Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച നിലയിലാണ് ഇന്ത്യ; അതിനുള്ള ക്രഡിറ്റ് വിരാട് കോലിക്കാണ്; കോലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാൻ ചെയ്യുന്നത്'; നൂറാം ടെസ്റ്റിനിറങ്ങുന്ന വിരാട് കോലിയെ പ്രശംസിച്ച് രോഹിത് ശർമ്മ

'ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച നിലയിലാണ് ഇന്ത്യ; അതിനുള്ള ക്രഡിറ്റ് വിരാട് കോലിക്കാണ്; കോലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാൻ ചെയ്യുന്നത്'; നൂറാം ടെസ്റ്റിനിറങ്ങുന്ന വിരാട് കോലിയെ പ്രശംസിച്ച് രോഹിത് ശർമ്മ

സ്പോർട്സ് ഡെസ്ക്

മൊഹാലി: ടെസ്റ്റ് ക്രിക്കറ്റ കരിയറിലെ നൂറാം മത്സരത്തിനിറങ്ങുന്ന മുൻ നായകൻ വിരാട് കോലിയെ പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. വിരാട് കോലിയെ സംബന്ധിച്ച് ദീർഘവും അവിസ്മരണീയവുമായ യാത്രയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീര റെക്കോർഡാണ് കോലിക്കുള്ളത്. ടീമിനെ മുന്നോട്ടുനയിച്ച് ഒട്ടേറെ മാറ്റങ്ങൾ കോലി വരുത്തി. വരും വർഷങ്ങളിലും കോലിയുടെ സംഭാവനകൾ തുടരും എന്നും രോഹിത് പറഞ്ഞു.

അതേ സമയം മോശം ഫോമിനെത്തുടർന്ന് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായെങ്കിലും അജിങ്ക്യാ രഹാനെക്കും ചേതേശ്വർ പൂജാരക്കും ഇനിയും ടീമിൽ തിരിച്ചെത്താനാവുമെന്ന് രോഹിത് ശർമ വ്യക്തമാക്കി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പൂജാരക്കും രഹാനെക്കും രോഹിത് വീണ്ടും പ്രതീക്ഷ നൽകിയത്.

'ശരിയായ താരങ്ങളെ തെരഞ്ഞെടുത്ത്, ശരിയായ തീരുമാനങ്ങളെടുത്ത് മത്സരം ജയിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച നിലയിലാണ് ഇന്ത്യയിപ്പോൾ. അതിനുള്ള ക്രഡിറ്റ് വിരാട് കോലിക്കാണ്. ടെസ്റ്റ് ടീമിനായി അദേഹം ചെയ്ത സംഭാവനകൾ മഹത്തരമാണ്. കോലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാൻ ചെയ്യുന്നത്'- രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

മൊഹാലിയിൽ നാളെയാരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റാണ് വിരാട് കോലിയുടെ നൂറാം ടെസ്റ്റ് മത്സരം. 100 ടെസ്റ്റുകൾ കളിക്കുന്ന 12-ാമത്തെ ഇന്ത്യൻതാരവും രാജ്യാന്തര ക്രിക്കറ്റിലെ 71-ാം താരവുമാകും ഇതോടെ കോലി. മറ്റ് ചില നാഴികക്കല്ലുകൾ കൂടി ചരിത്ര ടെസ്റ്റിൽ കോലി ഉന്നമിടുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് ക്ലബിലെത്താൻ 38 റൺസ് കൂടി മതി കോലിക്ക്. മൊഹാലിയിലെ ആദ്യ ഇന്നിങ്സിൽ 38 റൺസ് കണ്ടെത്തിയാൽ 8000 റൺസ് പൂർത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും.

2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റിൽ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അർധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയിൽ 7962 റൺസ് നേടിയിട്ടുണ്ട്. എന്നാൽ ഹോം വേദികളിൽ കഴിഞ്ഞ വർഷത്തെ കോലിയുടെ മോശം പ്രകടനം ആശങ്ക ജനിപ്പിക്കുന്നതാണ്. 2021ൽ അവസാന അഞ്ച് ഹോം ടെസ്റ്റുകളിൽ 26.00 ശരാശരിയിൽ 208 റൺസ് മാത്രമേ കോലി നേടിയുള്ളൂ. എട്ട് ഇന്നിങ്സിൽ മൂന്ന് തവണയാണ് കോലി പൂജ്യത്തിൽ മടങ്ങിയത്.

പൂജാരക്കും രഹാനെക്കും പകരക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നും രോഹിത് പറഞ്ഞു. ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള കളിക്കാരാണ് പൂജാരയും രഹാനെയും. അവരുടെ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സത്യസന്ധമായി പറഞ്ഞാൽ എനിക്കുപോലും അറിയില്ല അവരുടെ പകരക്കാരായി ആരാണ് വരികയെന്ന്.

കാരണം അവർ ടീമിനായി ചെയ്തിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. അത് വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ഇത്രയും വർഷത്തെ കഠിനാധ്വാനവും 80-90 ടെസ്റ്റുകളുടെ പരിചയസമ്പത്തും ഉള്ള കളിക്കാരാണവർ. വിദേശത്തെ വിജയങ്ങളിൽ നിർമ്മായക പങ്കുവഹിച്ചിട്ടുള്ളവരാണ് ഇരുവരും. ഇന്ത്യയെ ഒന്നാം നമ്പർ ടെസ്റ്റ് ടീമാക്കി മാറ്റിയതിൽ അവർക്ക് വലിയ പങ്കുണ്ട്.

അതുകൊണ്ടുതന്നെ ഭാവിയിലെ ടീം സെലക്ഷനിൽ ഇവരെ പരിഗണിക്കില്ല എന്ന് എങ്ങനെ പറയാനാവും. അവർ ഇപ്പോഴും ടീമിന്റെ പദ്ധതിയുടെ ഭാഗമാണ്. സെലക്ടർമാർ പറഞ്ഞതുപോലെ തൽക്കാലം ഈ പരമ്പരയിൽ അവരെ പരിഗണിച്ചില്ല എന്നേയുള്ളു. അതിനർത്ഥം ഭാവിയിൽ ഒരു പരമ്പരയിലും പരിഗണിക്കില്ല എന്നല്ല.

ടെസ്റ്റ് ടീമിൽ ഓപ്പണറായ കെ എൽ രാഹുലിന്റെ അഭാവത്തെക്കുറിച്ചു രോഹിത് മറുപടി നൽകി. ക്യാപ്റ്റനെന്ന നിലയിൽ എല്ലാ കളിക്കാരും ടീമിനൊപ്പം ഉണ്ടാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. രാഹുൽ ഇല്ലെങ്കിലും മായങ്ക്, ശ്രേയസ്, വിഹാരി, ഗിൽ തുടങ്ങിയ യുവതാരങ്ങൾ ടീമിലുണ്ട്. അവരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിമുഖം. ഇവർക്കെല്ലാം ടീമിൽ പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങൾ നൽകണമെന്നാണ് എന്റെ പക്ഷം. യുവതാരങ്ങൾക്ക് അർഹമായ പരിഗണനയും പിന്തുണയും ഉറപ്പാക്കാനാണ് എന്റെ ശ്രമം-രോഹിത് പറഞ്ഞു.

അതേസമയം ടീം ഇന്ത്യയുടെ 35-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാകാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. വിരാട് കോലിയിൽ നിന്നാണ് രോഹിത് സ്ഥാനം ഏറ്റെടുക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ തോൽവിക്ക് പിന്നാലെ അപ്രതീക്ഷിതമായി നായകസ്ഥാനം ഒഴിയുകയായിരുന്നു കിങ് കോലി. ലോകകപ്പിന് ശേഷം ടി20 നായകപദവി ഒഴിഞ്ഞ കോലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബിസിസിഐ നീക്കിയിരുന്നു. രോഹിത് ടെസ്റ്റ് ക്യാപ്റ്റനാകുന്നതോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ നായകനായി മാറുകയാണ് രോഹിത് ശർമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP