും. എൺപത്തെട്ടംഗ സംസ്ഥാന കമ്മിറ്റിയിൽ പ്രായവും പ്രവർത്തനമികവും മാനദണ്ഡമാക്കി ചിലരെ മാറ്റും. 12 മുതൽ 20 വരെ പുതുമുഖങ്ങളെ സംസ്ഥാന കമ്മിറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഡിവൈഎഫ്ഐ. ദേശീയ പ്രസിഡന്റ് എ.എ. റഹിം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി വി.കെ. സനോജ്, എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് വി.പി. സാനു, സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. സുകന്യ തുടങ്ങിയവർ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

പുതിയ ജില്ലാ സെക്രട്ടറിമാരായ എം വി റസൽ (കോട്ടയം), ഇ.എൻ. സുരേഷ് ബാബു (പാലക്കാട്) സി.വി. വർഗീസ് (ഇടുക്കി), എം.എം. വർഗീസ് (തൃശ്ശൂർ) എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. എൻ.ചന്ദ്രൻ, വത്സൻ പനോളി, പി.പി.ചിത്തരഞ്ജൻ, യു.പി.ജോസഫ്, എ.എം ആരിഫ്, ഒ.ആർ കേളു, വി.കെ.സനോജ്, പി.ആർ. മുരളീധരൻ, കെ.എൻ. ഗോപിനാഥ്, സി. ജയൻ ബാബു, ആർ. ബിന്ദു, കെ.കെ.ലതിക, കാനത്തിൽ ജമീല, എസ്. സതീഷ്, കെ.എസ്.സുനിൽകുമാർ തുടങ്ങിയവർ സാധ്യതാ പട്ടികയിലുണ്ട്.

75 വയസ് കർശനമായി നടപ്പാക്കിയാൽ ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, എം.എം. മണി, കെ.ജെ. തോമസ്, വൈക്കം വിശ്വൻ, കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.നാരായണൻ, ആർ.ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരൻ, എം.ചന്ദ്രൻ, കെ.വി.രാമകൃഷ്ണൻ, പി.പി.വാസുദേവൻ, കെ.പി.സഹദേവൻ എന്നിവരെ നേതൃനിരയിൽ നിന്ന് ഒഴിവാക്കിയേക്കും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ ഒഴിവ് നൽകുന്ന സാഹര്യത്തിൽ മറ്റ് ചിലർക്ക് കൂടി നൽകാനുള്ള സാധ്യതയുണ്ട്.

സംസ്ഥാനസമിതിയിൽ സ്ത്രീപ്രാതിനിധ്യം കൂട്ടാനും സിപിഎം. തയ്യാറായേക്കും. സംസ്ഥാനസമിതിയിൽ 10 ശതമാനം വനിതകൾ വേണമെന്നതാണ് കേന്ദ്രകമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ സാധ്യതയുണ്ട്. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എം.സി. ജോസഫൈൻ എന്നിവരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്. ഇതിൽ കൂടുതൽ പ്രാതിനിധ്യം നൽകാനിടയില്ല.

മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, മുന്മന്ത്രിമാരായ എ.സി.മൊയ്തീൻ, എം.വിജയകുമാർ, പാലക്കാട് മുൻ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, കെ.പി. സതീഷ് ചന്ദ്രൻ, എം വിജയരാജൻ, എ. പ്രദീപ് കുമാർ, എം. സ്വരാജ് എന്നിവരുടെ പേരുകളും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. കെ.കെ.ശൈലജ, ജെ.മേഴ്സിക്കുട്ടിയമ്മ, സി.എസ്. സുജാത എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, എം.എം. മണി, കെ.ജെ. തോമസ് എന്നിവരെ ഒഴിവാക്കാനാണ് സാധ്യത. ഇതിനൊപ്പം പിബി അംഗമായ പിണറായി സ്വയം മാറി നിന്നേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP