Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ വാക്ക് കേട്ട് പുടിൻ; റഷ്യ വൻആക്രമണത്തിന് പദ്ധതി ഇടുന്ന ഹർകീവിൽ നിന്ന് ആദ്യം ഒഴിപ്പിച്ചത് ഇന്ത്യൻ വിദ്യാർത്ഥിനികളെ; ഇന്ത്യക്കാർ സഞ്ചരിക്കുന്ന പാത ആക്രമിക്കാതെ സുരക്ഷിത മാർഗ്ഗം ഒരുക്കി റഷ്യയുടെ സഹകരണം; പോളണ്ട്-ബലാറുസ് അതിർത്തിയിൽ യുക്രെയിനുമായി രണ്ടാം റൗണ്ട് ചർച്ച വ്യാഴാഴ്ച; വെടിനിർത്തലും അജണ്ടയിൽ; റഷ്യ പിന്മാറണമെന്ന് യുഎൻപൊതുസഭയും

മോദിയുടെ വാക്ക് കേട്ട് പുടിൻ; റഷ്യ വൻആക്രമണത്തിന് പദ്ധതി ഇടുന്ന ഹർകീവിൽ നിന്ന് ആദ്യം ഒഴിപ്പിച്ചത് ഇന്ത്യൻ വിദ്യാർത്ഥിനികളെ; ഇന്ത്യക്കാർ സഞ്ചരിക്കുന്ന പാത ആക്രമിക്കാതെ സുരക്ഷിത മാർഗ്ഗം ഒരുക്കി റഷ്യയുടെ സഹകരണം; പോളണ്ട്-ബലാറുസ് അതിർത്തിയിൽ യുക്രെയിനുമായി രണ്ടാം റൗണ്ട് ചർച്ച വ്യാഴാഴ്ച; വെടിനിർത്തലും അജണ്ടയിൽ; റഷ്യ പിന്മാറണമെന്ന് യുഎൻപൊതുസഭയും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: യുക്രെയിനിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി വീണ്ടും ഫോണിൽ സംസാരിച്ചു. ഇരുവരും സ്ഥിതിഗതികൾ വിലയിരുത്തി. വിശേഷിച്ചും, ഹർകീവിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്ന പശ്ചാത്തലത്തിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതാണ് ചർച്ചയായത്. ഇതുകൂടാതെ മറ്റ് സംഘർഷ ബാധിത മേഖലകളിൽ നിന്നുള്ള ഒഴിപ്പിക്കലും വിഷയമായി.

അതിനിടെ, റഷ്യ യുക്രെയിനിൽ നിന്ന് ഉടൻ പിന്മാറണമെന്ന് യുഎൻ പൊതുസഭ ആവശ്യപ്പെട്ടു.181 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. 141 രാജ്യങ്ങൾ അനുകൂലിച്ചു. ഇന്ത്യയടക്കം 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. 5 രാജ്യങ്ങൾ എതിർത്തു.

പോളണ്ട്-ബെലാറസ് അതിർത്തിയിൽ രണ്ടാം വട്ട സമാധാന ചർച്ച വ്യാഴാഴ്ച നടക്കും. യുക്രെയിൻ പ്രതിനിധി സംഘം അതിർത്തിയിലേക്ക് തിരിച്ചു. വെടിനിർത്തൽ അജണ്ടയിൽ ഉണ്ടെന്നാണ് റഷ്യയുടെ മധ്യസ്ഥൻ പറഞ്ഞത്.

ഹർകീവിലെ രക്ഷാദൗത്യം

ഹർകീവിൽ നിന്ന് റഷ്യയുമായി ചേർന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. ആദ്യം പെൺകുട്ടികളെയാണ് ട്രെയിൻ മാർഗ്ഗം പടിഞ്ഞാറൻ അതിർത്തിയിലേക്ക് കൊണ്ടുപോയത്. ആൺകുട്ടികളെയും ഇതിന് പിന്നാലെ കൊണ്ടുപോയെന്നാണ് സൂചന. വളരെ അധികം പിന്നാമ്പുറ ചർച്ചകൾക്ക് ശേഷമാണ് റഷ്യ രക്ഷാദൗത്യത്തിൽ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യക്കാർ സഞ്ചരിക്കുന്ന ചില പ്രദേശങ്ങൾ ലക്ഷ്യമിടരുതെന്ന് റഷ്യൻ സേനയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ അവരുമായി സഹകരിച്ചാണ് വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ആയിരത്തോളം വിദ്യാർത്ഥികളാണ് കനത്ത ഷെല്ലിങ് നടക്കുന്ന ഹർകീവിലെ സ്‌റ്റേഷനിൽ മണിക്കൂറുകളോളം കുടുങ്ങിയത്.

യുക്രൈൻ സമയം വൈകിട്ട് ആറു മണിക്കു(ഇന്ത്യൻ സമയം-9.30) മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിർദ്ദേശിച്ചിരുന്നത്. പെസോചിൻ, ബബായെ, ബെസ്ലിയുഡോവ്ക എന്നീ ഇടങ്ങളിൽ എത്രയും വേഗം എത്തണമെന്ന് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഹർകീവിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ട്രെയിനുകളിൽ കയറാനാവാതെ വിഷമിച്ചു.

' ഇപ്പോൾ ഞങ്ങൾക്ക് തലയ്ക്ക് മുകളിലാണ് ഷെല്ലിങ് നടക്കുന്നത്. വളരെ അപകടകരമായ സാഹചര്യം. അടുത്തൊന്നും ബങ്കറില്ല. തുറസ്സായ സ്ഥലമാണ്. ഞങ്ങളുടെ മുന്നിൽ ഒരു ട്രെയിൻ ഉണ്ട്. എന്നാൽ യുക്രെയിൻകാർ ഞങ്ങളെ കയറാൻ അനുവദിക്കുന്നില്ല. ഒന്നോ രണ്ടോ ഗെയ്്റ്റുകൾ യുക്രെയിൻകാർക്കായി തുറന്നിട്ടുണ്ട്. അവർക്ക് മാത്രം. ഞങ്ങൾക്ക് തോക്കുകളും ബുള്ളറ്റുകളും മാത്രം, ട്രെയിനുകൾ ഇല്ല, ഇന്ത്യൻ വിദ്യാർത്ഥി പ്രാഗുൺ എൻഡി ടിവിയോട് പറഞ്ഞു.

'വളരെ റിസ്‌ക് എടുത്താണ് ഞങ്ങൾ ഇവിടെ എത്തിയത്. ആയിരത്തിലധികം ഇന്ത്യക്കാർ റെയിൽവെ സ്റ്റേഷനിൽ കുടുങ്ങി കിടക്കുകയാണ്. ട്രെയിനുകൾക്കായി കാത്തിരിക്കുകയാണ്. യുക്രെയിനിയൻ ഗാർഡുമാർ ഞങ്ങൾക്ക് നേരേ വെടിവയ്ക്കുകയാണ്. തൊഴിക്കുകയും ചെയ്യുന്നുണ്ട്. അകത്തേക്ക് കടക്കാൻ സമ്മതിക്കുന്നില്ല. ഞാൻ തന്നെ വെടിയൊച്ച കേട്ടു. ഇന്ത്യൻ സർക്കാരിനോട് പറയാൻ ഉള്ളത്, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണേ എന്നാണ്'.

മറ്റൊരു വിദ്യാർത്ഥിയും സമാനമായ വീഡിയോ അയച്ചു. മൂന്നുമണിക്കൂറോളമായി സ്‌റ്റേഷനിൽ കാത്തിരുന്നിട്ടും, ട്രെയിനുകളിൽ കയറ്റുന്നില്ല. ട്രെയിന് മുന്നിൽ, ധാരാളം വിദ്യാർത്ഥികൾ കാത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. 'ഒരു ട്രെയിൻ കടന്നുപോയി. ഞങ്ങളോട് തിരിച്ചിറങ്ങാൻ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. ഇവിടെ മഞ്ഞ് വീഴുന്നുണ്ട്...തണുപ്പ് കൂടുകയാണ്. അടുത്ത ട്രെയിനിൽ എങ്കിലും ഞങ്ങളെ കയറ്റുമോ എന്നറിയില്ല. ഇവിടെ ധാരാളം വിദ്യാർത്ഥികളുണ്ട്. പെൺകുട്ടികളും ഞങ്ങൾക്കൊപ്പം ഉണ്ട്., വിദ്യാർത്ഥി വീഡിയോയിൽ പറഞ്ഞു.

യുക്രൈനിലെ ഇന്ത്യൻ എംബസി ആദ്യ മുന്നറിയിപ്പ് നൽകിയതിന് ശേഷം ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാർ നാട്ടിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ രക്ഷാദൗത്യത്തിനായി 15 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യോമസേനയുടെ വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബുക്കാറസ്റ്റിൽനിന്നുള്ള ആദ്യ വിമാനം സി17 ഇന്നു രാത്രിയോടെ ഡൽഹിയിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമനങ്ങൾ യുക്രെയ്‌നിൽനിന്ന് ഇന്ത്യക്കാരുമായി എത്തി. ഇതോടെ ഇതുവരെ 15 വിമാനങ്ങൾ യുക്രെയ്‌നിൽനിന്ന് എത്തി.

മരണ സംഖ്യ ഏറുന്നു

യുക്രെയിൻ ഭാഗത്തെ നഷ്ടം 2000 ത്തിലേറെ മനുഷ്യ ജീവനുകളാണ്. 498 സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യയും പ്രഖ്യാപിച്ചു. ഗതാഗത സൗകര്യങ്ങൾ, ആശുപത്രികൾ, കിന്റർ ഗാർട്ടനുകൾ, വീടുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ റഷ്യൻ സൈന്യം നശിപ്പിച്ചതായും യുക്രെയ്ൻ വ്യക്തമാക്കി. യുക്രെയ്ൻ സൈനികരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവനുകൾ ഓരോ മണിക്കൂറിലും തങ്ങൾക്ക് നഷ്ടപ്പെടുകയാണെന്നും എമർജൻസി സർവീസ് വ്യക്തമാക്കി. യുക്രെയ്ൻ നഗരമായ കാർകീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. റഷ്യൻ സേനയുടെ ആക്രമണം ശക്തമായതിനെ തുടർന്നാണ് നടപടി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, തുറമുഖ നഗരമായ കേഴ്‌സൺ പിടിച്ചടക്കിയതിനെ ചൊല്ലി ഇരുരാഷ്ട്രങ്ങളും തർക്കം തുടരുകയാണ്.

നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ

നാറ്റോ യുക്രൈന് ആയുധങ്ങൾ കൈമാറുന്നത് റഷ്യയെ ചൊടിപ്പിച്ചു. നാറ്റോ സഖ്യവുമായി അനിഷ്ടകരമായത് ഉണ്ടാകില്ലെന്ന്ഉറപ്പു പറയാനാകില്ലെന്ന് റഷ്യൻ ഉപവിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്‌കോ മുന്നറിയിപ്പ് നൽകി. ആയുധ വിതരണ പരിപാടികളിൽ ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ എല്ലാം വളരെ അപകടകരമാണ്. നാറ്റോയുമായി സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പില്ല'- അലക്സാണ്ടർ ഗ്രുഷ്‌കോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP