Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുക്രൈൻ അതിർത്തി കടന്നത് 2000 ഇന്ത്യാക്കാർ; പോളണ്ട് അതിർത്തിയിൽ ലക്ഷക്കണക്കിനാളുകൾ എത്തുന്നത് പ്രതിസന്ധി; സുരക്ഷിതം ഹംഗറി അതിർത്തിയെന്ന് കേന്ദ്ര സർക്കാർ; റെഡ്‌ക്രോസിന്റെ സഹായം ഇന്ത്യ തേടിയതായും വിദേശകാര്യ സെക്രട്ടറി

യുക്രൈൻ അതിർത്തി കടന്നത് 2000 ഇന്ത്യാക്കാർ; പോളണ്ട് അതിർത്തിയിൽ ലക്ഷക്കണക്കിനാളുകൾ എത്തുന്നത് പ്രതിസന്ധി; സുരക്ഷിതം ഹംഗറി അതിർത്തിയെന്ന് കേന്ദ്ര സർക്കാർ; റെഡ്‌ക്രോസിന്റെ സഹായം ഇന്ത്യ തേടിയതായും വിദേശകാര്യ സെക്രട്ടറി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: റഷ്യയുടെ സൈനിക നടപടി തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 2000 ത്തിലേറെ ഇന്ത്യാക്കാർ യുക്രൈൻ അതിർത്തി കടന്നതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പോളണ്ട് അതിർത്തിയിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുന്നുണ്ട്. ഇതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംഘർഷ മേഖലയിലുള്ളവരുടെ ഒഴിപ്പിക്കുന്നതിനുള്ള ആസൂത്രണം പുരോഗമിക്കുകയാണ്.

റെഡ്‌ക്രോസിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. റഷ്യയെയും യുക്രൈനെയും ഇന്ത്യാക്കാരുള്ള മേഖലകളെ കുറിച്ച് അറിയിച്ചിട്ടുണ്ട്. കീവിൽ 2000 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോളണ്ട് അതിർത്തിയിൽ എത്തുന്നതിനേക്കാൾ നല്ലത് ഹംഗറി അതിർത്തിയിൽ എത്തുന്നതാണ്. ഉഷ്‌ചൊറോഡ് അതിർത്തിയിൽ എത്തുന്നതാണ് ഉചിതം.

കാർഖിവ്, സുമി, ഒഡേസ മേഖലയിൽ ഉള്ളവർ താമസസ്ഥലങ്ങളിൽ തന്നെ തങ്ങണം. ഒഡേസയിൽ ഉള്ളവരെ മൾഡോവ വഴി ഒഴിപ്പിക്കും. റഷ്യൻ അതിർത്തിയിൽ ഉദ്യോഗസ്ഥരെ അയയ്ക്കാൻ തീരുമാനം. അനുവാദം കിട്ടിയാൽ ഒഴിപ്പിക്കലിന് തയ്യാറെടുപ്പ് നടത്തും. റഷ്യ വഴിയും ഒഴിപ്പിക്കലിന് അനുവാദം കിട്ടും എന്ന് പ്രതീക്ഷ. യുക്രൈൻ സൈനികരുടെ പെരുമാറ്റം അടക്കമുള്ള വിഷയങ്ങൾ യുക്രൈൻ അംബാസഡറുമായി ചർച്ച ചെയ്‌തെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ കൂടുതൽ പേരും ഇപ്പോൾ റഷ്യൻ അതിർത്തി വഴി മടങ്ങാനുള്ള സൗകര്യം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇന്ത്യ ഇന്നലെ യുഎന്നിൽ റഷ്യയ്‌ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചിരുന്നില്ല. വ്‌ളാഡിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് യുക്രൈനിലെ സൈനിക നീക്കത്തിനു ശേഷം ആദ്യം വിളിച്ചത്. റഷ്യയുമായി തുടരുന്ന ഈ നല്ല ബന്ധം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള അനുവാദത്തിന് കേന്ദ്രം സമ്മർദ്ദം ചെലുത്തണം എന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരു പോലെ പറയുന്നത്.

യുക്രൈനിലെ സുമിയിലും കാർഖീവിലും സർഫ്രോസിയിലും കീവിലും കഴിയുന്നവരെ തത്കാലം പടിഞ്ഞാറൻ അതിർത്തികളിൽ എത്തിക്കാൻ കഴിയുന്നില്ല. 40 കിലോമീറ്റർ മാത്രം അകലെയുള്ള റഷ്യൻ അതിർത്തിയിലേക്ക് പോകുന്നതിന് അനുവാദം കിട്ടിയാൽ സുമിയിലുള്ളവർക്ക് ഒന്നോ രണ്ടോ ദിവസത്തിൽ യുക്രൈൻ കടക്കാനാവും. നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുട്ടിനും തമ്മിലുള്ള സംഭാഷണത്തിൽ ഇക്കാര്യം ചർച്ച ആയെന്നാണ് സൂചന.

വിദേശകാര്യ മന്ത്രി തലത്തിൽ ആശയ വിനിമയം തുടരും എന്നാണ് തീരുമാനിച്ചത്. അതിർത്തി തുറക്കാൻ റഷ്യ ഇനിയും തയ്യാറായിട്ടില്ല. സൈനിക നടപടി ശക്തിപ്പെടുത്തും എന്നാണ് റഷ്യയുടെ ഭാഗത്ത് നിന്നുള്ള സൂചന. കിഴക്കൻ മേഖല വഴിയാകും പ്രധാനമായും സൈനിക നീക്കം. അതിനെ ബാധിക്കുന്ന ഒന്നും അനുവദിക്കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുടിനുമായി സംസാരിക്കണമെന്ന് നയതന്ത്ര വിദഗ്ദ്ധർ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് യുക്രൈന്റ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. യുക്രൈൻ സൈനികരുടെ പെരുമാറ്റത്തിൽ ഇത് പ്രകടമാകുന്നുവെന്ന് ഇന്ത്യാക്കാരായവർ പരാതിപ്പെടുന്നുണ്ട്. കൂടുതൽ അതിർത്തികൾ യുക്രൈൻ തുറക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ല.

മൾഡോവ അതിർത്തി തുറന്ന് അവിടെ നിന്ന് റൊമാനിയയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കണം എന്ന നിർദ്ദേശവും ശക്തമാണ്. രക്ഷാദൗത്യം തുടങ്ങിയെങ്കിലും ഇത് പെട്ടെന്ന് പൂർത്തിയാക്കാൻ റഷ്യൻ അതിർത്തി വഴിയുള്ള ഒഴിപ്പിക്കൽ അനിവാര്യമാണ്. അതല്ലെങ്കിൽ പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാനുള്ള ബസുകൾ കിഴക്കൻ നഗരങ്ങളിലുള്ളവർക്ക് കേന്ദ്രം ഇടപെട്ട ഏർപ്പെടുത്തണം.

ട്രെയിൻ യാത്ര സുരക്ഷിതം എന്നാണ് എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗനിർദേശത്തിലും പറയുന്നത്. സംഘർഷ മേഖലയിൽ ഉള്ളവർ സംഘങ്ങളായി സുരക്ഷിതമായി റെയിൽവെ സ്റ്റേഷനുകളിൽ എത്തണം. ഇവിടെ നിന്ന് ട്രെയിനുകളിൽ പടിഞ്ഞാറൻ അതിർത്തിയിൽ എത്താനാണ് നിർദ്ദേശം. വിസയില്ലാതെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകാമെന്ന് പോളണ്ട് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആണ് ഇക്കാര്യം അറിയിച്ചത്. 11 മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരായി പോളണ്ട് അതിർത്തി കടന്നു. യുക്രൈന്റെ അയൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ച തുടരുന്നുണ്ട്. കഴിയും വേഗം ഇന്ത്യാക്കാരെ മുഴുവനായി തിരിച്ചെത്തിക്കാനാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP