Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാനിൽ ഷാൾ ഉപയോഗിച്ച് കുരുക്കിട്ട് തൂങ്ങി നിൽക്കുക ആയിരുന്നു നേഹ; മുട്ടുകാൽ നിലത്ത് മുട്ടിയ നിലയിലും; സിദ്ധാർത്ഥ് നായരെ കാണാനുമില്ല; പോണേക്കരയിൽ അവർ കഴിഞ്ഞത് ഭാര്യാ ഭർത്താക്കന്മാരെ പോലെ; വ്ളോഗർ നേഹയുടേതുകൊലപാതകമോ?

ഫാനിൽ ഷാൾ ഉപയോഗിച്ച് കുരുക്കിട്ട് തൂങ്ങി നിൽക്കുക ആയിരുന്നു നേഹ; മുട്ടുകാൽ നിലത്ത് മുട്ടിയ നിലയിലും; സിദ്ധാർത്ഥ് നായരെ കാണാനുമില്ല; പോണേക്കരയിൽ അവർ കഴിഞ്ഞത് ഭാര്യാ ഭർത്താക്കന്മാരെ പോലെ; വ്ളോഗർ നേഹയുടേതുകൊലപാതകമോ?

ആർ പീയൂഷ്

കൊച്ചി: പോണേക്കരയിലെ അപ്പാർട്ട്മെന്റിൽ കണ്ണൂർ സ്വദേശിനിയും വ്ളോഗറുമായ നേഹാ നിഥിനെ(27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ദുരൂഹത. ഫാനിൽ ഷാളുപയോഗിച്ച് കുരുക്കിട്ട് തൂങ്ങി നിൽക്കുകയായിരുന്നു നേഹ. എന്നാൽ നേഹയുടെ മുട്ടുകാൽ നിലത്ത് മുട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കസർകോട് സ്വദേശി സിദ്ധാർത്ഥ് നായരെ പൊലീസ് തിരയുകയാണ്.

ഇയാൾ ഇപ്പോൾ ഒളിവിലാണ്. അന്ന് നേഹയുടെ ഒപ്പമുണ്ടായിരുന്നത് നെട്ടൂർ സ്വദേശിയായ മുഹമ്മദ് സനൂജായിരുന്നു. സിദ്ധാർത്ഥ് നായരുടെ സുഹൃത്തായിരുന്നു ഇയാൾ. മുഹമ്മദ് സനൂജാണ് നേഹ തൂങ്ങിമരിച്ചു എന്ന് അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരോട് പറഞ്ഞത്. സനൂജിന്റെ ആ സമയത്തെ പെരുമാറ്റവും സംശയമുളവാക്കുന്നതായിരുന്നു. കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും വരാതെ മറ്റുള്ളവരെ കാണിക്കാനായി ഉച്ചത്തിൽ കരയുകയായിരുന്നു. ഇതെല്ലാം നേഹയുടെ മരണത്തിൽ സംശയമുളവാക്കുന്നുണ്ട്. കൂടാതെ ആത്മഹത്യ ചെയ്ത ദിവസം നേഹയെ കാണാനെത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലാമിൽ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തതും സംശയത്തിന് ആക്കം കൂട്ടുന്നു.

നേഹ എട്ടു വർഷം മുൻപ് വിവാഹിതയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവർ ആറുമാസം മുൻപാണ് പോണേക്കര ജവാൻ ക്രോസ് റോഡിലുള്ള മെർമെയ്‌ഡ് അപ്പാർട്ട്മെന്റിൽ സിദ്ധാർത്ഥിനൊപ്പം താമസത്തിനെത്തിയത്. ഭാര്യാ ഭർത്താക്കന്മാരാണ് എന്ന് പറഞ്ഞാണ് എച്ച്.ഡി.എഫ്സി ബാങ്ക് മാനേജരുടെ ഉടമസ്ഥതയിലുള്ള മുറിയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്.

അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലെ മുറിയിൽ താമസിച്ചിരുന്ന ഇവർ മറ്റുള്ളവരോട് അധികം അടുപ്പം പുലർത്തിയിരുന്നില്ല. ഉടമയോട് കാക്കനാട് ഐ.ടി കമ്പനിയിലാണ് ജോലിയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞിരുന്നത്. എന്നാൽ ഇത് വ്യാജമായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

നേഹയുടെയും സിദ്ധാർത്ഥിന്റെയും മുറിയിൽ പുറത്ത് നിന്നും നിരവധി പേർ എത്തുമായിരുന്നു. ഇത് ചോദ്യം ചെയ്ത അയൽവാസികളോട് രാത്രിയിൽ വിദേശ കമ്പനികൾക്ക് വേണ്ടി മുറിയിലിരുന്ന് ജോലി ചെയ്യാനെത്തുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വന്നിരുന്നത് മയക്കുമരുന്ന് മാഫിയാ സംഘങ്ങളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സിദ്ധാർത്ഥ് നേഹയുമായി വഴക്കിട്ട് കാസർകോട്ടേക്ക് പോയിരുന്നു.

നേഹയെ തനിച്ചാക്കേണ്ട എന്ന് കരുതി മുഹമ്മദ് സനൂജിനെ കൂട്ടിരിക്കാൻ ഏൽപ്പിച്ചു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ സനൂജ് പുറത്ത് പോയി വന്നപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ഇയാൾ ബഹളം വെച്ച് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അപ്പാർട്ട്മെന്റിലെ താമസക്കാർ എളമക്കര പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് എത്തുന്നതിന് തൊട്ടു മുൻപാണ് അബ്ദുൾസലാം കാറിൽ ഇവിടെയെത്തുന്നത്. മുറിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ അയൽക്കാർ തടഞ്ഞു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം അഴിച്ചു താഴെയിറക്കി ശേഷം പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയിൽ അബ്ദുൾ സലാമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെടുക്കുന്നത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

പിന്നീട് മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. ഇതിനിടയിൽ സിദ്ധാർത്ഥിനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ട് വിവരം പറയുകയും എത്രയും വേഗം എറണാകുളത്തേക്ക് എത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇയാളെകുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

ഇതോടെ പൊലീസ് കണ്ണൂരിലുള്ള ബന്ധുക്കളെ ബന്ധപ്പെടുകയും അവർ എത്തിയതിന് ശേഷം മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്ന് രാവിലെ കലൂർ തോട്ടത്തുംപടി ജുമാമസ്ജിദിൽ മൃതദേഹം ഖബറടക്കി. നേഹയുടെ മരണത്തിന് പിന്നിൽ കാസർകോട് സ്വദേശിയായ സിദ്ധാർത്ഥ് നായരാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP