Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുനഃസംഘടനക്കായി സുധാകരൻ നടത്തിയത് തീവ്രശ്രമം; രണ്ട് മാസത്തോളം ഗ്രൂപ്പു നേതാക്കളും എംപിമാരുമായും ചർച്ച നടത്തി; അന്തിമ ലിസ്റ്റിനോട് അടുത്തപ്പോൾ നിസ്സഹകരണവുമായി സതീശൻ; പിന്നാലെ പുനഃസംഘടന മരവിപ്പിച്ചെന്ന് ഡൽഹിയിൽ നിന്നുള്ള ഫോൺകോൾ; കോൺഗ്രസിൽ പ്രശ്‌നങ്ങൾക്ക് കാരണം കെസി- വിഡി ഗ്രൂപ്പോ?

പുനഃസംഘടനക്കായി സുധാകരൻ നടത്തിയത് തീവ്രശ്രമം; രണ്ട് മാസത്തോളം ഗ്രൂപ്പു നേതാക്കളും എംപിമാരുമായും ചർച്ച നടത്തി; അന്തിമ ലിസ്റ്റിനോട് അടുത്തപ്പോൾ നിസ്സഹകരണവുമായി സതീശൻ; പിന്നാലെ പുനഃസംഘടന മരവിപ്പിച്ചെന്ന് ഡൽഹിയിൽ നിന്നുള്ള ഫോൺകോൾ; കോൺഗ്രസിൽ പ്രശ്‌നങ്ങൾക്ക് കാരണം കെസി- വിഡി ഗ്രൂപ്പോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരൻ എത്തിയതിന് ശേഷമാണ് കോൺഗ്രസിൽ സംഘടനാ പ്രവർത്തനത്തിന് ഒരു പുതിയ ഊർജ്ജം വന്നത്. ഇക്കാര്യം എല്ലാം പ്രവർത്തകരും അംഗീകരിക്കുന്ന കാര്യവുമാണ്. എന്നാൽ, അടുത്തിടെ വിഡി സതീശനുമായുള്ള ചെറിയ പിണക്കങ്ങളും ഡൽഹിയിൽ നിന്നുള്ള കെ സി വേണുഗോപാലിന്റെ ചരടുവലിയുമാണ് കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമായിരിക്കിരുന്നത്. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയവർ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കെ സി - വിഡി അച്ചുതണ്ടാണ് കോൺഗ്രസ് പുനഃസംഘടനയ്ക്കും ഇപ്പോൾ തടസ്സമായിരിക്കുന്നത്.

രണ്ടു മാസമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ജില്ലകളിലും കെപിസിസി ആസ്ഥാനത്തും തുടരുന്ന പുനഃസംഘടനാ പ്രക്രിയയാണ് എഐസിസി നേതൃത്വത്തിന്റെ ഒരു ഫോൺ വിളിയോടെ നിലച്ചത്. കെ സുധാകരൻ അത്യധ്വാനം നടത്തിയാണ് ഈ വിഷയത്തിൽ ഗ്രൂപ്പു നേതാക്കളും എംപിമാരുമായി സംസാരിച്ചതും. അങ്ങനെ എല്ലാവരുമായി ചർച്ച നടത്തിയ ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കേ പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും നിസ്സഹകരണം ഉണ്ടായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവെച്ചത്. സതീശനും സിദ്ധീഖും കെ സിയും അടങ്ങുന്ന ചേരി അവരുടെ ഇഷ്ടക്കാർക്ക് വേണ്ടി നില കൊണ്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മറുവശത്ത് കോൺഗ്രസിലെ ഗ്രൂപ്പുകളെ തള്ളാതെയും പുതിയ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്ന സമീപനമായിരുന്നു സുധാകരന്റേത്.

കെപിസിസി നിർവാഹക സമിതി ചേർന്നു മാനദണ്ഡങ്ങൾ നിശ്ചയിച്ചശേഷം, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റുമാരാണു പ്രാഥമിക പട്ടിക തയാറാക്കിയത്. ജില്ലയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളുമായി ചർച്ച നടത്തി തയാറാക്കിയ പട്ടികയിൽ ഓരോ ജില്ലയിലും 100 മുതൽ 200 വരെ പേർ ഇടംപിടിച്ചു. ഈ പട്ടികയാണു കെപിസിസി ആസ്ഥാനത്തെത്തിയത്. ഇതിനൊപ്പം ഗ്രൂപ്പുകളുടെയും എംപിമാർ, എംഎൽഎമാർ എന്നിവരുടെയും നിർദ്ദേശങ്ങൾ എത്തി.

10 ജില്ലകളുടെ പ്രാഥമിക പട്ടിക അഭിപ്രായമറിയിക്കാൻ എട്ടു ദിവസം മുൻപു പ്രതിപക്ഷ നേതാവിനു കൈമാറി. തുടർന്ന് 14 ജില്ലകളുടെയും ചുരുക്കപ്പട്ടിക കെപിസിസി ഓഫിസിൽ തയാറാക്കി. ഈ പട്ടിക ചർച്ച ചെയ്യാനാണു തിങ്കളാഴ്ച കെ.സുധാകരനും വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഇവിടെ വെച്ച് കെസി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടായതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്.

കേരളത്തിൽ കോൺഗ്രസ് പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നിൽക്കെ കെപിസിസി നേതൃത്വം തയാറാക്കിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക ഹൈക്കമാൻഡ് മരവിപ്പിച്ചു. മുതിർന്ന നേതാക്കൾ, എംപിമാർ എന്നിവരടക്കമുള്ളവരുമായി വിശദ കൂടിയാലോചനയ്ക്കു ശേഷമേ പട്ടികയ്ക്ക് അന്തിമരൂപം നൽകാവൂ എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി നേതൃത്വത്തോടു നിർദ്ദേശിച്ചു.

ചില എംപിമാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്നു പരാതിയുള്ളതിനാൽ നടപടികൾ നിർത്താൻ താരിഖ് അൻവർ ഫോണിലൂടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു. ആർക്കാണു പരാതിയെന്നും അത് എന്താണെന്നും അറിയിക്കുന്നതിനു പകരം, പുനഃസംഘടന നിർത്തിവയ്ക്കാൻ നിർദ്ദേശിക്കുന്നതു ശരിയായ രീതിയല്ലെന്നു താരിഖ് അൻവറിന് അയച്ച കത്തിൽ സുധാകരൻ തിരിച്ചടിച്ചതും അതുകൊണ്ടാണ്.

പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നാണു സുധാകരന്റെ നിലപാട്. 14 ജില്ലകളുടെയും അന്തിമപട്ടികയുടെ കരട് പ്രതിപക്ഷനേതാവ് വി.ഡി.സതീശനു നൽകിയെന്നും സതീശന്റെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെപിസിസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. പുനഃസംഘടന സുതാര്യവും നിഷ്പക്ഷവുമായാണു മുന്നോട്ടുപോയതെന്നു കുറിപ്പിൽ വിശദീകരിക്കുന്നു.

രണ്ടു മാസമായി തുടരുന്ന പ്രക്രിയ പൂർത്തിയായ ഘട്ടത്തിൽ ഇത്തരം ഇടപെടൽ നടത്തിയാൽ പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അടുത്ത സഹപ്രവർത്തകരോടു സുധാകരൻ സൂചിപ്പിച്ചിരുന്നു. പുനഃസംഘടന നിർത്തിവയ്ക്കാനല്ല, മറിച്ച് തൽക്കാലത്തേക്കു നീട്ടാനാണു നിർദ്ദേശിച്ചതെന്നു താരിഖ് പറഞ്ഞു. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക അന്തിമമാക്കാൻ തിങ്കളാഴ്ച രാത്രി കെപിസിസി ഓഫിസിൽ സുധാകരനും വി.ഡി.സതീശനും ചർച്ച നടത്തുന്ന സമയത്തായിരുന്നു താരിഖിന്റെ ഫോൺ വിളി. പരാതി പരിശോധിക്കാമെന്നും പട്ടിക പ്രഖ്യാപിക്കാനിരിക്കെ നിർത്തിവയ്ക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു. താൻ നിസ്സഹായനാണെന്നായിരുന്നു താരിഖിന്റെ മറുപടി.

പരാതി നൽകിയില്ലെന്ന് എംപിമാർ

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ചു ഹൈക്കമാൻഡിനു പരാതി നൽകിയ എംപിമാർ ആരെന്ന് ആരും വെളിപ്പെടുത്തുന്നില്ല. പരാതിപ്പെട്ടവരുടെ കൂട്ടത്തിൽ പേരു പറഞ്ഞു കേൾക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ, താൻ പരാതി നൽകിയിട്ടില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കെ സി വേണുഗോപാൽ ഉണ്ടാക്കിയ ഇല്ലാക്കഥയാണ് ഇതെന്നാണ് പൊതുവിൽ ഉയർന്നിരിക്കുന്ന വികാരം. കെ.സുധാകരനും വി.ഡി.സതീശനും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണു ഹൈക്കമാൻഡിന്റെ ഇടപെടലെന്ന് എ, ഐ ഗ്രൂപ്പുകൾ ആരോപിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ കേരളത്തിലെ പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ആദ്യഘട്ടത്തിൽ ഇരു ഗ്രൂപ്പുകളും ഒരുമിച്ചു ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർത്തിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും പുനഃസംഘടനയുമായി മുന്നോട്ടു പോകാമെന്നുമായിരുന്നു അന്നു ഹൈക്കമാൻഡ് നിലപാട്.

സംസ്ഥാനത്തെ പ്രബല ഗ്രൂപ്പുകളും നേതാക്കളും ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും നിർത്തിവയ്ക്കാത്ത പുനഃസംഘടന, ഈ ഘട്ടത്തിൽ ഏതാനും എംപിമാരുടെ പരാതിയുടെ പേരിൽ നിർത്തിവയ്ക്കുന്നതിനു പിന്നിൽ മറ്റു താൽപര്യങ്ങളാണെന്നും ഇവർ ആരോപിക്കുന്നു. ഹൈക്കമാൻഡിനെ ഈ ഘട്ടത്തിൽ ഇടപെടുത്തിയത് പട്ടികയെ സ്വാധീനിക്കാനുള്ള ചിലരുടെ സമ്മർദ തന്ത്രമായി കെപിസിസി നേതൃത്വവും കാണുന്നുണ്ട്. തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലമുൾപ്പെട്ട ജില്ലയിലെ പുനഃസംഘടനാ ചർച്ചകളിൽ ഭാഗമാക്കിയില്ലെന്ന് എംപിമാർ താരിഖിനോടു കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. ജില്ലകളിലെ ഭാരവാഹികൾ ആരൊക്കെയെന്ന് കെ. സുധാകരൻ മുൻകൂട്ടി അറിയിക്കാത്തതിലും ചില എംപിമാർ അതൃപ്തി അറിയിച്ചു. കെപിസിസി നേതൃത്വം തയാറാക്കിയ പട്ടികയിലുൾപ്പെട്ടവർ സ്വീകാര്യതയില്ലാത്തവരാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അത് തങ്ങൾക്കു തിരിച്ചടിയാകുമെന്നും എംപിമാർ ചൂണ്ടിക്കാട്ടി.

കൂടിയാലോചന നടത്തിയില്ലെന്ന് ഒട്ടേറെ നേതാക്കളും എംപിമാരും പരാതി അറിയിച്ചതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പട്ടികയ്ക്ക് രൂപം നൽകാനാണു നിർദ്ദേശിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. വേണ്ടത്ര സമയം എടുക്കാമെന്നും താരിഖ് വ്യക്തമാക്കി.

അതേസമയം കോൺഗ്രസ് പുനഃസംഘടനയിൽ ചില എംപിമാർ പരാതിപ്പെട്ടതായി വി.ഡി.സതീശൻ സ്ഥിരീകരിച്ചു. സുധാകരൻ ഹൈക്കമാൻഡിനു കത്തയച്ച കാര്യം അറിയില്ലെന്നും പുനഃസംഘടന പൂർത്തിയാക്കാൻ കെപിസിസി പ്രസിഡന്റിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട് കെപിസിസിയും വ്യക്തമാക്കുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംപിമാരുമായും എംഎൽഎമാരുമായും ആശയവിനിമയം നടത്തുകയും അവരിൽനിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നു കെപിസിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. എംപിമാരുടെ നിർദ്ദേശങ്ങൾ ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ സ്വീകരിച്ചതിനു പുറമേ, കെപിസിസി പ്രസിഡന്റ് എംപിമാരുമായി ആശയവിനിമയവും നടത്തി.

പ്രമുഖ നേതാക്കളും എംപിമാരും എംഎൽഎമാരും നൽകിയ നിർദ്ദേശങ്ങൾക്കു പ്രാധാന്യവും പ്രാതിനിധ്യവും നൽകിയിട്ടുണ്ട്. 14 ജില്ലകളുടെയും ചുരുക്കപ്പട്ടിക തയാറാക്കിയശേഷം പരിശോധിക്കാനായി പ്രതിപക്ഷ നേതാവിനു നൽകിയിരുന്നു. ഗ്രൂപ്പായിരുന്നില്ല, യോഗ്യതയും പരിചയസമ്പന്നതയും സംഘടനാ പാടവവുമായിരുന്നു മാനദണ്ഡം. പുനഃസംഘടനയിൽ ആർക്കാണു പരാതിയെന്നും അത് എന്താണെന്നും അറിയിക്കുന്നതിനു പകരം, ഈ ഘട്ടത്തിൽ പുനഃസംഘടന നിർത്തിവയ്ക്കാൻ നിർദ്ദേശിക്കുന്നതു ശരിയായ രീതിയല്ലെന്നു താരിഖ് അൻവറിന് അയച്ച കത്തിൽ കെ.സുധാകരൻ തിരിച്ചടിച്ചിരുന്നു.

രണ്ടു മാസമായി തുടരുന്ന പ്രക്രിയ പൂർത്തിയായ ഘട്ടത്തിൽ ഇത്തരം ഇടപെടൽ നടത്തിയാൽ പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അടുത്ത സഹപ്രവർത്തകരോടു സുധാകരൻ സൂചിപ്പിച്ചു. ഹൈക്കമാൻഡ് നിർദ്ദേശം വന്നതിനു പിന്നാലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരൻ ആശയവിനിമയവും നടത്തി. പുനഃസംഘടന നിർത്തിവയ്ക്കാനല്ല, മറിച്ച് തൽക്കാലത്തേക്കു നീട്ടാനാണു നിർദ്ദേശിച്ചതെന്നു താരിഖ് പറഞ്ഞു.

ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക അന്തിമമാക്കാൻ തിങ്കളാഴ്ച രാത്രി കെപിസിസി ഓഫിസിൽ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചർച്ച നടത്തുന്ന സമയത്തായിരുന്നു താരിഖിന്റെ ഫോൺ വിളി. പരാതി പരിശോധിക്കാമെന്നും പട്ടിക പ്രഖ്യാപിക്കാനിരിക്കെ നിർത്തിവയ്ക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു. തർക്കങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കണമെന്നും താൻ നിസ്സഹായനാണെന്നുമായിരുന്നു താരിഖിന്റെ മറുപടി. തുടർന്നാണു സുധാകരൻ ഇന്നലെ വിശദമായ കത്തയച്ചത്. സംഘടനാ സംവിധാനത്തെ അപ്പാടെ നിർജീവമാക്കുന്ന നടപടിയാണിതെന്നും കത്തിൽ സുധാകരൻ കുറ്റപ്പെടുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP