Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

36 വർഷം മുമ്പത്തെ പേടിസ്വപ്‌നം വീണ്ടും; കീവിലെ ചെർണോബിൽ ആണവ പ്ലാന്റ് പിടിച്ചെടുത്ത് റഷ്യൻ സേന; പ്ലാന്റ് തകർന്നാൽ യുക്രെയിനെയും ബെലാറസിനെയും മാത്രമല്ല യൂറോപ്പിനെ ആകെ കാത്തിരിക്കുന്നത് വൻദുരന്തം

36 വർഷം മുമ്പത്തെ പേടിസ്വപ്‌നം വീണ്ടും; കീവിലെ ചെർണോബിൽ ആണവ പ്ലാന്റ് പിടിച്ചെടുത്ത് റഷ്യൻ സേന; പ്ലാന്റ് തകർന്നാൽ യുക്രെയിനെയും ബെലാറസിനെയും മാത്രമല്ല യൂറോപ്പിനെ ആകെ കാത്തിരിക്കുന്നത് വൻദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

കീവ്: അതിർത്തി കടന്നെത്തിയ റഷ്യൻ സേനയും യുക്രെയിൻ സേനയും തമ്മിൽ കടുത്ത പോരാട്ടം തുടരുന്നതിടെ, ചെർണോബിൽ ആണവ പ്ലാന്റിനെ കുറിച്ച് ആശങ്കകൾ ഉയർന്നു. നിരോധിത മേഖലയ്ക്ക് അകത്ത് നടക്കുന്ന പോരാട്ടം ആണവ പ്ലാന്റിനെ തകർക്കുമോയെന്നും ആണവ വികിരണം ഉണ്ടാകുമോയെന്നും സർക്കാർ ഉപദേഷ്ടാക്കൾ സംശയം പ്രകടിപ്പിച്ചു. അങ്ങനെയൊന്ന് സംഭവിച്ചാൽ, യുക്രെയിനെയും റഷ്യയെയും മാത്രമല്ല, യൂറോപ്പിനെ ആകെ കരിനിഴലിൽ ആക്കിയേക്കും. കീവിന് 130 കിലോമീറ്റർ വടക്കാണ് പ്ലാന്റ്. 1986 ലെ അപകടത്തിൽ റിയാക്ടർ പൊട്ടിത്തെറിച്ച ശേഷം റേഡിയേഷൻ ചോർച്ച ഒഴിവാക്കാൻ ഒരു സുരക്ഷാ കവചം കൊണ്ട് മൂടിയിട്ടുണ്ട്. മുഴുവൻ പ്ലാന്റും ഡീകമ്മീഷൻ ചെയ്തിരുന്നു.

അതിനിടെ, നാറ്റോ അംഗമായ തുർക്കിയുടെ ഒരു കപ്പലിൽ ഒഡേസയ്ക്ക് അടുത്ത് ബോംബ് പതിച്ചതായി റിപ്പോർട്ടുണ്ട്. നാറ്റോ സഖ്യത്തെ കൂടി യുദ്ധത്തിലേക്ക് റഷ്യ വലിച്ചിഴയ്ക്കുമോ എന്നും യൂറോപ്പിനെ ആകെ യുദ്ധത്തിൽ മുക്കുമോ എന്നും ഭീതി ഉയർന്നു. റഷ്യ ബോംബ് വർഷിച്ചേക്കുമെന്ന അറിയിപ്പിനെ തുടർന്ന് പൗരന്മാരെല്ലാം ബോംബ് ഷെൽട്ടറിലേക്ക് മാറാൻ സർക്കാർ നിർദ്ദേശിച്ചു.

കീവിന് 130 കിലോമീറ്റർ അകലെയാണ് ചെർണോബിൽ നിരോധിത മേഖല. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് റഷ്യൻ സൈനികർ നിരോധിത മേഖലയിൽ പ്രവേശിച്ചത്. അവിടെ ബോർഡർ ഗാർഡ് യൂണിറ്റുകളുമായി പൊരിഞ്ഞ പോരാട്ടത്തിലാണ്. ആണവ പ്ലാന്റിന് എന്തെങ്കിലും സംഭവിച്ചാൽ, യുക്രെയിൻ, ബെലാറസ്, യൂറോപ്യൻ യൂണിയൻ എന്നിവ വരെ റേഡിയോ ആക്ടീവ് കാർമേഘം മൂടാമെന്ന് യുക്രെയിൻ ആഭ്യന്തര കാര്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ് ചെങ്കോ പറഞ്ഞു.

അതേസമയം, കീവിലെ സുപ്രധാന വ്യോമതാവളത്തിന്റെ നിയന്ത്രണത്തിനായി പൊരിഞ്ഞ പോരാട്ടം തുടരുകയാണ്. ഇത് കണക്കിലെടുത്താണ് പൗരന്മാരോട് ബോംബ് ഷെൽട്ടറുകളിൽ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടത്. കീവിൽ റഷ്യ ബോംബിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. റഷ്യയുടെ കടന്നുകയറ്റത്തിൽ പിടിച്ചെടുത്ത ആന്റണോവ് വിമാനത്താവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് യുക്രെയിൻ സേന പരിശ്രമിക്കുന്നത്. സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, നഗരങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെയെല്ലാം നിയന്ത്രണത്തിനായാണ് ശക്തമായ പോരാട്ടം തുടരുന്നത്.

ചെർണോബിൽ ദുരന്തം

36 വർഷം മുൻപ് ഏപ്രിൽ 26നാണ് ഇന്നത്തെ ഉക്രെയ്‌ന്റെ ഭാഗമായിരുന്ന പ്രിപ്യാത്ത് നഗരത്തിലെ ചെർണോബിൽ നൂക്ലിയർ പവർ സ്റ്റേഷനിൽ ലോകത്തെ തന്നെ നടുക്കിയ ആണവ ദുരന്തം അരങ്ങേറിയത്. 1986ൽ സംഭവിച്ച ഈ അപകടം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാർ കൃത്യമായി ഡിസൈൻ ചെയ്യാത്ത റിയാക്ടർ ഉപയോഗിച്ചതുകൊണ്ടാണ് സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അപകടത്തെ തുടർന്ന് സംഭവിച്ച നീരാവി വിസ്‌ഫോടനവും തീപ്പിടുത്തവും കാരണം ചുരുങ്ങിയത് അഞ്ച് ശതമാനം റേഡിയോ ആക്റ്റീവ് കോറെങ്കിലും അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ഭാഗമായി അനന്തരഫലങ്ങൾ ഉണ്ടായിട്ടുണ്ട്.

1986 ൽ സോവിയറ്റ് നൂക്ലിയർ റിയാക്ടറിലെ ടെക്‌നിഷ്യന്മാർക്ക് തങ്ങളുടെ പരീക്ഷണം ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിയാതെ വരികയായിരുന്നു. അപകടം നടന്ന രാത്രി ചെർണോബിൽ പ്ലാന്റിലെ രണ്ട് ജീവനക്കാർ വിസ്‌ഫോടനം കാരണം മരണപ്പെടുകയും തുടർന്നുള്ള ആഴ്ചകളിൽ അക്യൂട്ട് റേഡിയേഷൻ സിണ്ട്രം കാരണം 28ഓളം പ്ലാന്റ് ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ദുരന്തം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിന് ശേഷവും പ്രിപ്യാത്തിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ അപകടത്തിന്റെ ഭീതി പൂർണമായും വിട്ടുമാറിയിട്ടില്ല.

ചെർണോബിൽ നൂക്ലിയർ പവർ സ്റ്റേഷനിലെ റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റിലാണ് അപകടം ഉണ്ടായത്. പരീക്ഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. പരീക്ഷണത്തിനിടെ ടെക്‌നീഷ്യന്മാർ വൈദ്യുതി നിയന്ത്രിക്കുന്ന സിസ്റ്റം ഓഫാക്കിയതും അടിയന്തിര സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണ് വിനയായത്. മെഷീൻ ഓഫാക്കിയതിന് ശേഷവും റിയാക്ടറിൽ ഏഴു ശതമാനം പവർ അവശേഷിച്ചതാണ് വൻ ദുരന്തം സംഭവിക്കാൻ കാരണമായത്.

ടെക്‌നീഷ്യന്മാരുടെ അബദ്ധങ്ങളും മറ്റു സുരക്ഷാ പരാജയങ്ങളുമാണ് പരീക്ഷണം നടത്തുന്നവരുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ വൻ വിസ്‌ഫോടനം സംഭവിക്കുകയും റിയാക്ടറിലെ കൂറ്റൻ മെറ്റീരിയൽ ലിഡ് കത്തുകയും ചെയ്തു. പിന്നീട് ഗ്രാഫൈറ്റ് റിയാക്ടറിൽ തീപിടിക്കുകയും റേഡിയോ ആക്റ്റീവ് വസ്തുക്കൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുകയുമായിരുന്നു.

അമേരിക്ക ജപ്പാനിലെ ഹീറോഷിമയിലും നാഗസാക്കിയിലും അണു ബോംബുകൾ വർഷിച്ചതിനേക്കാൾ വിലിയ റേഡിയേഷനാണ് ചെർണോബിൽ ദുരന്തം വഴി സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപകടം നടന്നതിനു ശേഷം ആളുകൾ പിന്നീട് പ്രിപ്യാത്തിൽ താമസം ഉപേക്ഷിച്ചു. 1991ൽ തീപിടുത്തം കാരണം ചെർണോബിലിന്റെ രണ്ടാം യൂണിറ്റും 1996ൽ ഒന്നാം യൂണിറ്റും അടച്ചു പൂട്ടി. എന്നാൽ 2000 വരെ മൂന്നാം യൂണിറ്റ് പ്രവർത്തിച്ചിരുന്നു.

ഇപ്പോഴും അപകടം നടന്ന സ്ഥലത്ത് ആളുകൾക്ക് താമസിക്കാൻ പാടില്ലാത്ത ഒരു സ്ഥലം നിലനിൽക്കുന്നുണ്ട്. എന്നാൽ വിനോദ സഞ്ചാരികൾക്ക് നിശ്ചിത സമയത്തേക്ക് പ്രിപ്യാത്തിലേക്കും അപകട സ്ഥലത്തേക്കും ഉക്രെയ്ൻ സർക്കാർ പ്രവേശനാനുമതി നൽകാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP