Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'4,300 റഷ്യൻ സൈനികരെ വധിച്ചു; 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലിക്കോപ്റ്ററുകളും തകർത്തു'; അവകാശവാദവുമായി യുക്രൈൻ; പൗരന്മാരുടെ ആത്മവിശ്വാസം ഉയർത്താനുള്ള സെലൻസ്‌കിയുടെ പ്രൊപ്പഗാൻഡയെന്നും മറുവാദം; വിദേശികളെ ഉൾപ്പെടുത്തി 'രാജ്യാന്തരസേന' രൂപീകരിക്കാനും യുക്രൈൻ നീക്കം; യുക്രൈനിൽ പ്രവർത്തനം അവസാനിപ്പിച്ച് യുഎൻ ഏജൻസികളും

'4,300 റഷ്യൻ സൈനികരെ വധിച്ചു; 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലിക്കോപ്റ്ററുകളും തകർത്തു'; അവകാശവാദവുമായി യുക്രൈൻ; പൗരന്മാരുടെ ആത്മവിശ്വാസം ഉയർത്താനുള്ള സെലൻസ്‌കിയുടെ പ്രൊപ്പഗാൻഡയെന്നും മറുവാദം; വിദേശികളെ ഉൾപ്പെടുത്തി 'രാജ്യാന്തരസേന' രൂപീകരിക്കാനും യുക്രൈൻ നീക്കം; യുക്രൈനിൽ പ്രവർത്തനം അവസാനിപ്പിച്ച് യുഎൻ ഏജൻസികളും

മറുനാടൻ ഡെസ്‌ക്‌

കീവ്: റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാറിന്റെ ആവകാശവാദം. റഷ്യൻ സൈനികരെ യുക്രൈൻ കൊന്നു തള്ളുന്നു എന്ന അവകാശവാദമാണ് യുക്രൈൻ ഉയർത്തുന്നത്. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞു. റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ സൈന്യത്തിനും പൗരന്മാർക്കും ആത്മവിശ്വാസം പകരുന്ന വാർത്തകളാണ് പുറത്തുവിടുന്നത് എന്നതാണ് ശ്രദ്ധേയം. കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ കൃത്യമായ എണ്ണം കണക്കാക്കി വരികയാണെന്നും ഇവർ അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യുക്രൈനിന്റെ അവകാശവാദം ശരിയാണെങ്കിൽ ഒരുപക്ഷേ ശക്തരായ റഷ്യയ്ക്ക് വലിയൊരു തിരിച്ചടി തന്നെയാണ് ഈ ആൾ നാശം. എന്നാൽ, യുക്രൈൻ ജനതയുടെ ആത്മവിശ്വാസത്തെ ഉയർത്തി നിർത്താനുള്ള സെലൻസ്‌കിയുടെ പ്രൊപ്പഗാൻഡയുടെ ഭാഗമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നത്.

റഷ്യൻ സേനയെ ഇത്രയും മാരകമായ രീതിയിൽ യുക്രൈന് പ്രതിരോധിക്കാൻ സാധ്യമായ ശേഷിയില്ലെന്നതാണ് ഈ വാദത്തിന് തെളിവായി റഷ്യൻ അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നത്.146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലിക്കോപ്റ്ററുകളും തങ്ങൾ തകർത്തുവെന്നും ഹന്ന അവകാശപ്പെട്ടു. 706 സൈനിക വാഹനങ്ങളും തകർത്തുവെന്നും ഇവർ അവകാശപ്പെടുന്നു. യുക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയ ദിവസം മുതലുള്ള കണക്കുകളാണ് ഇത്. അതിനിടെ, റഷ്യൻ ഇന്ന് ആക്രമണം ശക്തിപ്പെടുത്തിയ കാർകീവിൽ റഷ്യൻ കവചിത വാഹനത്തെ യുക്രൈൻ നശിപ്പിച്ചതിന്റെ ദൃശ്യവും പുറത്ത് വന്നു. കീവിന് ശേഷം യുക്രൈനിലെ ഏറ്റവും വലിയ നഗരമായ കാർകീവിൽ നടന്ന ഏറ്റുമുട്ടലിലാണ് തങ്ങൾ റഷ്യൻ സൈനിക വാഹനം നശിപ്പിച്ചതെന്ന് യുക്രൈൻ അവകാശപ്പെട്ടു.

യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ സൈനികമുന്നേറ്റം തടയാൻ ജനങ്ങൾ ആയുധമെടുത്തിരിക്കുകയാണ്. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാൻ സന്നദ്ധരായ സാധാരണക്കാർക്കു കഴിഞ്ഞ ദിവസം നൽകിയത്.പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രൈൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

അതേസമയം,യുക്രൈനുമായുള്ള ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം ബെലറൂസിലെത്തി. റഷ്യൻ വിദേശ്യകാര്യ മന്ത്രാലയത്തിന്റേയും, പ്രതിരോധ മന്ത്രാലയത്തിന്റേയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാൽ ബെലാറൂസിൽ റഷ്യയുമായി ചർച്ചക്കില്ലെന്ന് യുക്രൈൻ പ്രഡിസന്റ് സെലൻസ്‌കി അറിയിച്ചു. ചർച്ച നടത്താൻ അഞ്ച് സ്ഥലങ്ങൾ യുക്രൈൻ നിർദേശിച്ചു. വാർസോ, ബ്രാട്ടിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂൾ, ബാകു എന്നീ സ്ഥലങ്ങളിൽ വച്ചേ ചർച്ചക്ക് തയ്യാറാവൂ എന്നാണ് യുക്രൈൻ അറിയിച്ചത്. യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിന് റഷ്യ നിർദ്ദേശം നൽകി. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു.

തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. കീവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്‌നിയൻ സൈന്യവും റഷ്യയ്‌ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്‌നിയൻ പ്രസിഡന്റ് അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്‌തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്‌ളാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കിയവിൽ

യുക്രൈനിൽ പ്രവർത്തനം അവസാനിപ്പിച്ച് യുഎൻ ഏജൻസികൾ

അതേസമയം യുക്രൈനിൽ റഷ്യയുടെ അധിനിവേശം നാലാം ദിവസവും തുടരുന്നതിനിടെ അഭയാർത്ഥി പ്രവാഹം നടക്കുന്നതായി യുഎന്നിന്റെ കണക്കുകൾ. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 368,000 പേർ ഇതുവരെ യുക്രൈൻ വിട്ടതായി യുഎൻ അഭയാർത്ഥി ഹൈക്കമീഷണർ അറിയിച്ചു.രണ്ട് ലക്ഷത്തോളം പേരായിരുന്നു രാജ്യം വിട്ടതെന്ന് നേരത്തെ പുറത്ത് വിട്ട കണക്കിൽ യുഎൻ അറിയിച്ചിരുന്നത്. റഷ്യ യുക്രൈൻ ആക്രമിച്ചതിന് ശേഷം ഒന്നര രക്ഷത്തിലേറെപ്പേർ പോളണ്ടിലേയ്ക്ക് പ്രവേശിച്ചിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 43,000 പേർ റൊമേനിയ വഴി യുക്രൈൻ വിട്ടതായും കണക്കുകളുണ്ട്. 40 ലക്ഷത്തോളം പേർ വരെ അഭയാർത്ഥികളായി രാജ്യം വിടുമെന്നാണ് യുഎന്നിന്റെ കണക്ക്. അതിലേറപ്പേർ സ്വന്തം രാജ്യത്ത് മാറി താമിസിക്കേണ്ടതായി വരുമെന്നും പാർപ്പിടം നഷ്ടപ്പെടുന്നവരുടെ എണ്ണവും ഇതിലേറെ വരുമെന്ന് യുഎൻ അറിയിക്കുന്നു.

അതേസമയം, സുരക്ഷാ സാഹചര്യം മോശമാവുന്നതിനെത്തുടർന്ന് യുക്രൈനിൽ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തുകയാണെന്ന് യുഎന്നിന്റെ വിവിധ ഏജൻസികൾ അറിയിച്ചു. സാഹചര്യം മെച്ചപ്പെടുകയാണെങ്കിൽ പ്രവർത്തനങ്ങൾ പുനഃരാരാംഭിക്കുമെന്ന് യുഎൻ അറിയിച്ചു.ഇതിനിടെ, റഷ്യൻ ആക്രമണത്തിൽ മരപ്പെട്ട യുക്രൈൻ പൗരന്മാരുടെ കണക്ക് രാജ്യം പുറത്ത് വിട്ടു. ഇതുവരെ 210 യുക്രൈൻ പൗരന്മാർക്ക് ജീവഹാനി സംഭവിച്ചതായാണ് കണക്ക്. 1,100 പേർക്ക് പരുക്കേറ്റതായും യുക്രൈൻ സർക്കാറിന്റെ ഓംബുഡ്സ്മാൻ അറിയിച്ചു. സ്‌കൂളുകളും നഴ്സറികളും ആശുപത്രികളും വാസസ്ഥലങ്ങളമുൾപ്പെടെ റഷ്യ ആക്രമിക്കുന്നതായി യുക്രൈൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP