Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതീക്ഷയായി വീണ്ടും സമാധാന ശ്രമങ്ങൾ; റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച ബുധനാഴ്ച; യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു; വോട്ടെടുപ്പ് ഉടൻ; ആയുധ ബലം കൂട്ടാനും നീക്കം; പോരാട്ടം കടുക്കുന്നു; കീവ് വിടണമെന്ന് നഗരവാസികൾക്ക് മുന്നറിയിപ്പ് നൽകി റഷ്യ

പ്രതീക്ഷയായി വീണ്ടും സമാധാന ശ്രമങ്ങൾ; റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച ബുധനാഴ്ച; യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു; വോട്ടെടുപ്പ് ഉടൻ; ആയുധ ബലം കൂട്ടാനും നീക്കം; പോരാട്ടം കടുക്കുന്നു; കീവ് വിടണമെന്ന് നഗരവാസികൾക്ക് മുന്നറിയിപ്പ് നൽകി റഷ്യ

ന്യൂസ് ഡെസ്‌ക്‌

മോസ്‌കോ: സൈനിക നടപടികൾ ആറാം ദിനത്തിലും ശക്തമായി തുടരുന്നതിനിടെ റഷ്യയും - യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ ബുധനാഴ്ച (മാർച്ച് 2) നടക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടർന്നാണ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും യോഗം ചേരുന്നത്.

അതിനിടെ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈന്റെ അപേക്ഷ യൂണിയന്റെ പരിഗണനയിലാണ്. അൽപ സമയത്തിനകം ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. യുക്രെയിനെ അംഗമാക്കിയാൽ നിയമപ്രകാരം സുരക്ഷാ ആവശ്യങ്ങൾക്കായി അംഗരാജ്യങ്ങൾക്ക് സൈനികരെ യുക്രൈനിലേക്ക് അയയ്ക്കാനാവും.

കഴിഞ്ഞ ദിവസം നടന്ന സമാധാന ചർച്ചയിൽ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ചില കാര്യങ്ങളിൽ ധാരണയിലെത്തിയിരുന്നുവെന്ന് റഷ്യ ടുഡേ (ആർടി) റിപ്പോർട്ട് ചെയ്തു. അടുത്ത ഘട്ട ചർച്ചക്ക് മുന്നോടിയായി പ്രതിനിധികൾ അവരുടെ സർക്കാരുകളുമായി കൂടിയാലോചന നടത്തുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ബെലാറുസ് അതിർത്തി നഗരമായ ഗൊമിൽ തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകൾ അഞ്ച് മണിക്കൂറോളം നീണ്ടിരുന്നു. പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ്, സെലെൻസ്‌കിയുടെ പാർട്ടിയായ സെർവന്റ് ഓഫ് ദ പീപ്പിളിന്റെ പാർലമെന്ററി പാർട്ടി നേതാവ്, വിദേശകാര്യ ഉപമന്ത്രി മൈക്കോള ടോചിറ്റ്സ്‌കി എന്നിവരാണ് യുക്രൈൻ സംഘത്തെ ചർച്ചയിൽ പ്രതിനിധാനം ചെയ്തത്.

പ്രശ്നപരിഹാരത്തിന് ചില രൂപരേഖകളുണ്ടാക്കിയെന്നും അതു നടപ്പാക്കുംമുമ്പ് വീണ്ടും ചർച്ചയുണ്ടാകുമെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ ഉപദേഷ്ടാവ് മിക്കേലോ പൊഡോൾയാക് പറഞ്ഞിരുന്നു. അടിയന്തര വെടിനിർത്തലും റഷ്യൻ സൈന്യത്തെ പിൻവലിക്കലുമാണ് യുക്രൈൻ ആദ്യഘട്ട ചർച്ചയിൽ ആവശ്യപ്പെട്ടത്.

ഇക്കാര്യത്തിലെ നിലപാട് റഷ്യ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്ന കരാറുണ്ടാക്കാനാണ് താത്പര്യമെന്ന് റഷ്യയുടെ ചർച്ചാസംഘത്തെ നയിച്ച സാംസ്‌കാരികമന്ത്രി വ്ലാദിമിർ മെദെൻസ്‌കി പറഞ്ഞിരുന്നു. അതേസമയം, സമാധാന ചർച്ചകൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളിൽ റഷ്യൻ സേനയുടെ അക്രമം തുടരുകയാണ്.

അതിനിടെയാണ് യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ യുക്രൈൻ അതിവേഗ നീക്കം നടത്തുന്നത്. യുക്രൈന്റെ അപേക്ഷ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചിരുന്നു.. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി സംസാരിച്ചതിന് പിന്നാലെയാണ് നടപടി.

റഷ്യയുടെ ആക്രമണത്തിന് പകരമായി യുക്രൈനിലെ ജനങ്ങൾ വലിയ വിലയാണ് നൽകുന്നത്. ഖാർകിവ് നഗരത്തിൽ രാവിലെ ക്രൂയിസ് മിസൈലുകളാണ് പതിച്ചതെന്നും ഏറ്റവുമധികം സർവകലാശാലകളുള്ള നഗരമാണ് ഖാർകീവെന്നും സെലൻസ്‌കി ഓർമിപ്പിച്ചു. സ്വന്തം ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി മാത്രമാണ് ഞങ്ങൾ പോരാടുന്നത്. യുക്രൈനുമുണ്ടെങ്കിൽ യൂറോപ്യൻ യൂണിയൻ കൂടുതൽ ശക്തമാകും. യൂറോപ്യൻ യൂണിയൻ ഇല്ലെങ്കിൽ യു്‌ക്രൈൻ ഒന്നുമല്ലാതകുമെന്നും സെലൻസ്‌കി യുറോപ്യൻ പാർലമെന്റിൽ പറഞ്ഞു.

യുക്രൈന്റെ സ്വാതന്ത്ര്യ ചത്വരം അവർ തകർത്തു. പക്ഷേ യുക്രൈനെ തകർക്കാൻ ആർക്കും കഴിയില്ല. കാരണം ഇത് യുക്രെയ്നികളാണ്.. യൂറോപ്യന്മാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമുണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു.

റഷ്യക്കെതിരെ യുക്രെയിൻ ശക്തി ക്ഷയിക്കുമ്പോൾ ആയുധ ബലം കൂട്ടാനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ. യുക്രെയിന് എഴുപതോളം യുദ്ധവിമാനങ്ങൾ നൽകാനാണ് തീരുമാനം. യൂറോപ്യൻ യൂണിയനിലെ മൂന്ന് രാജ്യങ്ങളാണ് ഈ തീരുമാനമെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മിഗ്29, എസ് യു25 തുടങ്ങിയ വിമാനങ്ങൾ നൽകാനാണ് ബൾഗേറിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ തീരുമാനം. ഇതിൽ ബൾഗേറിയ 16 മിഗ് 29 യുദ്ധവിമാനങ്ങളും 14 എസ് യു 25 യുദ്ധവിമാനങ്ങളും നൽകും.

പോളണ്ട്, സ്ലൊവാക്യ എന്നിവ യഥാക്രമം 28ഉം 12 ഉം മിഗ്29 യുദ്ധവിമാനങ്ങൾ യുക്രെയിന് കൈമാറും.യുദ്ധവിമാനങ്ങൾക്ക് പുറമേ യുക്രെയിന് ആയുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം നൽകാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളിൽ ഒരാളായാണ് യുക്രെയിനെ കാണുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രഖ്യാപിച്ചു. ഫിൻലാൻഡ്, നോർവേ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളും യുക്രൈൻ സർക്കാരിന് സൈനിക സഹായം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.

അതേ സമയം ആറാം ദിവസവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കീവും കാർകിവും വളഞ്ഞ് പിടിക്കാൻ വൻ സേനാ നീക്കമാണ് റഷ്യ നടത്തുന്നത്. കീവിൽ താമസിക്കുന്ന നഗരവാസികളോട് ഉടൻ ഇവിടം വിടാൻ റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട യുക്രൈനിലെ ഹർകീവിലാണ് ആറാംദിനം റഷ്യ ആക്രമണം കടുപ്പിച്ചത്. സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടെന്നും 35 പേർക്കു പരുക്കേറ്റെന്നും യുക്രൈൻ അറിയിച്ചു. റഷ്യയുടെ കൂടുതൽ സൈനികസന്നാഹം കീവ് നഗരത്തോട് അടുക്കുകയാണ്. പോരാട്ടം തുടരുമെന്ന് യുക്രൈനും ആവർത്തിച്ചു.

റഷ്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഹർകീവ് പട്ടണത്തിൽ, സ്വാതന്ത്ര്യ ചത്വരത്തിൽ സർക്കാർ കാര്യാലയം ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. സമീപകെട്ടിട ഭാഗങ്ങളും ചിന്നിച്ചിതറി. ആക്രമണാനന്തരം ചത്വരത്തിൽ യുക്രൈൻ ജനത പ്രതിഷേധവുമായിറങ്ങി. തലസ്ഥാന നഗരിയായ കീവിൽ, നഗരാതിർത്തിയിലും പരിസരത്തും ഷെല്ലാക്രമണം തുടരുകയാണ്. 65 കിലോമീറ്റർ നീളമുള്ള റഷ്യൻ ടാങ്ക് വ്യൂഹം കീവിലേക്ക് നീങ്ങുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

കീവ് ലക്ഷ്യമിട്ട് റഷ്യൻ പട്ടാളം ശക്തമായ നീക്കം നടത്തിയേക്കുമെന്നാണ് സൂചന. ശക്തമായ പോരാട്ടം നടക്കുന്ന ഖേഴ്‌സൻ നഗരത്തിന്റെ അതിർത്തികളിൽ റഷ്യൻ സൈന്യം ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു. യുക്രൈന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങളുടെ കൂട്ട പലായനം തുടരുകയാണ്. രണ്ടര ലക്ഷംപേരാണ് പോളണ്ട് അതിർത്തി കടക്കാനായി കാത്തുനിൽക്കുന്നത്.

യുഎൻ പൊതുസഭയിൽ ഇന്നും ചർച്ചകൾ തുടരും. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. യുക്രെയ്ൻ കീഴടങ്ങില്ലെന്നും, ശക്തമായ പോരാട്ടം തുടരുമെന്നും വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഇനിയും ആവശ്യമെന്നും ദിമിത്രോ കുലേബ പറഞ്ഞു. അതേസമയം യൂറോപ്പിൽ സ്ഥാപിച്ചിരിക്കുന്ന ആണവായുധങ്ങൾ അമേരിക്ക പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. യുക്രെയ്‌നിൽ ആണവായുധം എത്താതിരിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് പറഞ്ഞു. ലക്ഷ്യം നേടുംവരെ യുക്രെയ്‌നിൽ സൈനികനടപടി തുടരുമെന്ന് സെർഗെയ് ലാവ്റോവ് വ്യക്തമാക്കി.

യുദ്ധം കനത്തതോടെ ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. ട്രെയിനോ മറ്റ് മാർഗ്ഗങ്ങളോ തേടാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് എംബസി. ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ പറയുന്നത്. രക്ഷാദൗത്യത്തിന് വ്യോമസേനാ വിമാനങ്ങളും ഭാഗമാകുമെന്നാണ് വിവരം. കർണാടക സ്വദേശി നവീന്റെ കൊലപാതകത്തിന് പിന്നാലെ ഡൽഹിയിലെ റഷ്യ, യുക്രൈൻ അംബാസഡർമാരെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.

ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് നവീൻ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നവീനൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറഞ്ഞു. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു നവീൻ എസ് ജ്ഞാനഗൗഡർ. പ്രദേശത്ത് കർഫ്യൂ തുടരുന്നുണ്ടെങ്കിലും കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീരാറായതോടെയാണ്, ഇത് വാങ്ങാനായി നവീൻ ബങ്കറിൽ നിന്ന് പുറത്തിറങ്ങിയത്. സാധനങ്ങൾ വാങ്ങാൻ രാവിലെ കടയിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം.

തൊട്ടുസമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിർത്തിയിലേക്ക് തിരിക്കുമെന്നും പറഞ്ഞ് രാവിലെ നവീൻ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. മകന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് മരണവാർത്ത അറിയിച്ചത്. സാഹചര്യം അനുകൂലമാകുന്നതനുസരിച്ച് നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് കാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്.

ഓപ്പറേഷൻ ഗംഗ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. മിഷന്റെ ഭാഗമാകാൻ വ്യോമസേന വിമാനങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. നാല് സി 17 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും. യുക്രൈയിനിലേക്ക് മരുന്നുമായി പുറപ്പെടുന്ന സി 17 വ്യോമസേന വിമാനത്തിൽ പരാമവധി വിദ്യാർത്ഥികളെ തിരികെ എത്തിക്കാനാണ് നീക്കം. സർക്കാരിന്റെ അവസാന നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി പോളണ്ടിൽ നിന്നടക്കം കൂടുതൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് തിരികെ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP