Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരട്ടപ്രഹരവുമായി ഡയസ്; ഇഞ്ചുറി ടൈമിൽ ഫ്രീ കിക്കിലൂടെ ഗോൾപ്പട്ടിക തികച്ച് നായകൻ അഡ്രിയാൻ ലൂണ; ജീവൻ മരണ പോരാട്ടത്തിൽ ചെന്നൈയിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ്; 30 പോയന്റുമായി ആദ്യ നാലിൽ

ഇരട്ടപ്രഹരവുമായി ഡയസ്; ഇഞ്ചുറി ടൈമിൽ ഫ്രീ കിക്കിലൂടെ ഗോൾപ്പട്ടിക തികച്ച് നായകൻ അഡ്രിയാൻ ലൂണ; ജീവൻ മരണ പോരാട്ടത്തിൽ ചെന്നൈയിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ്; 30 പോയന്റുമായി ആദ്യ നാലിൽ

സ്പോർട്സ് ഡെസ്ക്

ബംബോലിം: ഐഎഎസ്എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ നഷ്ടമാക്കിയ അവസരങ്ങൾക്ക് രണ്ടാം പകുതിയിൽ എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ ജോർജെ പെരേര ഡയസും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും നേടിയ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിൽ ഇടംപിടിച്ചത്.

ഗോൾരഹിതമായ ആദ്യുപകുതിക്കുശഷേമായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ഗോളടിച്ച് ജയം ഉറപ്പിച്ചത്. 52, 55 മിനിറ്റുകളിലായിരുന്നു ഡയസ് ചെന്നൈയിൻ വല കുലുക്കിയത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫ്രീ കിക്കിലൂടെ ചെന്നൈയിൻ വല കുലുക്കി ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾപ്പട്ടിക പൂർത്തിയാക്കി.

മത്സരത്തിന്റെ 38-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാൽ അൽവാരോ വാസ്‌ക്വസ് നൽകിയ ക്രോസ് പക്ഷേ ജോർജ് ഡിയാസിന് വലയിലെത്തിക്കാനായില്ല. എന്നാൽ ഈ പിഴവിന് 52-ാം മിനിറ്റിൽ ഡിയാസ് പ്രായശ്ചിത്തം ചെയ്തു. ഖബ്ര നൽകിയ ലോങ് ബോൾ സ്വീകരിച്ച് അഡ്രിയാൻ ലൂണ നൽകിയ മികച്ചൊരു പാസ് ഡിയാസ് വലയിലെത്തിച്ചു.

മൂന്ന് മിനിറ്റുകൾക്ക് ശേഷം ഡിയാസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി. ബോക്സിലേക്ക് വന്ന പന്തിൽ നിന്ന് വാസ്‌ക്വസ് നൽകിയ പാസ് സ്വീകരിച്ച ശേഷം സഞ്ജീവ് സ്റ്റാലിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ഡിയാസ് റീബൗണ്ട് വന്ന പന്ത് വിദഗ്ധമായി വലയിലെത്തിച്ചു. കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കേ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പട്ടിക തികച്ചു.

ജയത്തോടെ പോയന്റ് പട്ടികയിൽ 18 കളികളിൽ 30 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കയറി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ഗോവക്കെതിരെ ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും അഞ്ചാം സ്ഥാനത്താവും. മുംബൈ സിറ്റി എഫ് സിക്ക് 17 കളികളിൽ 28 പോയന്റാണുള്ളത്. 19 കളികളിൽ 20 പോയന്റുമായി ചെന്നൈയിൻ എട്ടാം സ്ഥാനത്ത് തുടരുന്നു.

കളിയുടെ തുടക്കത്തിലെ പത്ത് മിനിറ്റിൽ ചെന്നൈയായിരുന്നു പന്ത് കൂടുതൽ സമയവും കൈവശംവെച്ചത്. മധ്യനിരയിൽ പന്തിനായുള്ള പോരാട്ടത്തിൽ അവർ പലപ്പോഴും ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കുകയും ചെയ്തു. എന്നാൽ മധ്യനിരയിൽ പന്ത് നേടുന്നതിൽ ജയിച്ചെങ്കിലും ഗോളിലേക്ക് വഴി തുറക്കാൻ അവർക്കായില്ല. ഇതിനിടെ ലോംഗ് പാസുകളിലൂടെ ചെന്നൈയിൻ ഗോൾ മുഖത്ത് പന്തെത്തിക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

പതിമൂന്നാം മിനിറ്റിൽ ബോക്‌സിന് പുറത്ത് ഹോർമിപാമിന്റെ ഫൗളിൽ ചെന്നൈയിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കേണ്ടതായിരുന്നു. ഫ്രീ കിക്ക് എടുത്ത വ്‌ളാഡിമിർ കോമാന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലിന്റെ കൈയിൽ തട്ടി ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. പിന്നാലെ ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ ഗോൾമുഖം വിറപ്പിച്ചു. 25-ാം മിനിറ്റിൽ വാസ്‌ക്വ്‌സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത്തവണയും ഫിനിഷ് ചെയ്യാനായില്ല.

ആദ്യ പകുതി തീരുന്നതിന് മുമ്പ് മുന്നിലെത്താൻ ബ്ലാസ്റ്റേഴ്‌സിന് സുവർണാവസരം ലഭിച്ചു. ആയുഷ് അധികാരിയെ ബോക്കിന് പുറത്ത് അനിരുദ്ധ് ഥാപ്പ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീ കിക്കിൽ നിന്ന് വാസ്‌ക്വസ് നൽകിയ അളന്നുമുറിച്ച ക്രോസിൽ തുറന്ന ലഭിച്ച സുവർണാവസരം ആരു മാർക്ക് ചെയ്യാതെ നിന്നിരുന്ന ജോർജെ പെരേര ഡയസ് നഷ്ടമാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയെ ഡയസിനുണ്ടായിരുന്നുള്ളൂവെങ്കിലും ഡയസിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ആദ്യ പകുതി തിരുന്നതിന് മുമ്പ് മുന്നിലെത്താൻ ചെന്നൈയിനും സുവർണാവസരം ലഭിച്ചു. 42-ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ബോക്‌സിനകത്ത് ലഭിച്ച ക്രോസിൽ കാലു വെക്കേണ്ട ആവശ്യമെ ജോബി ജസ്റ്റിനുണ്ടായിരുന്നുള്ളുവെങ്കിലും താരം അവസരം നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമായി.

എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് വൈകാതെ ചെന്നൈയിൻ വല കുലുക്കി. 52-ാം മിനിറ്റിൽ ഹർമൻജ്യോത് ഖബ്രയുടെ ലോംഗ് പാസ് അഡ്രിയാൻ ലൂണയുടെ തോളിൽ തട്ടി കാൽപ്പാകത്തിൽ ലഭിച്ച പന്തിൽ ജോർജെ പേരേര ഡയസ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ചെന്നൈയിൻ ക്രോസ് ബാറിൽ തട്ടി തിരിച്ചുവന്നപ്പോൾ ലഭിച്ച പന്തിൽ നിന്നായിരുന്നു ഡയസിന്റെ രണ്ടാം ഗോൾ.

രണ്ട് ഗോൾ വീണതോടെ ഉണർന്നു കളിച്ച ചെന്നൈയിൻ ഗോളടിക്കാനായി കൈ മെയ് മറന്നു പൊരുതിയതോടെ കളി ആവേശകരമായി. എന്നാൽ ഫിനിഷിംഗിലെ പോരായ്മ അവർക്ക് തിരിച്ചടിയായി. പെരേരയുടെ ഇരട്ടഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചിരിക്കെ 90ാം മിനിറ്റിൽ അഡ്രിയൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോളും നേടി. ചെന്നൈയിൻ ബോക്‌സിനു മുന്നിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ലൂണയുടെ സുന്ദരമായ കിക്ക് ഗോൾകീപ്പറുടെ പ്രതിരോധം കടന്ന് നേരെ വലയിൽ. സ്‌കോർ 3 - 0.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP