Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തരം കിട്ടിയാലും പാർട്ടിയിൽ മൂന്നാമനാകുമെന്ന് തിരിച്ചറിവ്; റിയാസിനെ പാർട്ടി ഏൽപ്പിക്കുന്നതിന് വേണ്ടിയുള്ള ആ ഓഫർ സ്വീകരിക്കില്ല; മന്ത്രിയാകാനില്ലെന്ന് തുറന്നു പറച്ചിൽ; തിരുവാതിരപ്പാട്ടും പാർട്ടി വിരുദ്ധം; പിജെ ജോസഫിനെ ഇടത്തേക്ക് അടുപ്പിക്കില്ല; നയം പറയുന്ന സെക്രട്ടറിയായി തുടരാൻ കോടിയേരി; സിപിഎം അടിമുടി മാറ്റത്തിന്

ആഭ്യന്തരം കിട്ടിയാലും പാർട്ടിയിൽ മൂന്നാമനാകുമെന്ന് തിരിച്ചറിവ്; റിയാസിനെ പാർട്ടി ഏൽപ്പിക്കുന്നതിന് വേണ്ടിയുള്ള ആ ഓഫർ സ്വീകരിക്കില്ല; മന്ത്രിയാകാനില്ലെന്ന് തുറന്നു പറച്ചിൽ; തിരുവാതിരപ്പാട്ടും പാർട്ടി വിരുദ്ധം; പിജെ ജോസഫിനെ ഇടത്തേക്ക് അടുപ്പിക്കില്ല; നയം പറയുന്ന സെക്രട്ടറിയായി തുടരാൻ കോടിയേരി; സിപിഎം അടിമുടി മാറ്റത്തിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആഭ്യന്തര മന്ത്രിയായാലും അതോടെ പാർട്ടിയിൽ മൂന്നാമനാകുമെന്ന വിലയിരുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെ ആ ഓഫർ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് കോടിയേരി. കോടിയേരിയെ മന്ത്രിയാക്കി മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയാക്കുന്ന ചർച്ചകൾ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയാകാനില്ലെന്ന് കോടിയേരി തുറന്നു പറയുന്നത്. 75 വയസ്സിനലെ പ്രായപരിധി നിർദ്ദേശം അതിശക്തമായി നടപ്പാക്കുമെന്നും കോടിയേരി വിശദീകരിക്കുന്നു. നാളെയാണ് സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുന്നത്.

പാർട്ടിയുടെ പ്രായോഗിക നയവും സമീപനവും കാഴ്ചപ്പാടും അടിമുടി മാറ്റാനുള്ള ഒരുക്കവുമായാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഎം. കടക്കുന്നത്. 'ആധുനികവത്കരിക്കപ്പെട്ട ഒരു സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം നാം കാണേണ്ടതുണ്ട്'- എന്നാണ് മാറേണ്ട കാര്യങ്ങൾ നിർദ്ദേശിച്ച് സംസ്ഥാന കമ്മിറ്റി വിശദീകരിക്കുന്നത്. എങ്ങനെയൊക്കെ മാറണമെന്നതിന് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം സമ്മേളനം ചർച്ചചെയ്യും. വി എസ് അച്യുതാനന്ദൻ ഇല്ലാത്ത സമ്മേളനത്തിനാണ് എറണാകുളം വേദിയാകുന്നത്. മന്ത്രിയാകാനില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ ഒരു ടേം കൂടി കോടിയേരി തന്നെ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറിയുടെ പദവിയിൽ തുടരാനാണ് കോടിയേരിക്കും താൽപ്പര്യം.

സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയെ മാറ്റി ന്യൂനപക്ഷങ്ങളുമായി അടുക്കാനെന്ന തരത്തിൽ റിയാസിനെ പാർട്ടി സെക്രട്ടറിയാക്കാനായിരുന്നു ഒരു വിഭാഗത്തിന്റെ ആലോചന. ഇതിലൂടെ താൻ പാർട്ടിയിലെ മൂന്നാം സ്ഥാനക്കാരനാകുമെന്ന് കോടിയേരി കരുതുന്നു. പിണറായിയുടെ മകളുടെ ഭർത്താവിനെ പാർട്ടി സെക്രട്ടറിയാക്കാൻ കോടിയേരി ഈ സാഹചര്യത്തിലാണ് വിസമ്മതം കാട്ടുന്നത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറിയാകാനും കോടിയേരിക്ക് താൽപ്പര്യമില്ല. തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനമാണ് കോടിയേരിയുടെ മനസ്സിൽ.

സിപിഎം നയം പറയുന്ന സെക്രട്ടറിയായി തുടരാനാണ് കോടിയേരിക്ക് താൽപ്പര്യം. പിജെ ജോസഫിനെ തൽകാലം ഇടതു പക്ഷത്തേക്ക് അടുപ്പിക്കില്ലെന്നും കോടിയേരി പറയുന്നു. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസുമായി സിപിഎം മുമ്പോട്ട് പോകും. ഇതിനൊപ്പം പാർട്ടി നേതാക്കളെ പുകഴ്‌ത്തുന്ന ഗാനങ്ങളും സിപിഎം അനുവദിക്കില്ല. ഇത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നാണ് കോടിയേരി പറയുന്നത്. ഫലത്തിൽ തിരുവനന്തപുരത്തെ തിരുവാതിര പാട്ടിനെ വീണ്ടും ചർച്ചയാക്കുകയാണ് കോടിയേരി.

അടിമുടി സിപിഎം മാറണമെന്നതാണ് കോടിയേരിയുടെ നിലപാട്. ബംഗാളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തുടർഭരണം കിട്ടിയശേഷം പാർട്ടി പുലർത്തേണ്ട ജാഗ്രത എന്താണെന്ന് വിലയിരുത്തിയാണ് സംസ്ഥാന കമ്മിറ്റി സമീപനത്തിലെ മാറ്റം നിർദ്ദേശിച്ചത്. മസിലുപിടിച്ച്് നയംപറയുന്ന രീതി ഈ കാലഘട്ടത്തിനു ചേർന്നതല്ലെന്നാണ് വിലയിരുത്തുന്നത്. 'പാർട്ടി നയം ഇതാണെന്ന് പറയുകയല്ല, അത് മനസ്സിലാക്കിക്കൊടുക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അതിന് നമ്മുടെ ചർച്ചകളും ഇടപെടലുകളും വികസിക്കണം'- സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു.

ഒരുകാലത്ത് ഇടത് ട്രേഡ് യൂണിയനുകൾ മുന്നിൽനിന്ന് ആവശ്യപ്പെട്ടിരുന്ന നോക്കൂകൂലി നിരോധിച്ചത് പിണറായി സർക്കാരാണ്. മാതമംഗലത്ത് സിഐ.ടി.യു. നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞത് സിപിഎം. മന്ത്രിമാരാണ്. ഈ രീതിയിൽ പാർട്ടി സമീപനത്തിലെ മാറ്റങ്ങൾ സർക്കാർ നടപടിയായി പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കേരളം മാറിയതനനുസരിച്ച് പാർട്ടിയും മാറണമെന്നാണ് സിപിഎം. ആഗ്രഹിക്കുന്നത്. അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കരുത്. എതിർശബ്ദങ്ങളെ ക്ഷമയോടെ കേൾക്കണം. വിനയത്തോടെ മറുപടിപറയണം. ഇതൊക്കെയാണ് പാർട്ടി കേഡർമാരുടെ ഇടപെടൽ രീതിയിൽ നിർദ്ദേശിക്കുന്ന പരിഷ്‌കാരം.

സമൂഹത്തെ ശരിയായി വിലയിരുത്തിമാത്രമേ അതിനെ നയിക്കാനാകൂ. അല്ലെങ്കിൽ നമ്മുടെ തീരുമാനം യാഥാർഥ്യത്തിനു നിരക്കാത്തതും സ്ഥിതിഗതികളെ നേരിടാൻ അപര്യാപ്തവുമാവും. ജനങ്ങൾ അവരുടെ എല്ലാ പ്രശ്‌നങ്ങളും വിമർശനങ്ങളും നമുക്ക് മുമ്പിൽ അവതരിപ്പിക്കാൻ പറ്റുന്നവിധമുള്ള ജനാധിപത്യ ശൈലി വികസിപ്പിച്ച് മുന്നോട്ടുപോകാൻ കഴിയണം. തുടർഭരണം കിട്ടിയ സർക്കാരിനു കീഴിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം എങ്ങനെ ക്രമീകരിക്കണമെന്നതിന്റെ ഉത്തരവും ഈ സമ്മേളനം നൽകും-ഇതാണ് സിപിഎം മുന്നോട്ട് വയ്ക്കുന്ന മാറ്റത്തിന്റെ സൂചനകൾ.

സമ്മേളനത്തിനുള്ള പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സമ്മേളനത്തിലവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുകയാണ് സെക്രട്ടറിയേറ്റ്-സംസ്ഥാന സമിതി യോഗങ്ങളുടെ പ്രധാന അജണ്ട. കോവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.

ഇടതു ഇസർക്കാറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് സി പി എം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. മറൈൻ ഡ്രൈവിൽ മാർച്ച് 1 ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. സമ്മേളനത്തിന് സി പി എം സർവ സജ്ജമായെന്ന് വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും വിവരിച്ചു. സംസ്ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും. സി പി എമ്മിന്റെ ആശയസംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു.

പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കെ റെയിൽ അടക്കമുള്ള വിഷയത്തിൽ സി പി എമ്മിന് ഉള്ളിൽ നിന്നും തന്നെ എതിർപ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രീതിയിൽ പാർട്ടി എത്തിയെന്ന് അവകാശപ്പെട്ട കോടിയേരി സംസ്ഥാന സമ്മേളനത്തിൽ ആര് പതാക ഉയർത്തണമെന്നത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP