Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർച്ച് എട്ടിന് പെട്രോൾ വില എട്ടു രൂപ കൂടാൻ സാധ്യത; ഇറാനും അമേരിക്കയും തമ്മിലെ ചർച്ച ഫലം കണ്ടില്ലെങ്കിൽ പെട്രോൾ വില ലിറ്ററിന് 150 തൊട്ടേക്കും; ഉക്രെയിനിലെ യുദ്ധ കാഹളം രാജ്യത്തെ സാധാരണക്കാരുടെ നട്ടെല്ല് ഒടിക്കും; കോവിഡിൽ ഉലയുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ പ്രതിരോധത്തിലേക്ക്

മാർച്ച് എട്ടിന് പെട്രോൾ വില എട്ടു രൂപ കൂടാൻ സാധ്യത; ഇറാനും അമേരിക്കയും തമ്മിലെ ചർച്ച ഫലം കണ്ടില്ലെങ്കിൽ പെട്രോൾ വില ലിറ്ററിന് 150 തൊട്ടേക്കും; ഉക്രെയിനിലെ യുദ്ധ കാഹളം രാജ്യത്തെ സാധാരണക്കാരുടെ നട്ടെല്ല് ഒടിക്കും; കോവിഡിൽ ഉലയുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ പ്രതിരോധത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാർച്ച് ഏഴിനു ശേഷം ഇന്ത്യയിൽ വലിയ തോതിൽ ഇന്ധനവിലക്കയറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഉക്രെയിൻ പ്രതിസന്ധിയെ തുടർന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിലേക്കാണ് അടുക്കുന്നത്. റഷ്യയുടെ യുദ്ധക്കൊതിയാണ് ഇതിന് കാരണം.

യുപി, പഞ്ചാബ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് വില ഉയർത്തരുതെന്ന് അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് വില കൂടാത്തത്. വോട്ടെടുപ്പ് കഴിഞ്ഞാൽ ഈ നിയന്ത്രണം മാറും. പിന്നാലെ വില കൂട്ടാനും തുടങ്ങും. മാർച്ച് ഏഴിനാണ് അവസാനഘട്ട പോളിങ്. തൊട്ടുപിന്നാലെ പെട്രോൾ, ഡീസൽ വില ലീറ്ററിന് 7-8 രൂപ വരെ വർധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയുടെ എണ്ണ വാങ്ങൽ വില ബാരലിന് നൂറ് ഡോളറിലേക്ക് അടുത്തിട്ടുണ്ട്. യൂറോപ്പിൽ യുദ്ധമുണ്ടായാൽ ഡോളറിന് 150 രൂപയോളം ക്രൂഡ് ഓയിൽ ബാരലിന് വിലയ ഉയരും. അങ്ങനെ വന്നാൽ പെട്രോൾ വില ഇന്ത്യയിൽ 150 ആകാനും സാധ്യതയുണ്ട്. അസംസ്‌കൃത എണ്ണവില ഒരു ഡോളർ ഉയരുമ്പോൾ ശരാശരി 70-80 പൈസയുടെ വർധനയാണ് എണ്ണയുടെ ചില്ലറവിൽപ്പന വിലയിൽ ഉണ്ടാകാറുള്ളത്. യഥാർഥ വിലയും ചില്ലറ വിലയും തമ്മിലുള്ള അന്തരം വർധിക്കുന്നത് എണ്ണക്കമ്പനികൾക്കു തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ വില കൂടുമെന്ന് ഉറപ്പാണ്.

ഉക്രെയ്ൻ പ്രതിസന്ധി വഷളായാൽ വരും മാസങ്ങളിലും ഇന്ധനവില വർധന ഉയർന്നുതന്നെ നിൽക്കും. യുഎസ്-ഇറാൻ ചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്നുള്ള എണ്ണ വിപണിയിൽ എത്തിയെങ്കിൽ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകുകയുള്ളൂ. ഉക്രൈയിനിലെ സംഘർഷത്തോടെ ആഗോള വിപിണിയിൽ എണ്ണ വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം രാജ്യത്തുമുണ്ടാകും. അങ്ങനെ വന്നാൽ രൂക്ഷമായ വിലക്കയറ്റത്തിന് സാധ്യത തെളിയും. യൂറോപ്പിനെ ആകെ ആശങ്കയിലാക്കുന്ന യുദ്ധം മുന്നിലുള്ളതാണ് ഇതിന് കാരണം. കോവിഡിൽ ആടി ഉലയുന്ന സമ്പദ് വ്യവസ്ഥയ്ക്ക് തീർത്തും തിരിച്ചടിയാണ് പുതിയ യുദ്ധ സാഹചര്യം.

റഷ്യ- യുക്രൈൻ പ്രതിസന്ധി തുടരുകയാണ്. എപ്പോൾ വേണമെങ്കിലും യുക്രൈനെതിരായി റഷ്യയുടെ ആക്രമണം ഉണ്ടായേക്കും. ഇതിനെ ചെറുക്കാനാണ് അമേരിക്കയും ബ്രിട്ടണും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ ആഗോള സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബ്ബലമാകും. ക്രൂഡ് ഓയിൽ വില കുതിച്ചുയരും. സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കും. ക്രൂഡ് ഓയിൽ നിർമ്മാണത്തിലെ ഭീമനാണ് റഷ്യ. അതുകൊണ്ടുതന്നെ യുക്രൈനിലെ പ്രതിസന്ധി അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഉയർത്തും. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇപ്പോൾ വില എത്തിക്കഴിഞ്ഞു. നിലവിൽ 96.7 ഡോളറാണ് ഒരു ബാരലിന്റെ വില. ഇത് നൂറ് ഡോളർ കവിയാനും സാധ്യതയുണ്ട്. 150 ഡോളർ വരെ എത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ രാജ്യത്തെ പെട്രോൾ വിലയും ലിറ്ററിന് 150 രൂപ കടക്കും. നവംബറിൽ രാജ്യത്ത് ഇന്ധന വില പത്ത് രൂപയോളം കുറച്ചിരുന്നു.

അതിന് ശേഷം ഇന്ധന വില ആഗോള തലത്തിൽ പലവട്ടം ഉയർന്നു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണം എണ്ണ വില ഇന്ത്യയിൽ ഉയർത്തിയില്ല. വോട്ടെടുപ്പ് കഴിയുമ്പോൾ കഥ മാറും. പിന്നെ ആഗോള വിപണിയിലെ ചാഞ്ചാട്ടം ഇന്ത്യയിലെ പെട്രോൾ ഡീസൽ വിലയിലും പ്രതിഫലിക്കും. അധിക നികുതികൾ സർക്കാരുകൾ വേണ്ടെന്ന് വച്ചാലും വില കുതിച്ചുയരാനാണ് സാധ്യത. കോവിഡിനു ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ ഇതു ബാധിച്ചേക്കാം. പണപ്പെരുപ്പം ഉയരുമെന്നതാണ് മറ്റൊരു ഭീഷണി. പെട്രോളിന് വില വർധിക്കുമ്പോൾ അവശ്യവസ്തുക്കളുടെ വില ഉയരും. യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചുവെന്ന് അമേരിക്ക പറയുന്നു. യുദ്ധം ആരംഭിച്ചാൽ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധമേർപ്പെടുത്തും. ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കും. ഇറാനെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നതാണ് പ്രതീക്ഷ നൽകുന്നത്.

ഇറാനിൽനിന്ന് എണ്ണ വിപണിയിലെത്തിത്തുടങ്ങിയാലും റഷ്യയിൽനിന്നുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാകില്ല. ഏപ്രിൽ, മെയ്‌ മാസങ്ങളിലായി അഞ്ചു ലക്ഷം ബാരൽ അധിക എണ്ണ ഇറാനിൽനിന്നെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഷ്യ-യുക്രൈൻ സംഘർഷം. ഇത് ആഗോള എണ്ണവില കുറയ്ക്കാനുള്ള ശ്രമത്തിന് വലിയ തിരിച്ചടിയാണ്. 2008 ജൂലായിൽ അന്താരാഷ്ട്ര എണ്ണവില 147 ഡോളർ വരെ എത്തിയിരുന്നു. അതേ സാഹചര്യം വീണ്ടും ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP