Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറുമാസമായി ഒന്നിച്ചുതാമസിച്ചിട്ടും കാര്യമായ 'ഗ്രില്ലിങ്' ഇല്ല; ഫ്‌ളാറ്റിൽ എത്തിയ സുഹൃത്തിൽ നിന്ന് എംഡിഎംഎ പിടിച്ചിട്ടും സംശയം ഒട്ടുമില്ല; നേഹയുമായുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് നൽകി സിദ്ധാർത്ഥ് നായർ ഊരി; വ്‌ളോഗറുടെ മരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് ബന്ധുക്കൾ

ആറുമാസമായി ഒന്നിച്ചുതാമസിച്ചിട്ടും കാര്യമായ 'ഗ്രില്ലിങ്' ഇല്ല; ഫ്‌ളാറ്റിൽ എത്തിയ സുഹൃത്തിൽ നിന്ന് എംഡിഎംഎ പിടിച്ചിട്ടും സംശയം ഒട്ടുമില്ല; നേഹയുമായുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് നൽകി സിദ്ധാർത്ഥ് നായർ ഊരി; വ്‌ളോഗറുടെ മരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് ബന്ധുക്കൾ

ആർ പീയൂഷ്

 കൊച്ചി: വ്ളോഗറും മോഡലുമായ കണ്ണൂർ സ്വദേശിനി നേഹാ നിഥിൻ (27) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കാസർകോട് സ്വദേശി സിദ്ധാർത്ഥ് നായരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കേസ് എങ്ങനെയെങ്കിലും ഒത്തു തീർപ്പാക്കാനാണ് പൊലീസിന്റെ ശ്രമം. അതിനായുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. സിദ്ധാർത്ഥിനെതിരെയുള്ള നിരവധി തെളിവുകൾ പൊലീസിന് ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. ഇതെല്ലാം നേഹയുടെ ആത്മഹത്യയിൽ ദുരൂഹതയുളവാക്കുന്നതാണെന്നും ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. നേഹയുടെ ആത്മഹത്യാ വിവരമറിഞ്ഞ ശേഷം ഇയാളെ പറ്റി വിവരമൊന്നുമില്ലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പറ്റി മറുനാടൻ വാർത്ത കൊടുത്തതിന് പിന്നാലെയാണ് കേസന്വേഷിക്കുന്ന എളമക്കര പൊലീസിന് മുന്നിൽ ഹാജരായത്. നേഹയുമായുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഇയാൾ പൊലീസിന് കൈമാറി. ആത്മഹത്യാ പ്രവണതയുള്ള ആളായിരുന്നു നേഹ എന്നാണ് സിദ്ധാർത്ഥ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതു സാധൂകരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളാണ് പൊലീസിന് നൽകിയിരിക്കുന്നത്. ഇതോടെയാണ് പൊലീസ് ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചത്. കഴിഞ്ഞ ആറുമാസമായി പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്നയാളായിരുന്നിട്ടും ഇവരുടെ താമസ സ്ഥലത്തെ സ്ഥിരം സന്ദർശകനായ യുവാവിൽ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തിട്ടും സിദ്ധാർത്ഥിനെ വെറുതെ വിട്ടതിൽ ദുരൂഹതയുള്ളതായാണ് നേഹയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നേഹാ നിഥിനെ പോണേക്കരയിലെ മെർമെയ്‌ഡ് അപ്പാർട്ട്മെന്റിലെ താഴത്തെ നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ദിവസം സിദ്ധാർത്ഥ് നേഹയുമായി വഴക്കിട്ട് കാസർകോട്ടേക്ക് പോകുകയും നെട്ടൂർ സ്വദേശിയായ മുഹമ്മദ് സനൂജിനെ കൂട്ടിരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച സനൂജ് ഭക്ഷണം വാങ്ങാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. നേഹ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാസർകോട് സ്വദേശി അബ്ദുൾ സലാം ഇവിടെയെത്തുകയും മുറിയിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ അയൽവാസികൾ തടഞ്ഞതിനാൽ ഇയാൾ പുറത്ത് കാത്തു നിന്നു. ഈ സമയം സ്ഥലത്തെത്തിയ എളമക്കര പൊലീസ് അബ്ദുൾ സലാമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇയാൾ വന്ന കാറിനുള്ളിൽ നിന്നും എം.ഡി.എം.എ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് നേഹയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ അവിടെ നിന്നും എം.ഡി.എം.എ കണ്ടെടുത്തു.

നേഹ എട്ടു വർഷം മുൻപ് വിവാഹിതയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവർ ആറുമാസം മുൻപാണ് പോണേക്കര ജവാൻ ക്രോസ് റോഡിലുള്ള മെർമെയ്‌ഡ് അപ്പാർട്ട്‌മെന്റിൽ സിദ്ധാർത്ഥിനൊപ്പം താമസത്തിനെത്തിയത്. ഭാര്യാ ഭർത്താക്കന്മാരാണ് എന്ന് പറഞ്ഞാണ് എച്ച്.ഡി.എഫ്‌സി ബാങ്ക് മാനേജരുടെ ഉടമസ്ഥതയിലുള്ള മുറിയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. അപ്പാർട്ട്‌മെന്റിന്റെ താഴത്തെ നിലയിലെ മുറിയിൽ താമസിച്ചിരുന്ന ഇവർ മറ്റുള്ളവരോട് അധികം അടുപ്പം പുലർത്തിയിരുന്നില്ല. ഉടമയോട് കാക്കനാട് ഐ.ടി കമ്പനിയിലാണ് ജോലിയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം വ്യാജമായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

നേഹയുടെയും സിദ്ധാർത്ഥിന്റെയും മുറിയിൽ പുറത്ത് നിന്നും നിരവധി പേർ എത്തുമായിരുന്നു. ഇത് ചോദ്യം ചെയ്ത അയൽവാസികളോട് രാത്രിയിൽ വിദേശ കമ്പനികൾക്ക് വേണ്ടി മുറിയിലിരുന്ന് ജോലി ചെയ്യാനെത്തുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വന്നിരുന്നത് മയക്കുമരുന്ന് മാഫിയാ സംഘങ്ങളായിരുന്നു. മറ്റാരുടെയും അധിക ശ്രദ്ധ ലഭിക്കാത്ത മുറിയായിരുന്നതിനാൽ ഇവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. നേഹയുമൊത്ത് കഴിഞ്ഞിരുന്ന സിദ്ധാർത്ഥ് നേഹയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം ഇവരുടെ അപ്പാർട്ട്മെന്റിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. സിസിടിവിയിൽ നിന്നും പല രഹസ്യങ്ങളും പുറത്തു വരുമെന്ന് കരുതുന്നതായും അവർ പറയുന്നു. സിപിഎം സമ്മേളനം എറണാകുളത്ത് നടക്കുന്നതിനാൽ പൊലീസ് സിസിടിവി പരിശോധന പിന്നീട് നടത്താനാണ് തീരുമാനം. സിദ്ധാർത്ഥിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും എപ്പോൾ വേണമെങ്കിലും ഹാജരാകണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP