Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'യുക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതി; തിന്മയുടെ പാത സ്വീകരിച്ചു; യുഎൻ രക്ഷാസമിതിയിൽനിന്നും റഷ്യയെ പുറത്താക്കാൻ ലോകം ഒന്നിക്കണം'; വിഡിയോ സന്ദേശത്തിൽ സെലെൻസ്‌കി; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ

'യുക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതി; തിന്മയുടെ പാത സ്വീകരിച്ചു; യുഎൻ രക്ഷാസമിതിയിൽനിന്നും റഷ്യയെ പുറത്താക്കാൻ ലോകം ഒന്നിക്കണം'; വിഡിയോ സന്ദേശത്തിൽ സെലെൻസ്‌കി; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ

ന്യൂസ് ഡെസ്‌ക്‌

കീവ്: യുക്രൈനിൽ സൈനിക നടപടി തുടരുന്ന റഷ്യയെ യുഎൻ രക്ഷാസമിതിയിൽനിന്നു പുറത്താക്കണമെന്നു യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. യുക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎൻ രക്ഷാസമിതിയിൽനിന്നും റഷ്യയെ പുറത്താക്കാൻ ലോകം ഒന്നിക്കണമെന്നും സെലെൻസ്‌കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

അതേ സമയം റഷ്യക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുക്രൈൻ പരാതി നൽകി. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്നാവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ യുക്രൈൻ പരാതി നൽകിയിരിക്കുന്നത്. യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്നാണ് റഷ്യ. യുക്രൈൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുഎന്നിൽ യുക്രൈന് അനുകൂലമായ രാഷ്ട്രീയ നിലപാടു സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളോട് വൊളോഡിമിർ സെലെൻസ്‌കി അഭ്യർത്ഥിച്ചിരുന്നു.

യുക്രൈൻ നഗരങ്ങളിലെ റഷ്യൻ ആക്രമണങ്ങൾ രാജ്യാന്തര ട്രിബ്യൂണൽ അന്വേഷിക്കണമെന്നും റഷ്യൻ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുന്നെന്നും സെലെൻസ്‌കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനവാസമേഖലകളിൽ ആക്രമണം നടത്തുന്നില്ലെന്ന റഷ്യയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളി.

റഷ്യയുമായി ചർച്ചയ്ക്കു തയാറാണെങ്കിലും ബെലാറൂസിൽ ചർച്ച സാധ്യമാകില്ലെന്നും സെലെൻസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. ബെലാറൂസ് വഴി റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സെലെൻസ്‌കിയുടെ പ്രതികരണം. ബെലാറൂസിന് പകരം വാഴ്‌സോയും ഇസ്തംബുളും ഉൾപ്പെടെ അഞ്ച് സ്ഥലങ്ങൾ സെലെൻസ്‌കി നിർദേശിച്ചിരുന്നു.

ബെലാറൂസിൽ ചർച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങൾ ചർച്ചയാകാമെന്നാണ് നിർദ്ദേശിച്ചത്. റഷ്യക്കൊപ്പം നിൽക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കിൽ ബെലാറൂസ് സൈന്യം റഷ്യൻ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസിൽ വച്ചുള്ള ചർച്ചയിലേക്ക് ഇല്ലെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.

യുക്രൈൻ നഗരങ്ങളിൽ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. കാർകീവിൽ ഇരുസൈന്യവും തമ്മിൽ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. സുമിയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒഡേസയിൽ ഡ്രോൺ ആക്രമണം നടന്നു. കീവിൽ സ്‌ഫോടനങ്ങൾ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. കാർകീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായത്. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ട്.

ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാർകീവിലെ ഒരു അപ്പാർട്ട്‌മെന്റിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായും ഇതിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. ഒൻപത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ.

അതേ സമയം സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് റഷ്യൻ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈൻ. റഷ്യൻ അധിനിവേശം തടയാൻ യുക്രൈന് ആയുധ പിന്തുണ നൽകുമെന്ന് കൂടുതൽ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ സർക്കാർ ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്‌ട്രേലിയ വിലക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP