Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയ്ക്ക് തടുക്കാനാവാത്ത വിധം കരുത്തോടെ സേന മുന്നേറ്റം നടത്തി റഷ്യ; മൂന്നോ നാലോ ദിവസത്തിനകം കീവ് പിടിച്ച് യുക്രെയിനിൽ പുതിയ സർക്കാരിനെ വാഴിക്കും; ക്രീമിയയ്ക്ക് പുറമെ ഡോൺബാസും സ്വന്തമാക്കി മടങ്ങും; റഷ്യ നടത്തുന്നത് ഏകപക്ഷീയമായ മുന്നേറ്റം; സഖ്യസേനയുടെ തിരിച്ചടി വെറും വ്യാമോഹം മാത്രം

അമേരിക്കയ്ക്ക് തടുക്കാനാവാത്ത വിധം കരുത്തോടെ സേന മുന്നേറ്റം നടത്തി റഷ്യ; മൂന്നോ നാലോ ദിവസത്തിനകം കീവ് പിടിച്ച് യുക്രെയിനിൽ പുതിയ സർക്കാരിനെ വാഴിക്കും; ക്രീമിയയ്ക്ക് പുറമെ ഡോൺബാസും സ്വന്തമാക്കി മടങ്ങും; റഷ്യ നടത്തുന്നത് ഏകപക്ഷീയമായ മുന്നേറ്റം; സഖ്യസേനയുടെ തിരിച്ചടി വെറും വ്യാമോഹം മാത്രം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഏതാണ്ട് നൂറോളം യുക്രെയിൻ സൈനികർ മരണമടഞ്ഞതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തീർത്തും ദുർബലമായ പ്രതിരോധമാണ് യുക്രെയിൻ തീർക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കീവ് റഷ്യയുടെ നിയന്ത്രണത്തിലാകാൻ ഇനി മൂന്നോ നാലോ ദിവസങ്ങൾ മതിയാകും എന്നാണ് അമേരിക്കൻ സുരക്ഷാ വിദഗ്ദർ പറയുന്നത്. നാറ്റോയും അമേരിക്കയും കാഴ്‌ച്ചക്കാരായി മാറിനിൽക്കുന്ന പശ്ചാത്തലത്തിൽ യുക്രെയിന് മുന്നിൽ, കീഴടങ്ങുക എന്നതല്ലാതെ മറ്റൊരു വഴിയില്ല.

യുക്രെയിൻ അധികാരകേന്ദ്രങ്ങളോട് അടുക്കുകയാണ് റഷ്യൻ സൈന്യം. കരുതലോടെയും വ്യക്തമായ ആസൂത്രണത്തോടെയും ഓരോ ചുവടുകളായി മുന്നോട്ടു വരുന്ന റഷ്യൻ സൈനീക നീക്കത്തിനു മുൻപിൽ യുക്രെയിൻ അമ്പേ പാളുന്ന കാഴ്‌ച്ചയാണ് യുദ്ധത്തിന്റെ ആദ്യദിനം തന്നെ കണ്ടത്. തന്ത്രപ്രധാനമായ ചെർണോബിൽ ആണവകേന്ദ്രത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന്റെ കൈകളിൽ എത്തിക്കഴിഞ്ഞു. യൂറോപ്പിൽ ഒരു ഇരുമ്പുമറ ഉയരാൻ ഇനി ദിവസങ്ങൾ മാത്രം എന്നാണ് വൊളോഡിമിർ സെലെൻസ്‌കിയും പറഞ്ഞത്.

മൂന്നു ഭാഗങ്ങളിൽ നിന്നായി ഉക്രെയിൻ സൈന്യത്തെ വളഞ്ഞുകൊണ്ടാണ് റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം. തലസ്ഥാനമായ കീവിൽ എത്തിച്ചശേഷം യുക്രെയിൻ സൈന്യത്തെ പൂർണ്ണമായും വളഞ്ഞ് കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്നതാണ് റഷ്യയുടെ തന്ത്രം എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിൻകൻ പറയുന്നു. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ മരണം വരിക്കുക അതുമാത്രമായിരിക്കും യുക്രെയിൻ സൈന്യത്തിനു മുൻപിൽ ലഭ്യമായ വഴികൾ.അതോടെ ഭരണകൂടവും നിലം പൊത്തും.

ഇതു സംഭവിക്കാൻ അധികനാൾ ആവശ്യമില്ലെന്നാണ് യുദ്ധത്തിന്റെ ആദ്യ ദിവസത്തെ ഗതിവിഗതികൾ വിലയിരുത്തുന്ന പല യുദ്ധ തന്ത്രജ്ഞരും പറയുന്നത്. തികച്ചും ഏകപക്ഷീയമായ ഒരു ആക്രമണമാണിത്. ഒന്ന് പേരിനു പോലും പ്രതിരോധം സൃഷ്ടിക്കാൻ യുക്രെയിന് ആവുന്നില്ല എന്നതാണ് ഏറെ ദുഃഖകരം.അതേസമയം, അടുത്ത 96 മണിക്കൂറിനുള്ളിൽ കീവ് വളയപ്പെടുമെന്ന് യുക്രെയിൻ സർക്കാർ വൃത്തങ്ങളും സമ്മതിക്കുന്നു. എന്നാൽ, സർക്കാർ നിലംപൊത്തുകയില്ല എന്നാണ് അവർ ഉറപ്പിച്ചു പറയുന്നത്.

യുക്രെയിൻ തലസ്ഥാനം പിടിച്ചെടുക്കുന്നത് തടയുവാൻ അവസാന ശ്രമം എന്നനിലയിൽ ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. എന്നാൽ, ഒരു യുദ്ധത്തിന് റഷ്യയെ നിർബന്ധിതമാക്കിയ സാഹചര്യങ്ങളെ കുറിച്ചുള്ള ഒരു വിശദമായ വിവരണമായിരുന്നു പുടിന്റെ പ്രതികരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മാക്രോണിന്റെ താത്പര്യ പ്രകാരമായിരുന്നു ഫോൺ വിളീ എന്നാണ് ക്രെംലിൻ വൃത്തങ്ങൾ പറയുന്നത്.

തന്ത്രപ്രധാനമായ ചെർണോബിൽ ആണവകേന്ദ്രം പിടിച്ചെടുക്കുന്നതിൽ മാത്രമാണ് റഷ്യൻ സേനയ്ക്ക് അല്പമെങ്കിലും പ്രതിരോധം അഭിമുഖീകരിക്കേണ്ടി വന്നത്. കടുത്ത പോരാട്ടത്തിനു ശേഷമാണ് റഷ്യ ഇത് പിടിച്ചെടുത്തത്. ഈ ആണവനിലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നത് അറിയില്ല. റേഡിയോ ആക്ടീവ് രശ്മികളുടെ ചോർച്ചയുണ്ടാകുമോ എന്ന ആശങ്കയും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാന നഗരമായ കീവിൽ നിന്നും കേവലം നൂറു കിലോമീറ്ററിൽ താഴെ മാത്രം ദൂരെയുള്ള ഈ ആണവകേന്ദ്രത്തിനു മുൻപിൽ നിരന്ന് നിൽക്കുന്ന റഷ്യൻ ടാങ്കുകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നതിനെതിരെ റഷ്യ ഷെൽ ആക്രമണം നടത്തിയതായി ഒരു ഉദ്യോഗസ്ഥൻ ആരോപിച്ചു. ഇതിന്റെ ഫലമായി ഇപ്പോൾ റേഡിയഷന്റെ അളവ് വർദ്ധിച്ചതായും ചില കേന്ദ്രങ്ങൾ അറിയിക്കുന്നു. യുക്രെയിൻ ആക്രമണം ആരംഭിച്ചപ്പോൾ തന്നെ ആണവനിലയത്തെ ആക്രമിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും പറയുന്നു. റഷ്യയുടെ തീർത്തും ബുദ്ധിശൂന്യമായ ആക്രമണത്തിനു ശേഷം ചെർണോബിൽ ആണവ കേന്ദ്രം എത്രമാത്രം സുരക്ഷിതമാണെന്നത് പറയാൻ ആകില്ലെന്നാണ് യുക്രെയിൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവും പറയുന്നത്.

അതേസമയം യുദ്ധം നടക്കുന്ന ഒഡേസ നഗരത്തിന്റെ തീരങ്ങളിൽ ഒരു തുർക്കി കപ്പലിനു നേരെ ബോംബാക്രമണം ഉണ്ടായതായി തുർക്കി ആരോപിച്ചു. തുർക്കി നാറ്റോ സഖ്യത്തിലെ അംഗമാണ്. ഇതോടെ യുക്രെയിൻ ആക്രമണം, മറ്റു രാജ്യങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒരു ലോകമഹായുദ്ധമായി മാറിയേക്കുമോ എന്ന ഭയവും ശക്തമായിട്ടുണ്ട്.

അമേരിക്കയും പാശ്ചാത്യ ശക്തികളും എടുത്ത ഉപരോധ നടപടികൾ ഒന്നും തന്നെ പുടിനെ തെല്ലും ആശങ്കപ്പെടുത്തുന്നില്ല എന്നതാണ് ഈ ആക്രമണം കാണിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ഉപരോധങ്ങൾക്ക് ഒരുങ്ങുകയാണ് ജോ ബൈഡൻ. അതേ സമയം യുക്രെയിനിലേക്ക് സൈന്യത്തെ അയച്ച് റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടൽ നടത്താൻ അമേരിക്ക താത്പര്യപ്പെടുന്നതുമില്ല.

ബാങ്കുകൾ, ധനിക വർഗ്ഗം, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവയെ ലക്ഷ്യം വച്ചായിരിക്കും ഉപരോധം കൂടുതൽ കർശനമാക്കുക. അതേസമയം, യൂറോപ്പിൽ ഒരു ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കും എന്നതിനാൽ പ്രകൃതി വതകത്തേയും എണ്ണയേയും ഉപരോധത്തിൽ നിന്നും ഒഴിവാക്കും.

അതിനിടയിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്ന കീവ് നഗരത്തിൽ നഗരവാസികളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിൽ നിന്നും25 കിലോമീറ്റർ മാത്രം അകലെയുള്ള, തന്ത്രപ്രധാനമായ ഒരു എയർഫീൽഡിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന്റെ കൈവശം എത്തിക്കഴിഞ്ഞതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഡസൻ കണക്കിന് ഹെലികോപ്റ്ററുകളുമായാണ് ഇന്നലെ റഷ്യ ഈ താവളത്തിന്റെ ആക്രമിച്ചത്. അതിൽ നാല് ഹെലികോപ്റ്ററുകളെ വെടിവെച്ചിടാൻ യുക്രെയിൻ സൈന്യത്തിനായെങ്കിലും, എയർഫീൽഡിന്റെ നിയന്ത്രണം അവസാനം റഷ്യൻ കൈകളിൽ എത്തിച്ചേരുകയായിരുന്നു.

ഇന്നലെ വ്ളാഡിമിർ പുടിൻ ആക്രമണത്തിനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെ നൂറുകണക്കിന് റോക്കറ്റുകൾ യുക്രെയിനകത്തേക്ക് പായിച്ചുകൊണ്ടായിരുന്നു റഷ്യൻ സൈന്യം യുദ്ധം ആരംഭിച്ചത്. മദ്ധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ബോംബർ വിമാനങ്ങളും ഉപയോഗിച്ച് യുക്രെയിന്റെ സൈനിക കേന്ദ്രങ്ങളും ബാരക്കുകൾ, വെയർഹൗസുകൾ, എയർഫീൽഡുകൾ എന്നിവ ഉൾപ്പടെയുള്ള യുദ്ധ സന്നാഹ കേന്ദ്രങ്ങളും ആയിരുന്നു റഷ്യ സൈന്യ്ം ആദ്യം ലക്ഷ്യം വച്ചത്. യുദ്ധം ആരംഭിക്കുമ്പോൾ തന്നെ ശത്രു സൈന്യത്തെ ദുർബലപ്പെടുത്തി പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കുക എന്ന റഷ്യൻ തന്ത്രം പൂർണ്ണമായി വിജയിച്ചു എന്നു തന്നെ പറയാം.

യുക്രെയിന്റെ 74 മിലിറ്ററി ഗ്രൗണ്ട് ഫിസിലിറ്റികൾ, 11 എയർഫീൽഡുകൾ മൂന്ന് കമാൻഡ് പോസ്റ്റുകൾ 18 റഡാർ സ്റ്റേഷനുകൾ എന്നിവയാണ് യുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ റഷ്യ നശിപ്പിച്ചത്. ഈ ആക്രമണത്തിനു പിന്നാലെ ക്രീമിയയിൽ നിന്നും യുക്രെയിന്റെ തെക്കേ അതിരിത്തിയിലൂടെ റഷ്യൻ സൈന്യം ഖെർസൊൻ ലക്ഷ്യമാക്കി കടന്നു കയറി. അതേസമയം തന്നെ വടക്കൻ അതിർത്തിയിൽബെലറസിൽ നിന്നും അതിർത്തി കടന്നെത്തിയ റഷ്യൻ സൈനികർ കീവ് ലക്ഷ്യമാക്കി നീങ്ങാൻതുടങ്ങി. കിഴക്കൻ മേഖലയിലെ ബെൽഗൊറോഡിലൂടെ എത്തിയവർ ലക്ഷ്യം വെച്ചത് ഖാർകിവ് നഗരത്തെയായിരുന്നു. റഷ്യയ്ക്ക് അല്പമെങ്കിലും കനത്ത ചെറുത്ത് നിൽപ് അഭിമുഖീകരിക്കേണ്ടി വന്നത് ഇവിടെ മാത്രമയിരുന്നു.

ചെറിയൊരു വിഭാഗം റഷ്യൻ സൈനികർ മാത്രമാണ് ഇപ്പോൾ യുക്രെയിനിൽ പ്രവേശിച്ചിരിക്കുന്നത്. ഏകദേശം രണ്ടുലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നെങ്കിലും അവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും അതിർത്തിയിൽ തന്നെയാണ്. പ്രധാനപെട്ട ജനവാസകേന്ദ്രങ്ങൾ പിടിച്ചെടുത്ത് യുക്രെയിൻ സർക്കാരിനെ കീഴടങ്ങാൻ നിർബന്ധിതമാക്കുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോൾ പയറ്റുന്നത്. ആദ്യദിവസത്തെ യുദ്ധത്തിൽ 137 പേർ മരണമടഞ്ഞതായി യുക്രെയിൻ ആരോഗ്യകാര്യമന്ത്രി അറിയിച്ചു. 300 പേരോളം പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്.

ഒഡേസ, മാരിയുപോൽ എന്നീ തുറമുഖ നഗരങ്ങളും റഷ്യൻ ആക്രമണത്തിന് വിധേയമായി. ഇവിടങ്ങളിലാണ് യുക്രെയിനിന്റെ നാവിക ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത്. ഇന്നലെ വരെ ഒഡേസ പൂർണ്ണമായും കീഴടക്കാൻ റഷ്യൻ സൈന്യത്തിനായിട്ടില്ല. എന്നാൽ കരിങ്കടലിൽ നിന്നും അസോവ് കടലിലേക്കുള്ള കെർച്ച് കടലിടുക്ക് റഷ്യ സൈന്യം അടച്ചതോടെ മാരിയുപോൽ തുറമുഖവും നഗരവും ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലായി.

താരതമ്യേന ദുർബലം എന്ന് വിശേഷിപ്പിക്കാമെങ്കിലും യുക്രെയിനും തിരിച്ചടിക്കുന്നുണ്ട്. അഞ്ച് റഷ്യൻ ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ട യുക്രെയിൻ ഒരു ഡസനിലധികം റഷ്യൻ ടാങ്കുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില റഷ്യൻ സൈനികരെ യുക്രെയിൻ തടങ്കലിലാക്കിയിട്ടുമുണ്ട്. റഷ്യയുടെ ഒരു സൈനിക ചരക്കുവിമാനവും തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP