Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

(സ്)മൃതിജീവിതങ്ങൾ

(സ്)മൃതിജീവിതങ്ങൾ

ഷാജി ജേക്കബ്‌

രുപത്തൊന്നാം നൂറ്റാണ്ടിൽ മലയാളസാഹിത്യത്തിൽ സംഭവിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഭാവുകത്വവ്യതിയാനം, നോവൽ, മലയാളിയുടെ വായനാലോകത്തെ ഏക സാഹിത്യരൂപമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നോവലിനൊപ്പം തന്നെ മലയാളഭാവനയിൽ പ്രാധാന്യമുണ്ടായിരുന്ന നാടകവും കവിതയും ചെറുകഥയും പുസ്തക/ആനുകാലിക പ്രസാധനരംഗങ്ങളിലും വിപണിയിലും വായനാതലത്തിലും സാമൂഹ്യപൊതുമണ്ഡലത്തിലും ഒരുപോലെ ദുർബ്ബലമാകുന്ന കാലമാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ സാംസ്‌കാരിക വിപര്യയത്തിനു സമാന്തരമായി സംഭവിക്കുന്ന മറ്റൊരു മാറ്റം ആത്മകഥ, ഓർമ്മ, അനുഭവം, ജീവിതം എന്നൊക്കെ വിളിപ്പേരുള്ള ഒരു ആഖ്യാനരൂപത്തിനു കൈവരുന്ന അപൂർവമായ ലാവണ്യസ്വരൂപവും സാമൂഹ്യസ്വീകാര്യതയും രാഷ്ട്രീയ പ്രസക്തിയുമാണ്. ഭാവാത്മകമായ ഒരു രചനാഗണം എന്ന നിലയിൽ ഈ എഴുത്തുരൂപത്തിനുള്ള പ്രാധാന്യം സൗന്ദര്യാത്മകമെന്നതുപോലെതന്നെ രാഷ്ട്രീയവുമാണ്. ആധുനികതാവിമർശനത്തിന്റെ പാഠമാതൃകകളെന്നോണം സ്ത്രീകൾ, ദലിതർ, വിവിധ സാമൂഹ്യമേഖലകളിൽ മുഖ്യ/പൊതുധാരയ്ക്കു പുറത്ത് ഭിന്നജീവിതമനുഭവിക്കുന്നവർ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ അസാധാരണമായ ജീവിതാനുഭവങ്ങളെക്കുറിച്ചു നടത്തുന്ന തുറന്നെഴുത്തുകളോ പറച്ചിലുകളോ ആണ് ഇവ പൊതുവെ. ഒരേസമയം കുറ്റവിചാരണയും കുമ്പസാരവുമായി മാറുന്ന ഓർമയുടെ സാംസ്‌കാരിക രേഖീകരണങ്ങൾ. ആധുനികാനന്തര വായനാമണ്ഡലത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളായി കരുതാവുന്ന ജനപ്രിയ, ജേണലിസ്റ്റിക് സമീപനങ്ങൾ ഈ രചനകളൊന്നടങ്കം ഏറ്റെടുക്കുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിൽ കലാത്മകതയുടെ ഒരു മൂന്നാമിടം ഇവ നിരന്തരം പുനരുല്പാദിപ്പിക്കുന്നു. ചരിത്രാത്മകതക്കും സാങ്കല്പികതക്കുമിടയിൽ പ്രത്യയശാസ്ത്രപരതയുടെ ഒരു ഭാവതലം ഇവ സൂക്ഷ്മമായി പുനഃസൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ലൈംഗികതൊഴിലാളികൾ, സ്വവർഗരതിക്കാർ, ഭിന്ന ലൈംഗിക സ്വത്വങ്ങളുള്ളവർ, നിയമവും ഭരണകൂടവും കുറ്റവാളികളായി മുദ്രകുത്തിയവർ, ശാരീരികമായി ഭിന്നശേഷി കൈവരിച്ചവർ, വിവിധ രംഗങ്ങളിൽ പൊതുധാരയ്ക്കു പുറത്ത് സമാന്തര ജീവിതധാരകൾ സൃഷ്ടിച്ചവർ, കാർന്നുതിന്ന രോഗങ്ങളിലും വന്നുപെട്ട അപകടങ്ങളിലും മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്നവർ, ദലിത്, കീഴാളസമരനായകർ, കൊടിയ ജാതി, മത, ലൈംഗിക ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായവർ, യഥേഷ്ടം സഞ്ചരിച്ച ജീവിതപഥങ്ങളിൽനിന്നു മാറി ആത്മാന്വേഷണത്തിന്റെ ബലിപീഠങ്ങൾക്കു മുന്നിൽ മുട്ടുകുത്തിയവർ, ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പാഞ്ഞു ജീവിച്ചവർ... ജീവിതത്തെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ കൊണ്ട് ഒരേസമയം ലാവണ്യാത്മകവും രാഷ്ട്രീയനിർഭരവുമായി സമൂഹത്തോടും സ്ഥാപനങ്ങളോടും വ്യവസ്ഥകളോടും പ്രത്യയശാസ്ത്രങ്ങളോടും പ്രഖ്യാപിക്കുന്ന ധർമസമരങ്ങളാകുന്നു, ഈ രചനകൾ മിക്കതും. 'perosnal is political' എന്നതാണ് ഇവരുടെ നിലപാടുതറ; ഈ ആഖ്യാനരൂപത്തിന്റെയും.

ബാലചന്ദ്രൻ ചുള്ളിക്കാട്, നളിനി ജമീല, ദേവകി നിലയങ്ങോട്, സി.കെ. ജാനു, കല്ലേൻ പൊക്കുടൻ, സെലീന പ്രക്കാനം, രാമചന്ദ്രൻനായർ, ജോൺസൻ, വി.പി. ഗംഗാധരൻ, മണിയൻപിള്ള, വിനയ, അഷിത, സൂസി കളപ്പുര, ജെസ്മി, സുജാതാദേവി, ലീലാമേനോൻ, നിലമ്പൂർ ആയിഷ, എം. കുഞ്ഞാമൻ, ടി.ജെ. ജോസഫ്, ജേക്കബ് തോമസ്, മാമുക്കോയ, ഇന്നസെന്റ്, ശിവശങ്കർ, ഷക്കീല, അക്കൈ പത്മശാലി, സുധക്കുട്ടി... എന്നിങ്ങനെ എത്രയോപേർ!

ഏതു മനുഷ്യരുടെയും ജീവിതത്തിന് അനന്യമായ ഭാവമൂല്യമുണ്ടെന്നും സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ ജാതീയമോ ലിംഗപരമോ സാംസ്‌കാരികമോ ആയ പദവികൾ ആ മൂല്യത്തിന് മേല്കീഴ് നിലകൾ സൃഷ്ടിക്കുന്നില്ലെന്നും ഒളിമറകളില്ലാത്ത ആത്മാവിഷ്‌ക്കാരത്തെക്കാൾ വലിയ സത്യപ്രഖ്യാപനങ്ങൾ ചരിത്രത്തിലോ ലാവണ്യമാനങ്ങൾ സാഹിത്യത്തിലോ നാളിതുവരെ രൂപം കൊണ്ടിട്ടില്ലെന്നും ഇവ തെളിയിക്കുന്നു. ജീവിതരാഷ്ട്രീയം തന്നെയാണ് ഏറ്റവും വലിയ സാഹിതീയ സൗന്ദര്യമെന്ന് അടിവരയിട്ടു സ്ഥാപിച്ചുകൊണ്ട് ഈ അനുഭവകഥനങ്ങൾ നമ്മുടെ ഭാവനാലോകത്തെ അകംപുറം കുടഞ്ഞുമറിച്ചിടുന്നു. ജീവിതത്തിനു വേണ്ടിയുള്ള ആനന്ദവും ആഹ്ലാദവും ജനിപ്പിക്കുകയല്ല, ജീവിതത്തെപ്പറ്റി ആഘാതവും അമ്പരപ്പും സൃഷ്ടിക്കുകയാണ് ഈ പാഠരൂപത്തിന്റെ ഭാവമൂല്യവും സാംസ്‌കാരിക ധർമ്മവും.

അനിതരസാധാരണവും അപൂർവവും അവിശ്വസനീയവുമായ അനുഭവമെഴുത്തിലൂടെ ജന്മത്തിന്റെ നിലകിട്ടാക്കയങ്ങളിൽ മുങ്ങിത്താണുപോകുന്ന സന്ദർഭങ്ങളിൽ നിന്ന് ആയുസ്സും അർഥവും തിരിച്ചുപിടിച്ചു കരകയറുന്ന മനുഷ്യരുടെ അതിജീവിതമാണ് ഈ കൃതികൾ പകർന്നുവയ്ക്കുന്നത്. ഏതർഥത്തിലും അവ (സ്)മൃതിജീവിതങ്ങളുമാകുന്നു. വാപിളർന്നെത്തിയ ദുരന്തങ്ങളെയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വേലിയേറ്റങ്ങളെയും അസ്ഥിയുരുക്കുന്ന ദുഃഖങ്ങളെയും ചതികളും വഞ്ചനകളും അകൽച്ചകളും തിരസ്‌കാരങ്ങളും മാത്രം നിറഞ്ഞ ബന്ധങ്ങളെയും പകയും വെറിയും നിറഞ്ഞ വീട്ടകങ്ങളെയും ചോര കണ്ണീരായ് പെയ്തുതീരുന്ന പേപിടിച്ച ദിനരാത്രങ്ങളെയും വേട്ടനായ്ക്കളെപ്പോലെ വിധി, ദംഷ്ട്രയും തീനാക്കുമായി പലായനം ചെയ്യിക്കുന്ന അവസ്ഥകളെയും കുറിച്ചുള്ള ഓർമ്മച്ചിത്രങ്ങൾ. പച്ചമാംസത്തിൽ കാരമുള്ളുകൊണ്ടെഴുതിയ അനുഭവക്ഷതങ്ങൾ.

ജീവിതമേ നീ എന്ത്? എന്ന ഒറ്റച്ചോദ്യമേ ഇവർക്കുമുന്നിലുള്ളു. പക്ഷെ ആ ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടാതെ നീറിനീറിപ്പുകയുന്ന ചൂളപോലുള്ള ദേഹങ്ങളും ദേഹികളുമാണ് ഈ ആഖ്യാനങ്ങളിൽനിന്ന് നമ്മെ തേടിവരുന്നത്. ഒരു സാഹിത്യകൃതിയും ഇന്നോളം ഭാവന ചെയ്യാത്തവിധം മൂർത്തമായി, വന്യവും വിചിത്രവുമായ അനുഭവസന്ധികളിലൂടെ കടന്നുപോയ ഒറ്റയും ചെറുതുമായ മനുഷ്യരുടെ നഗ്‌നവും നിരാലംബവുമായ ജീവിതങ്ങളുടെ നെടിയ പിളർപ്പുകളിലേക്കാണ് ഈ അനുഭവമെഴുത്തുകൾ പലതും നമ്മെ വലിച്ചുതാഴ്‌ത്തുന്നത്. മേൽപ്പറഞ്ഞ മുഴുവൻ എഴുത്തുകാരെയും ഒറ്റവാക്കിൽ സമീകരിച്ചുപറയുന്നതല്ല ഇത്. ചുള്ളിക്കാട് മുതൽ കുഞ്ഞാമൻ മാഷ് വരെയും ജാനു മുതൽ ജോസഫ് മാഷ് വരെയും അഷിത മുതൽ അക്കൈ വരെയുമുള്ള ചിലരെക്കുറിച്ചുള്ള നിരീക്ഷണമാണിത്.

നിസംശയം പറയാം, മലയാളത്തിലുണ്ടായ ഇത്തരം ജീവിതാഖ്യാനങ്ങളിൽ ഏറ്റവും തീവ്രവും തീഷ്ണവുമായ അനുഭവപാഠങ്ങളിലൂടെ വായനയെ ചുട്ടുപൊള്ളിക്കുന്ന എഴുത്ത് എച്ച്മുക്കുട്ടിയുടേതാണ്. അനുഭവങ്ങളുടെ പുനരാവിഷ്‌ക്കാരത്തിൽ പുലർത്തുന്ന സ്ത്രൈണകർതൃത്വത്തിന്റെ അതുല്യമായ ആർജ്ജവം മുൻനിർത്തി വിശേഷിപ്പിച്ചാൽ മലയാളത്തിലെ ജീവിതമെഴുത്തിന്റെ മാധവിക്കുട്ടിയാണ് അവർ. ആത്മകഥയെന്ന നിലയിൽ ഏതാനും വർഷം മുൻപ് എച്ച്മുക്കുട്ടി പ്രസിദ്ധീകരിച്ച 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന രചനയാണ് ഒന്ന്. ആ പുസ്തകം ഈ പംക്തിയിൽ മുൻപ് റിവ്യു ചെയ്തിരുന്നു. ആത്മകഥയുടെ മറ്റൊരു ഭാഗമായി ഇപ്പോൾ പുറത്തുവന്നിട്ടുള്ള അമ്മച്ചീന്തുകൾ എന്ന പുസ്തകമാണ് ഇവിടെ വായിക്കപ്പെടുന്നത്.

നൂറുവർഷങ്ങൾ. നാലു തലമുറകൾ. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ ഒരു നിത്യനരകത്തിൽ, മരിക്കുന്നതുവരെ കണ്ണീരുതോരാതെ വെന്തുപിടഞ്ഞ രണ്ടു തലമുറയിൽ പെട്ട മൂന്നു സ്ത്രീകളുടെയും ആ നരകത്തീയിൽനിന്ന് മുക്കാലും പൊള്ളിയടർന്ന ഉടലുമായി പിടഞ്ഞുകയറി ജീവിതം തുടരുന്ന മറ്റു മൂന്നു സ്ത്രീകളുടെയും അവരുടെ മക്കളായ രണ്ടു പെൺകുട്ടികളുടെയും കഥകളാണ് 'അമ്മച്ചീന്തുകൾ'. അച്ചുതണ്ടുപോലെ സ്വന്തം അമ്മയുടെ ജീവിതം എച്ച്മുക്കുട്ടി ഈ അഭിശപ്തജന്മങ്ങളുടെ നടുക്കു പ്രതിഷ്ഠിക്കുന്നു. 'അമ്മ'യെന്നത് ഒരേസമയം ഒരു വ്യക്തിയും അവസ്ഥയുമായി ഈ സ്ത്രീകളുടെ ചരിത്രം പൂരിപ്പിക്കുന്നു. ദാക്ഷിണ്യമില്ലാത്ത ദൈവനീതികൊണ്ടും വെറും വിധികൊണ്ടും മാത്രം; അകപ്പെട്ടുപോയ ഇടങ്ങളിൽ വച്ചു ചീന്തിയെറിയപ്പെട്ട സ്ത്രീത്വങ്ങളുടെ കാലാന്തര രക്തസാക്ഷ്യങ്ങളായി മാറുന്നു, ഈ പുസ്തകത്തിലെ നൂറ് 'ചീന്തു'കളും. നാലുതലങ്ങളിൽ കാണാം അമ്മച്ചീന്തുകളുടെ ആഖ്യാനകലയും ജീവിതരാഷ്ട്രീയവും.

ഒന്ന്, എച്ച്മുക്കുട്ടിയുടെ അമ്മ, അവരുടെ സഹോദരി, അവരിരുവരുടെയും അമ്മ എന്നീ മൂന്നു സ്ത്രീകൾ; അമ്മക്കുണ്ടായ താനും റാണിയും ഭാഗ്യയും; തന്റെയും ഭാഗ്യയുടെയും ഓരോ പെണ്മക്കൾ എന്നിങ്ങനെ എട്ടുപേരുടെ ജീവിതങ്ങൾ നാലുതലമുറകളിലൂടെ കടന്നുപോയ കാലത്തിന്റെ നേർ ആവിഷ്‌ക്കാരം. കുടുംബം എന്ന സ്ഫടികശില്പത്തിന്റെ ഉടഞ്ഞുചിതറലുകൾ.

രണ്ട്, ജാതിവെറിയും ആണധികാരവും ഏതെല്ലാം തരത്തിൽ കുടുംബങ്ങൾക്കുള്ളിലും പുറത്തും സ്ത്രീകളുടെ ജീവിതം താറുമാറാക്കുമോ അവ മുഴുവൻ അനുഭവിക്കുകയും അനുഭവിച്ചതു മുഴുവൻ കടുകിട മാറ്റം വരുത്താതെ തുറന്നെഴുതുകയും ചെയ്യുന്നതിന്റെ ആർജ്ജവം. ആത്മത്തിന്റെ, സ്ത്രീത്വത്തിന്റെ ഉള്ളുരുക്കങ്ങൾ.

മൂന്ന്, പിതാപുത്രബന്ധം, ഭാര്യാഭർതൃബന്ധം, സഹോദരീസഹോദര ബന്ധം, ഗുരുശിഷ്യബന്ധം, കാമുകീകാമുകബന്ധം, സുഹൃത്ബന്ധം, തൊഴിലിടങ്ങളിലും പൊതുസമൂഹത്തിലും നിലനിൽക്കുന്ന വ്യക്തി-വ്യക്തി ബന്ധം... എന്നിങ്ങനെ രക്തം കൊണ്ടടയാളപ്പെട്ടവയോ അല്ലാത്തവയോ ആയ മുഴുവൻ മനുഷ്യബന്ധങ്ങളുടെയും ചീഞ്ഞളിഞ്ഞ അകക്കാമ്പുകളുടെ വലിച്ചുപുറത്തിടൽ. ശിഥിലജന്മപുരാണങ്ങൾ.

നാല്, ഭരണകൂടം, കോടതി, നിയമവ്യവസ്ഥ, തൊഴിൽസ്ഥാപനങ്ങൾ, സ്‌കൂൾ, കോളേജ്, പൊതുവിടങ്ങൾ, സാംസ്‌കാരികരംഗം... എന്നിങ്ങനെ വീടിനു പുറത്തു നിലനിൽക്കുന്ന സാമൂഹ്യക്രമങ്ങൾ സ്ത്രീക്കുമേൽ നടത്തുന്ന നികൃഷ്ടമായ വിചാരണകളുടെയും കിരാതമായ വിധിയെഴുത്തുകളുടെയും പൊളിച്ചടുക്കൽ. സ്ത്രീയുടെ മൃത-ജീവിതങ്ങൾ.

ഈ നാലു തലങ്ങളിലേക്കും ഒരേസമയം വലിച്ചു ചീന്തിപ്പിളർക്കപ്പെടുന്ന പെണ്ണുടലുകളുടെയും ഉയിരുകളുടെയും ആത്മകഥ 'അമ്മച്ചീന്തുകളി'ലേതുപോലെ ഇത്രമേൽ ആഘാതശേഷിയോടെ, ചരിത്രബദ്ധവും ഭാവതീവ്രവുമായി എഴുതപ്പെട്ടിട്ടുള്ളതിന് മറ്റൊരു മാതൃക മലയാളത്തിലില്ല. വായിച്ചുതുടങ്ങിയാൽ പിന്നെ സ്വസ്ഥമായി നിങ്ങൾക്കുറങ്ങാൻ കഴിയില്ല എന്നതുതന്നെയാണ് ഈ പുസ്തകത്തിന്റെ അനുഭവമൂല്യം. യാതൊരു ദാക്ഷിണ്യവുമില്ലാതെ എച്ച്മുക്കുട്ടി നിങ്ങളുടെ തലച്ചോറിൽ തീ കോരിയിടുന്നു, നിങ്ങൾ അകംപുറം പൊള്ളിപ്പിടയുന്നു. ആ കനലുകളാകട്ടെ അവരും അവരുടെ മുൻ, പിൻ തലമുറകളും എത്രകാലം നടന്നുതീർത്തിട്ടും കെടാതെ കിടക്കുന്നവയുമാണ്.

നൂറ് ചീന്തുകളിൽ എച്ച്മുക്കുട്ടി പറയുന്ന ഈ പെൺജീവിതങ്ങളുടെ കഥ സൂക്ഷ്മമാംവിധം ക്രമകാലികവും സ്ഥലകേന്ദ്രിതവും വ്യക്തിനിഷ്ഠവുമായ അനുഭവങ്ങളുടെ അനുകമ്പയേതുമില്ലാത്ത സഹനശതകമാകുന്നു.

എത്രയെങ്കിലും തലമുറകൾക്കു മുൻപ് കുംഭകോണത്തിനടുത്ത് ശുദ്ധമല്ലി അഗ്രഹാരത്തിൽ നിന്നു പുറപ്പെട്ടുപോന്ന് തൃശൂർ ഗ്രാമത്തിൽ പാർപ്പുറപ്പിച്ച അനന്തരാമയ്യരിൽ തുടങ്ങുന്ന താവഴിയുടെ ഇങ്ങേയറ്റത്ത് എച്ച്മുക്കുട്ടി തന്റെ മുത്തച്ഛൻ സുബ്ബരാമയ്യരെ നിർത്തുന്നു. അദ്ദേഹത്തിനും ഭാര്യ രുഗ്മിണിക്കുമുണ്ടായ മക്കളിൽ ഏറ്റവും ഇളയവളായിരുന്നു രാജലക്ഷ്മി, എച്ച്മുക്കുട്ടിയുടെ അമ്മ. രാജലക്ഷ്മിയുടെ മൂത്ത സഹോദരിയാണ് എച്ച്മുക്കുട്ടിയുടെ കഥനങ്ങളിലും അനുഭവങ്ങളിലും ഏറ്റവും കൂടുതൽ കടന്നുവരുന്ന അമ്മീമ്മ-പന്ത്രണ്ടാം വയസ്സിൽ മുപ്പതു വയസ്സുള്ള ഒരു മഹാബ്രാഹ്മണനെ വിവാഹം ചെയ്ത്, ഒരുദിവസം പോലും അയാളുടെ കൂടെ ജീവിക്കാതെ പതിനാറാം വയസ്സിൽ വിധവയായി ആമരണം ഒറ്റക്കു ജീവിച്ച സ്ത്രീ. വായിക്കൂ:

'പന്ത്രണ്ടു വയസ്സിൽ മുപ്പതു വയസ്സുള്ള ഒരു മഹാ ബ്രാഹ്മണനെക്കൊണ്ട് അമ്മീമ്മയെ വിവാഹം ചെയ്യിച്ചിരുന്നു. അമ്മീമ്മ ഋതുമതിയായിരുന്നില്ല. വരനെ ആനപ്പുറത്താണത്രേ ഇരുത്തി മാപ്പിളയയപ്പ് നടത്തിയത്. നാലു ദിവസവും തൃക്കൂർ അടച്ച് സദ്യ ആയിരുന്നുപോലും... അന്ന് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യംകൂടി കിട്ടീട്ടില്ല. കിട്ടുമോ എന്നുപോലും ആർക്കും നിശ്ചയവുമില്ല.

ബ്രാഹ്മണ പെൺകുട്ടികളെ മരിക്കുംമുമ്പ് ഒരു ബ്രാഹ്മണൻ ഭോഗിച്ചിരിക്കണം. അങ്ങനെ പെൺകുട്ടിയുടെ ശവം മാന്യമായി സംസ്‌കരിക്കാൻ ഉള്ള ഒരുക്കൽകൂടിയാണ് അവളുടെ കല്യാണം. അങ്ങനെ ഭോഗിച്ചിട്ടില്ലെങ്കിൽ തറവാടിനും മുതിർന്നവർക്കും വന്നുചേരുന്ന മഹാപാപത്തിനുള്ള പരിഹാരം ശവഭോഗമായിപോലും വേണ്ടി വരാറുണ്ടത്രേ, പിതൃസദ്യ ഉണ്ണുന്ന ശവുണ്ഡി ബ്രാഹ്മണർക്ക്. അമ്മീമ്മ ശവുണ്ഡി ബ്രാഹ്മണരെ വല്ലാതെ ഭയന്നിരുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങലെ വളർത്തുന്ന കാലത്ത് അത്തരമൊരു ഭയം അമ്മീമ്മയ്ക്കുണ്ടാവാൻ കാരണമെന്തെന്നോർത്ത് ഞാനും അനിയത്തിമാരും കുറെ തല പുകച്ചിട്ടുണ്ട്.

ആഘോഷമെല്ലാം കഴിഞ്ഞു വരൻ പോയി. പിന്നെ ആ വരൻ ജീവിതത്തിലൊരിക്കലും അമ്മീമ്മയെ കണ്ടതേയില്ല. പതിനേഴുവയസ്സിൽ തീണ്ടാരി ആയ അമ്മീമ്മയെ ആഘോഷപൂർവം ഭർതൃഗൃഹത്തിൽ എത്തിച്ചു. വലിയ വട്ടികൾ നിറയേ നൂറ്റൊന്നു ചുറ്റുള്ള മുറുക്കും തേങ്ങാ വലുപ്പത്തിലുള്ള പലതരം ലഡ്ഡുവും ജിലേബിയും മൈസൂർപാക്കും പാൽതെരട്ടിപ്പാലും ഒക്കെ ഒപ്പം ഉണ്ടായിരുന്നു.

കുറച്ച് നാൾ മാമിയാർ അമ്മീമ്മയുടെ നീണ്ട മുടി മെടഞ്ഞ് മുല്ലപ്പൂ ചൂടിച്ച് സ്വർണപ്പണ്ടങ്ങളും കുപ്പിവളകളും ഒക്കെ ഇടീച്ച് പതിനെട്ട് മുഴം ചേലയും ചുറ്റിച്ച് സീമന്തരേഖയിൽ സിന്ദൂരവും തൊടീച്ച് അരുമയായി പോറ്റി. അമ്മീമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. പാചകവും കോലമിടലും കൈത്തുന്നലും ചെടിവളർത്തലുമായിരുന്നു പ്രധാന കഴിവുകൾ. അഞ്ചാറുമാസം കഴിഞ്ഞു മാമിയാർ അമ്മീമ്മയെ തറവാട്ടിൽതന്നെ കൊണ്ടുവിട്ടു. വരാത്ത മകനെയും കാത്ത് അമ്മീമ്മയെ ഭർതൃഗൃഹത്തിൽ പാർപ്പിക്കുന്നതിൽ അവർ ഒരു അർഥവും കണ്ടില്ല. മകൻ തിരികെ വന്നാൽ അന്ന് മടക്കിക്കൊണ്ടുപോകാമെന്ന വാക്കും കൊടുത്ത് ആ അമ്മായിഅമ്മ യാത്രയായി.

അക്ഷരമറിയാത്ത അമ്മീമ്മയ്ക്ക് അക്കാലത്ത് രണ്ടു പ്രണയലേഖനങ്ങൾ കിട്ടി. അത് എഴുതിയവർക്ക് അറിയില്ലായിരുന്നു അമ്മീമ്മ നിരക്ഷരയാണെന്ന്. ആദ്യമായി കിട്ടിയ പ്രണയലേഖനം ഒന്നു വായിക്കാൻ പോലും സാധിക്കാതെ പോയ നിർഭാഗ്യമാണ് അമ്മീമ്മയുടെ പ്രണയകൗതുകം.

തൃക്കൂർ മഠത്തിൽ ഇടിവെട്ടി....മിന്നലിന്റെ മൂർച്ചയുള്ള വാളു തിളങ്ങി. അങ്ങനെയാണ് മുതിർന്ന ചേട്ടന്മാർ അവരവരുടെ ഭാര്യമാരുടെ പ്രസവശുശ്രൂഷയ്ക്കായി അമ്മീമ്മയെ ബോംബെക്കു കൊണ്ടുപോയത്. അമ്മീമ്മ പിഴച്ചുപോവരുതല്ലോ. മഠത്തിന്റെ മാനം കാക്കണമല്ലോ. അതുകൊണ്ട് ഇന്ത്യ സ്വതന്ത്രയാകുമ്പോൾ അമ്മീമ്മ ബോംബെയിലായിരുന്നു. ആ ദിവസത്തെപ്പറ്റി, അന്നത്തെ ഉത്സവത്തിമർപ്പിനെ പറ്റിയുമൊക്കെ അമ്മീമ്മ വിസ്തരിച്ചു പറഞ്ഞുതന്നിട്ടുണ്ട്. ഗാന്ധിജിയെയും നെഹ്രുവിനെയും ജീവനോടെ കണ്ടിട്ടുണ്ടായിരുന്നു അമ്മീമ്മ.

മുപ്പതു വയസ്സു തികഞ്ഞശേഷം ബോംബെയിൽനിന്ന് തിരിച്ചുവന്ന്, വാശി പിടിച്ച് പഠിച്ച്, എതിർത്തവരോടൊക്കെ ബഹളം കൂട്ടി അമ്മീമ്മ തൃക്കൂർ സ്‌കൂളിൽ ടീച്ചറായി. താലികെട്ടിയ മനുഷ്യന്റെ വീട്ടിൽ ഭാഗം നടന്നപ്പോൾ അയാളുടെ ഓഹരി ആ അമ്മായിഅമ്മ അമ്മീമ്മയ്ക്ക് നൽകുകതന്നെ ചെയ്തു. അന്നും ഒറ്റയ്ക്കായ പെണ്ണിന് എന്തിനാണ് പണം എന്ന ചോദ്യമുണ്ട്. അതുകൊണ്ട് നഗരങ്ങളിൽ വാടകയ്ക്ക് പാർക്കുന്ന ആൺമക്കൾക്ക് വീടു വാങ്ങാൻ സുബ്ബരാമയ്യർ ആ മൂവായിരത്തി അഞ്ഞൂറു രൂപ മുഴുവനും നല്കി. അക്കാലത്ത് അതൊരു വലിയ തുകയാണ്.

അമ്മീമ്മക്ക് വീടുണ്ടാക്കിക്കൊടുക്കണമെന്ന് ആ അപ്പാവിന് വളരെക്കഴിഞ്ഞാണ് തോന്നിയത്. ആ മൂവായിരത്തി അഞ്ഞൂറു രൂപ ബാങ്കിലിടണമെന്നും അദ്ദേഹം പിന്നെ മാത്രമേ ആലോചിച്ചുള്ളൂ. വീട് അമ്മീമ്മ മരിക്കുമ്പോൾ തന്റെ ഒരു പൗത്രന് നൽകണമെന്ന് സുബ്ബരാമയ്യർ കട്ടായം പറഞ്ഞു. 'വീടെനിക്ക് വേണ്ട. അപ്പാ ഇപ്പോൾ തന്നെ കുഞ്ഞുമോന് നല്കിക്കൊള്ളൂ' എന്ന് അമ്മീമ്മ ആ നിമിഷം തന്നെ തീർപ്പ് പ്രകടിപ്പിച്ചു. ആ നിലപാട് സുബ്ബരാമയ്യരെ ചില്ലറയായൊന്നുമല്ല മാറ്റിമറിച്ചത്. കാരണം ആ വീടുപണിക്ക് അതിനകം ഉദ്യോഗസ്ഥരായിക്കഴിഞ്ഞിരുന്ന അമ്മീമ്മയും എന്റെ അമ്മയും പോലും പണം മുടക്കീരുന്നു. അങ്ങനെ ആ വീടും പണവും ഒടുവിൽ അമ്മീമ്മയുടേതായിത്തീർന്നു.

അമ്മീമ്മ ഭർത്താവ് എന്ന മനുഷ്യൻ കെട്ടിയ താലിയും കഴുത്തിലിട്ട്, സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി ഒരു പുരുഷന്റെയും സ്പർശനമേല്ക്കാതെ വിരിച്ചിട്ട ശുഭ്രവസ്ത്രം പോലെ ജീവിച്ചു. കൊടിയ അപമാനങ്ങൾ സഹിച്ചു. ഞങ്ങളെ വളർത്തി, ഒടുവിൽ മരിച്ചുപോയി.

അമ്മീമ്മയുടെ ആ വീടും ബാങ്കിൽ കിടന്നിരുന്ന ആ രൂപയും... ആ രൂപ ഏഴായിരത്തി അഞ്ഞൂറായി വളർന്നിരുന്നു. അതാണ് മുപ്പത് വർഷത്തെ സിവിൽ കേസിന്റെ ശരിയായ കാരണം. അല്ലാതെ അമ്മ ജാതിയിൽക്കുറഞ്ഞയാളെ പരിണയിച്ചതല്ല. പ്രത്യക്ഷത്തിൽ ബ്രാഹ്മണ്യത്തിനെതിരായ ഒരു കുറ്റവും ചെയ്യാത്ത അമ്മീമ്മയുടെ പേരിൽ മാത്രമായി കേസ് ഫയൽ ചെയ്യാൻ പറ്റാത്തതുകൊണ്ട് അമ്മയുടെ പേരും ചേർക്കപ്പെടുകയായിരുന്നു. തറവാട്ടു മഠത്തിൽ പാർക്കുന്ന അമ്മീമ്മയെ സഹോദരന്മാർ ബാങ്കിലിരുന്ന ആ പണം എഴുതി മേടിച്ചശേഷം നിഷ്‌കരുണം ആട്ടിയിറക്കുകയായിരുന്നു. അമ്മീമ്മയുടെ അനുജൻ കഴുത്തിന് കുത്തിപ്പിടിച്ചാണ് മഠത്തിൽനിന്ന് പുറത്താക്കിയത്. തറവാട്ടു മഠത്തിൽതന്നെ പാർക്കുന്ന അമ്മീമ്മയുടെ പേരിൽ അവിടെ താമസിച്ചുകൊണ്ട് സഹോദരന്മാർ എങ്ങനെ കേസ് നടത്തും? അതാണ് ഇറക്കിവിടപ്പെട്ടത്. അതവരുടെ കുടുംബകാര്യമെന്ന് സമൂഹം എന്നുമെന്നപോലെ അപ്പോഴും നോക്കി നിന്നു.

യൗവനം ബാക്കിയുള്ള ഒരു പെണ്ണ് അനാഥയായാൽ.... അതിലും ദയനീയമായ എന്തുണ്ട് പിന്നെ ആ ജീവിതത്തിൽ സംഭവിക്കാൻ... അമ്മീമ്മ കരഞ്ഞുകൊണ്ട് സ്വന്തം ചിത്തിയെ അഭയം പ്രാപിച്ചു. ഇതൊക്കെ ശരിയാവുമെന്നും സഹോദരന്മാർ മടക്കിവിളിക്കുമെന്നും പഴയതുപോലെ ജനിച്ചുവളർന്ന മഠത്തിൽ ജീവിക്കാനാവുമെന്നുമായിരുന്നു അമ്മീമ്മയുടെ പ്രതീക്ഷ.

എന്നാലും ആ ദിവസം നിറഞ്ഞൊഴുകിയിരുന്ന മണലിപ്പുഴയിൽ ചാടി മരിക്കാൻ അമ്മീമ്മ മോഹിച്ചിരുന്നു. മുണ്ടൂരിൽനിന്ന് വിയ്യൂർ സെൻട്രൽ ജയിലിലെ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയിരുന്ന എന്റെ അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിഞ്ഞാലും ഒന്നും ചെയ്യാൻ അമ്മയ്ക്ക് പറ്റുമായിരുന്നില്ല'.

തുടക്കത്തിൽ സ്വന്തം സഹോദരന്മാരിൽ നിന്നാണ് അമ്മക്കും അമ്മീമ്മക്കും ഏറെ ദുരിതങ്ങൾ ഏൽക്കേണ്ടിവരുന്നത്. പിതാവിന്റെ മരണശേഷം ജീവച്ഛവമായി മാറിയ അമ്മയെ നോക്കുകുത്തിയാക്കി അവരുടെ നാലാൺമക്കൾ ആ സ്ത്രീകളെ നിരന്തരം വേട്ടയാടി. കായികവും മാനസികവും സാമ്പത്തികവും നിയമപരവും സദാചാരപരവുമായ നരവേട്ടകൾ. ബ്രാഹ്മണജാതിക്കു പുറത്തുള്ള ഒരാളെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതോടെ കുടുംബത്തിനും സമുദായത്തിനും ചതുർഥിയായി മാറിയ അമ്മയുടെ ദുരവസ്ഥകൾ എച്ച്മുക്കുട്ടി എഴുതുന്നു. ഒരുവശത്ത് ജാതിവെറി. മറുവശത്ത് സ്വത്തുതർക്കം. രണ്ടിനും തീ പകർന്ന ആണധികാരത്തിന്റെ നെറ്റിക്കണ്ണ്. സ്വന്തം സഹോദരന്മാരിലൊരാളിൽനിന്ന് ക്രൂരമായ ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടിവന്ന (അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾതന്നെ) സഹോദരിമാർപോലും രാജലക്ഷ്മിക്കുണ്ടായിരുന്നു. പക്ഷെ അതിലും വലിയ നരകങ്ങൾ അവരെ വിഴുങ്ങാൻ വാപിളർന്ന് കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കൊടിയ മർദ്ദനങ്ങളും അവഹേളനങ്ങളും അപമാനങ്ങളും അവഗണനകളും അവരുടെ ജീവിതം ആമരണം നരകമാക്കി മാറ്റി. എച്ച്മുക്കുട്ടിയുടെ ഓർമകൾ ആ നരകാനുഭവങ്ങളെക്കുറിച്ചാണ്. അമ്മയിൽ മാത്രമല്ല തന്നിലും സഹോദരിമാരിലും അമ്മീമ്മയിലും മുത്തശ്ശിയിൽപോലും ആണ്ടിറങ്ങിയ ആ മനുഷ്യന്റെ വിഷപ്പല്ലുകളെക്കുറിച്ചാണ് ഈ പുസ്തകത്തിലെ പകുതിയിലധികം കുറിപ്പുകളും. അച്ഛനിൽ അവസാനിച്ചില്ല തന്റെ ദിനരാത്രങ്ങളിൽ കയ്പും കണ്ണീരും മാത്രം നിറച്ച പുരുഷന്മാർ എന്നു സൂചിപ്പിച്ചുകൊണ്ട് എച്ച്മുക്കുട്ടി എഴുതുന്നു:

'അയൽപ്പക്കത്ത് അലക്കുകാരായ വേലൻ കുടുംബമായിരുന്നു. അമ്മീമ്മയ്ക്ക് ഓലച്ചൂട്ടില്ലാതെ അടുപ്പ് കത്തിക്കാൻ അറിയുമായിരുന്നില്ല. അമ്മീമ്മ അതിരാവിലെ വേലൻ പാച്ചുവിന്റെ വീട്ടിലെത്തി കതക് തട്ടി. അവർ ആട്ടിയിറക്കില്ല എന്ന് അമ്മീമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നുവത്രേ. ഒത്തിരി കാലം അമ്മീമ്മയുടെ മഠത്തിൽ തുണയലക്കീരുന്നു അവർ. അമ്മീമ്മയെ കണ്ടപ്പോൾ പാച്ചുവിന്റെ വീട്ടുകാർ ഭയന്നു. ആവശ്യം കേട്ടപ്പോൾ മരുമകൾ നാരായണി ഓലച്ചൂട്ട് കൊണ്ടുവന്ന് അടുപ്പ് കത്തിക്കാൻ സഹായിച്ചു. ഈ സംഭവം അനേകം തവണ അമ്മീമ്മ പറഞ്ഞുതന്നിട്ടുണ്ട്. അന്ത നാരായണിയോട് കൈകുരുത്തമാക്കും എന്നക്കും ഇന്ത അടുപ്പിലെ ഇപ്പടി തീയെരിയറത് എന്ന് അമ്മീമ്മ പറയുമായിരുന്നു. പക്ഷേ, പിന്നീട് ആ കുടുംബത്തെ അമ്മീമ്മയുടെ സഹോദരൻ സ്വന്തം വരുതിക്ക് തന്നെ നിറുത്തി അമ്മീമ്മയെ ഒത്തിരി ബുദ്ധിമുട്ടിച്ചിട്ടുണ്ട്.

അമ്മീമ്മ പോയതിനു ശേഷമാവണം വിയ്യൂർ വീട് തികച്ചും അശാന്തമാകുവാൻ തുടങ്ങുന്നത്.... അവിടത്തെ എന്റെ ആദ്യ ഓർമ്മ... എനിക്കിന്നുപോലും മറക്കാനാവാത്ത ആ ഓർമ്മ ഇങ്ങനെയാണ്...

അതിൽ ആദ്യം തെളിയുന്ന കാഴ്ച ഒരു ചൂരലിന്റേതാണ്. അതിന്റെ നിറം, എന്തു നിറമാണതിന്?

വെളുപ്പ്...അല്ല.

ക്രീം...അല്ല.

പിന്നെ...പിന്നെ...

ഇത്ര കഷ്ടപ്പെടേണ്ട, അതിന് ഒരു ചൂരലിന്റെ വർണ്ണമാണ്. ഒട്ടകത്തിനു ഒട്ടകവർണ്ണംപോലെ, ചൂരലിനു ചൂരൽ വർണ്ണം.

അതിന്റെ ഒരറ്റത്ത് ഒരു വലിയ മനുഷ്യന്റെ കൈപ്പത്തി മുഴുവൻ കടത്തിപ്പിടിക്കാവുന്ന അണ്ഡാകൃതിയിലുള്ള പിടിയുണ്ട്. ആ പിടിയിൽ തീരെ വണ്ണമില്ലാത്ത തിളങ്ങുന്ന കമ്പികൾ ചുറ്റിക്കെട്ടിയിരുന്നു. അത്തരം എട്ട് കമ്പികൾ ആ ചൂരലിനുള്ളിലൂടെയും കടന്നുപോകുന്നുണ്ടായിരുന്നു.

ആ ചൂരൽ കൊണ്ടാണ് അച്ഛൻ അമ്മയെ തല്ലിയിരുന്നത്.

നമുക്ക് ഓർമ്മകൾ ഉണ്ടായിരിക്കണമോ?

മൂന്നു വയസ്സിൽ വിയ്യൂർ വീട്ടിൽ ഉറക്കം ഞെട്ടിയുണർന്ന ഒരു രാത്രിയാണെന്റെ മറക്കാൻ കഴിയാത്ത വ്യക്തമായ ഓർമ്മ.

ചുവന്ന് കലങ്ങിയ കണ്ണുകളോടെ, കണ്ണീരൊഴുകി വീണ കവിളുകളോടെ, കൂപ്പുകൈകളോടെ തറയിൽ മുട്ടുകുത്തിനിന്ന് യാചിക്കുന്ന അമ്മ. ചൂരലോങ്ങി ക്രൗര്യത്തോടെ ഗർജ്ജിക്കുന്ന അച്ഛൻ. പെട്ടെന്ന് ചൂരൽ വായുവിൽ ആഞ്ഞു പുളഞ്ഞു, അമ്മയുടെ ചങ്ക് തകരുന്ന നിലവിളിയിൽ എനിക്ക് ശബ്ദം വറ്റിപ്പോയിരുന്നു. പിടഞ്ഞുകൊണ്ട് തറയിൽ വീണ അമ്മയെയും എന്നെയും അച്ഛൻ വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തിറക്കിവിട്ടു. ഇടി മുഴങ്ങിക്കൊണ്ടിരുന്ന ആ രാത്രിയിൽ റാണി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കരയുന്ന അമ്മയോട് ശബ്ദിച്ചാൽ കാലു മടക്കി അടിക്കുമെന്ന് അപ്പോൾ അച്ഛൻ അമറി.

വലിയ മഴ പെയ്യുകയായിരുന്നു. അടിപ്പാവാടയും ബ്ലൗസും മാത്രമണിഞ്ഞ അമ്മ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് അടക്കിയ ശബ്ദത്തിൽ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് ആ ചവിട്ട് പടികളിലിരുന്നു. അച്ഛന്റെ ദേഷ്യം മാറി കതകു തുറക്കുന്നതും കാത്ത്. അമ്മയുടെ ഏങ്ങലടി കേട്ടു കരയാൻ പോലും ഭയന്ന് തുറിച്ച കണ്ണുകളുമായി ഞാനും. ആ ഏങ്ങലിന്റെ ആഴത്തിൽ അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവയും മരിച്ച് പോകുമെന്നു ഞാൻ നടുങ്ങി.

ഇത്തരം എത്രയോ രാത്രികളും ഇതിലും മോശമായ പകലുകളും എന്റെ ഓർമ്മകളിൽ നിത്യമായ ചോരച്ചാലുകൾ കീറി. ഞങ്ങൾ അഞ്ചു പെണ്ണുങ്ങൾ, എന്റെ അമ്മയും ഞാനും രണ്ടനുജത്തിമാരും അമ്മീമ്മയും എന്നും ആരുമില്ലാത്തവരായിരുന്നു.

എനിക്കൊരിക്കലും അച്ഛനെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. ഭയം, കൊല്ലപ്പെടുമെന്ന ഭയം മാത്രമേ ഉണ്ടായിട്ടുള്ളൂ. അമ്മയെയും അമ്മീമ്മയെയും സ്നേഹിക്കാതിരിക്കാനും കഴിഞ്ഞിട്ടില്ല.

അന്ന് തൊണ്ടക്കുഴിയിൽ ഭയം കൊണ്ടമർന്നുപോയ ആ നിലവിളിയായി മാറി, പിന്നീടുള്ള എന്റെ ജീവിതമത്രയും. ഭയങ്ങൾ.... ഇനിയുമിനിയും ഭയങ്ങൾ.... പിന്നെയും പിന്നെയും ഭയങ്ങൾ, വെളുത്ത ഭയങ്ങൾ, കറുത്ത ഭയങ്ങൾ, ചുവന്ന ഭയങ്ങൾ, നീലിച്ച ഭയങ്ങൾ... അവ മാറിയില്ല.

ഭയപ്പെടുത്തുന്നവർ മാത്രം മാറി.

ചൂരലുകളുടെ പുളച്ചിൽ എനിക്ക് മുകളിൽ എന്നുമുയർന്നു, ചൂരൽ പിടിക്കുന്ന കൈകൾ മാത്രം മാറി. ഗർജ്ജിക്കുന്ന തൊണ്ടകളും അമറുന്ന ശബ്ദങ്ങളും മാറിയില്ല. അവയുടെ ഉടമസ്ഥന്മാർ മാത്രം മാറി.

ഞാൻ എന്നും ഉന്നത ഉദ്യോഗസ്ഥരുടെയും അഭ്യസ്തവിദ്യരുടെയും പുരോഗമനാശയക്കാരുടെയും ഒരുപാട് തറവാട്ടു മഹിമയുള്ളവരുടെയും സംസ്‌കാരസമ്പന്നരുടെയും കലാകാരന്മാരുടെയും ഒപ്പം മാത്രമാണ് ജീവിച്ചിട്ടുള്ളത്.

എല്ലാവരും കമ്പികെട്ടിയ ചൂരലുകൾ ഉള്ളവരായിരുന്നു.

എല്ലാവർക്കും കാലു മടക്കി അടിക്കാൻ പറ്റുമായിരുന്നു.

എല്ലാവർക്കും ഗർജ്ജിക്കുവാനും അമറുവാനും സാധിക്കുമായിരുന്നു.

ഒരാൾ വേറൊരു ആളെ അടിക്കുന്നത്, ചവിട്ടുന്നത്, ചീത്ത വാക്കുകൾ വിളിക്കുന്നത് ഒക്കെ സ്നേഹമാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റില്ല. എന്തു ന്യായം പറഞ്ഞാലും. കാരണം ഞാനിതെല്ലാം ഒരുപാട് ഏറ്റിട്ടുണ്ട്.

സ്നേഹം കൊണ്ട് ആരും എന്നെ പതുക്കെ അടിച്ചില്ല.

മെല്ലെ ചവിട്ടിയില്ല. മറക്കാവുന്ന ചീത്ത പറഞ്ഞില്ല'.

അമ്മൂമ്മയുടെ ദുരിതമരണം, അമ്മീമ്മയുടെ കഷ്ടകാണ്ഡങ്ങൾ, അമ്മയുടെ പീഡാനുഭവങ്ങൾ.... ഒന്നൊന്നായി സംഭവങ്ങളും സന്ദർഭങ്ങളും ഓർത്തെടുത്തെഴുതുകയാണ് എച്ച്മുക്കുട്ടി. താനും സഹോദരിമാരും ഒറ്റക്കും പങ്കിട്ടും അനുഭവിച്ച സംഘർഷങ്ങളും കടന്നുപോയ കറുത്ത വാവുകളും നഷ്ടപ്രണയങ്ങളും ചതിക്കുഴിയായി മാറിയ വിവാഹവും അപമാനിച്ച സുഹൃത്തുക്കളും കയ്യേറിയ കവികളും സ്വയം നീറിപ്പുകയുമ്പോഴും മക്കളെ മാറോടണച്ച അമ്മയും അമ്മീമ്മയും... വായിക്കുകതന്നെ വേണം, അമ്മച്ചീന്തുകളിൽ എച്ച്മുക്കുട്ടി തുറന്നുപറയുന്ന അതിനിന്ദ്യമായ നരജീവിതങ്ങൾ.

'അമ്മയ്ക്ക് ഇടയ്ക്കിടെ ചെക്കപ്പ് ഉണ്ടാകും. അതിനു പോയാൽ പിന്നെ കുറച്ച് ദിവസം അമ്മ അയ്യന്തോൾ വീട്ടിൽ നിന്നിട്ടേ മടങ്ങൂ. അങ്ങനെ ഒരു സമയത്ത് അമ്മീമ്മ ഉണ്ടാക്കിയ ചക്കച്ചുള വറുത്തത് ഒരു വലിയ തൂക്കുപാത്രത്തിലാക്കി (പൊതുവെ ബ്രാഹ്മണ ഗൃഹങ്ങളിൽ പല വലുപ്പത്തിലുള്ള ഇത്തരം തൂക്കുപാത്രങ്ങൾ ഉണ്ടാവും) അതുംകൊണ്ട് ഞാൻ അയ്യന്തോളിലെ വീട്ടിലേക്ക് പോയി.

അവിടെ ഭയങ്കര വഴക്കായിരുന്നു. അമ്മയെ എണീക്കാൻ സമ്മതിക്കാതെ ഒരു കസേരയിൽ ഇരുത്തീരിക്കുകയാണ്. അച്ഛൻ പാത്രങ്ങൾ പലപാട് വലിച്ചെറിയുന്നു. ചില ജനൽച്ചില്ലുകൾ പൊട്ടുന്നുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ പ്രകടനം നിറുത്തി പുറത്തേക്ക് പോയി.

രോഗിണിയാണ്, കൈ പ്ലാസ്റ്ററിലിട്ടിരിക്കുകയാണ്. ആ അമ്മ പന്ത്രണ്ടുമണിക്കൂറായി കസേരയിൽ അടിച്ചുകൊന്ന് എടുത്തു വെച്ചത് പോലെ ഇരിക്കുകയായിരുന്നു. എന്താണ് ഞങ്ങളുടെ അമ്മ ചെയ്ത കുറ്റം?

അമ്മ കുറേ നേരം കരഞ്ഞു. ഞാനും തകർന്നുപോയി. പിന്നെ എന്നത്തേയും പോലെ സമാധാനിപ്പിച്ചു. വേറെ മാർഗമൊന്നുമില്ലല്ലോ.

കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. അച്ഛൻ ഭയങ്കരമായി മദ്യപിച്ചാണ് പാതിരായ്ക്ക് തിരികെ വന്നത്. വന്നപാടെ സ്വീകരണമുറിയിൽ വെട്ടിയിട്ട പോലെ കിടന്നു. എന്നിട്ടിങ്ങനെ മയങ്ങിപ്പോവുകയാണ്. ഇടയിൽ പറഞ്ഞു. 'അച്ഛൻ ആത്മഹത്യ ചെയ്യുകയാണ്. വിഷം കഴിച്ചിട്ടുണ്ട്. അമ്മയ്ക്കും നിങ്ങൽക്കും അച്ഛനില്ലെങ്കിൽ സുഖമായി ജീവിക്കാം'.

ഞങ്ങൾ പേടിച്ച് വിറച്ചു. അമ്മ അടുത്ത വീട്ടിൽ പോയി വാതിൽ തട്ടി നോക്കി. അവർ ഉണർന്നില്ല. അപ്പോഴേക്കും അച്ഛൻ പാലാരിവട്ടത്ത് താമസിച്ചിരുന്ന ഡോ. ഗോപാലകൃഷ്ണനെ വിളിച്ചു പറഞ്ഞുകഴിഞ്ഞിരുന്നു. 'എന്നെ കാണണമെങ്കിൽ ഉടൻ വരണം'.

ഞങ്ങൾ അപ്പുറത്തെ ഒന്നു രണ്ടു വീടുകളിലും കൂടി പോയി. ഒടുവിൽ ആറേഴുപേർ വന്നു. കാർ സ്റ്റാർട് ചെയ്തു. അച്ഛൻ ഇങ്ങനെ കുഴഞ്ഞു പോവുകയാണ്. ആർക്കും പിടിക്കാൻ പറ്റുന്നില്ല. ആംബുലൻസ് വിളിച്ചു. ഇതിനോടകം അമ്മ തളർന്നുകുഴഞ്ഞിരുന്നു. ആംബുലൻസ് വന്ന് അവർ പിടിച്ചു കയറ്റുമ്പോഴേക്ക് ഡോക്ടർ ഗോപാലകൃഷ്ണൻ എത്തി. ആയുസ്സിൽ അത്രയും സ്പീഡിൽ കാറോടിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആംബുലൻസിലെ ജൂനിയർ ഡോക്ടറോട് പ്രഷറും പൾസുമെല്ലാം എങ്ങനെ എന്ന് അദ്ദേഹം ചോദിച്ചു. പിന്നെ സ്വയം അച്ഛനെ പരിശോധിക്കുകയും ചെയ്തു. അമ്മ ആ സമയമെല്ലാം മരിച്ചതുപോലെ വരാന്തയിൽ ഇരിക്കുകയാണ്.

അച്ഛനെ അകത്തുകൊണ്ട് കിടത്താൻ പറഞ്ഞു ഡോക്ടർ ഗോപാലകൃഷ്ണൻ. ആംബുലൻസ് പറഞ്ഞുവിട്ടു. അയൽക്കാരും പിരിഞ്ഞുപോയി.

പറഞ്ഞറിയുമ്പോൾ എന്താണ് കഥ?

ലൈംഗിക കേമദ്രുമമാണ് പ്രശ്നം. അമ്മ സഹകരിക്കുന്നില്ല. അമ്മയെ കുറെ പോൺചിത്രങ്ങൾ കാണിച്ചു അച്ഛൻ. ക്ഷയരോഗിയായ അമ്മയുടെ പ്രതികരണങ്ങൾ മോശമായിരുന്നു. പിന്നെ വഴക്കായി അടിയായി, കസേരയിൽ ഇരുത്തി തെറിപറയലായി. ഇപ്പോൾ ഈ രാത്രിയിൽ അഞ്ചാറു പെഗ് മദ്യവും മൂന്ന് ഉറക്കഗുളികയും കഴിച്ചിട്ടുണ്ട് അച്ഛൻ.

അമ്മ അപമാനംകൊണ്ട് നെഞ്ച് പൊട്ടേ ഏങ്ങലടിച്ചു കരഞ്ഞു. അമ്മയോടും എന്നോടും ഉറങ്ങാൻ പറഞ്ഞിട്ട്, ഡോക്ടർ അച്ഛനെ തട്ടിവിളിച്ചു. അച്ഛൻ കണ്ണുമിഴിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 'നീ വേഗം മരിക്ക്. ദഹനം കഴിഞ്ഞേ ഞാൻ പോകൂ. ഞാനിവിടിരിക്കാം'. ഞങ്ങൾക്ക് ആത്മഹത്യാ ശ്രമം, ഹാർട്ട് അറ്റാക് എന്നൊന്നും കേട്ടാൽ പിന്നീട് വളരെ കാലത്തേക്ക് ഒരു വികാരവും തോന്നുമായിരുന്നില്ല.

എത്ര നീചമാണ് അപമാനകരമാണ് ഈ മനുഷ്യ ജീവിതം!'.

മറ്റൊരു ഭാഗം വായിക്കൂ:

'അച്ഛൻ വഴക്ക് തുടങ്ങുക എന്നതായിരുന്നു വീട്ടിലെ എന്നത്തേയും രീതി. അമ്മ ഒതുങ്ങുക എന്നതും... അച്ഛന്റെ മർദ്ദനം തന്നെയാണ് അമ്മയെ ഭയപ്പെടുത്തിയിരുന്നത്. മർദ്ദനങ്ങളുടെ വേദന മാറുംവരെ കരയുകയും പിന്നെ എണീറ്റ് കണ്ണും മുഖവും അമർത്തിത്തുടച്ച് യാതൊരു വൈരാഗ്യബുദ്ധിയുമില്ലാതെ വീട്ടുപണികൾ ചെയ്യുകയും ഭക്ഷണം ഉണ്ടാക്കി അച്ഛന് വിളമ്പുകയും ഓഫീസിൽ പോയി ജോലിയെടുക്കുകയും ചെയ്യാൻ എന്റെ അമ്മയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. അച്ഛനെ പുകഴ്‌ത്തി അമ്മയെ ഇകഴ്‌ത്തുന്ന, ഞങ്ങളെ അച്ഛന്റെ മക്കളായി മാത്രം പരിചയപ്പെടുത്തുന്നവരെ കാണുമ്പോൾ നിയന്ത്രണം വിട്ടുപോകാതെ പിടിച്ചു നില്ക്കാൻ കഴിയുന്നത് ആ അമ്മയുടെ വയറ്റിൽ പിറന്ന നേരുകൊണ്ടു മാത്രമാവുമെന്ന് ഞാൻ എന്നും കരുതീരുന്നു.

അമ്മ ആഴത്തിലുള്ള ഉറപ്പും ആത്മീയമായ ഔന്നത്യവും നേടിയ സ്ത്രീയായിരുന്നുവെന്ന് ഇപ്പോൾ ഞങ്ങളറിയുന്നുണ്ട്. തുച്ഛമായ യാതൊന്നുംതന്നെ കൈവശം സൂക്ഷിക്കാതിരുന്ന ഒരു സ്ത്രീ... എല്ലാ വേദനകൾക്കുള്ളിലും അമ്മ ഞങ്ങൾ കുട്ടികളെ കാണുമ്പോൾ സന്തോഷിച്ചു. ഞങ്ങളുടെ തലമുടി, നിരയൊത്ത പല്ലുകൾ, ചിരിയുടെ ഭംഗി, അല്പം ഇരുണ്ടുമിനുത്ത തൊലി, ഞങ്ങളുടെ വായനയും പാട്ടുകളും പഠിത്തവും പെയിന്റിങ്ങും ഇതെല്ലാം തന്നെ അമ്മയുടെ വലിയ സന്തോശമായിരുന്നു. ഞങ്ങൾ കുട്ടികൾ തമ്മിൽത്തമ്മിൽ വിവിധ വിഷയങ്ങളെപ്പറ്റി വർത്തമാനം പറഞ്ഞുകൊണ്ട് സന്തോഷമായി ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കുമ്പോൾ അമ്മ എന്നും അതീവ ഹൃദ്യമായി പുഞ്ചിരിച്ചു.

വർണാഭമായ അനവധി പൂക്കളും, അടുക്കളത്തോട്ടത്തിലെ പച്ചക്കറികളും സപ്പോട്ടയും പേരയും ചാമ്പക്കയും മാങ്ങയും ചക്കയും പലതരം വാഴപ്പഴങ്ങളും നിറഞ്ഞു വിളയുന്ന ആ പുരയിടം അമ്മയുടെ അഭിമാനവും ആഹ്ലാദവുമായിരുന്നു. എല്ലാ ചെറിയ കാര്യങ്ങളിലും അമ്മ വലുതായി സന്തോഷിച്ചു. എപ്പോഴും സംതൃപ്തയായി ജീവിക്കാൻ കഴിയുന്നത്ര പരിശ്രമിച്ചു.

ഇത്തരത്തിൽ ജീവിച്ചുപോന്ന അമ്മ ആ കത്തിനെപ്പറ്റി അച്ഛനോട് നേരിട്ടു ചോദിച്ചുവെന്നത് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ ഒച്ച പതറുകയോ കണ്ണുനിറയുകയോ നാവു വരളുകയോ ചെയ്തില്ല. ആ വിടർന്ന മിഴികളിൽ തെളിഞ്ഞ വജ്രത്തിളക്കം അച്ഛന്റെ ആത്മവിശ്വാസത്തെ തകർത്തുതരിപ്പണമാക്കി.

അച്ഛൻ വിചാരണ ചെയ്യപ്പെടുകയായിരുന്നു.... ഒരു പുരുഷനും ഭാര്യയുടെ വിചാരണ ദഹിക്കില്ലല്ലോ. അമ്മയെ ബലമായി ഇടതുകൈകൊണ്ട് സോഫയിൽ ഇരുത്തിയ അച്ഛൻ എണീറ്റാൽ കൊല്ലുമെന്നലറി അടുക്കളയിലേക്ക് പാഞ്ഞു. മൂർച്ചയേറിയ അരികുള്ള ഒരു വലിയ പാത്രം കൊണ്ടുവന്ന് അമ്മയുടെ വായ്ക്ക് നേരെ എറിഞ്ഞു. അമ്മ ഒഴിഞ്ഞു മാറിയതുകൊണ്ട് പാത്രം സോഫയുടെ ചാരിൽ തട്ടിത്തെറിച്ചു... ചാര് തകർന്നുപോയി....

അന്നു രാത്രി ഭയങ്കരമായിരുന്നു... ലോകം അവസാനിക്കണമെന്നായിരുന്നു ഭാഗ്യയുടെയും എന്റെയും അന്നത്തെ ഒരേയൊരു ആഗ്രഹം. അലർച്ച.... അടി.... ബഹളം.... പാത്രങ്ങൾ വലിച്ചെറിയൽ... ഒരു തുള്ളി കണ്ണീരു പൊഴിക്കാത്ത അമ്മ... ആരും ഒന്നും കഴിച്ചില്ല... ഞാനും ഭാഗ്യയും അമ്മയുടെ ഇരുവശത്തും കുത്തിയിരുന്നു. അച്ഛൻ അമ്മയും അമ്മീമ്മയും ജനിച്ച അന്നുമുതലുള്ള തെറ്റുകൾ വിളിച്ചു പറയാൻ തുടങ്ങി. അച്ഛന്റെ കുടുംബം കലക്കിയ എന്നെ അടിച്ചു മര്യാദ പഠിപ്പാക്കാൻ ഒരു വലിയ വടി കൊണ്ടുവന്നു. അമ്മയും അമ്മീമ്മയും എന്നെയും അനിയത്തിമാരെയും വളർത്തി നശിപ്പിച്ചെന്നും അലറി. ഞങ്ങൾ അനങ്ങാതെ, എന്നാൽ കരയാതെ ഇരുന്നിടത്തുതന്നെ ഇരുന്നു.

പലവട്ടം വടി ഓങ്ങിയെങ്കിലും അച്ഛൻ എന്നെ അടിച്ചില്ല...

എന്തൊരു രാത്രി...

ഒടുവിൽ നേരം പുലർന്നപ്പോൾ ഈ ബഹളം നിന്നു.

അമ്മ ഓഫീസിലേക്കും ഞങ്ങൾ കോളേജിലേക്കും ഇറങ്ങുമ്പോഴാണ് അമ്മയുടെയും ഭാഗ്യയുടെയും പരിചരണങ്ങളിൽ പൂത്തുലഞ്ഞു രോമാഞ്ചപ്പെട്ടിരുന്ന പിച്ചകവും പൂത്തു വിടർന്നു ചുവന്നു നിന്നിരുന്ന റോസ്ച്ചെടികളും അച്ഛൻ വെട്ടിത്തുണ്ടമാക്കിയിരുന്നത് കാണേണ്ടിവന്നത്.... ഞങ്ങളായിരുന്നു അതെന്നാണ് ഇന്നും മനസ്സ് ആർത്തു വിളിക്കുന്നത്. അപ്പോഴെല്ലാം ഭയം തീയായി പൊള്ളിക്കും.

അമ്മയുടെ കണ്ണിൽനിന്ന് തീത്തുള്ളികൾ പെയ്തു.... അതിൽ എല്ലാം, സകലവും അതുവരെയുള്ള ജീവിതം മുഴുവനും അമ്മ പൂർണമായും ദഹിപ്പിച്ചു കളഞ്ഞു. ഭാഗ്യവും ചെടികളിൽനിന്നകന്നു പോയി... പിന്നീട് ആ വീട്ടിൽ വെളുത്തതോ ചുവന്നതോ ആയ ഒരു റോസാപ്പൂവും വിടർന്നില്ല.

ക്രമേണ ചില ഒടിച്ചുകുത്തിച്ചെടികൾ, അമ്മ നട്ടുപിടിപ്പിച്ച സപ്പോട്ട മരം, ചില തെങ്ങുകൾ, ഒന്നോ രണ്ടോ മാവുകൾ, കുറച്ചു ക്രോട്ടൺ ചെടികൾ... അങ്ങനെ ഉണങ്ങാൻ തുടങ്ങി... ആ പുരയിടം.... ഇന്ന് അമ്മയുടെ സപ്പോട്ടമരം മാത്രം തലയുയർത്തി പടർന്ന് പടർന്ന് പന്തലിച്ചു നില്ക്കുന്നുണ്ട്..... ബാക്കിയെല്ലാം ആ പുരയിടത്തിൽനിന്ന് പടിയിറങ്ങി.

അച്ഛൻ ഒന്നും ക്ഷമിക്കുന്ന ആളായിരുന്നില്ലല്ലോ.

പാത്രങ്ങളും ഫർണിച്ചറുകളും തകർന്നുടഞ്ഞു. ചെടികൾ നശിപ്പിക്കപ്പെട്ടു. ഭക്ഷണം പലപ്പോഴും തീരേ ഇല്ലാതായി. അക്കാലങ്ങളിൽ തന്നോട് സംസാരിക്കാൻ ഞാൻ എന്താ വല്ല എരുമയോ മറ്റോ ആണോ എന്നായിരുന്നു അമ്മയുടെ സ്ഥിരം ഭാവം.

അമ്മ മാറുകയായിരുന്നു.

ഞങ്ങളുടെ അടിയേറ്റു പൊളിഞ്ഞ ദീനജീവിതം കൂടുതൽ കഠിനമായ വഴിത്താരകളിലൂടെ ഇഴയാൻ തുടങ്ങി.

അപമാനത്തിന്റെ ചീഞ്ഞ രുചി, നിന്ദയുടെ ഓവുനാറ്റം, അടികളുടെ രക്തം കലങ്ങലുകൾ... ജീവിതമാണ്.... ജനിച്ചുനേടിയ ജീവിതം...'.

ഒരുപാട് സഹിച്ചും സങ്കടപ്പെട്ടും രക്തം വിയർത്തും ആദ്യം അമ്മൂമ്മയും പിന്നെ അമ്മീമ്മയും പിന്നാലെ അമ്മയും മരിച്ചു. ജീവിതത്തിൽ ഒരിക്കൽപോലും നന്മയോ സ്നേഹമോ വാത്സല്യമോ എന്തെന്നറിയിക്കാത്ത അച്ഛനും മരിച്ചു. മൂന്നു സഹോദരിമാരുടെയും ദാമ്പത്യബന്ധം തകർന്നു. നിയമയുദ്ധങ്ങളിൽപെട്ട് അമ്മയും അമ്മീമ്മയും മാത്രമല്ല ഈ പെണ്മക്കളും വർഷങ്ങളോളം വലഞ്ഞു. ഉറ്റവരെന്നു നടിച്ചവരൊക്കെ ഒറ്റുകാരാണെന്നു തെളിഞ്ഞു.... കഥകൾ തുടരുകതന്നെയായിരുന്നു. കാലം നീതിബോധമേതുമില്ലാതെ നടത്തിയ കള്ളച്ചൂതിൽ നിലതെറ്റി വീണുപോയ ഒരുപറ്റം സ്ത്രീകളുടെ അമ്പരപ്പിക്കുന്ന അതിജീവനസമരങ്ങളുടെ ചരിത്രമാകുന്നു, 'അമ്മച്ചീന്തുകൾ'. ആണധികാരത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും അമ്ലപരീക്ഷണങ്ങളിൽ അടിമുടി പൊള്ളിപ്പിടഞ്ഞ ഏഴെട്ടു സ്ത്രീകളുടെ കഥ. ചിലർ ദ്രവിച്ചു ജീവിച്ചു. ചിലർ ജീവിച്ചു ദ്രവിച്ചു-എച്ച്മുക്കുട്ടിയെഴുതുന്ന ജീവിതങ്ങളുടെ അടിസ്ഥാനസമവാക്യം ഇതാകുന്നു.

പുസ്തകത്തിൽനിന്ന് 

'ശാരീരിക കലഹങ്ങൾ എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്നതായിരുന്നു അമ്മയുടെയും അച്ഛന്റെയും ദാമ്പത്യത്തിന്റെ ദയനീയത. അമ്മ സന്തോഷമായി ചിരിച്ചു സംസാരിക്കുന്നത് കാണാൻ അച്ഛൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഒന്നും കിട്ടിയില്ലെങ്കിൽ അമ്മയുടെ ദാരിദ്ര്യം പിടിച്ച ക്ലർക്ക് ജോലി, സംഭാഷണത്തിലെ തമിഴ് ചുവയുള്ള തൃശൂർ സ്ലാങ്, തമിഴ് എന്ന തല്ലിപ്പൊളി ഭാഷ, ബന്ധങ്ങൾക്ക് വില കല്പിക്കാത്ത ബ്രാഹ്മണർ, അമ്മയുടെ സംഭാഷണത്തിലെ വ്യാകരണപ്പിശകുകൾ, അമ്മ ഉരുവിടുന്ന ഈശ്വരനാമങ്ങളിലെയും ശ്ലോകങ്ങളിലെയും ഭയങ്കര തെറ്റുകൾ, പ്രയോഗങ്ങൾ ഇതൊക്കെ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി അമ്മയെ അതിനിശിതമായി വിമർശിച്ച് മൗനിയാക്കുന്നതായിരുന്നു അച്ഛന്റെ രീതി.

ഓ... എന്തൊരു അവസ്ഥയായിരുന്നു അത്. വിമർശനമേറുന്തോറും അമ്മ മൗനത്തിന്റെ കൂട്ടിലൊളിച്ചു. ഒരക്ഷരംപോലും ശബ്ദിക്കാതെ ഒരാഴ്ചയൊക്കെ കഴിയാൻ എന്റെ അമ്മയ്ക്ക് പറ്റുമായിരുന്നു. റാണിയും ഭാഗ്യയും മെല്ലെ മെല്ലെ അമ്മയുടെ ആ ശീലം സ്വന്തമാക്കി. എനിക്ക് അത് പറ്റിയില്ല. സംസാരിക്കുന്നതായിരുന്നു എനിക്കിഷ്ടം. ഞാൻ മരങ്ങളോടും ചെടികളോടും പൂക്കളോടും പക്ഷികളോടും മൃഗങ്ങളോടുമെല്ലാം സംസാരിച്ചു. പഴുതാരയും കൊതുകും ഈച്ചയും എല്ലാം സംസാരിക്കുന്നുണ്ടെന്നും ഞാൻ പറയുന്നത് കേൾക്കുന്നുവെന്നും വിശ്വസിച്ചു. എന്റെ ആധികളും ഭയങ്ങളുമെല്ലാം ഞാൻ കഴുകിക്കളഞ്ഞിരുന്നത് വർത്തമാനം പറേന്നതിലൂടെ ആയിരുന്നു. റാണിയും ഭാഗ്യയും എന്റെ സദസ്യരായിരുന്നു എന്നും.

അമ്മീമ്മയുടെ വീട്ടിൽ മുറ്റമടിക്കാൻ വന്നിരുന്ന ഒരു പാറുക്കുട്ടി ഈഴവ ജാതിക്കാരിയായിരുന്നു. അവരെക്കൊണ്ട് കറികൾക്കുള്ള പച്ചക്കറി മുറിപ്പിക്കുക, തേങ്ങ ചിരകിച്ച് ചമ്മന്തിക്കും മറ്റും അരപ്പിക്കുക, വെള്ളം പിടിച്ചു വെക്കുന്ന ചെപ്പുകുടമുൾപ്പെടെയുള്ള പാത്രങ്ങൾ കഴുകിക്കുക ഇതിനൊന്നും അമ്മീമ്മ യാതൊരു മടിയും വിചാരിച്ചിരുന്നില്ല. അമ്മീമ്മയുടെ സഹോദരനെ ഭയപ്പെടാതെ ആ വീട്ടിൽ ജോലിക്കു വന്നവരിൽ മുമ്പത്തിയായിരുന്നു പാറുക്കുട്ടി. അമ്മീമ്മ എന്നും അവരെ സ്പെഷ്യൽ ആയി ആദരിച്ചു പോന്നു.

പിന്നെ, ഞാൻ പേരു മറന്നുപോയ ഒരു ചേച്ചി.... ആ ചേച്ചിക്ക് ഒരു ചുവപ്പ് കല്ല് മൂക്കുത്തി ഉണ്ടായിരുന്നു എന്ന് മാത്രമേ എനിക്കിപ്പോൾ ഓർക്കാൻ പറ്റുന്നുള്ളൂ. ജാനകിയമ്മ, രത്നചേച്ചി, കാർത്യായനി ചേച്ചി, പാറുക്കുട്ടിയമ്മ, ദേവുവമ്മ, കുഞ്ചുക്കുട്ടി, മാതു, അമ്മീമ്മയുടെ തറവാട്ട് മഠത്തിൽ ജോലി ചെയ്തിരുന്ന പറങ്ങോടനും കുടുംബവും, ഗോവിന്നൻ, രാമൻ നായര്, രാവുണ്ണി, കണ്ട്രു, നാരായണൻ... ഇവരൊക്കെ പതുക്കെപ്പതുക്കെ അമ്മീമ്മയുടെ സഹോദരനെ ഭയക്കാതെ വീട്ടിൽ വന്ന് ജോലികൾ ചെയ്തു. എങ്ങനെയെന്നറിയില്ല ഗോവിന്നനാരുന്നു ആസ്ഥാന പണിക്കാരൻ.

ജാതിമത ഭേദമന്യേ എല്ലാവരെയും ഒരുപോലെ മനുഷ്യരായി പരിഗണിക്കാനുള്ള കഴിവ് അമ്മീമ്മയ്ക്കുണ്ടായിരുന്നു. ഇരുണ്ട വർണമുള്ള ഈഴവ ജാതിക്കാരിയായ പാറുക്കുട്ടി, അമ്മീമ്മയുടെ വീട്ടിലെ ആസ്ഥാന പണിക്കാരനും നായർ ജാതിക്കാരനുമായ ഗോവിന്ദനെ കമ്മള് എന്നു മാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളൂ. അമ്മീമ്മയെ തമ്പുരാട്ടി എന്നും. എന്നെയും അനിയത്തിമാരെയും അവർ പേരു വിളിച്ചിരുന്നു. എന്നാൽ അയൽപക്കക്കാരായിരുന്ന കൊച്ചു ബ്രാഹ്മണ പെൺകുട്ടികളെ അവർ കൊച്ചു തമ്പുരാട്ടിമാരെന്ന് തന്നെ വിളിച്ചുപോന്നു.

ഇവരെല്ലാവരും ഒരുപോലെ ഞങ്ങളെ എടുക്കുകയും കൊഞ്ചിക്കുകയും ചെയ്തിരുന്നു. പുരുഷന്മാരായ പണിക്കാർ ചായ കുടിക്കാൻ പോകുമ്പോഴൊക്കെ ഞങ്ങൾക്ക് പൊട്ടുകടല, ലോസഞ്ചർ മിഠായി ഇതൊക്കെ വാങ്ങിത്തന്നു. സ്ത്രീകൾ അരി വറുത്തു തന്നു. ഇവരെയൊന്നും ജാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അറിഞ്ഞിരുന്നില്ല. എല്ലാവരും എന്നും അമ്മാവന്മാരും ചേച്ചിമാരുമായിരുന്നു.

'നിങ്ങടെ അച്ഛൻ ഞങ്ങടെ ജാതിക്കാരനായതുകൊണ്ട് ഞങ്ങടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കുമെന്നും കല്യാണം കൂടു'മെന്നും ചിലർ പറയാറുണ്ടായിരുന്നു. 'കുട്ടിയും ഞങ്ങടെ രാജുവും അല്ലെങ്കിൽ ഞങ്ങടെ ശശിയും വയസ്സിന് ഒത്ത പാകമാണെ'ന്നും പറഞ്ഞ് ഒരു പ്രത്യേക തരം കള്ളച്ചിരി ചിരിക്കുന്നതും ഗ്രാമീണരിൽ ചിലർക്കെല്ലാം ഇഷ്ടമുള്ള കാര്യമായിരുന്നു. സ്ത്രീകളായിരുന്നു ഇക്കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ. എന്തോ ഒരു ഇക്കിളിയുടെ ദുരർഥം ഒളിപ്പിച്ചുവെച്ചിരിക്കുന്ന അമ്മാതിരി കള്ളച്ചിരികൾ, ചെറുപ്പം മുതൽ ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.

ജാതിയുടെ കൊമ്പുകൂർത്ത അഹങ്കാരങ്ങൾ ഞങ്ങൾ കുട്ടികളെ പലപ്പോഴും കഠിനമായി ഒറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ നഴ്സറി സ്‌കൂൾ പഠനം അത്തരമൊരു പ്രാണസങ്കടമായിരുന്നു. അമ്മീമ്മ ആദ്യം വാടകയ്ക്കു പാർത്ത ആ ബ്രാഹ്മണ ഭവനത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ വിറകുപുരയിലായിരുന്നു നഴ്സറി ആരംഭിച്ചത്. തൃക്കൂരിൽ ചെറിയ തോതിൽ പ്രവർത്തനമാരംഭിച്ച മഹിളാസമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു നഴ്സറി. ഒന്നോ രണ്ടോ ഒടിഞ്ഞ മരത്താറാവുകളും രണ്ട് ഭേദപ്പെട്ട മരക്കുതിരകളും ഒരു ചക്രമില്ലാത്തതുകൊണ്ട് ഓടാത്ത ട്രൈ സൈക്കിളും അവിടെയുണ്ടായിരുന്നു. പിന്നെ ഒരു നരച്ച ബോർഡും....

നാലു നാലര വയസ്സായപ്പോഴേക്കും മലയാളം, ഇംഗ്ലീഷ് അക്ഷരമാലകൾ എഴുതാനും നൂറു വരെ മേപ്പട്ടും കീപ്പട്ടും എണ്ണാനും തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കുട്ടിക്കവിതകൾ മനഃപാഠം ചൊല്ലാനും ഒക്കെ കഴിഞ്ഞിരുന്ന ഒരു ബഹുഭാഷാപണ്ഡിതയായിരുന്നു ഞാൻ. അതിനു കാരണം അമ്മീമ്മ മാത്രമാണ്. എന്റെ വിഷമങ്ങളും ആധികളും മാറ്റാൻ അമ്മീമ്മ ഇവയൊക്കെ എന്നെ കേൾപ്പിച്ചു പഠിപ്പിച്ചു. എങ്കിലും നഴ്സറി സ്‌കൂളിലെ ആദ്യത്തെ ദിനം തന്നെ എനിക്ക് വേപ്പിലക്കഷായം മാതിരി കയ്ച്ചു.

എല്ലാ കുട്ടികളും കൊഞ്ചിക്കൊഞ്ചി തമ്മിൽ പരിചയപ്പെടുകയും പരിചയപ്പെടുത്തുകയുമായിരുന്നു. ടീച്ചർ ചോദിക്കും,

'എന്താ മോൾടെ പേര്?'

'ഞ്ചെ പേര് മാല'.

'വീടേതാ?'

'കോവിലിഞ്ചെ പടിച്ച് മുമ്പത്തെ മഠം വീട്'.

'അച്ഛന്റെ പേരെന്താ?'

'ചുപ്പരാമ സാമി'.

'അമ്മേടെ പേരോ?'

'അമ്മാന്ന്'.

'അച്ഛന് എന്താ ജോലി?'

'പൂജ യ്യല്'.

ഇമ്മട്ടിൽ ചോദ്യോത്തരങ്ങൾ പുരോഗമിച്ചു കൊണ്ടിരുന്നു. ചിലർ അമ്മയുടെ പേരും അറിയാമെന്ന് പറഞ്ഞ് മിടുക്കരായി. ഇനിയും ചില സാമർഥ്യക്കാർ അച്ഛന്റെ സാമ്പത്തിക സ്ഥിതി കൂടിയും വെളിപ്പെടുത്തി: ച്ഛന്റെ കൈലെപ്പയും ഞൂറിന്റെ പുത്യേ നോട്ന്താവും.

അങ്ങനെ ടീച്ചർ എന്നോടും ചോദിച്ചു.

അച്ചന്റെ ജോലി എന്ന ചോദ്യത്തിന് ഡോക്ടർ എന്ന് ഞാൻ പറഞ്ഞതും 'അല്ലല്ല, തീച്ചറെ അത് ആ കുത്തി പയണത് നൊണയാ... ആ കുത്തീദച്ഛൻ ആശേരിയാ' എന്ന് ചില കുഞ്ഞു തൊണ്ടകൾ കൂവിപ്പറഞ്ഞതും ഒന്നിച്ചായിരുന്നു.

ഞാൻ സമ്മതിക്കുമോ?

എന്റെ അച്ഛൻ ഡോക്ടറാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അച്ഛൻ രാവിലെ ആശുപത്രിയിലേക്ക് പോകും, പേഷ്യന്റ്സിനെ നോക്കും, മരുന്ന് കൊടുക്കും, കുത്തി വെക്കും. അമ്മീമ്മയുടെ വീട്ടിൽ പണികൾ ചെയ്യാൻ വരുന്ന ആശാരിമാരെയും ഞാൻ കണ്ടിട്ടുണ്ട്. മുഷിഞ്ഞ ഒര സഞ്ചി കൈയിൽ പിടിച്ച്, ചളി പിടിച്ച ബനിയനും ഇട്ട് പലതരം ഉളികളും അറക്കവാളും ഒക്കെയായി അവർ പുരപ്പുറത്ത് കയറി പണിയാറുണ്ട്. അവർക്ക് ഷൂസും പാന്റും ഷർട്ടും സ്റ്റെതസ്‌കോപ്പും ഇല്ല.

എന്റെ അച്ഛൻ ആശാരീം കീശാരീം ഒന്നുമല്ല, ഡോക്ടറാണെന്ന് ഞാൻ ബഹളം വെച്ചപ്പോൾ ടീച്ചർ ചിരിച്ചു. അവർ എന്നെ സമാധാനിപ്പിക്കുന്നതിനു പകരം 'ഡോക്ടറായാലും ജാതി ആശാരി തന്നെയാ....' എന്ന് പറഞ്ഞത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. മറ്റ് കുട്ടികൾക്കൊപ്പം അവരും പൊട്ടിച്ചിരിച്ചപ്പോൾ ഞാൻ വിഷണ്ണയായി നിന്നു. പിന്നെ ഞാൻ നഴ്സറിയിൽ പോവാൻ കൂട്ടാക്കിയില്ല. അമ്മീമ്മ എത്ര നിർബന്ധിച്ചിട്ടും ഞാൻ അനുസരിച്ചില്ല. റാണിയുടെ നിർലോഭമായ പിന്തുണയും അക്കാര്യത്തിൽ എനിക്ക് ലഭിച്ചു'.

അമ്മച്ചീന്തുകൾ
എച്ച്മുക്കുട്ടി
ഡി.സി. ബുക്സ്
2021, 350 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP