Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗൾഫിൽ വൻ ശമ്പള വാഗ്ദാനം നൽകി തട്ടിപ്പ്; യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളി നഴ്‌സുമാർ: നഷ്ടമായത് ലക്ഷങ്ങൾ

ഗൾഫിൽ വൻ ശമ്പള വാഗ്ദാനം നൽകി തട്ടിപ്പ്; യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളി നഴ്‌സുമാർ: നഷ്ടമായത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ

ദുബായ്: മലയാളി നഴ്‌സുമാർക്ക് ഗൾഫിൽ ജോലി വാഗ്ദാനം നൽകി വീണ്ടും തട്ടിപ്പ്. കോയമ്പത്തൂർ ആസ്ഥാനമാക്കിയുള്ള ധനു ടൂർസ് ആൻഡ് ട്രാവൽസിന്റെ ചതിയിൽ കുടുങ്ങിയ നിരവധി മലയാളി നഴ്‌സുമാരാണ് വിവിധ എമിറേറ്റുകളിൽ ദുരിതത്തിൽ കഴിയുന്നത്. ഗൾഫിലെ ജോലി സ്വപ്‌നം കണ്ട് ലക്ഷങ്ങൾ നൽകിയവരാണ് ചതിക്കുഴിയിൽപ്പെട്ടത്. നാട്ടിലേക്ക് തിരികെ എത്താൻ പോലും കഴിയാത്ത അവസ്ഥയിൽ ദുരിതത്തിൽ കഴിയുകയാണ് ഇവർ.

യുഎഇയിലെ വിവിധ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്ത് വീസയ്ക്കും മറ്റുമായി രണ്ടു ലക്ഷത്തോളം രൂപ ഈടാക്കിയാണ് വിവിധ ബാച്ചുകളായി നഴ്‌സുമാരെ കൊണ്ടുവന്നിട്ടുള്ളത്. ഇത്തരത്തിൽ നേരത്തെയും ഒട്ടേറെ മലയാളി നഴ്‌സുമാർ വഞ്ചിക്കപ്പെട്ടിരുന്നു. വഞ്ചിക്കപ്പെട്ടവരിൽ വയനാട്, ഇടുക്കി, എറണാകുളം സ്വദേശികളായ മൂന്നു നഴ്‌സുമാർ ഇപ്പോൾ ഷാർജയിലെ കുടുസ്സുമുറിയിൽ ഭക്ഷണം പോലുമില്ലാതെയാണ് കഴിയുന്നത്.

ധനു ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി സുരേഷാണ് 1,70,000 രൂപ കൈപ്പറ്റി യുഎഇയിലെ വിവിധ ആശുപത്രികളിൽ ജോലി നൽകാമെന്ന് പറഞ്ഞ് സന്ദർശക വീസയിൽ നഴ്‌സുമാരെ യുഎഇയിലെത്തിച്ചത്. യുഎഇയിലെത്തിയതിന്റെ പിറ്റേന്നു തന്നെ സുരേഷ് ഇയാളുടെ സുഹൃത്തുക്കളുടെ മുറിയിൽ ഓഫിസ് ഒരുക്കി വ്യാജ ഇന്റർവ്യൂ നടത്തി നഴ്‌സുമാരെ വിശ്വസിപ്പിക്കുകയാണ് ആദ്യം ചെയ്തത്. വൈകാതെ ജോലിയിൽ പ്രവേശിപ്പിക്കും എന്നറിയിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഫോൺ വിളിച്ചിട്ട് പോലും സുരേഷ് എടുത്തില്ല. ഇതോടെയാണ് ചതി തിരിച്ചറിഞ്ഞത്.

തങ്ങളെ പോലെ ഇതേ ഏജൻസിയുടെ ചതിയിൽപ്പെട്ട് യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മലയാളി നഴ്‌സുമാർ കഴിയുന്നതായും ഇവർ അറിയിച്ചു. 10 ദിവസം മുൻപാണ് ഷാർജയിലുള്ള നഴ്‌സുമാർ യുഎഇയിലെത്തിയത്. കേരളത്തിലെ വിവിധ കോളജുകളിൽ നിന്ന് ജനറനൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി (ജിഎൻഎം) സർടിഫിക്കറ്റ് നേടിയവരാണ് മൂന്നുപേരും. പരിചയക്കാരായ ചിലരാണു കോയമ്പത്തൂരിലെ ഏജൻസിയെ ബന്ധപ്പെടുത്തിയത്.

ദരിദ്ര കുടുംബാംഗങ്ങളായ ഇവർ വളരെ ബുദ്ധിമുട്ടിയാണ് പണം സംഘടിപ്പിച്ച് നൽകിയത്. കോവിഡ് വാക്‌സിനേഷൻ, പരിശോധനാ കേന്ദ്രങ്ങളിലും മറ്റു ആശുപത്രികളിലോ ക്ലിനിക്കുകളിലോ പ്രതിമാസം 6,000 ദിർഹം(ഒരു ലക്ഷത്തിലേറെ രൂപ) ശമ്പളം, സൗജന്യ താമസം, ഭക്ഷണം, യാത്രാ സൗകര്യം, തൊഴിൽവീസ എന്നിവയായിരുന്നു പ്രലോഭനം. റിക്രൂട്ട്‌മെന്റിന്റെ നിയമ വശങ്ങളൊന്നും അറിയാത്ത ഇവർ ഉടൻ തന്നെ പണം നൽകി ഏജൻസി നൽകിയ സന്ദർശക വീസയിൽ യുഎഇയിലെത്തുകയായിരുന്നു.

ഭക്ഷണത്തിനു വകയില്ലാതെ ദുരിതത്തിലായ ഇവർ യുഎഇയിലുള്ള ബന്ധുക്കളുടെ സഹായത്തോടെയാണ് ഇപ്പോൾ കഴിയുന്നത്. കൂടാതെ, ഇവർ വിവിധ ആശുപത്രികളിൽ ജോലി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തങ്ങളിൽ നിന്ന് വൻ തുക തട്ടിയെടുത്ത് വഞ്ചിച്ച ട്രാവൽ ഏജൻസിക്കെതിരെ നഴ്‌സുമാർ മുഖ്യമന്ത്രിക്കും പൊലീസ് തലവനും പരാതി നൽകാൻ ഒരുങ്ങുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP