Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുക്രൈനെതിരായ സൈനിക നടപടി; റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം കടുക്കുന്നു; മോസ്‌കോയിലും സെയിന്റ് പീറ്റേഴ്സ്ബർഗിലും ജനങ്ങൾ തെരുവിൽ; നൂറുകണക്കിനുപേർ അറസ്റ്റിൽ

യുക്രൈനെതിരായ സൈനിക നടപടി; റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം കടുക്കുന്നു; മോസ്‌കോയിലും സെയിന്റ് പീറ്റേഴ്സ്ബർഗിലും ജനങ്ങൾ തെരുവിൽ; നൂറുകണക്കിനുപേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

മോസ്‌കോ: യുക്രൈനിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടെ അയൽരാജ്യത്തെ ആക്രമിക്കുന്നതിനെതിരെ റഷ്യയിൽ പ്രതിഷേധം ശക്തം. മോസ്‌കോയിലും സെയിന്റ് പീറ്റേഴ്സ്ബർഗിലും തെരുവിൽ റഷ്യക്കാർ പ്രക്ഷോഭവുമായി രംഗത്തുവന്നു.

പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. വ്യാഴാഴ്ച യുദ്ധം ആരംഭിച്ച ദിവസവും വെള്ളിയാഴ്ചയും തെരുവിൽ പ്രക്ഷോഭം നടന്നിരുന്നു. ശനിയാഴ്ച മാത്രം 34 റഷ്യൻ നഗരങ്ങളിൽ നിന്നായി 460 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് മാത്രം 200 പേരെയാണ് പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.

ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള തുറന്ന കത്തുകളും നിരവധിയായി പ്രചരിക്കുന്നുണ്ട്. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ, അദ്ധ്യാപകർ, ആർകിടെക്റ്റുമാർ, മാധ്യമപ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ യുദ്ധത്തിനെതിരെ രംഗത്തുവന്നു.

പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് ജയിൽവാസം വരെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു യുദ്ധവിരുദ്ധ പ്രക്ഷോഭം നടന്നത്. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ നൂറുകണക്കിന് ആളുകൾ റാലി നടത്തി. റഷ്യയിൽ 1663 പേരെ അറസ്റ്റ് ചെയ്തതായി ടാസ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മോസ്‌കോയിലെ ആർട് മ്യൂസിയമായ ഗ്യാരേജ് തങ്ങളുടെ പ്രവർത്തനം ശനിയാഴ്ച ഉച്ചമുതൽ നിർത്തിവെച്ചു. യുദ്ധം അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും തങ്ങൾ വിശാലലോകത്തിലെ യുദ്ധവിരുദ്ധ ചേരിയിലുള്ളവരാണെന്നും സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യുക്രൈനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഓൺലൈൻ ഹർജിയിൽ ഇതുവരെ 7,80,000 (7.80 ലക്ഷം) പേരാണ് ഒപ്പിട്ടത്.
യുക്രൈനെതിരായ ആക്രമണത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ടോക്കിയോ മുതൽ ന്യൂയോർക്ക് വരെയുള്ള പ്രധാന നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്.

പാരിസിലും സമാന രീതിയിൽ ജനങ്ങൾ ഒത്തുകൂടി. വളരെ ഗുരുതരവും അപകടകരവുമായ നിമിഷത്തിലാണ് ലോകമുള്ളതെന്നായിരുന്നു പ്രതിഷേധക്കാരിലൊരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. സ്‌പെയിനിലെ മാഡ്രിഡിൽ ഓസ്‌കാർ ജേതാവ് കൂടിയായ ഷാവിയർ ബാർഡെമും പ്രതിഷേധക്കാർക്കൊപ്പം കൂടി. അധിനിവേശത്തിലൂടെ യുക്രൈനിന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP