Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീവിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ബോംബിട്ടു തകർത്ത് റഷ്യ; സെൻട്രൽ ഹീറ്റിങ് ഫസിലിറ്റി തകർത്തതോടെ കീവ് കനത്ത തണുപ്പിലേക്ക്; കീവിന് പുറമെ മൂന്ന് നഗരങ്ങളിൽ കൂടി ബോംബാക്രമണം; യുക്രെയിനികളുടെ കൂട്ടപലായനം തുടരുന്നു; സമനില തെറ്റി റഷ്യ തുരുതുരാ ബോംബ് വർഷിക്കുമ്പോൾ

കീവിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ബോംബിട്ടു തകർത്ത് റഷ്യ; സെൻട്രൽ ഹീറ്റിങ് ഫസിലിറ്റി തകർത്തതോടെ കീവ് കനത്ത തണുപ്പിലേക്ക്; കീവിന് പുറമെ മൂന്ന് നഗരങ്ങളിൽ കൂടി ബോംബാക്രമണം; യുക്രെയിനികളുടെ കൂട്ടപലായനം തുടരുന്നു; സമനില തെറ്റി റഷ്യ തുരുതുരാ ബോംബ് വർഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പ്രതീക്ഷിച്ച മുന്നേറ്റം നടക്കാതെ വന്നതോടെ റഷ്യ സമനില തെറ്റിയതുപോലെ തുരുതുരാ ബോംബ് വർഷവുമായി എത്തുകയാണ്. തെക്കൻ കീവിലെ സുപ്രധാന റെയിൽവേ സ്റ്റേഷൻ റഷ്യയുടെ ബോംബാക്രമണത്തിന് ഇരയായി. റഷ്യൻ ക്രൂയിസ് മിസൈൽ വീണാണ് സ്ഫോടനം ഉണ്ടായതെന്ന് യുക്രെയിൻ ഇന്റീരിയർ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റൺ ഹെരാഷെൻകോവ് അറിയിച്ചു. സ്ഫോടനമുണ്ടായെങ്കിലും ട്രെയിൻ സർവീസുകൾ പഴയതുപോലെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ യുക്രെയിന്റെ പല ഭാഗങ്ങളിലും സെൻട്രൽ ഹീറ്റിങ് സിസ്റ്റം തകരാറിലായതോടെ കടുത്ത ശൈത്യകാലത്ത് ജനങ്ങൾ ദുരിതത്തിലാണ്ടിരിക്കുകയാണ്.

ആക്രമണങ്ങൾ ഭയന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്ന യുക്രെയിൻ ജനത കൂട്ടമായി എത്തുന്ന സ്റ്റേഷനുകളിൽ ഒന്നിലാണ് ബോംബാക്രമണം ഉണ്ടായത്. മരണ സംഖ്യ എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വലിയ തോതിലുള്ള കുലുക്കവും അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, സ്ഫോടനം നടന്ന റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് യുക്രെയിൻ പ്രതിരോധമന്ത്രാലയത്തിന് സമീപമാണെന്നത് ഈ സ്ഫോടനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമല്ലെന്നും മിസൈൽ ഉന്നം തെറ്റി പതിച്ചതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

അതേസമയം യുക്രെയിൻ പ്രതിരോധമന്ത്രാലയത്തെ ലക്ഷ്യം വെച്ച് റഷ്യ രണ്ടു മിസൈലുകൾ തൊടുത്തുവിട്ടെന്നും അതിലൊന്ന് യുക്രെയിൻ സൈന്യം തകർത്തു എന്നും ഉള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മറ്റൊന്നാണ് പ്രതിരോധമന്ത്രാലയത്തിന് അഭിമുഖമായി റോഡിന്റെ മറുഭാഗത്ത് സ്ഥിതിചെയ്യുന്ന റെയിൽവേസ്റ്റേഷനിൽ പതിച്ചതെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് യുക്രെയിനി സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകാനായി കൂട്ടംകൂടിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് റെയിൽവേകമ്പനി വക്താവ് പറഞ്ഞു.

യുദ്ധം ആരംഭിച്ച് ഒരാഴ്‌ച്ച പിന്നിടുമ്പോഴും, അധിനിവേശത്തെ ചെറുക്കാൻ യുക്രെയിനി ജനത കനത്ത പോരാട്ടം നടത്തുകയാണ്. ഇന്നലെ കീവ് നഗരത്തെ മുടീയ കനത്ത മൂടൽ മഞ്ഞ് ഇരുപക്ഷത്തിനും ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. യുക്രെയിനെതിരെ ആക്രമണത്തിനിറങ്ങിയ ഓരോ റഷ്യൻ സൈനികനേയും പിടികൂടി യുദ്ധത്തടവുകാരായി വിചാരണ ചെയ്യുമെന്ന് യുക്രെയിൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സസ് കമാൻഡർ പറഞ്ഞു. തോക്കേന്തിയ ഓരോ സൈനികനേയും പന്നികളെ പോലെ കൊത്തി അരിയുമെന്നാണ് കമാൻഡർ പറഞ്ഞത്.

അതിനിടെ, യുദ്ധം തുടങ്ങി ഇന്നലെ വരെ 8,74,000 യുക്രെയിനികളാണ് ഇതുവരെ യുക്രെയിൻ വിട്ട് പോയതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആദ്യ ആഴ്‌ച്ചയിൽ തന്നെ മരണം ആയിരം കടന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുക്രെയിൻ സ്റ്റേറ്റ് എമർജൻസി സർവീസ് പറയുന്നത് 2000-ൽ അധികം സാധാരണക്കാർ ഇതുവരെ മരണമടഞ്ഞു കഴിഞ്ഞു എന്നാണ്. മറിച്ച് 6000 റഷ്യൻ സൈനികരെ വധിച്ചു എന്നും യുക്രെയിൻ അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം കീവിലെ ടെലിവിഷൻ ടവറിൽ നടത്തിയ ആക്രമണത്തിൽ മരണമടഞ്ഞ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു. റഷ്യൻ സൈന്യം നഗരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, എന്തു സംഭവിച്ചാലും പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കീവ് മേയർ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ കൈയഴിഞ്ഞ് സഹായിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു. അതിനിടയിൽ, വലിയ രീതിയിലുള്ള അട്ടിമറി ശ്രമങ്ങളും നടക്കുന്നു എന്ന വാർത്ത യുക്രെയിനെ ഞെട്ടിച്ചിട്ടുണ്ട്. കുട്ടികളുടെ കളിപ്പാട്ടത്തിനുള്ളിൽ ബോംബ് വച്ച് ഒരു സബ്വേ സ്റ്റേഷൻ തകർക്കാൻ എത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി പേർ അഭയം തേടിയിരിക്കുന്ന ഒരിടം കൂടിയാണ് ഈ ഭൂഗർഭ സബ്വേ സ്റ്റേഷൻ.

മറ്റു രണ്ടിടങ്ങളിൽ കൂടി അട്ടിമറി ശ്രമം നടന്നതായും ഇതുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, കീവ് നഗരത്തിനടുത്തെത്തി വൻ റഷ്യൻ സന്നാഹം തമ്പടിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ ഫലപ്രദമായ ഒരു യുദ്ധതന്ത്രം അവർ ആവിഷ്‌കരിക്കുകയാണെന്നാണ് ഏജൻസികൾ പറയുന്നത്. നഗരത്തിനു പുറത്തുള്ള ബുച്ച, ഹോസ്റ്റോമെൽ എന്നിവിടങ്ങളിൽ ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. നശിപ്പിക്കപ്പെട്ട റഷ്യൻ വാഹനങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർക്കീവിലും ഇന്നലെ രാത്രി വൻ തോതിൽ ബോംബാക്രമണം ഉണ്ടായി. എന്നാൽ, കരിങ്കടൽ തീരത്തെ ഖെർസൺ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്ന റഷ്യൻ അവകാശവാദം യുക്രെയിൻ സർക്കാർ തള്ളിക്കളഞ്ഞു. ഈ തുറമുഖത്തിനായുള്ള പോരാട്ടം തുടരുകയാണെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. റഷ്യയ്ക്ക് നേരിയ മുൻതൂക്കം ലഭിച്ചിട്ടുണ്ടെന്നും ഏജൻസികൾ സ്ഥിരീകരിക്കുന്നു.

ആരംഭിച്ച് ഒരാഴ്‌ച്ച പിന്നിടുമ്പോഴും യുക്രെയിൻ സർക്കാരിനെ താഴെയിറക്കി പാവസർക്കാരിനെ സ്ഥാപിക്കണം എന്നുള്ള പുടിന്റെ ആഗ്രഹം നടന്നിട്ടില്ല. അതിനിടയിലാണ് റഷ്യൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കിയത്. റഷ്യ നിരുപാധികമായി സൈന്യത്തെ പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ 193 അംഗങ്ങളിൽ 141 പേരാണ് പിന്താങ്ങിയത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാസ്സാകുന്ന പ്രമേയങ്ങൾ നിയമപരമായി അനുസരിക്കാനുള്ള ബാദ്ധ്യതയില്ലെങ്കിലും, ഇത് റഷ്യയ്ക്ക് മേൽ യുക്രെയിൻ നേടിയ രാഷ്ട്രീയ വിജയമായി തന്നെ കണക്കാക്കാം. ഇത്രയധികംരാജ്യങ്ങൾ യുക്രെയിനു പിന്നിൽ നിലയുറപ്പിച്ചതോടെ റഷ്യ അന്താരാഷ്ട്ര സമൂഹത്തിൽ കൂടുതൽ ഒറ്റപ്പെടുകയാണ്.

യുക്രെയിന്റെ, നിലനിൽക്കാനുള്ള എല്ലാ അവകാശങ്ങളേയും അടിച്ചമർത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന്, പ്രമേയം വോട്ടിനിടുന്നതിനു മുൻപായി യുക്രെയിൻ അംബാസിഡർ സെർജി കിസ്ലിറ്റ്സ്യ പറഞ്ഞു. മണ്ണ് പിടിച്ചെടുക്കൽ മാതൃമല്ല, വംശഹത്യയും കൂടിയാണ് റഷ്യയുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ഈ യുദ്ധത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് മാത്രമാണെന്ന് ടെലിവിഷനിലൂടെ പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ചെറുത്തു നിൽക്കുന്ന യുക്രെയിനി ജനതയുടെ ധൈര്യത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP