Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇളവ് പിണറായിക്ക് മാത്രം; റിയാസും സ്വരാജും സെക്രട്ടറിയേറ്റിൽ എത്തിയേക്കാം; മുഖ്യമന്ത്രി കസേരയിൽ നിന്ന് ഏതു സമയവും പിണറായി പടിയിറങ്ങും; കോടിയേരിക്ക് ഭരണകസേരയും കിട്ടും; അങ്ങനെ വന്നാൽ റിയാസ് തന്നെ പാർട്ടി സെക്രട്ടറി; എറണാകുളം സമ്മേളനത്തിൽ ഈ തത്വം അംഗീകരിക്കപ്പെടും; സിപിഎമ്മിൽ പിണറായി ഇഫക്ട് മാത്രം

ഇളവ് പിണറായിക്ക് മാത്രം; റിയാസും സ്വരാജും സെക്രട്ടറിയേറ്റിൽ എത്തിയേക്കാം; മുഖ്യമന്ത്രി കസേരയിൽ നിന്ന് ഏതു സമയവും പിണറായി പടിയിറങ്ങും; കോടിയേരിക്ക് ഭരണകസേരയും കിട്ടും; അങ്ങനെ വന്നാൽ റിയാസ് തന്നെ പാർട്ടി സെക്രട്ടറി; എറണാകുളം സമ്മേളനത്തിൽ ഈ തത്വം അംഗീകരിക്കപ്പെടും; സിപിഎമ്മിൽ പിണറായി ഇഫക്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രായപരിധി ഇളവ് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം. 75 വയസ്സ് പിന്നിട്ട ബാക്കി എല്ലാവരേയും മാറ്റും. അതിനിടെ എംഎം മണിയെ സെക്രട്ടറിയേറ്റിൽ ഒരു ടേമിൽ കൂടി നിലനിർത്താനും സാധ്യതയുണ്ട്. ഇടുക്കി രാഷ്ട്രീയത്തിൽ മണിക്കുള്ള സ്വാധീനം മനസ്സിലാക്കിയാണ് ഇത്.

നിലവിൽ 16 പേരാണു സെക്രട്ടേറിയറ്റിൽ ഉള്ളത്: പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി.കരുണാകരൻ, ഇ.പി.ജയരാജൻ, തോമസ് ഐസക്, പി.കെ.ശ്രീമതി, എ.കെ.ബാലൻ, എം വിഗോവിന്ദൻ, എളമരം കരീം, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, എം.എം.മണി, ടി.പി.രാമകൃഷ്ണൻ, കെ.ജെ.തോമസ്, കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവർ. ഇവരിൽ പിണറായി വിജയൻ, പി.കരുണാകരൻ, എം.എം.മണി, ആനത്തലവട്ടം ആനന്ദൻ, കെ.ജെ.തോമസ് എന്നിവർ 75 വയസ്സ് പ്രായപരിധി പിന്നിട്ടവരാണ്. മുഖ്യമന്ത്രിയായതിനാൽ പിണറായിക്ക് ഇളവ് നൽകും.

അതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വച്ചുതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇത് പോളിറ്റ്ബ്യൂറോ തീരുമാനിക്കും. സെക്രട്ടറിയേറ്റിനേയും സംസ്ഥാന സമ്മേളനത്തിൽ വച്ചുതന്നെ രൂപീകരിക്കാവുന്ന സംഘടനാ സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണു സംസ്ഥാന നേതൃത്വത്തിനുള്ളത്. ചർച്ചകൾ വിലയിരുത്തി സമ്മേളനത്തിൽ പങ്കെടുക്കുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങൾ തീരുമാനമെടുക്കും. മന്ത്രി മുഹമ്മദ് റിയാസ് സെക്രട്ടറിയേറ്റിൽ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഭാവിയിൽ പാർട്ടി സെക്രട്ടറിയായി പരിഗണിക്കുന്ന പേരുകളിൽ പ്രധാനമാണ് റിയാസിന്റേത്.

75 വയസ്സ് കഴിഞ്ഞതിനാൽ എപ്പോൾ വേണമെങ്കിലും പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറും. ഇക്കാര്യത്തിൽ പോളിറ്റ് ബ്യൂറോ നിർദ്ദേശങ്ങൾ വയ്ക്കില്ല. പിണറായിയുടെ തീരുമാനത്തിന് അതു വിടും. അങ്ങനെ വന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിയാകും. റിയാസ് പാർട്ടി സെക്രട്ടറിയും. ഈ ഫോർമുല ഏതാണ്ട് സിപിഎമ്മിൽ പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് കൂടിയാണ് തൽകാലം മന്ത്രിസഭയിലേക്കില്ലെന്ന് നിലപാടിൽ കോടിയേരി എത്തുന്നത്. എം സ്വരാജും മുഹമ്മദ് റിയാസും എഎൻ ഷംസീറും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്താനും സാധ്യതയുണ്ട്. ഇവരാകും പാർട്ടിയുടെ ഭാവി നേതാക്കളെന്ന സന്ദേശമാകും ഈ സംസ്ഥാന സമ്മേളനത്തിന് ഒടുവിൽ ഉണ്ടാവുകയെന്നാണ് സൂചന.

എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, മന്ത്രിമാരായ സജി ചെറിയാൻ, വിഎൻ വാസവൻ എന്നിവരും സെക്രട്ടറിയേറ്റിൽ എത്തിയേക്കും. പി ശ്രീരാമകൃഷ്ണൻ, പി ജയരാജൻ, മേഴ്‌സിക്കുട്ടിയമ്മ എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ കുറെക്കാലമായി സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും മാത്രമാണു സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു വന്നത്. കേരളത്തിലെ ഉന്നത നേതൃനിരയായ സെക്രട്ടേറിയറ്റിന്റെ രൂപീകരണം പലപ്പോഴും വിവാദമുണ്ടാകും. ഇത്തവണ റിയാസിനെ അടക്കം സെക്രട്ടറിയേറ്റിൽ എടുക്കേണ്ടതുണ്ട്. പിണറായിയുടെ മരുമകനാണ് റിയാസ്. അതുകൊണ്ടുള്ള പേരുദോഷം ഒഴിവാക്കാനാണ് സമ്മേളന കാലത്തു തന്നെ സെക്രട്ടറിയേറ്റ് രൂപീകരണം ആലോചനയിൽ എത്തുന്നത്.

സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്ത ശേഷം സംഘടനാസ്ഥിതി ആകെ വിലയിരുത്തി സെക്രട്ടേറിയറ്റ് പിന്നീടു രൂപീകരിക്കുകയാണു ചെയ്തു വന്നത്. ജില്ലാ സെക്രട്ടേറിയറ്റുകളും ജില്ലാ സമ്മേളനത്തിൽ വച്ചു തിരഞ്ഞെടുത്തിരുന്നില്ല. ഇത്തവണ ആ പതിവു മാറ്റി ജില്ലാ സമ്മേളനത്തിൽ വച്ചു തന്നെ ജില്ലാ സെക്രട്ടേറിയറ്റുകൾ നിശ്ചയിച്ചു. തർക്കങ്ങൾ ഉണ്ടായ ആലപ്പുഴയിൽ മാത്രം അതിനു സാധിച്ചില്ല. ഈ മാതൃക എറണാകുളം സമ്മേളനത്തിലുമുണ്ടാകും. ഇതിലൂടെ റിയാസിനെ പാർട്ടിയുടെ ഭാവി നേതാവായി ഉയർത്തിക്കാട്ടുകയും ചെയ്യും.

നേതൃത്വത്തിൽ ഐക്യം ഉള്ള സാഹചര്യത്തിൽ സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കുന്നതിനു മറ്റു തടസ്സങ്ങൾ ഇല്ലെന്നാണു നേതാക്കൾ പറയുന്നത്. ജില്ലകളിൽ സെക്രട്ടേറിയറ്റ് രൂപീകരണം വേണോ എന്നു സമ്മേളനത്തിനു മേൽനോട്ടം വഹിച്ച സംസ്ഥാന നേതൃത്വമാണു തീരുമാനിച്ചത്. ആ രീതി പിന്തുടർന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കാര്യം സമ്മേളനത്തിൽ പങ്കെടുക്കുന്ന പിബി അംഗങ്ങൾക്കു വിട്ടത്. അങ്ങനെയാണെങ്കിലും ഈ തീരുമാനത്തേയും സ്വാധീനിക്കാനുള്ള കരുത്ത് മുഖ്യമന്ത്രി പിണറായിക്കുണ്ട്. അതിനാൽ അന്തിമ തീരുമാനം പിണറായിയുടേത് മാത്രമാകും.

പിണറായിയെ ധിക്കരിക്കാനുള്ള കരുത്ത് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ഇന്നില്ല. സംസ്ഥാന സമ്മേളനത്തിൽ അടക്കം പിണറായിയുടെ കരുത്ത് പ്രകടമാണ്. ബംഗാളിലും ത്രിപുരയിലും അധികാര നഷ്ടമുണ്ടായ സിപിഎം കേന്ദ്ര നേതൃത്വം തീരെ ദുർബ്ബലമാണ്. കണ്ണൂരിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സിപിഎം ദേശീയ നേതൃത്വത്തിൽ അടക്കം പിണറായി വമ്പൻ മാറ്റങ്ങൾ ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP