Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈഡൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഈ കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നു; റഷ്യ യുക്രെയിനെ ആക്രമിക്കണം എന്നായിരുന്നു യുഎസ് ഭരണകൂടത്തിന്റെ ഉള്ളിലിരിപ്പ്; ഇത് യുദ്ധക്കൊതിയന്മാർ നിയന്ത്രിക്കുന്ന അമേരിക്ക വരുത്തി വച്ച യുദ്ധം; ബൈഡന് എതിരെ അമേരിക്കയിൽ നിന്ന് തന്നെ വിമർശനം; തുൾസി ഗബ്ബാർഡ് തുറന്നടിച്ചപ്പോൾ

ബൈഡൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഈ കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നു; റഷ്യ യുക്രെയിനെ ആക്രമിക്കണം എന്നായിരുന്നു യുഎസ് ഭരണകൂടത്തിന്റെ ഉള്ളിലിരിപ്പ്; ഇത് യുദ്ധക്കൊതിയന്മാർ നിയന്ത്രിക്കുന്ന അമേരിക്ക വരുത്തി വച്ച യുദ്ധം; ബൈഡന് എതിരെ അമേരിക്കയിൽ നിന്ന് തന്നെ വിമർശനം; തുൾസി ഗബ്ബാർഡ് തുറന്നടിച്ചപ്പോൾ

മറുനാടൻ ഡെസ്‌ക്‌

 വാഷിങ്ടൺ: അമേരിക്ക ഒരു ആയുധ ഫാക്ടറിയും വൈറ്റ് ഹൗസ് ഒരു യുദ്ധ മുറിയും ആണെന്ന് വിമർശകർ കടുത്ത ഭാഷയിൽ പറയാറുണ്ട്. ലോക പൊലീസായി ഭാവിക്കുന്ന യുഎസിന് യുക്രെയിനിലെ റഷ്യൻ അധിനിവേശം തടയാൻ ആവുമായിരുന്നില്ലേ? യുക്രെയിന് 600 ദശലക്ഷം ഡോളർ സുരക്ഷാ സഹായം നൽകുന്നതായി പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ മനുഷ്യക്കുരുതി ഒഴിവാക്കാൻ എന്തുചെയ്തുവെന്ന പ്രസക്തമായ ചോദ്യം ഉയരുകയാണ്. തങ്ങൾ ഒറ്റയ്ക്കായി പോയെന്ന് യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിക്ക് വിലപിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? ഇത് അമേരിക്ക കാത്തിരുന്ന യുദ്ധമെന്നാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. അത് മറ്റെങ്ങുനിന്നുമല്ല, യുഎസിൽ നിന്നു തന്നെ. അമേരിക്കൻ കോൺഗ്രസിൽ ഡമോക്രാറ്റിക് പാർട്ടി പ്രതിനിധിയായിരുന്ന തുൾസി ഗബ്ബാർഡ് ആണ് ബൈഡൻ ഭരണകൂടത്തെ ചുട്ടുപൊള്ളിക്കുന്ന ചോദ്യങ്ങൾ ചോദിച്ചത്. ഫോകസ് ന്യൂസിൽ ടക്കർ കാൾസണുമായി സംസാരിക്കവേയാണ് തുൾസി ഗബ്ബാർഡ് അമേരിക്കയുടെ യുദ്ധ കൊതി തുറന്നടിച്ചത്. ഏതായാലും റഷ്യൻ ടെലിവിഷൻ മാധ്യമങ്ങൾ ഇതാഘോഷിക്കുന്നു എന്നത് മറ്റൊരുകാര്യം.

ആരാണ് തുൾസി ഗബ്ബാർഡ്?

2013 മുതൽ 2021 വരെ യുഎസ് കോൺഗ്രസിൽ ഹവായിയിൽ നിന്നുള്ള പ്രതിനിധിയായിരുന്നു തുൾസി ഗബ്ബാർഡ്. സുമോവൻ വംശജയായ അവർ ഹിന്ദുമതം സ്വീകരിച്ചയാളാണ്. 2012 ൽ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു അംഗം കൂടിയാണ്. 2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് ബൈഡനെ അംഗീകരിച്ച് പിന്മാറുകയായിരുന്നു. കോൺഗ്രസ് അംഗമായിരിക്കെ, ബരാക് ഒബാമയുടെ ഭരണകാലത്തും ഫോക്‌സ് ന്യൂസിൽ ശക്തമായ വിമർശനങ്ങളുമായി തുൾസി എത്തിയിരുന്നു. ഇസ്സാം മൗലികവാദമാണ് അമേരിക്കയുടെ ശരിയായ ശത്രു എന്ന് തുറന്നുപറയാൻ ഒബാമ മടിക്കുന്നതിന് എതിരെയായിരുന്നു അവരുടെ വിമർശനം. തീവ്രവാദത്തിനെതിരെ ശക്തമായി സംസാരിക്കുമെങ്കിലും, പ്രസിഡന്റ് സ്ഥാനാർത്ഥി പ്രചാരണത്തിനിടെ, സൈനിക ഇടപെടലുകൾക്ക് പൊതുവെ അവർ എതിരായിരുന്നു.

തുൾസി ഗബ്ബാർഡിന്റെ വാക്കുകൾ

ഒബാമയെ വിമർശിച്ചത് പോലെ ബൈഡനെ വിമർശിക്കാനും തുൾസി ഗബ്ബാർഡ് ഒരുമടിയും കാട്ടാറില്ല. റഷ്യ യുക്രെയിൻ പിടിച്ചടക്കണമെന്ന് ജോ ബൈഡൻ ഭരണകൂടത്തിന് താൽപര്യം ഉണ്ടായിരുന്നുവെന്നാണ് തുൾസി ഗബ്ബാർഡ് ഫോക്‌സ് ന്യൂസ് അഭിമുഖത്തിൽ പറയുന്നത്. അങ്ങനെ വന്നാൽ, റഷ്യക്കെതിരെ അമേരിക്കയ്ക്ക് കർക്കശമായ ഉപരോധം ഏർപ്പെടുത്താൻ കഴിയും.

' ബൈഡന് ഉക്രെയിനെതിരായ യുദ്ധം ഒഴിവാക്കാമായിരുന്നു. നാറ്റോ സൈനിക സഖ്യത്തിൽ യുക്രെയിനെ ചേർക്കില്ല എന്ന ഒരു വാക്ക് ബൈഡൻ പറഞ്ഞിരുന്നെങ്കിൽ, യുദ്ധം ഒഴിവാക്കാമായിരുന്നു. യുക്രെയിൻ നാറ്റോയിൽ അംഗമായാൽ യുഎസും നാറ്റോ സൈന്യവും റഷ്യയുടെ പടി വാതിൽക്കൽ എത്തും. അപ്പോൾ പുടിൻ പറഞ്ഞത് പോലെ അവരുടെ ദേശീയ സുരക്ഷാ താൽപര്യങ്ങൾക്ക് വിഘാതമാകും.

യാഥാർത്ഥ്യം എന്തെന്ന് വച്ചാൽ യുക്രെയിൻ നാറ്റോ അംഗം ആകുക എന്നതിന് വളരെ കുറഞ്ഞ സാധ്യത മാത്രമാണുള്ളത്. സാഹചര്യം അതായിരിക്കെ, എന്തുകൊണ്ട്, ബൈഡനും, നാറ്റോ നേതാക്കളും അങ്ങനെയൊരു ഉറപ്പ് റഷ്യക്ക് കൊടുത്തില്ല? യുദ്ധം എന്തുകൊണ്ട് ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നതിന്റെ ഉത്തരം ഇതാണ്: അവർക്ക് ശരിക്കും റഷ്യ യുക്രെയിനെ ആക്രമിക്കണം എന്നായിരുന്നു മോഹം.

ഒന്നാമതായി കടുത്ത ഉപരോധങ്ങൾ റഷ്യക്ക് മേൽ അടിച്ചേൽപ്പിക്കാൻ ബൈഡൻ ഭരണകൂടത്തിന് അത് നല്ലൊരു കാരണമാകും. അത് റഷ്യയെയും റഷ്യൻ ജനതയെയും വളഞ്ഞാക്രമിക്കുന്ന ആധുനിക കാല തന്ത്രം. രണ്ടാമതായി അത് ശീതയുദ്ധത്തെ അരക്കിട്ടുറപ്പിക്കും. സൈനിക-വ്യവസായ ലോകത്തിനാണ് ഇതിന്റെ നേട്ടം. അവരാണ് യഥാർത്ഥത്തിൽ ബൈഡൻ ഭരണരകൂടത്തെ നിയന്ത്രിക്കുന്നത്. വാഷിങ്ടണിലെ യുദ്ധക്കൊതിയന്മാർ ഇരുവശത്ത് നിന്നും ഈ സംഘർഷം കൂട്ടി വരികയായിരുന്നു. റഷ്യ യുക്രെയിനെ കീഴടക്കിയാൽ, പുതിയ ശീതയുദ്ധം ഉറപ്പിക്കാൻ കഴിയുമല്ലോ.അൽഖ്വായിദയ്ക്ക് എതിരെ പോരാടിയ കാലത്തേക്കാൾ ടൺ കണക്കിന് പണം സൈനിക -ആയുധ ലോബിക്ക് വാരിക്കൂട്ടാം'

എന്തായാലും തുൾസി ഗബ്ബാർഡ് പറഞ്ഞത് പോലെ തന്നെ ജർമനിയിലേക്കുള്ള നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി അടക്കം നിർത്തി വച്ച് റഷ്യക്കെതിരെ ഉപരോധങ്ങളുടെ പെരുമഴയാണ്.

ഫോക്‌സിലെ അഭിമുഖത്തിന് പിന്നാലെ നിരവധി ട്വീറ്റുകളും തുൾസ് ഗബ്ബാർഡ് ഈ വിഷയത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുദ്ധ കൊതിയന്മാർക്ക് കിട്ടേണ്ടത് കിട്ടി. പുതിയ ശീത യുദ്ധം ഉറപ്പിച്ചുകഴിഞ്ഞു, അവർ ട്വീറ്റ് ചെയ്തു. യുക്രെയിന്റെ സ്വാതന്ത്ര്യം പ്രതിരോധിക്കാനുള്ള ചെലവ് നമ്മൾ വഹിക്കണമെന്ന് അവർ ജോ ബൈഡനോടും കമല ഹാരിസിനോടും ആഹ്വാനം ചെയ്യുന്നുമുണ്ട്. എണ്ണവില കൂടിയാൽ സാധാരണക്കാരായ അമേരിക്കക്കാരാവും കഷ്ടപ്പെടുക. ആണവ യുദ്ധമുണ്ടായാൽ, യുദ്ധക്കൊതിയന്മാരായ വരേണ്യ വിഭാഗം ബങ്കറുകളിൽ സുരക്ഷിതരായിരിക്കുമെന്നും എന്നാൽ, സാധാരണക്കാർ രക്ഷാകവചമില്ലാതെ നരകിക്കുമെന്നും തുൾസ് ഗബ്ബാർഡ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബൈഡൻ ഭരണകൂടത്തിന് പുടിനെ എങ്ങനെ ശിക്ഷിക്കണമെന്ന് മാത്രമേയുള്ളു എന്നും അമേരിക്കക്കാരുടെ യഥാർത്ഥ താൽപര്യങ്ങൾ അല്ല അവർ സംരക്ഷിക്കുന്നതെന്നും തുൾസി ഗബ്ബാർഡ് തുറന്നടിക്കുന്നുണ്ട്. ഏതായാലും ഈയാഴ്ച നാല് തവണയെങ്കിലും റഷ്യയിലെ സർക്കാർ ടെലിവിഷൻ ഫോക്‌സ് അഭിമുഖം കാണിച്ചു. വിമർശനം അങ്ങനെ അമേരിക്കയ്ക്ക് നേരേ തന്നെ തിരിച്ചുവച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP