Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തുടർച്ചയായ മൂന്നാം അർധ സെഞ്ചുറി; കോലിയുടെ 'പകരക്കാരൻ' ഇന്ത്യയുടെ വിജയശ്രീ; ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിൽ ലങ്കക്കെതിരെ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ

തുടർച്ചയായ മൂന്നാം അർധ സെഞ്ചുറി; കോലിയുടെ 'പകരക്കാരൻ' ഇന്ത്യയുടെ വിജയശ്രീ; ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിൽ ലങ്കക്കെതിരെ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ

സ്പോർട്സ് ഡെസ്ക്

ധരംശാല: തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യർ പോരാട്ടം നയിച്ച മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കി ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ. ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ്. മറുപടി ബാറ്റിങ്ങിൽ 19 പന്തും ആറു വിക്കറ്റും ശേഷിക്കെ ഇന്ത്യ വിജയത്തിലെത്തി. വിൻഡീസിന് പിന്നാലെ ലങ്കയ്‌ക്കെതിരായ പരമ്പരയിലും ഇന്ത്യയ്ക്ക് സമ്പൂർണ ജയം.

ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും നങ്കൂരമിട്ടു കളിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അയ്യർ 45 പന്തിൽ 73 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്‌സ്. 57*, 74*, 73* എന്നിങ്ങനെയാണ് ഈ പരമ്പരയിൽ അയ്യരുടെ പ്രകടനം.

ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിൽ ശ്രേയസിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമെന്ന് വിലയിരുത്തപ്പെട്ടിരുന്ന സാഹചര്യത്തിൽ നിന്നുമാണ് മുൻ നായകൻ വിരാട് കോലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായി ശ്രേയസ് മാറിയത്.

രവീന്ദ്ര ജഡേജ 15 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസുമായി അയ്യർക്കു കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 27 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു.

147 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ രോഹിതിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ഒൻപത് പന്തുകളിൽ നിന്ന് വെറും അഞ്ചുറൺസ് മാത്രമെടുത്ത രോഹിത്തിനെ ദുഷ്മന്ത ചമീര ചമിക കരുണരത്നെയുടെ കൈയിലെത്തിച്ചു. അനാവശ്യ ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. രോഹിതിന് പകരം ശ്രേയസ് അയ്യർ സഞ്ജുവിന് കൂട്ടായെത്തി.

ഇരുവരും അനായാസം ബാറ്റ് വീശാൻ തുടങ്ങിയതോടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തി. സഞ്ജുവും ശ്രേയസും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ നന്നായി കളിച്ചുവന്ന സഞ്ജുവിനെ മടക്കി ചമിക കരുണരത്നെ ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. 12 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെ സഹായത്തോടെ 18 റൺസെടുത്ത സഞ്ജുവിനെ കരുണരത്നെ വിക്കറ്റ് കീപ്പർ ചണ്ഡിമലിന്റെ കൈയിലെത്തിച്ചു.

സഞ്ജുവിന് പകരം വന്ന ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ശ്രേയസ് തകർത്തടിച്ചു. ആദ്യ പത്തോവറിൽ ഇന്ത്യ 86 റൺസെടുത്തു. എന്നാൽ 11-ാം ഓവറിലെ അഞ്ചാം പന്തിൽ ഹൂഡയെ ക്ലീൻ ബൗൾഡാക്കി ലാഹിരു കുമാര ശ്രീലങ്കയ്ക്ക് ആശ്വാസം പകർന്നു. 16 പന്തുകളിൽ നിന്ന് 21 റൺസെടുത്താണ് ഹൂഡ മടങ്ങിയത്.

വെങ്കടേഷ് അയ്യർ നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ച് വരവറിയിച്ചു. പിന്നാലെ 12-ാം ഓവറിലെ ആദ്യ പന്തിൽ സിക്സ് നേടിക്കൊണ്ട് ശ്രേയസ് അയ്യർ അർധസെഞ്ചുറി കുറിച്ചു. വെറും 29 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. പരമ്പരയിൽ ശ്രേയസിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണിത്.

പക്ഷേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വെങ്കടേഷ് അയ്യർ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കുമാരയുടെ പന്തിൽ സിക്സ് നേടാനുള്ള അയ്യരുടെ ശ്രമം പകരക്കാരനായ ജയവിക്രമ കൈയിലൊതുക്കി. ഇതോടെ ഇന്ത്യ 103 ന് നാല് എന്ന സ്‌കോറിലേക്ക് വീണു.

ശ്രദ്ധയോടെ കളിച്ച ജഡേജ ശ്രേയസിന് മികച്ച പിന്തുണ നൽകി. വൈകാതെ ഇന്ത്യ 16.5 ഓവറിൽ വിജയത്തിലെത്തി. ശ്രേയസ് 73 റൺസെടുത്തും ജഡേജ 15 പന്തുകളിൽ നിന്ന് 22 റൺസ് നേടിയും പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്കായി ലഹിരു കുമാര 3.5 ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ദുഷ്മന്ത ചമീര, ചാമിക കരുണരത്നെ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ദസൂൺ ഷാനകയുടെ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഷാനക 38 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്‌സും സഹിതം 74 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ആവേശ് ഖാൻ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് നാല് ഓവറിൽ 22 റൺസ് വഴങ്ങിയും ഹർഷൽ പട്ടേൽ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി. രവി ബിഷ്‌ണോയ് നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. കുൽദീപ് യാദവ് നാല് ഓവറിൽ 25 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂവെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ഷാനകയ്ക്കു പുറമേ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രം. 25 റൺസെടുത്ത ദിനേഷ് ചണ്ഡിമൽ, 12 റൺസുമായി പുറത്താകാതെ നിന്ന ചാമിക കരുണരത്നെ എന്നവർ. 27 പന്തുകൾ നേരിട്ട ചണ്ഡിമൽ രണ്ടു ഫോറുകൾ സഹിതമാണ് 25 റൺസെടുത്തത്. 19 പന്തുകൾ നേരിട്ട ചാമിക കരുണരത്നെ 12 റൺസോടെയും പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലും പിന്നാലെ അഞ്ചിന് 60 റൺസെന്ന നിലയിലും തകർന്ന ശ്രീലങ്കയ്ക്ക് പിരിയാത്ത ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ദസൂൺ ഷാനക ചാമിക കരുണരത്‌നെ സഖ്യമാണ് ഭേദപ്പെട്ട സ്‌കോർ ഉറപ്പാക്കിയത്. 47 പന്തുകൾ നേരിട്ട ഈ സഖ്യം ശ്രീലങ്കൻ സ്‌കോർ ബോർഡിൽ എത്തിച്ചത് 86 റൺസ്.

ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാൻ നാലോവറിൽ ഒരു മെയ്ഡനടക്കം വെറും 23 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP