Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊട്ടു സൂചികൾ വായ്ക്കുള്ളിലാക്കി ചവച്ച് സ്വയം പരിക്കുണ്ടാക്കി രക്തം തുപ്പും; കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പിൽ വച്ച് ശരീരം മുഴുവൻ വരഞ്ഞ് ചോരയിൽ കുളിക്കും; സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടുന്ന മോഷ്ടാവ് തീവെട്ടി ബാബുവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മൊട്ടു സൂചികൾ വായ്ക്കുള്ളിലാക്കി ചവച്ച് സ്വയം പരിക്കുണ്ടാക്കി രക്തം തുപ്പും; കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പിൽ വച്ച്  ശരീരം മുഴുവൻ വരഞ്ഞ് ചോരയിൽ കുളിക്കും; സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടുന്ന മോഷ്ടാവ് തീവെട്ടി ബാബുവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അഡ്വ.പി.നാഗരാജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് 200 ഓളം മോഷണക്കേസിൽ പ്രതിയും തലസ്ഥാനവാസികൾക്ക് പേടി സ്വപ്നവുമായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന് ഭവന ഭേദന കവർച്ചാ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ഒന്നാം പ്രതിയായ ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. എ സി ജെ എം വിവിജാ രവീന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് അറസ്റ്റ് വാറണ്ടുത്തരവ് ഉത്തരവിട്ടത്.

കേരളത്തിലുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൊല്ലം ഉളിയനാട് വില്ലേജിൽ പൂതക്കുളം കുളത്തൂർക്കോണം നന്ദു ഭവനിൽ തീവെട്ടി ബാബു എന്ന ബാബു (62) വിനെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത രണ്ടാം പ്രതി കളിയിക്കാവിള സ്വദേശി അബ്ദുൾ റൗഫ് (24) ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായി പ്രതികളോട് ഹാജരാകാനുത്തരവിട്ട സാഹചര്യത്തിലാണ് ഒന്നാം പ്രതി തീവെട്ടി ബാബു കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയത് മുങ്ങിയത്.

പൂജപ്പുര അൻവർ ഗാർഡൻസിന് സമീപം ശ്രീ വീട്ടിൽ റിട്ടയേഡ് ഐ ആർ എസ് ( ഇന്ത്യൻ റെവന്യൂ സർവ്വീസ് ) ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെ വീട് രാത്രി പതുങ്ങിയിരുന്ന് വാതിൽ കുത്തിത്തുറന്ന് ഭവനഭേദനം നടത്തി അലമാരയിലെ സ്വർണ്ണവും വില പിടിപ്പുള്ള ഇലക്ടോണിക് ഉപകരണങ്ങളുമടക്കം 4 ലക്ഷം രൂപയുടെ കവർച്ച നടത്തിയ കേസിലാണ് വിചാരണ ആരംഭിക്കാനിരുന്നത്. ജൂലൈ 20 ന് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ സെപ്റ്റംബർ 18 നാണ് പൂജപ്പുര പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

ജൂലൈ 9 മുതൽ മൂന്നു ദിവസം വീട്ടിൽ ആളില്ലായെന്ന് മനസിലാക്കിയ മോഷ്ടാക്കൾ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി കവർച്ച നടത്തുകയായിരുന്നു. സിറ്റി ഷാഡോ പൊലീസാണ് പ്രതികളെ ജൂലൈ 20 ന് വലയിലാക്കിയത്. ചോദ്യം ചെയ്തതിൽ മാർച്ച് മാസത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ മണക്കാടുള്ള സർക്കിൾ ഓഫീസിന്റെ ഗേറ്റ് പൊളിച്ച് അകത്ത് കടന്ന് ഓഫീസിൽ സൂക്ഷിച്ചിരുന്ന ആക്റ്റീവ സ്‌ക്കൂട്ടർ മോഷ്ടിച്ചു കൊണ്ടു പോയതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്പിൽ വീട്ടിൽ മുഹമ്മദ് റഫീക്കിന്റെ വീട്ടിൽ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ചതും തീവെട്ടി ബാബുവാണെന്ന് കുറ്റസമ്മത മൊഴി നൽകിയതായി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.

അപകടകാരിയായ പ്രതിയാണ് ബാബു. അറസ്റ്റു ചെയ്യാനായി പിന്തുടരുന്ന പൊലീസിന് പിടികൊടുക്കാതെ അപകടങ്ങളുണ്ടാക്കിയും കൈയിൽ കിട്ടുന്ന എന്തുമുപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചും രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പിടികൂടുന്ന വീട്ടുകാരെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തും. കോടതിയിൽ ചെന്നാൽ പൊലീസുകാർ ഉപദ്രവിച്ചുവെന്ന് പരാതി പറയും. ഒരിക്കൽ പിടിയിലായപ്പോൾ സ്റ്റേഷനിൽ നിന്ന് കൊടുത്ത കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പിൽ വച്ച് ശരീരം മുഴുവൻ വരഞ്ഞ് ചോരയിൽ കുളിച്ചു. മൊബൈൽ ഫോൺ ഇയാൾ ഉപയോഗിക്കില്ല. മോഷണം നടത്തിയ ശേഷം വഴിയിൽ കാണുന്ന ആരുടെയെങ്കിലും ഫോൺ വാങ്ങി ഭാര്യയെ വിളിച്ച് പ്രത്യേക സ്ഥലത്ത് എത്താൻ പറയും.

ഇയാളുടെ ഭാര്യയാണ് മോഷണമുതൽ വിറ്റ് കാശാക്കുന്നത്. തുടർന്ന് ആഡംബര ജീവിതം നയിക്കും. മകൻ നന്ദു (27) അഞ്ചിൽ പരം പിടിച്ചുപറി കേസിൽ പ്രതിയാണ്. ഒടുവിൽ 13 കിലോ കഞ്ചാവ് കേസിൽ അകത്തായി. മോഷണ മുതൽ വിൽക്കാൻ സഹായിച്ചതിന് ഒരിക്കൽ ഭാര്യയെ റാന്നി സ്റ്റേഷനിൽ പിടികൂടി. എന്നാൽ സ്റ്റേഷൻ മേശയിൽ നിന്നെടുത്ത മൊട്ടു സൂചികൾ വായ്ക്കുള്ളിലാക്കി ചവച്ച് സ്വയം പരിക്കുണ്ടാക്കി രക്തം തുപ്പി. പിന്നെ ആശുപത്രിയിൽ ആയി പൊലീസിന് കാവൽ ഡ്യൂട്ടി. ഇയാളിൽ നിന്ന് തൊണ്ടി മുതൽ റിക്കവറി നടത്തുന്നത് പൊലീസിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേസ് വാദിക്കുന്നതും പ്രതി സ്വയമേയാണ്. മനുഷ്യാവകാശ കമ്മിഷന് വ്യാജ പരാതിയും അയക്കും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും കുറ്റം ആവർത്തിക്കുന്നതാണ് മുൻ ശിക്ഷാ പ്രതിയായ ഇയാളുടെ ശൈലി.

'മോഷണ കല ' യിൽ 30 വർഷത്തെ പ്രവൃത്തി പരിചയമുണ്ട് ബാബുവിന്. തിരുവനന്തപുരം മുതൽ തൃശൂർ വരെയായിരുന്നു ബാബു ആദ്യ കാലങ്ങളിൽ മോഷണങ്ങൾ നടത്തിയത്. എന്നാൽ പൊലീസുകാർ തിരിച്ചറിഞ്ഞതോടെ തട്ടകം മലപ്പുറത്തേക്ക് മാറ്റി പരീക്ഷിച്ചു. 2018 ജൂലൈ 31 ന് മലപ്പുറം വാഴക്കാട് പൊലീസ് എസ്‌കോർട്ടിൽ ബസിൽ കോടതിയിൽ കൊണ്ടു പോകവേ അകമ്പടി പൊലീസിനെ ബാബു അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും പൊലീസുകാർ പ്രതികരിക്കാതെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യുന്ന വീഡിയോ ബസിലെ ഒരു യാത്രക്കാരൻ പകർത്തിയത് വൈറലായി. വാഴക്കാട് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ മോഷണത്തിന് കയറിയപ്പോൾ വീട്ടുകാർ ഉറങ്ങിയിരുന്നില്ല. അവർ ഉറങ്ങിയിട്ടാകാം മോഷണമെന്ന് കരുതി കാത്തിരുന്ന ബാബുവും കൂട്ടാളിയും ഉറങ്ങിപ്പോയി. തുടർന്ന് മോഷണം കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കവേ വീട്ടുകാർ ഉറക്കമുണർന്നു.

മലപ്പുറത്തുകാർ തൊണ്ടി സഹിതം കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിലെ മറ്റൊരാളുടെ പേരിലുള്ള ആധാർ കാർഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കൂട്ടാളിക്കും ഇയാളുടെ യഥാർത്ഥ പേരറിയില്ല. ഒടുവിൽ മലപ്പുറം വഴിക്കാട് പൊലീസ് എ എസ്‌ഐ അസീസ് ഇയാളുടെ ഫോട്ടോ പൊലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു. തുടർന്ന് കൊല്ലം പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാജഹാൻ ഇയാളെ തിരിച്ചറിഞ്ഞ് വിവരം കൈമാറുകയായിരുന്നു.

തീ വെട്ടി ബാബു എന്ന പേര് വീണത് 

കള്ളനാകും മുമ്പ് നാട്ടുകാരുടെ മുന്നിലെ നല്ല പിള്ളയായിരുന്നു ബാബു. ഭക്തിയുടെ മാർഗ്ഗത്തിൽ സഞ്ചരിക്കവേ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു കണ്ണുടക്കിയത്. ക്ഷേത്ര പ്രദക്ഷിണ എഴുന്നള്ളിപ്പുകളിൽ എണ്ണ ഒഴിച്ചു കത്തിക്കുന്ന (തീവെട്ടി) വിളക്കിന്റെ കാൽ ഉപയോഗിച്ചാണ് ഇയാൾ കാണിക്ക വഞ്ചി കുത്തിത്തുറക്കുന്നത്. ഇതോടെയാണ് തീവെട്ടി ബാബു എന്ന വിളിപ്പേര് പൊലീസുകാർക്കിടയിലും നാട്ടുകാർക്കിടയിലും ബാബുവിന് വീണത്.

2020 ആഗസ്റ്റിൽ ബാബുവിനെ വർക്കല പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് ബാധിതനായ ഇയാളെ വർക്കല കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ കിടത്തി ചികിത്സ നൽകിയെങ്കിലും കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. 4 ആഴ്ചക്കു ശേഷം സെപ്റ്റംബർ 6 ന് ഇയാൾ മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവേ പള്ളിക്കൽ പൊലീസും വർക്കല പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തു.പാരിപ്പള്ളിയിലെ അന്യ സംസ്ഥാന അതിഥി തൊഴിലാളികളുടെ മൊബൈലും പണവും പിടിച്ചു പറിച്ചതിന് ഇയാൾക്കും മകൻ നന്ദുവിനുമെതിരെ കേസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP