Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജില്ലകളുടെ ഭരണസാരഥ്യത്തിന് പെൺകരുത്ത്; സംസ്ഥാനത്തെ 14ൽ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടർമാർ; മികവിന്റെ പട്ടികയിൽ മെഡിക്കൽ ഡോക്ടർമാരും; ഭരണപദത്തിൽ ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം

ജില്ലകളുടെ ഭരണസാരഥ്യത്തിന് പെൺകരുത്ത്; സംസ്ഥാനത്തെ 14ൽ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടർമാർ; മികവിന്റെ പട്ടികയിൽ മെഡിക്കൽ ഡോക്ടർമാരും; ഭരണപദത്തിൽ ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ പത്ത് ഇടങ്ങളിലും ഭരിക്കുന്നത് വനിത കലക്ടർമാർ. ബുധനാഴ്ച ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തിൽ സ്ത്രീ മുന്നേറ്റം പുതിയ നേട്ടത്തിലെത്തിയത്.

നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും.



തിരുവനന്തപുരം-നവ്‌ജ്യോത് ഖോസ, കൊല്ലം -അഫ്‌സാന പർവീൻ, പത്തനംതിട്ട -ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴ -ഡോ.രേണുരാജ്, കോട്ടയം -ഡോ.പി.കെ. ജയശ്രീ, ഇടുക്കി -ഷീബ ജോർജ്, തൃശൂർ -ഹരിത വി. കുമാർ, പാലക്കാട്-മൃൺമയി ജോഷി, വയനാട് -എം.ഗീത, കാസർകോട് -ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് നിലവിൽ വിവിധ ജില്ലകൾ ഭരിക്കുന്ന വനിത ഐ.എ.എസുകാർ. ഇതിൽ നവ്‌ജ്യോത് ഖോസ (ഡെന്റൽ), ദിവ്യ എസ്. അയ്യർ, ഡോ. രേണുരാജ് എന്നിവർ മെഡിക്കൽ ഡോക്ടർമാരും ഡോ.പി.കെ. ജയശ്രീ കാർഷിക സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയയാളുമാണ്.

എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പുരുഷന്മാരാണ് കലക്ടർ ചുമതലയിലുള്ളത്. കൊല്ലം കലക്ടർ അഫ്‌സാന പർവീന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം റവന്യൂ ദിനാഘോഷ ഭാഗമായി പ്രഖ്യാപിച്ച റവന്യൂ പുരസ്‌കാരങ്ങളിൽ മികച്ച മൂന്ന് ജില്ലാ കലക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേരും വനിതകളായിരുന്നു.

തിരുവനന്തപുരം കലക്ടർ നവ്‌ജ്യോത് ഖോസ, പാലക്കാട്ടെ മൃൺമയി ജോഷി എന്നിവരാണ് അഭിമാനനേട്ടം കൈവരിച്ചത്. ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എ.അലക്‌സാണ്ടറും ഈ പുരസ്‌കാരം നേടി. ഇദ്ദേഹം വിരമിച്ചതിന് പിന്നാലെയാകും ഡോ.രേണുരാജ് ചുമതല ഏറ്റെടുക്കുക.

കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ് ഡോ. രേണുരാജിന്റെ സ്വദേശം. നഗരകാര്യ ഡയറക്ടറുടെ ചുമതലയിൽനിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP