Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിയിലും ഭരണത്തിലും 'പുട്ടിനായി' പിണറായി; ഇപിക്ക് ഇനി വാനപ്രസ്ഥമോ? ഖാദി ബോർഡിൽ ഒതുക്കിയ ചെന്താരകം പിജെയെ വെട്ടിനിരത്തുമോ? ശശിക്ക് നല്ലകാലം വരാനും സാധ്യത; ഇപിയും പിജെയും വെട്ടിനിരത്തപ്പെടുമോ? സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുമ്പോൾ കണ്ണൂരിൽ പിരിമുറുക്കം

പാർട്ടിയിലും ഭരണത്തിലും 'പുട്ടിനായി' പിണറായി; ഇപിക്ക് ഇനി വാനപ്രസ്ഥമോ? ഖാദി ബോർഡിൽ ഒതുക്കിയ ചെന്താരകം പിജെയെ വെട്ടിനിരത്തുമോ? ശശിക്ക് നല്ലകാലം വരാനും സാധ്യത; ഇപിയും പിജെയും വെട്ടിനിരത്തപ്പെടുമോ? സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുമ്പോൾ കണ്ണൂരിൽ പിരിമുറുക്കം

അനീഷ് കുമാർ

കണ്ണുർ:സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ എർണാകുളം മറൈൻ ഡ്രൈവിൽ കൊടിയേറവേ കണ്ണൂരിൽ രാഷ്ട്രിയ പരിമുറുക്കം കൂടുന്നു. 70 പിന്നിട്ട കണ്ണൂരിലെ രണ്ടു ജയരാജന്മാരായ ഇ.പിയും പി.ജെ യും പുതിയ സംസ്ഥാന നേതൃത്വത്തിലുണ്ടാവുമോയെന്ന കാര്യമാണ് പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചയാവുന്നത്. പാർട്ടിയിലെയും ഭരണത്തിലെയും വ്‌ളാദമിർ പുടിനായ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെക്കാലമായി ഇടഞ്ഞു നിൽക്കുകയാണ് ഇരു നേതാക്കളും.

അതു കൊണ്ടു തന്നെ വരുന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിൽ ഇരു നേതാക്കളും ഇടം പിടിക്കുമോയെന്ന കാര്യം കണ്ണുരിലെ പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതാണ് ഇ പി - പിണറായി ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമായത്.രണ്ടുടേം പൂർത്തിയായവർ മത്സരിക്കേണ്ടയെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജന് വിനയായത് ഇതിനു ശേഷം കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പ് എയ്യാനും ഇ.പി മറന്നില്ല.

കോടിയേരി അവധിയിൽ പോയതോടെ ഇ പി ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതും നടന്നില്ല. ഇപ്പോൾ കേന്ദ്ര കമ്മിറ്റിയംഗം മാത്രമാണ് ഇ പി ജയരാജൻ. എർണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിൽ നിന്നും പ്രായാധിക്യം ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ള നേതാക്കളിലൊരാളാണ് ഇ പി ജയരാജൻ.ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഇ പി ഒഴിവാക്കപ്പെടും. ഏപ്രിലിൽ കണ്ണുരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലെത്തിയില്ലെങ്കിൽ അതു ഇ.പി.ജയരാജന്റെ രാഷ്ട്രീയ വാനപ്രസ്ഥത്തിന് തുടക്കമായേക്കും. ഇ പി യെക്കാൾ സ്ഥിതി പരുങ്ങലിലാണ് കണ്ണുരിലെ ചെന്താരകമായ പി.ജയരാജന്റെത്.

പി.ജയരാജൻ പുതിയ സംസ്ഥാന കമ്മിറ്റിയിലുണ്ടാകുമോയെന്ന ചോദ്യം സിപിഎമ്മിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണുരിൽ നിന്നുയർന്നുകഴിഞ്ഞിട്ടുണ്ട്. എഴുപതു പിന്നിട്ട പി.ജെ ഖാദി ബോർഡ് വൈസ് ചെയർമാനെന്ന നിലയിൽ ഖാദി പ്രചാരണത്തിന്റെ തിരക്കിലാണിപ്പോൾ. രാഷ്ട്രീയപരമായി ഒതുക്കാനാണ് ശോഭനാ ജോർജ് അലങ്കരിച്ച ഖാദി ബോർഡ് വൈസ് ചെയർമാന്റെ കസേര പി.ജെയ്ക്ക് പാർട്ടിയിലെ ബുദ്ധികേന്ദ്രങ്ങൾ നൽകിയതെങ്കിലും അവരെയൊക്കെ ഞെട്ടിച്ചു കൊണ്ടു വീണിടം വിഷ്ണു ലോകമെന്ന മട്ടിൽ ഗാന്ധിമാർഗത്തിലുടെ നാട്ടുകാരെയല്ലാം ആഴ്‌ച്ചയിൽ രണ്ടു ദിവസമെങ്കിലും ഖാദിയണിച്ചു കൊണ്ടു മുന്നേറുകയാണ് പി.ജെ.

ഇത്തവണ എർണാകുളത്ത് സംസ്ഥാന സമ്മേളനത്തിൽ കൊടിയുയരുമ്പോൾ പാർട്ടിയിലും ഭരണത്തിലും ഒറ്റ വാക്കായി പിണറായി വിജയൻ മാറുകയാണ്. നേരത്തെ വി എസ് അച്ചുതാനന്ദന്റെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിൽ ഇന്ന് പിണറായിക്ക് സമശീർഷരായ നേതാക്കൾ പാർട്ടിയിലില്ല. വിവാദങ്ങളുടെ കാറ്റും കോളും തരണം ചെയ്തു കോടിയേരി ബാലകൃഷ്ണൻ തന്നെ സംസ്ഥാന നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കുമ്പോൾ പിണറായി പതിന്മടങ്ങ് കരുത്താർജ്ജിക്കുകയാണ്.

ഈ സാഹചര്യം തന്നെയാണ് വ്യക്തിപൂജയുടെ പേരിൽ പാർട്ടിയിൽ നിന്നും ഒതുക്കപ്പെട്ട പി.ജയരാജന് കനത്ത തിരിച്ചടിയാകുന്നതും ഇത്തവണ സംസ്ഥാനകമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന വ്യക്തമായ സൂചന ജയരാജൻ ഉൾപ്പെടെയുള്ള 70 പിന്നിട്ട നേതാക്കൾക്കുള്ള വ്യക്തമായ സന്ദേശമായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത് സംസ്ഥാനകമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ആരൊക്കെ ഉൾപ്പെടുമെന്നും ഒഴിവാക്കപ്പെടുമെന്നതു സംബന്ധിച്ച് അണിയറയിൽ അഭ്യൂഹങ്ങൾ സജീവമാണ്.

യുവജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടാകുമെന്നു ഉറപ്പാണെങ്കിലും വെട്ടിനിരത്തപ്പെടുന്നവർ ആരൊക്കെയെന്ന ചോദ്യമാണ് കണ്ണൂരടക്കമുള്ള ജില്ലകളിൽ നിന്നുയരുന്നത്. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ആരോഗ്യപരമായ കാരണങ്ങളാലും പ്രായാധിക്യവും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽനിന്നുള്ള ഒരു വനിത അടക്കം മൂന്നു സംസ്ഥാന കമ്മിറ്റിയംഗങ്ങളും ഇക്കുറി ഒഴിവാക്കപ്പെടും.

മുന്മന്ത്രി എസ്. ശർമ, മുൻ എംഎൽഎ സി.എം. ദിനേശ്മണി, കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എം.സി. ജോസഫൈൻ എന്നിവമാണ് സമ്മേളനം നടക്കുന്ന ജില്ലയിൽ നിന്നൊഴിവാക്കപ്പെടുക. കണ്ണുരിൽ നിന്ന് ഇ.പി ജയരാജൻ, പി.കെ ശ്രീമതി എന്നീ കേന്ദ്ര കമ്മിറ്റിയംഗങ്ങൾ ഇക്കുറി പി.ബിയിലേക്ക് പ്രവേശന സാധ്യതയുള്ളതിനാൽ സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിച്ചേക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
മുതിർന്ന സിഐ.ടി.യു നേതാവ് കെ.പി സഹദേവനും പ്രായാധിക്യം പരിഗണിച്ചു ഒഴിവാക്കിയേക്കും.

കർഷക സംഘടനാ നേതാക്കളായ വത്സൻ പനോളി, എൻ.ചന്ദ്രൻ ,കെ.വി സുമേഷ്.ഡി .വൈ .എഫ്. ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സനോജ് എന്നിവർ പുതുതായി സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നു കേൾക്കുന്ന പേരുകളാണ്. സംസ്ഥാന കമ്മിറ്റിയിൽ നിലവിൽ 92 അംഗങ്ങളാണുള്ളത്. ഇവരിൽനിന്നാണ് 15 സെക്രട്ടറിയേറ്റംഗങ്ങളെ തെരഞ്ഞെടുക്കുക. സംസ്ഥാന സെക്രട്ടേറിയേറ്റിലും ചില മാറ്റങ്ങളുണ്ടാകും. പ്രായാധിക്യം മൂലം ആനത്തലവട്ടം ആനന്ദൻ ഒഴിവായേക്കും. പകരം തിരുവനന്തപുരം ജില്ലയിൽനിന്നു തന്നെയുള്ള മുൻ നിയമസഭാ സ്പീക്കർ എം. വിജയകുമാറാകും സെക്രട്ടറിയേറ്റിൽ എത്തുക. യുവജനപ്രാതിനിധ്യം എന്ന നിലയിൽ എറണാകുളം ജില്ലയിൽനിന്ന് എം. സ്വരാജും പരിഗണിക്കപ്പെട്ടേക്കാം.

നിലവിൽ മന്ത്രി പി. രാജീവാണ് ജില്ലയിൽനിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റംഗം. എന്നാൽ മന്ത്രിമാരെ സെക്രട്ടറിയേറ്റിൽനിന്ന് ഒഴിവാക്കണമെന്ന തരത്തിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യം നാളെ കൊച്ചിയിൽ നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സെക്രട്ടറിയേറ്റിൽ നിലവിൽ 15 അംഗങ്ങളാണുള്ളത്. നേരത്തെ കണ്ണുരിനുണ്ടായിരുന്ന അപ്രമാദിത്വം ഇക്കുറിയുണ്ടാവുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ലൈംഗികാരോപണത്തെ തുടർന്ന് പാർട്ടി കണ്ണുർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട വി ശശി ഇത്തവണ സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP