Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്

സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ഈ ലോകത്തിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ ചുരുങ്ങിയ രീതിയിലെങ്കിലും മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ചുറ്റുവട്ടത്തു ഉണ്ടായിരിക്കും. പലപ്പോഴും നാം നിനച്ചിരിക്കാത്ത സമയത്തു ചിലരുടെയെങ്കിലും സഹായഹസ്തമോ ഒരു സാന്ത്വന വാക്കോ ലഭിച്ചാൽ അത് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം. ചിലർ ഇത്തരം സഹായങ്ങൾ മറ്റുള്ളവരറിയാതെ അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകും. എന്നാൽ മറ്റു ചിലർ ഒറ്റയ്ക്ക് ചെറിയ സഹായം ചെയ്യുന്നതിന് പകരം സമാന മനസ്‌കരായ കുറേപ്പേരെ ചേർത്ത് സംഘടനാ വഴി വലിയ സഹായം എത്തിച്ചു തരും. അപ്രകാരം സംഘടനാ നേതൃത്വത്തിലൂടെ വലിയ രീതിയിൽ സമൂഹത്തിനു നന്മ ചെയ്തുകൊണ്ടിരിക്കുന്ന ന്യൂയോർക്കിലുള്ള ഒരു ചെറുപ്പക്കാരനാണ് ബിജു ചാക്കോ. ന്യൂയോർക്കിലെ വിവിധ സംഘടനയിലൂടെ സമാന ചിന്താഗതിക്കാരായ കുറച്ചു പേർക്ക് പ്രചോദനം നൽകി വലിയ സഹായങ്ങൾ ചെയ്യാൻ മുൻകൈ എടുക്കുന്ന വ്യക്തിയാണ് ബിജു.

അമേരിക്കയിലെ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ല സംഘടനയായ ഫോമായുടെ (FOMAA) 2022-2024 വർഷത്തെ ചുമതലക്കാരുടെ തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി മത്സരരംഗത്തേക്കു ബിജുവിനെ നോമിനേറ്റ് ചെയ്യുവാൻ ഇന്ത്യൻ അമേരിക്കൻ മലയാളി അസ്സോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് ചുമതലക്കാർക്ക് പ്രചോദനം നൽകിയതും ബിജുവിന്റെ സാമൂഹിക സേവന തല്പരതയാണ് . അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ പ്രമുഖ സംഘടനയാണ് മുപ്പത്തഞ്ചിൽപരം വർഷങ്ങളായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളി അസ്സോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ്.

ലോങ്ങ് ഐലൻഡ് ജൂയിഷ് ഹോസ്പിറ്റലിലെ പാൾമിനറി മെഡിക്കൽ ടെക്കനോളജി വിഭാഗത്തിൽ വർഷങ്ങളായി പ്രവർത്തിക്കുകയും ന്യൂയോർക്കിലെ വിവിധ സംഘടനകളിലൂടെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന ബിജു ചാക്കോ ഏവർക്കും സുപരിചിതനായ വ്യക്തിയാണ്. നിലവിൽ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻ സെക്രട്ടറിയായ ബിജു ''ഫോമാ ഹെല്പിങ് ഹാൻഡ്'' പദ്ധതിയുടെ രൂപശില്പികളിൽ ഒരാളും പദ്ധതി സെക്രട്ടറിയുമാണ്. ''ഫോമാ ഹെല്പിങ് ഹാൻഡ്'' പദ്ധതിയിലൂടെ ഫോമായുടെ നിലവിലുള്ള പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ബിജു നടത്തിയ സാമൂഹിക സേവനം വളരെ പ്രശംസനീയമാണ്. ഫോമാ വില്ലേജിന്റെ രൂപീകരണത്തിലും പ്രവർത്തനത്തിലും ബിജു ചാക്കോയുടെ പങ്ക് ചുമതലക്കാർക്കെല്ലാം സുപരിചിതമാണ്.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട സെനറ്റർ കെവിൻ തോമസിന്റെ 2018, 2020-ലെ ഇലക്ഷൻ കോർഡിനേറ്ററായും ന്യൂയോർക്ക് സെനറ്റ് അംഗീകാരം നൽകിയ മലയാളി ഹെറിറ്റേജ് പ്രോഗ്രാമിന്റെ സംഘാടകരിൽ ഒരാളായും ബിജു തന്റെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി ന്യൂയോർക്ക് കേന്ദ്രമായി പ്രവൃത്തിക്കുന്ന ECHO എന്ന സംഘടനയുടെ ഓപ്പറേഷൻസ് ഡയറക്ടർ കൂടിയാണ് ബിജു. 2018-ലെ കേരള പ്രളയക്കെടുതിയിൽ കഷ്ടതയനുഭവിച്ചവരെ സഹായിക്കുന്നതിനും ഭവനരഹിതരായ 30 കുടുംബങ്ങൾക്കു വീട് നിർമ്മിച്ചു നല്കുന്നതിനുമായി ECHO മൂന്നു കോടി രൂപ സമാഹരിച്ചു നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബിജു. കോട്ടയം കുമരകത്തു നിർമ്മിച്ചു നൽകിയ 30 ഭവനങ്ങളുടെ നിർമ്മാണ സമയം ബിജു നേരിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അതിനു നേതൃത്വം നൽകുകയും ചെയ്തു. നേപ്പാളിലെ ഭൂകമ്പത്തിൽ നേപ്പാളി ജനതക്ക് ഒരു പ്രൈമറി ഹെൽത്ത് സെന്റർ നിർമ്മിച്ചു നൽകിയും കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വഴി നിർധനരായ കിഡ്‌നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് ഡയാലിസിസ് മെഷീൻ നല്കിയതുമുൾപ്പടെ ECHO-യുടെ അനവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി നിന്ന ബിജു നല്ലൊരു സാമൂഹിക സേവകനാണ്.

ന്യൂയോർക്കിലെ വിവിധ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകളിൽ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിയായും കമ്മറ്റി അംഗമായും മറ്റും പ്രവർത്തി പരിചയമുള്ളതിനാൽ ഫോമാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫോമാ എന്ന സംഘടനക്ക് ഒരു മുതൽക്കൂട്ടായിരിക്കും ബിജു ചാക്കോ. ന്യൂയോർക്കിലെ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ സെക്രട്ടറി, ട്രസ്റ്റി, സഭാ മണ്ഡലം പ്രതിനിധി, ഭദ്രാസന അസംബ്ളി മെമ്പർ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു നല്ലൊരു സംഘാടകൻ കൂടിയാണ്. സൗമ്യതയും മിതഭാഷിത്വവും മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്നതിനുള്ള പ്രത്യേക കഴിവും ബിജുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബിന്റെ 2020 -2021 ലെ നാഷണൽ ജനറൽ സെക്രട്ടറിയായിരുന്നു. നല്ലൊരു സ്പോർട്സ് സ്നേഹികൂടിയയായ ബിജു ചാക്കോ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിന്റെ സജീവ അംഗമാണ്. ഫോമായുടെ നല്ല ഭാവി ആഗ്രഹിക്കുന്നവർ എല്ലാവരും ബിജുവിന് വോട്ടുനൽകി ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP