Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ ഷാർജാ പ്രസംഗം കണ്ട് കേരളത്തിൽ നിക്ഷേപം ഇറക്കി; മൂന്നര കോടിയുടെ സ്ഥാപനത്തിന് പാരയായത് തൊഴിലാളി സമരം; കോടതി വഴി തൊഴിൽ കാർഡ് ചുമട്ടിറക്കുമ്പോൾ മാതമംഗലം മോഡൽ' സമരം; സ്ഥാപനം അടച്ചുപൂട്ടി പ്രവാസി വ്യാപാരി

മുഖ്യമന്ത്രിയുടെ ഷാർജാ പ്രസംഗം കണ്ട് കേരളത്തിൽ നിക്ഷേപം ഇറക്കി; മൂന്നര കോടിയുടെ സ്ഥാപനത്തിന് പാരയായത് തൊഴിലാളി സമരം; കോടതി വഴി തൊഴിൽ കാർഡ് ചുമട്ടിറക്കുമ്പോൾ മാതമംഗലം മോഡൽ' സമരം; സ്ഥാപനം അടച്ചുപൂട്ടി പ്രവാസി വ്യാപാരി

മറുനാടൻ മലയാളി ബ്യൂറോ

പേരാമ്പ്ര: മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചു കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങി എന്നതു മാത്രമാണ് സി കെ ബിജു എന്ന പ്രവാസി ചെയ്ത തെറ്റ്. മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ അടക്കമുള്ള തൊഴിലാളികൾ ഉടക്കുമായി എത്തിയതോടെ സ്ഥാപനം അടച്ചുപൂട്ടി വ്യാപരി. പേരാമ്പ്രയിലെ ചേനോറി റോഡിലാണ് 'മാതമംഗലം മോഡൽ' തൊഴിലാളി സമരം കാരണം കട പൂട്ടേണ്ടി വന്നത്. സി.കെ.മെറ്റീരിയൽസ് എന്ന സ്ഥാപനം പ്രവാസി വ്യാപാരി അടച്ചുപൂട്ടിയത്.

നിരന്തരമായ ഭീഷണിയാണ് സ്ഥാപനം പൂട്ടാൻ പ്രധാന കാരണമെന്ന് ഉടമ സി.കെ.ബിജു പറഞ്ഞു. കടുത്ത മാനസിക സമ്മർദത്തിലാണ് താൻ. കടയ്ക്കു മുന്നിലൂടെ വേണം ദിവസവും യാത്ര ചെയ്യാൻ. വീട്ടിൽ നിന്നിറങ്ങിയാൽ കടയ്ക്കു മുന്നിലെ സമരപ്പന്തലാണു കാണുന്നത്. ഇതു സഹിക്കാൻ പറ്റാത്ത കാഴ്ചയാണ്. മൂന്നര കോടിയോളം രൂപ മുടക്കിയാണ് ചേനോളി റോഡിൽ സ്ഥാപനം തുടങ്ങിയത്. 9 തൊഴിലാളികളുണ്ട്. അവരുടെ കുടുംബവും പട്ടിണിയിലാകുന്ന അവസ്ഥയാണന്നും ബിജു പറഞ്ഞു.

സ്ഥാപനം തുറന്നതു മുതൽ പ്രശ്‌നമായിരുന്നു. അന്നു ബലം പ്രയോഗിച്ചാണ് സാധനം ഇറക്കാൻ തുടങ്ങിയത്. തൊഴിൽ കാർഡ് ഇല്ലാത്തവരെ കയറ്റിറക്ക് അനുവദിക്കില്ലെന്നായിരുന്നു നിലപാട്. താലൂക്ക്, ജില്ലാ ലേബർ ഓഫിസർമാർക്ക് തൊഴിൽ കാർഡിന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ഇതിനു ശേഷം കോടതി വഴിയാണ് സ്ഥാപനത്തിലെ തൊഴിലാളികൾ തൊഴിൽ കാർഡ് നേടിയത്. ഇതിനു ശേഷമാണ് സ്ഥാപനത്തിനു മുന്നിൽ തൊഴിലാളി സംഘടനകൾ പന്തൽ കെട്ടി സമരം തുടങ്ങിയത്. സ്വന്തം സ്ഥാപനത്തിനുള്ളിൽ ഔദ്യോഗിക തൊഴിൽ കാർഡുള്ള തൊഴിലാളികൾ ഉണ്ടായിട്ടും പുറത്തുള്ളവരെ ജോലിക്കു വയ്ക്കുക എന്നത് പ്രായോഗികമല്ലെന്നും ബിജു പറഞ്ഞു. തൊഴിലാളികൾ സമരം ചെയ്യേണ്ടിയിരുന്നത് തന്റെ കടയുടെ മുൻപിലല്ല, ചുമട്ടുതൊഴിലാളി ബോർഡ് ഓഫിസിനു മുൻപിലാണ്.

ഷാർജയിൽ പ്രളയ ഫണ്ട് ശേഖരിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗമാണ് തന്നെ കേരളത്തിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചത്. പ്രവാസികൾ നാട്ടിൽ പണം മുടക്കി വ്യവസായം തുടങ്ങിയാലേ കേരളം പുരോഗതിയിലെത്തൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 3 സ്ഥാപനങ്ങളിലായി 40ൽപരം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. പുതുതായി കൺസ്ട്രക്ഷൻ കമ്പനിയും തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും ബിജു പറഞ്ഞു. ഇവിടെ വ്യാപാരം തുടങ്ങിയശേഷം വിദേശത്തുനിന്ന് കുടുംബത്തെ നാട്ടിലെത്തിച്ചു. കുട്ടികളെ നാട്ടിലെ സ്‌കൂളിൽ ചേർത്തുവെന്നും ബിജു പറഞ്ഞു.
പ്രശ്‌നം വഷളായാൽ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി തിരിച്ചുപോകേണ്ടി വരുമെന്നാണ് ആശങ്ക.

അതേസമയം സി.കെ.മെറ്റീരിയൽസ് ഉടമയുടെ പിടിവാശിയാണ് സ്ഥാപനം പൂട്ടാൻ കാരണമെന്ന് സമരം നടത്തുന്ന തൊഴിലാളികൾ പറഞ്ഞു. സ്ഥാപനം പൂട്ടാൻ വേണ്ടിയല്ല തൊഴിലാളികൾ സമരം ചെയ്യുന്നത്. ചേനോളി റോഡിലെ സി. പൂളിൽ സർക്കാർ അംഗീകാരമുള്ള തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനു വേണ്ടിയാണ്. തങ്ങൾ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഗാന്ധിയൻ മാർഗത്തിൽ സ്ഥാപനത്തിനു പുറത്ത് പന്തൽ കെട്ടിയാണ് സമരം നടത്തുന്നത്. സ്ഥാപനത്തിനുള്ളിൽ കയറുകയോ വരുന്ന വാഹനങ്ങൾ തടയുകയോ ചെയ്തിട്ടില്ല. സ്ഥാപനത്തിനു മുന്നിൽ നടത്തുന്ന സമരം തുടരും. ട്രേഡ് യൂണിയനുമായി ചർച്ച നടത്തി സമരത്തിന്റെ രൂപം മാറ്റാനുള്ള തീരുമാനത്തിലാണ് സമര സമിതി. ഉടമ പിടിവാശി ഉപേക്ഷിച്ച് പ്രശ്‌ന പരിഹാരത്തിനു തയാറാകണം. സ്ഥാപനം തുറക്കുന്നതു വരെ സമരം തുടരുമെന്നും തൊഴിലാളികൾ പറഞ്ഞു.

2019 നവംബറിലാണ് കട തുടങ്ങിയത്. ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ രജിസ്റ്റർചെയ്ത സി പൂളിൽപ്പെട്ട 21 തൊഴിലാളികളാണ് ഈ മേഖലയിൽ സാധനങ്ങൾ ഇറക്കിയിരുന്നത്. വിൽക്കുന്ന സാധനങ്ങൾ വാഹനത്തിൽ കയറ്റിനൽകുന്ന ജോലി കടയിലുള്ള തൊഴിലാളികളും ചെയ്തു. കട തുടങ്ങിയ സമയത്തു തന്നെ കടയിലെ ജീവനക്കാർക്ക് തൊഴിൽ കാർഡിന് ഉടമ അപേക്ഷ നൽകിയിരുന്നു. ലഭിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരം ആറു ജീവനക്കാർക്ക് തൊഴിൽ കാർഡ് ലഭിച്ചതോടെ കഴിഞ്ഞ ഡിസംബറിൽ ഇവരെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാനും തുടങ്ങി. ഇത് ചുമട്ടുതൊഴിലാളികൾ തടഞ്ഞപ്പോഴാണ് പ്രശ്‌നമുണ്ടായത്. വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും കടയിലെത്തി ഉടമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP