Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടപെടരുതെന്ന പുടിന്റെ ഭീഷണിയെ ചോദ്യം ചെയ്ത് ഫ്രാൻസ്; നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് മറക്കരുതെന്ന് പ്രതികരണം; യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ; തന്ത്രപരമായ സമീപനവുമായി ഇന്ത്യ

ഇടപെടരുതെന്ന പുടിന്റെ ഭീഷണിയെ ചോദ്യം ചെയ്ത് ഫ്രാൻസ്; നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് മറക്കരുതെന്ന് പ്രതികരണം; യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ; തന്ത്രപരമായ സമീപനവുമായി ഇന്ത്യ

ന്യൂസ് ഡെസ്‌ക്‌

പാരിസ്: റഷ്യ-യുക്രൈൻ വിഷയത്തിൽ പുറംകക്ഷികൾ ഇടപെടേണ്ടെന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ മുന്നറിയിപ്പ് ചോദ്യം ചെയ്ത് ഫ്രാൻസ്. നാറ്റോ രാജ്യങ്ങളുടെ പക്കലും ആണവായുധങ്ങളുണ്ട് എന്ന കാര്യം റഷ്യ മറക്കരുതെന്ന് ഫ്രാൻസ് വ്യക്തമാക്കി. ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് പുടിൻ ഭീഷണിപ്പെടുത്തുമ്പോൾ, അത്തരം ആയുധങ്ങൾ നാറ്റോ രാജ്യങ്ങളുടെ പക്കലും ഉണ്ട് എന്ന് പുടിൻ മനസിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വേസ് ലെ ഡ്രിയാൻ പറഞ്ഞു.

പുറംകക്ഷികൾ ഇടപെടുന്നപക്ഷം, നിങ്ങൾ ആരും ചരിത്രത്തിൽ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് പുടിൻ മുന്നറിയിപ്പ് നൽകിയത്. വിഷയത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും മറ്റുള്ളവർ താൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുടിൻ പ്രതികരിച്ചിരുന്നു. ഈ ഭീഷണി, ആണവായുധം പ്രയോഗിക്കും എന്നാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വേസ് ലെ ഡ്രിയാൻ ചോദിച്ചു.

യുക്രൈൻ കീഴടക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും പറഞ്ഞിരുന്നു. യുക്രൈനിൽനിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുടിൻ പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈൻ ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രൈൻ സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുടിൻ ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാനാണ് .യുക്രൈൻ സൈന്യത്തോട് നിർദേശിച്ചിരുന്നു. യുക്രൈൻ നാറ്റോ സഖ്യത്തിൽ ചേരുന്നത് നടയണം എന്നത് അടക്കമുള്ള റഷ്യൻ നിബന്ധനകൾ യു.എസും സഖ്യകക്ഷികളും ചെവിക്കൊണ്ടില്ലെന്ന ആരോപണവും പുടിൻ ഉന്നയിച്ചു. യുക്രൈനെതിരെയുള്ള നീക്കത്തിനു പിന്നാലെ റഷ്യക്കു മേൽ അമേരിക്ക ഉൾപ്പെടെയുള്ളവർ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

അതേ സമയം നാറ്റോക്ക് പിന്നാലെ, റഷ്യക്കെതിരെ സൈനിക നീക്കത്തിനില്ലെന്ന് അമേരിക്കയും പ്രഖ്യാപിച്ചതോടെ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രൈൻ. അമേരിക്കയും സൈനിക നീക്കത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ റഷ്യൻ സൈന്യത്തെ ഒറ്റക്ക് നേരിടേണ്ട അവസ്ഥയിലാണ് യുക്രൈൻ. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യക്കെതിരെ സംയുക്ത സൈനിക നീക്കം ആവശ്യമില്ലെന്നാണ് നാറ്റോയുടെ നിലപാട്.

സമാനനിലപാട് അമേരിക്കയും പ്രഖ്യാപിച്ചതോടെ റഷ്യക്കെതിരെയുള്ള യുദ്ധമുഖത്ത് യുക്രൈൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനിക സഹായം നൽകുമെങ്കിലും നാറ്റോ സംഘടന എന്ന നിലയിൽ സഹായം ഉടനൊന്നും നൽകിയേക്കില്ല. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി റഷ്യയെ വരുതിയിലാക്കാമെന്നാണ് അമേരിക്കയും നാറ്റോയും പ്രതീക്ഷിക്കുന്നത്.

കടുത്ത സാമ്പത്തിക ഉപരോധമാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ചുമത്തുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും അമേരിക്കയും റഷ്യക്ക് സാമ്പത്തികമടക്കം കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യക്കെതിരെ സംയുക്തസൈനികനീക്കം നടത്തുമെന്ന് നാറ്റോയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിന് കാരണമാകുമെന്ന് വിദേശകാര്യവിദഗ്ദ്ധർ നിരീക്ഷിക്കുന്നു.റഷ്യ ആക്രമിച്ചാൽ നാറ്റോയും അമേരിക്കയും രക്ഷക്കെത്തുമെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കിയുടെ പ്രതീക്ഷ. എന്നാൽ, നാറ്റോയും അമേരിക്കയും സൈനികമായി കൈവിട്ടതോടെ പ്രസിഡന്റും ഒറ്റപ്പെട്ടു.

അതേസമയം, മറ്റെല്ലാ തരത്തിലുമുള്ള പിന്തുണ നൽകാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. റോമിലെ കൊളോസിയത്തിൽ യുക്രൈൻ പതാകയുടെ നിറങ്ങളിൽ അലങ്കാര ദീപങ്ങൾ തെളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുക്രൈന് പിന്തുണയുമായാണ് നീലയും മഞ്ഞയും നിറങ്ങളിലുള്ള ദീപങ്ങൾ കൊണ്ട് അലങ്കരിച്ചത്. ബ്രസൽസിലെ യൂറോപ്യൻ കമ്മീഷൻ കെട്ടിടത്തിലും
യുക്രൈൻ പതാകയുടെ നിറങ്ങളിൽ ദീപാലങ്കാരമൊരുക്കി. റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ ധാരണയിലെത്തിയ യോഗം നടന്നതിന് മുന്നോടിയായാണ് യുക്രൈന് ഐക്യദാർഢ്യവുമായി ദീപങ്ങളൊരുക്കിയത്. യോഗത്തിനെത്തിയ ചില രാഷ്ട്ര നേതാക്കളും ഐക്യദാർഢ്യം സൂചിപ്പിച്ച് മഞ്ഞയും നീലയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്. ഹംഗറിയിലെ ബുഡാപെസ്റ്റിലും പോളണ്ടിലെ വാർസോയിലും കൂറ്റൻ പ്രകടനങ്ങൾ നടന്നു.. യുക്രൈനെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രകടനം നടന്നു. അമേരിക്കയിൽ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലാണ് പ്രകടനം നടന്നത്. ബൾഗേറിയ, റൊമാനിയ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലും റഷ്യക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് ശ്രമിച്ച 1700 പേർ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇരുപക്ഷത്തെയും വിമർശിക്കാതെ തന്ത്രപരമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. റഷ്യയുമായും നാറ്റോ സഖ്യരാജ്യങ്ങളുമായും പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം നിലവിലുള്ള സാഹചര്യത്തിലാണ് ഇന്ത്യയുടെ സംയമനം. യുദ്ധം പരിഹാരമല്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് ഇന്ത്യ അന്താരാഷ്ട്രവേദികളിൽ ആവർത്തിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് ഐക്യരാഷ്ട്രരക്ഷാസമിതി അടിയന്തരയോഗം ചേർന്നപ്പോൾ ഇന്ത്യ സമവായ സ്വരമാണ് ഉയർത്തിയത്. എഴുതിത്ത്തയ്യാറാക്കിയ പ്രസ്താവനയിൽ ആരെയെങ്കിലും വിമർശിക്കാൻ മുതിർന്നില്ല. അടിയന്തരമായി സൈനികവിന്യാസം ലഘൂകരിക്കലും തുടർനടപടികളിൽനിന്ന് വിട്ടുനിൽക്കലുമാണ് അനിവാര്യമെന്ന് ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി.എസ്. തിരുമൂർത്തി പ്രസ്താവനയിൽ പറഞ്ഞു.

സമാധാനത്തോടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യർത്ഥന അംഗീകരിക്കപ്പെടാത്തതിൽ ഖേദമുണ്ട്. പ്രതിസന്ധി മൂർച്ഛിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നു. വിഷയം അതിജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും തകർക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച ഈ പ്രസ്താവനയുടെ ഉള്ളടക്കം ആവർത്തിച്ചു.

റഷ്യയുമായി പ്രതിരോധം ഉൾപ്പെടെയുള്ള നിർണായകമേഖലകളിൽ കാലങ്ങളായുള്ള സഹകരണവും കരാറുകളുമാണ് ഇന്ത്യ സമവായസമീപനം സ്വീകരിക്കുന്നതിന്റെ അടിസ്ഥാനകാരണമാണെന്ന് നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രതിരോധമേഖലയിൽ മിലിറ്ററി ഹാർഡ്വേർ രംഗത്ത്് 60 മുതൽ 70 ശതമാനം വരെ റഷ്യയുടെ പങ്കാളിത്തമുണ്ട്. എ.കെ.-203 തോക്കുകൾ നിർമ്മിക്കാൻ കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച കരാറാണ് ഇതിൽ ഒടുവിലത്തേത്. ചൈനയുമായുള്ള ബന്ധം സുഗമമല്ലാത്ത സാഹചര്യത്തിൽ റഷ്യയുമായുള്ള സൗഹൃദം ഇന്ത്യക്ക് നിർണായകമാണ്. നേരത്തേ ഡോണേട്‌സ്‌ക്, ലുഹാൻസ്‌ക് എന്നീ മേഖലകൾക്ക് റഷ്യ അംഗീകാരം നൽകിയപ്പോഴും ഇന്ത്യ പ്രതികരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP