Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാറ്റലൈറ്റ് ചാനലായ മീഡിയാവൺ യൂ ട്യൂബ് ചാനലായി; ശമ്പളം പിടിക്കുന്നതിന് എതിരെ മാധ്യമത്തിൽ ജീവനക്കാരുടെ സമരം; എഡിഷനുകൾ ഒന്നൊന്നായി പൂട്ടുന്നു; കുറ്റ്യാടി ഐഡിയൽ സ്‌കൂളിൽ അദ്ധ്യാപകർ സമരത്തിൽ; ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളിൽ മൊത്തത്തിൽ ഗുലുമാൽ!

സാറ്റലൈറ്റ് ചാനലായ മീഡിയാവൺ യൂ ട്യൂബ് ചാനലായി; ശമ്പളം പിടിക്കുന്നതിന് എതിരെ മാധ്യമത്തിൽ ജീവനക്കാരുടെ സമരം; എഡിഷനുകൾ ഒന്നൊന്നായി പൂട്ടുന്നു; കുറ്റ്യാടി ഐഡിയൽ സ്‌കൂളിൽ അദ്ധ്യാപകർ സമരത്തിൽ; ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളിൽ മൊത്തത്തിൽ ഗുലുമാൽ!

എം റിജു

കോഴിക്കോട്: മൗദൂദിസ്റ്റുകൾ എന്ന ആരോപണം നിലനിൽക്കുന്ന സമയത്തുതന്നെ കേരളത്തിന്റെ മാധ്യമരംഗത്തും വിദ്യാഭ്യാസ രംഗത്തും നിരവധി സ്ഥാപനങ്ങളുമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഈ സംഘടന ഒളിച്ചുകടത്തുന്ന മതരാഷ്ട്രവാദം എന്ന ആശയത്തോട് കടുത്ത വിയോജിപ്പുള്ളവർ പോലും, വിവിധ സ്ഥാപനങ്ങൾ നടത്താനുള്ള ജമാഅത്തിന്റെ പ്രൊഫഷണൽ സ്വഭാവത്തെ അഭിനന്ദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജമാഅത്ത് സ്ഥാപനങ്ങൾക്ക് പൊതുവേ കഷ്ടകാലമാണ്.

സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മാധ്യമം ബ്രോഡ്കാസ്റ്റിങ്ങ് ലിമിറ്റഡിന്റെ കീഴിൽ തുടങ്ങിയ മീഡിയാവൺ എന്ന ചാനൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് സംപ്രേഷണം നിർത്തിവെച്ചിരിക്കയാണ്. ഈ വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന് മുന്നിലാണ്. കോടികൾ ചെലവിട്ട് സാറ്റലൈറ്റ് ചാനലായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ യൂ ട്യൂബ് ചാനലായിട്ടാണ് പ്രവർത്തിക്കുന്നത്. ഇതിനുപിന്നാലെയാണ് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിനു കീഴിൽ ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മാധ്യമം ദിനപ്പത്രത്തിലെ ജീവനക്കാരുടെ സമരം നടന്നത്. ശമ്പളം പിടിക്കുന്നതിനും ശമ്പളം വൈകുന്നതിനും എതിരെ ആയിരുന്നു ജീവനക്കാർ വെള്ളിമാടുകുന്നിലെ മാധ്യമം ഓഫീസിനുമുന്നിൽ പന്തൽ കെട്ടി സമരം നടത്തിയത്. ഇതോടൊപ്പം ജമാഅത്ത് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കുറ്റ്യാടിയിലെ ഐഡിയൽ പബ്ലിക്ക് സ്‌കുളിലും സമരം നടക്കുകയാണ്.

ജമാഅത്ത് സ്ഥാപനങ്ങളിൽ ഗുലുമാൽ

മാധ്യമം പത്രത്തിന്റെ മുൻ അസോസിയേറ്റ് എഡിറ്ററും, എഴുത്തുകാരനുമായ ഒ അബ്ദുല്ല ഈ വിഷയത്തിൽ തന്റെ യൂ ട്യൂബ് ചാനലിലൂടെ ഇങ്ങനെ പ്രതികരിക്കുന്നു. ജമാഅത്ത് സ്ഥാപനങ്ങളിൽ ഗുലുമാൽ എന്ന എന്ന തലക്കെട്ടിൽ ഇറക്കിയ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. '22-2-2022ൽ മാധ്യമം ദിനപ്പത്രത്തിൽ സൂചനാ പണിമുടക്ക് നടന്നു. അതേസമയം കുറ്റ്യാടിയിലെ ഐഡിയൽ പബ്ലിക്ക് സ്‌കൂളിലും സമരം നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയിലെ ഈ പ്രദേശങ്ങളിലെ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വവും, ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെയും മറ്റും അമരക്കാരനായിരുന്നു ഒ.പി അബുദുസ്സലാം മൗലവിയുടെ മകളുടെ ഭർത്താവാണ് അതിൽ ബലിയാടായിരിക്കുന്നത്. ഫൈസൽ പാലോളി എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തെയും മറ്റ് നാലുപേരെയും പിരിച്ച് വിട്ടിരിക്കയാണ്. പറയത്തക്ക ഒരു കാരണവുമില്ലാതെയാണ്, 22,23 വർഷക്കാലം തൊഴിൽ എടുത്ത ഇവരെ പിരിച്ചുവിട്ടത്. അതേസമയത്ത് തന്നെയാണ് മാധ്യമം പത്രത്തിൽ സൂചനാ പണിമുടക്ക് നടക്കുന്നത്.

മാധ്യമത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം എനിക്കും ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. ഞാൻ കൂടി മൂൻകൈയെടുത്ത് തുടങ്ങിയ സ്ഥാപനങ്ങളിലെ ഒരു പരിപാടിയും അറിയിക്കാറില്ല. മാധ്യമത്തിലെ ജീവനക്കാരുടെ പിച്ചച്ചട്ടയിൽ കൈയിട്ടുവാരുകയാണ് ഇപ്പോൾ നടക്കുന്നത്. അഴിമതിയും ധൂർത്തും വ്യാപകമാണ്. ഇത് കണ്ടെത്താൻ ജമാഅത്ത് നിയോഗിച്ച സമിതിയിലെ അംഗമായ ഖാലിദ് മുസയെ അത് ചോർത്തിക്കൊടുത്തുവെന്ന് പറഞ്ഞ് നടപടി എടുക്കയാണ് ചെയ്തത്. ജീവനക്കാരുടെ എണ്ണം ഇത്രയധികം കൂടുതലാണ് എന്ന് പറയുമ്പോൾ തന്നെ ഒ അബ്ദുറഹിമാനെയും, വി.കെ ഹംസ അബ്ബാസിനെയും പോലുള്ളവർ വർഷങ്ങളായി അവിടെ തുടരുന്നു. ഇവർക്കും ഒരു വിരമിക്കൽ വേണ്ടേ. പേഴ്സണൽ സ്റ്റാഫ് അടക്കം ഇവരുയൊക്കെ കീഴിൽ എത്ര ജീവനക്കാരാണ് ഉള്ളത്. ഇങ്ങനെയാണ് സ്ഥാപനം പ്രതിസന്ധിയിൽ ആവുന്നത്. മീഡിയാവൺ കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളെ തുടർന്നാണ് പ്രതിസന്ധിയിലായതെങ്കിൽ ഇത് സ്വയംകൃത അനർഥമാണ്'- ഒ അബ്ദുല്ല ചൂണ്ടിക്കാട്ടി.

മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്ററായ ഒ അബ്ദുറഹിമാന്റെ സഹോദരൻ കൂടിയായ ഒ അബ്ദുല്ല, മാധ്യമം ദിനപ്പത്രത്തെ രൂപപ്പെടുത്തിയെടുത്ത വ്യക്തികളിൽ ഒരാളാണ്. എന്നാൽ അകാരണമായി തന്നെ മാധ്യമത്തിൽനിന്ന് പുറത്താക്കുകയാണ് ഉണ്ടായതെന്നും തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

യു ട്യൂബ് ചാനലായി മാറിയ മീഡിയാ വൺ

കേരളത്തിലും ഗൾഫിലുമുള്ള ജമാഅത്ത് അനുഭാവികളിൽ നിന്ന് കോടികൾ പിരിച്ചെടുത്താണ്, മീഡിയാവൺ ചാനൽ ആരംഭിക്കുന്നത്. നേര്, നന്മ എന്നതാണ് മുദ്രാവാക്യവുമായി, കോഴിക്കോട് ആസ്ഥാനമായ മാധ്യമം ബ്രോഡ്കാസ്റ്റിങ് എന്ന കമ്പനിയാണ് ചാനൽ നടത്തുന്നത്. 2013 ഫെബ്രുവരി 10 ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് മീഡിയാവൺ നാടിന് സമർപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പിലാണ് ചാനൽ ആസ്ഥാനം.

അത്യാധുനിക സംവിധാനങ്ങളുമായി മുഖം മാറ്റത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മീഡിയാ വണ്ണിനെ തേടി വിലക്ക് എത്തുന്നത്. കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നും അവതാരകരെ ഒരുമിച്ച് എത്തിക്കുന്ന ഡിജിറ്റൽ വിസ്മയം മീഡിയാ വൺ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം മാതൃഭൂമി ന്യൂസിൽ നിന്ന് സ്മൃതി പരുത്തിക്കാടിനെയും മീഡിയാവൺ കൊണ്ടുവന്നു. നേരത്തെ മീഡിയാ വണ്ണിന്റെ പ്രധാന മുഖമായിരുന്നു അഭിലാഷ് മോഹൻ മാതൃഭൂമി ടിവിയുടെ ഭാഗമായിരുന്നു. ഇതിന് പകരം മാതൃഭൂമി ടിവിയിലെ പ്രധാനമുഖമായ സ്മൃതി പരുത്തിക്കാടിനെ മീഡിയാവൺ എടുത്തത്. സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററുടെ പദവിയാണ് മീഡിയാ വൺ സ്മൃതിക്ക് നൽകിയത്.

നേരത്തെ മീഡിയവൺ എഡിറ്ററായിരുന്നു രാജീവ് ദേവരാജായിരുന്നു, ഉണ്ണി ബാലകൃഷ്ണന് പകരമായി മാതൃഭൂമി ന്യൂസിന്റെ തലപ്പത്തേക്ക് എത്തിയത്. രാജീവിന് പകരക്കാനായിട്ട് മീഡിയാവണ്ണിന്റെ എഡിറ്റർ സ്ഥാനത്ത് എത്തിയത്, മനോരമ ന്യൂസിലെ പ്രമോദ് രാമനായിരുന്നു. പ്രമോദിന്റെ നേതത്വത്തിൽ മീഡിയാ വൺ നല്ല രീതിയിൽ പ്രവർത്തിച്ച് വരവെയാണ് കേന്ദ്രവിലക്ക് വരുന്നത്.

ചാനിലിന് പത്തുവർഷത്തേക്കാണ് പ്രവർത്തന അനുമതിയുണ്ടായിരുന്നത്. ഈ ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ക്ലിയറൻസ് ലഭിക്കാതെ പോയത്. ഇതിനെതിരെ മീഡിയാവൺ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ സ്റ്റേ കിട്ടിയിരുന്നു. എന്നാൽ കേന്ദ്രം രേഖകൾ ഹാജരാക്കിയതോടെ ഒരു മണിക്കൂർ പോലും പ്രവർത്തിക്കരുത് എന്ന് പറഞ്ഞ ജസ്റ്റിസ് നഗരേഷ് ചാനൽ പൂട്ടാൻ ഉത്തരവിടുകയായിരുന്നു. ഇതിന് എതിരെയാണ് മീഡിയാവൺ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

എന്നാൽ മീഡിയാവണ്ണിന്റെ കാശ്മീർ റിപ്പോർട്ടിങ്ങിന്റെ പ്രശ്നം മൂലമാണ് അവർക്കെതിരെ നടപടിയുണ്ടായതെന്നാണ്, മുതിർന്ന മാധ്യമ പ്രവർത്തകനായ മാത്യു സാമുവൽ പറയുന്നത്. 'കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടികളിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോയി മീഡിയാവൺ എടുത്ത വിഷ്വലുകൾ, പാക് മാധ്യമങ്ങൾ ആഘോഷിച്ചു. ഐക്യരാഷ്ട്ര സഭയിൽ വരെ ഇത് ഇന്ത്യക്കെതിരെ ഒരു വിഷയമായി എത്തി. ഇതിന്റെ പേരിലാണ് മീഡിയാവൺ നടപടി നേരിട്ടത്. രാഷ്ട്രീയ പകയുടെ പേരിൽ മോദിക്ക് നടപടി സ്വീകരിക്കാനാണെങ്കിൽ വേറെ എത്ര ചാനലുകൾ ഉണ്ട്''. - മാത്യു സാമുവൽ തന്റെ ചാനലിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നൂ.

എന്നാൽ തങ്ങൾക്ക് മീഡിയാവണ്ണിന്റെ സംപ്രേഷണ വിലക്കിനെകുറിച്ച് ഒന്നും അറിയില്ലെന്നും എന്താണ് കുറ്റം എന്ന് അറിയാതെ എങ്ങനെയാണ് ശിക്ഷിക്കുക എന്നുമാണ് എഡിറ്റർ പ്രമോദ് രാമൻ പറയുന്നത്.

മാധ്യമം ദിനപ്പത്രത്തിൽ ജീവനക്കാർ ദുരിതത്തിൽ

കഴിഞ്ഞ നാലുവർഷമായി മാധ്യമത്തിൽ ശമ്പള വിതരണം തോന്നിയ പോലെയാണ്. ആദ്യം ദിവസങ്ങൾ വൈകിയിരുന്ന ശമ്പളം പിന്നെ ആഴ്ചകളായി. ഒടുവിൽ കുടിശ്ശികയായയോടെ ഒരുമാസത്തെ ശമ്പളം ജീവനക്കാർ വിട്ടുകൊടുക്കുകയും ചെയ്തു. ഇതിനുപുറമേയാണ് ആനകുല്യങ്ങൾ ഏകപക്ഷീയമായി വെട്ടിക്കുറിച്ചത്. ഇപ്പോൾ ഇതിനെതിരെയാണ് ജീവനക്കാർ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്.

മാധ്യമം എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ സമര വിശദീകരണത്തിന്റെ പ്രസ്തകഭാഗങ്ങൾ ഇങ്ങനെയാണ്.- ഡി.എ പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ ഏഴര മാസത്തിലേറെയായി നടന്നുവന്ന ചർച്ചയുടെ ഒടുവിലത്തെ അവസ്ഥയും നമുക്കേവർക്കും ബോധ്യമുള്ളതാണല്ലോ. ഡി.എ പൂർണമായി പുനഃസ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടിന് സമാശ്വാസമാകാൻ രണ്ടു ദിവസത്തെ സാലറി വിട്ടുകൊടുക്കാമെന്ന് എല്ലാ ചർച്ചകളുടെയും ഒടുവിലായി യൂണിയനുകൾ സിഇഒയുമായി ധാരണയിലായതാണ്. പക്ഷേ, അത് 2023 ജൂൺ വരെ 15 മാസം വേണമെന്നാണ് അദ്ദേഹത്തിന്റെ കടുംപിടിത്തം. ഇതിനകം ഒരു കരാറിലും ഉൾപ്പെടാതെ പോയ 2021 ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള ആറു മാസക്കാലത്തെ ഒരു കണക്കിലും വകയിരുത്താതെയാണ് 15 മാസം ആവശ്യപ്പെടുന്നത്. ആ ആറുമാസം കൂടി കണക്കിലെടുക്കുമ്പോൾ വിട്ടുകൊടുക്കുന്നത് 21 മാസത്തെ ശമ്പളത്തിൽ നിന്നുമാകും.

രണ്ടു ദിവസത്തെ സാലറി വിട്ടുകൊടുക്കുന്നത് 2022 ജൂൺ 30 വരെയുള്ള ആറുമാസക്കാലത്തേക്കായി നിശ്ചയിക്കണമെന്നും അതിനു ശേഷം സാഹചര്യം അവലോകനം ചെയ്ത് കരാർ നീട്ടണോ എന്ന് തീരുമാനിക്കാമെന്നും ആ ചർച്ചയുടെ തിയതി ഇപ്പോൾ തന്നെ തീരുമാനിക്കാമെന്നും നമ്മൾ അറിയിച്ചതാണ്. പക്ഷേ, അത് അംഗീകരിക്കാൻ സിഇഒ തയാറല്ല.ഇത്രയും വിട്ടുവീഴ്ച ചെയ്യുന്ന ജീവനക്കാർക്ക് എല്ലാ മാസവും ഏഴാം തിയതിക്കകം ശമ്പളവിതരണം പൂർത്തിയാക്കണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടത്.പരമാവധി 10ാം തിയതിക്കുള്ളിലെങ്കിലും സാലറി വിതരണം പൂർത്തിയാക്കണം എന്ന് പിന്നീട് ചർച്ചയിൽ നമ്മൾ ഇളവ് അറിയിക്കുകയുണ്ടായി. എന്നാൽ, 30ാം തിയതിക്കകം മാത്രമേ സാലറി വിതരണം പൂർത്തിയാക്കാനാവൂ എന്നുമാണ് സിഇഒയുടെ പിടിവാശി.

ഒരു രൂപ പോലും അധികമായി ആവശ്യപ്പെട്ടല്ല നമ്മൾ ഈ പോരാട്ടത്തിനിറങ്ങുന്നത്. ഇത്രയുംകാലം നമ്മുടെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്തുകൊണ്ടിരിക്കുന്നത് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ്. ഏതൊരു മനുഷ്യനും ന്യായമായി ആവശ്യപ്പെടുന്നതിൽ കൂടതൽ ഒന്നും നമ്മളും ആവശ്യപ്പെടുന്നില്ല. ഇത് സൂചന മാത്രമാണ്. എന്നിട്ടും കണ്ണും കാതും അടച്ചുപൂട്ടിയിരിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെങ്കിൽ റിലേ സത്യഗ്രഹവും നിരാഹാരസത്യഗ്രഹവും മരണംവരെ സത്യഗ്രഹവുമടക്കമുള്ള അതിതീക്ഷ്ണമായ സമരപരമ്പരകളിലേക്ക് നമുക്ക് കടക്കേണ്ടിവരും.'-മാധ്യമം എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.


അഴിമതിയും വെട്ടിപ്പും വ്യാപകമെന്ന് ജീവനക്കാർ

അതേസമയം പണം ഇല്ലാത്തതല്ല, മാധ്യമത്തിന്റെ പ്രശ്നമെന്നും ചില ജമാഅത്ത് നേതാക്കളുടെ പിന്തുണയോടെ നടക്കുന്ന ഉന്നതതലത്തിലെ അഴിമതിയും, വെട്ടിപ്പും, ധൂർത്തുമാണ് പ്രശ്നമെന്നുമാണ് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്. എന്നാൽ മാനേജ്മെന്റിനെ ഭയന്ന് അവർ ആരും പരസ്യമായി പ്രതികരിക്കാൻ കൂട്ടാക്കുന്നില്ല.

ഇന്ത്യയിൽ ആദ്യമായി മജീദിയ വേജ് ബോർഡ് നടപ്പാക്കി മാതൃക കാട്ടിയ പത്രമായിരുന്നു മാധ്യമം. അതുപ്രകാരം ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനങ്ങളും അനുകൂല്യങ്ങളും ലഭിച്ചു. മാതൃഭൂമിയും മനോരമയും പോലും പിന്നീട് ഇത് അനുകരിക്കേണ്ടിവന്നു. പക്ഷേ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. 2017 മുതലാണ് മാധ്യമത്തിൽ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്. ആദ്യം ശമ്പളം വൈകാൻ തുടങ്ങി. പിന്നെ അത് ഒന്നും രണ്ടും മാസം കുടിശ്ശികയായി. ജീവനക്കാർ സമരത്തിലേക്ക് നീങ്ങി. മജീദിയ വേജ്ബോർഡ് പ്രകാരമുള്ള വ്യവസ്ഥകളിൽ പലതിലും മാനേജ്മെന്റ് വെള്ളം ചേർത്തു. ആനുകുല്യങ്ങൾ വെട്ടിക്കുറുച്ചു. ഒരു വേള ജീവനക്കാർ എഡിറ്റർ അടക്കമുള്ളവരെ തടഞ്ഞുവെക്കുക പോലുമുണ്ടായി. ഇതിനിടെ എഡിറ്റോറിയിലും വൻ മാറ്റങ്ങൾ ഉണ്ടായി. മാധ്യമത്തിന്റെ മതേതര മുഖം ഇല്ലാതായി. സകലമേഖലയിലും ജമാഅത്ത് അനുഭാവികളെ തിരുകിക്കയറ്റി. ജമാഅത്തെ രൂപീകരിച്ച വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയ നിഷ്പക്ഷതയും ആവിയായി. ഒരു മുഖംമൂടിയിട്ട ഇസ്ലാമിക പത്രം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

മാധ്യമത്തിന്റെ വിവിധ എഡിഷനുകളും ഒന്നൊന്നായി പൂട്ടാൻ തുടങ്ങി. മംഗലാപുരം, മുംബൈ, കണ്ണൂർ, കോട്ടയം, തൃശൂർ എന്നീ യൂണിറ്റുകൾ അടച്ചുപൂട്ടി. 16 പേജിൽ അടിച്ചിരുന്ന പത്രം 12ലേക്കും പത്തിലേക്കും ചുരുങ്ങി. താൽക്കാലിക ജീവക്കാർ അടക്കം നിരവധിപേരെ പിരിച്ചുവിട്ടു. സത്യം ധർമ്മം നീതിയെന്ന് ആപ്തവാക്യം പറയുന്ന മാധ്യമം മാനേജ്മെന്റ്, ഇപ്പോൾ അടിമുടി മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ്ങ് നിലച്ചതും അടക്കമുള്ള നിരവധി കാരണങ്ങൾ ഈ പ്രതിസന്ധിക്ക് കാരണമായി പ്രൊഫസർ ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള വിമർശകർ പറയുന്നുണ്ട്.

പക്ഷേ മാധ്യമത്തിൽ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയില്ലെന്നും, മിഡിൽ മാനേജ്മെന്റിന്റെ അടക്കം ധൂർത്തും അഴിമതിയുമാണ് പ്രശ്നമെന്നുമാണ്, ഒരു വിഭാഗം ജീവനക്കാർ പറയുന്നത്. അത് കൂടാതെ ഗൾഫ് മാധ്യമത്തിൽനിന്നുള്ള വരുമാനവും വേണ്ട രീതിയിൽ ലഭിക്കുന്നില്ല. മാധ്യമം ദിനപത്രത്തിലെ യൂനിയനുകൾ ഇത് സംബന്ധിച്ച് ജമാഅത്ത് ശൂറക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശൂറ നാലംഗ സമിതിയെ നിയോഗിച്ചു. ഈ സമിതി വിവിധ യൂണിറ്റുകളിലെത്തി പഠനം നടത്തിയതിൽ ഞെട്ടിക്കുന്ന അഴിമതിയാണ് കണ്ടെത്തിയത്.

പുതിയ പ്രസ് വാങ്ങിയത് മുതൽ സ്ഥലം വാങ്ങിയത് അടക്കമുള്ള കാര്യങ്ങളിൽ ഉണ്ടായ കമ്മീഷൻ ഇടപാടുകളും സമിതി കണ്ടെത്തി. ജമാഅത്ത് നേതാക്കളുടെ ബന്ധുക്കളായ ചിലർ മാധ്യമം, മീഡിയാവൺ തലപ്പത്തുണ്ട്. ഇവരാണ് ഈ അഴിമതിക്ക് കുടപിടിക്കുന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്. സമിതി റിപ്പോർട്ടിൽ ഇത്തരക്കാരെ പേരെടുത്ത് പറയുന്നുണ്ട്. പക്ഷേ ഈ റിപ്പോർട്ടിൽ ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ ഇത് ചോർത്തിയെന്ന് പറഞ്ഞ് ശൂറാഅംഗമായ ഖാലിദ് മൂസാ നദ്വി എന്ന നേതാവിനെതിരെ നടപടിയെടുക്കായണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്.

നേരത്തെ മീഡിയാവൺ നിരോധത്തിനെതിരെ മാധ്യമത്തിലെ ജീവനക്കാരെ അടക്കം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അപ്പോൾ അതോടൊപ്പം ചേർന്ന മാനേജ്മെന്റ് ഇപ്പോൾ, ശമ്പളപ്രശ്നത്തിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടി എടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.

ഇതുസംബന്ധിച്ച് പ്രതികരണത്തിന് മാധ്യമം മാനേജമെന്റ് പ്രതിനിധികളെ സമീപിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP