Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുടിന്റെ സ്വകാര്യ സ്വത്തുക്കൾ മരവിപ്പിക്കും; പണം കൈമാറ്റമായ സ്വിഫ്റ്റ് സമ്പ്രദായത്തിൽനിന്ന് റഷ്യയെ പുറത്താക്കും; റൂബിളിന് വിലയിടിയുമ്പോൾ ഡോളർ ശക്തിപ്പെടും; ഗോതമ്പ് തൊട്ട് മൊബൈൽ ഫോണിനു വരെ വിലകൂടും; സൈക്കോ പുടിന്റെ യുദ്ധക്കൊതി മൂലം ലോകം വീണ്ടും മാന്ദ്യത്തിലേക്ക്

പുടിന്റെ സ്വകാര്യ സ്വത്തുക്കൾ മരവിപ്പിക്കും; പണം കൈമാറ്റമായ സ്വിഫ്റ്റ് സമ്പ്രദായത്തിൽനിന്ന് റഷ്യയെ പുറത്താക്കും; റൂബിളിന് വിലയിടിയുമ്പോൾ ഡോളർ ശക്തിപ്പെടും; ഗോതമ്പ് തൊട്ട് മൊബൈൽ ഫോണിനു വരെ വിലകൂടും; സൈക്കോ പുടിന്റെ യുദ്ധക്കൊതി മൂലം ലോകം വീണ്ടും മാന്ദ്യത്തിലേക്ക്

എം റിജു

എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയും, അമേരിക്കൻ ഓഹരി വിപണിയും തമ്മിൽ പ്രത്യക്ഷത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ, നമുക്ക് ഇല്ല എന്നേ പറയാൻ കഴിയൂ. എന്നാൽ ബാഗ്ദാദി കൊല്ലപ്പെട്ടന്ന വാർത്ത സ്ഥിരീകരിച്ചതിന്റെ പിറ്റേന്ന് അമേരിക്കൽ ഷെയർ മാർക്കറ്റിൽ അഭൂതപുർവമായ ഉയർച്ചയാണ് ഉണ്ടായത്. വേൾഡ് ട്രേഡ് സെന്റർ തകർന്നതിനോട് അനുബന്ധിച്ച ദിനങ്ങളിൽ കടുത്ത തകർച്ചയും! അതായത് ആഗോള സമാധാനവും സാമ്പത്തിക പുരോഗതിയുമായി അനിവാര്യമായ ബന്ധമുണ്ടെന്നാണ് ആധുനികമായ എല്ലാ പഠനങ്ങളും പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു കാലത്ത് കുരിശുയുദ്ധത്തിന് സേനകളെ അയച്ച യൂറോപ്യൻ രാജ്യങ്ങളിൽ പലതും, അതിർത്തികളിൽപ്പോലും വെറും കുമ്മായ വരകൾ മാത്രമിട്ട് മാറി നിൽക്കുന്നതും.

ഒരു യുദ്ധത്തെ എല്ലാവരും ഭയക്കുന്നതിനുള്ള ഒരു കാരണവും അതുതന്നെയാണ്. അതുണ്ടാക്കുന്ന സൈനികമായ പ്രത്യാഘാതങ്ങളേക്കാൾ വലുതാണ് സാമ്പത്തികമായ പ്രശ്നങ്ങൾ. ആഗോളീകരണത്തിന്റെ ഇക്കാലത്ത് ലോകത്തിന്റെ എത് കോണിലുണ്ടാവുന്ന പ്രശ്നങ്ങളും മറ്റുനാടുകളിലെ വിപണിയെയും ബാധിക്കും. (രണ്ടാംലോക മഹായുദ്ധത്തിനുശേഷം, തങ്ങളുടെ രാജ്യത്തെ ജനങ്ങൾക്ക് രാവിലെ പൈപ്പിലൂടെ ചൂടുവെള്ളം നൽകാനുള്ള ശേഷിപോലുമില്ലാതെ ബ്രിട്ടൻ തകർന്നുപോയ കഥ ലാരി കോളിൻസും ഡൊമനിക്ക് ലാപ്പിയറുമൊക്കെ എഴുതിയിട്ടുണ്ട്.)

ഇത്തവണ മറ്റൊരു പ്രശ്നം കൂടിയുണ്ട്. കോവിഡ് സൃഷ്്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് ലോകം പതുക്കെ കരകയറി വരികയാണ്. അതിനിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ വളാഡിമറോവിച്ച് പുടിൻ എന്ന അധികാരക്കൊതി മൂത്ത സൈക്കോയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ ഭാഗമായി ലോകം മറ്റൊരു യുദ്ധത്തെ അഭിമുഖീകരിക്കുന്നത്. റഷ്യ- യുക്രൈൻ സംഘർഷത്തിൽ ലോകരാജ്യങ്ങളെല്ലാം ഭയക്കുന്നതും അത് സൃഷ്്്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളാണ്. ഈ തർക്കത്തിൽ ഒരു രീതിയിലും കക്ഷിയല്ലാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും അത് ബാധിക്കുമെന്നതിൽ തർക്കമില്ല.

ഹിറ്റ്ലർക്ക് സമാനായ ഭീകരൻ

ഇന്ന് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് പുടിൻ എന്ന ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട, റഷ്യൻ ഏകാധിപതിതന്നെയാണ്. ബിബിസിയും വാഷിങ്്ടൺ പോസ്റ്റും അടക്കമുള്ള ലോകമാധ്യമങ്ങൾ ഹിറ്റ്ലർക്ക് സമാനനായ ക്രൂരനായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ഹിറ്റ്ലർ ഘട്ടംഘട്ടമായി ജർമ്മനിയിൽ വളർന്നുവന്നപ്പോഴൊക്കെ പലരും കൈയടിച്ച് പ്രോൽസാഹിപ്പിക്കയായിരുന്നു. പണ്ട് ഹിറ്റ്ലർ യൂറോപ്പിൽ കാണിച്ച അതേ നയമാണ് പുടിനും പിന്തുടരുന്നത്. നാസി ഭീകരൻ അന്ന് ആദ്യം പോളണ്ട് ആക്രമിച്ചപ്പോൾ ചങ്ങാതി സ്റ്റാലിൻ എല്ലാ പിന്തുണയും നൽകി. പിന്നെ ചെക്കസ്ലോവാക്യ പിടിച്ചെടുത്തു. അപ്പോഴും പാശ്ചാത്യ ശക്തികളും സോവിയറ്റ് യൂണിയനും മൗനം പാലിച്ചു. അവസാനം യൂറോപ്പിനെ ഏതാണ്ട് മുഴുവനായി ഹിറ്റ്ലർ വിഴുങ്ങി. ഏതാണ്ട് സമാനമായ അവസ്ഥയിലേക്കാണ് പുടിന്റെയും യാത്ര.

1999മുതൽ തുടങ്ങിയതാണ് മുൻ കെജിബി ഉദ്യോസ്ഥന്റെ റഷ്യയിലെ ഭരണം. ഇപ്പോൾ ഭരണഘടന ഭേദഗതിചെയ്ത്, മരണംവരെ പ്രസിഡന്റായി ഇരിക്കാനുള്ള വകുപ്പും നേടി. അതായത് സ്റ്റാലിനേക്കാൾ കാലം നീണ്ടകാലം 35 വർഷത്തോളം റഷ്യ പുടിന് കീഴിലായിരിക്കുമെന്ന് ഉറപ്പാണ്. ശരിക്കും റഷ്യയുടെ ചക്രവർത്തി. തനിക്ക് വേണ്ടവരെയെല്ലാം എവിടെയും തിരുകിക്കയറ്റാൻ പുടിന് കഴിഞ്ഞു. ഇലക്ഷൻപോലും പ്രഹസനമായി. തന്നെ എതിർക്കുന്നവരെയെല്ലാം കൊലയാളികളെ വിട്ട് കൊന്നൊടുക്കി. പ്രതിപക്ഷത്തെ ഏറ്റവും ശക്തനായ നേതാവായ അലക്സി നവോൽനിയെ കഴിഞ്ഞ വർഷം ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു. പുടിന്റെ തനിനിറം വെളിവാക്കുന്ന പത്രപ്രവർത്തകരെ വാടകകൊലയാളികളെ വിട്ട് കൊലപ്പെടുത്തുന്നു. ശതകോടികളുടെ സമ്പാദ്യമാണ് ഇക്കാലത്ത് പുടിൻ ഉണ്ടാക്കിയത്. ഭാര്യമാരും വെപ്പാട്ടിമാരും അടക്കം അസംഖ്യം പങ്കാളികളും.

പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ കൂട്ടിച്ചേർത്ത് അഖണ്ഡ റഷ്യയാണ് പുട്ടിന്റെ ആഗ്രഹം. സോവിയറ്റ് യൂണിയന്റെ തകർച്ചയാണ്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ നൂറ്റാണ്ടുകണ്ട എറ്റവും വലിയ ദുരന്തം. എന്നുവെച്ച് പുടിന് കമ്യൂണിസത്തോടോ പാർട്ടിയോടൊ യാതൊരു ആഭിമുഖ്യവുമില്ല. (ചത്തതിനൊക്കുമേ, എന്ന ലൈനിൽ റഷ്യയിൽ ഇപ്പോഴും കമ്യൂണിസ്റ്റ് പാർട്ടിയുണ്ട്. ദൈവവിശ്വാസത്തെപോലും അംഗീകരിക്കുന്ന ഒരു പ്രത്യേകതരം നവോത്ഥാന പാർട്ടി! ) ആദ്യം സ്വന്തം ജനതയെ മെരുക്കിയെടുത്ത പുടിൻ വൈകാതെ തൊട്ടടുത്ത രാജ്യങ്ങളെയും നോട്ടമിട്ടു. 2015ൽ ഉക്രൈയിനിന്റെ പ്രവിശ്യയായിരുന്ന ക്രിമിയ പിടിച്ചെടുത്തിരുന്നു. 2008ൽ ജോർജിയയിലേക്ക് കടന്നുകയറിയ പുടിന്റെ സൈന്യം 'അബ്കേസിയ' എന്ന പ്രവിശ്യ പിടിച്ച് റഷ്യയുടെ മിലിട്ടറി താവളമാക്കി. നോക്കണം ഒരു സ്വതന്ത്രരാജ്യത്തിലേക്ക് അങ്ങോട്ട് സൈന്യത്തെ അയച്ച് പിടിക്കയാണ്. മറ്റുള്ളവർ നോക്കിനിൽക്കയും ചെയ്യുന്നു. (പാക്കിസ്ഥാൻ പട്ടാളം ബംഗ്ലാദേശിലേക്ക് ഇരച്ചു കയറി ഒരു പട്ടണം പിടിച്ചെടുത്താൽ ഇന്ത്യക്ക് നോക്കി നിൽക്കാൻ കഴിയുമോ.)

ഇതിനുള്ള പുടിന്റെ ന്യായവും വിചിത്രമാണ്. യുക്രൈനിൽ വെറും 20 ശതമാനം പോലും ഇല്ലാത്ത റഷ്യൻ വംശജരുടെ താൽപ്പര്യം സംരക്ഷിക്കണമെന്ന്. ജോർജിയയും യുക്രൈനുമൊന്നും നാറ്റോയോട് അടുക്കുന്നത് പുടിന് പിടിക്കുന്നില്ല. ഇപ്പോൾ യുക്രൈൻ നാറ്റോയിൽ ചേരാൻ ശ്രമിക്കുന്നതിന്റെ പേരിലാണ് റഷ്യൻ ആക്രമണം. നാറ്റോ സഖ്യം യുക്രൈൻ താവളമാക്കുന്നത് തങ്ങൾക്ക് ഭീഷണിയാണെന്നാണ് പുടിന്റെ കണ്ടെത്തൽ. ഇപ്പോൾ തന്നെ ബാൾട്ടിക്ക് രാജ്യങ്ങൾ അടക്കമുള്ള മുൻ സോവിയറ്റ് റിപ്ലബ്ലിക്കുകൾവരെ നാറ്റോയിൽ ഉണ്ട്. കരിങ്കടലിലുള്ള നാറ്റോയുടെ കപ്പൽപ്പടയിൽനിന്നുതന്നെ മോസ്‌ക്കോയെ ആക്രമിക്കാവുന്നതേയുള്ളൂ. പിന്നെന്തിന് അവർ യുക്രൈനിൽ വരണമെന്ന ചോദ്യത്തിന് പുടിന് മറുപടിയില്ല.

പ്രശ്നം അതല്ല. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ 16 അംഗങ്ങളുള്ള നാറ്റോയിൽ ഇപ്പോൾ 30 അംഗങ്ങളുണ്ട്. ലിത്വാനിയ, ലാറ്റ്‌വിയ, എസ്റ്റോണിയ എന്നീ ബാൾട്ടിക്ക് റിപ്പബ്ലിക്കുകളും പോളണ്ട്, റുമോനിയ, സ്ളോവാക്യ തുടങ്ങിയ റഷ്യയുടെ മറ്റ് സമീപ രാജ്യങ്ങളും നാറ്റോയിലുണ്ട്. ഇനി ജോർജിയയും യുകൈയ്‌രിനും മാത്രമോ ബാക്കിയുള്ളൂ. നാറ്റോയിൽ ഒരംഗം ആക്രമിക്കപ്പെട്ടാൽ സഹായത്തിന് എത്താൻ മറ്റ് അംഗങ്ങൾക്ക് ബാധ്യതയുണ്ട്. അതോടെ പുടിന്റെ അഖണ്ഡ റഷ്യയെന്ന സ്വപ്നം എന്നെന്നേക്കുമായി അടയും. ഇതാണ് പുടിന്റെ യഥാർഥ പ്രശ്നം.

റഷ്യക്കും പുടിനും നഷ്ടം ഒട്ടേറെ

യൂറോപ്യൻ യൂണിയന് പകരം പുട്ടിൻ ഉണ്ടാക്കിയതാണ് യുറേഷ്യൻ ഇക്കണോമിക്ക് യൂണിയൻ. പക്ഷേ ഇത് ക്ലച്ച് പിടിക്കുന്നില്ല. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ അടക്കം എല്ലാവർക്കും കമ്പം യൂറോപ്പിനോടാണ്. റഷ്യയുടെ എകാധിപത്യമല്ല, യൂറോപ്പിന്റെ കൊതിപ്പിക്കുന്ന സ്വാതന്ത്ര്യമാണ് അവർക്ക് പ്രിയം. പുടിനേപ്പോലെ ഒരു ഏകാധിപതിയേക്കാൾ അവർ വിശ്വസിക്കുന്നത്, യൂറോപ്യൻ യൂണിയനെയും നാറ്റോയെയും ആണ്.

ഇനി ഈ ആക്രമണങ്ങൾ കൊണ്ട് റഷ്യക്കും ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 2015ൽ യുക്രൈനിലെ ക്രിമിയയെ ആക്രമിച്ച് റഷ്യയോട് ചേർത്തതോടെയാണ്, ജി 8 രാജ്യങ്ങളിൽനിന്ന് റഷ്യ പുറത്തായത്്. അതോടെ ജി 8 എന്ന ലോകത്തിന്റെ പ്രതാപവാന്മാരായ സംഘടന ജി 7 ആയി ചുരുക്കി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, കാനഡ, ജപ്പാൻ, തുടങ്ങിയ 7 രാജ്യങ്ങൾ മാത്രമാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന ആ പ്രമാദമായ ലിസ്റ്റിൽ ഉള്ളത്. മാത്രമല്ല റഷ്യക്ക് എതിരെ യുഎസ് ഉപരോധവും വന്നു. റഷ്യയുടെ സാമ്പത്തിക വളർച്ചയെ ഏറെ പിറകോട്ട് അടിപ്പിച്ച കാര്യമായിരുന്നു അത്.

പക്ഷേ എകാധിപതികൾക്ക് രാജ്യം തകർന്നാലും എത്രപേർ രാജ്യത്ത് മരിച്ചു വീണാലും അതൊന്നും യാതൊരു പ്രശ്നവുമല്ല. അവർക്ക് അവരുടെ ഈഗോ വിജയിച്ചാൽ മതി. ഇനി യുക്രൈനിലെ ആക്രമിച്ചാൽ റഷ്യക്കും നഷ്ടങ്ങൾ ഏറെയുണ്ട്. ഒന്ന് സൈനികമായ നഷ്ടം തന്നെയാണ്. നാറ്റോ സഖ്യം, കൈയും കെട്ടി നോക്കിനിൽക്കുമെന്ന് കരുതാനാവില്ല. നിലവിൽ എട്ടരലക്ഷം വരുന്ന, റഷ്യൻ സൈന്യത്തിന് മുന്നിൽ ഒന്നുമല്ല, രണ്ടരലക്ഷം വരുന്ന യുക്രൈൻ സൈന്യം. പക്ഷേ നാറ്റോയുടെ വ്യോമ -നാവിക കരുത്തിന് മുന്നിൽ റഷ്യയും ഒന്നുമല്ല. പക്ഷേ രണ്ടും ആണവ ശക്തികൾ ആണെന്നതും പുടിൻ എന്തും ചെയ്യാൻ മടിക്കാത്ത സൈക്കോ ആണെന്നതുമാണ് യൂറോപ്യൻ ശക്തികളെ പിറകോട്ട് വലിക്കുന്നത്.

യുദ്ധം പൊട്ടിയാൽ അമേരിക്കയുടെ യൂറോപ്പിന്റെയും ഉപരോധം റഷ്യക്ക്മേൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇത്തവണ റഷ്യയെ പൂട്ടാൻ ശക്തമായ ചില തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബാങ്കുകളിൽ നിന്ന് ബാങ്കുകളിലേക്കുള്ള പണകൈമാറ്റമായ സ്വിഫ്റ്റ് ധനകാര്യ സമ്പ്രദായത്തിൽനിന്ന് റഷ്യയെ പുറത്താക്കുകയാണ്, സഖ്യകക്ഷികൾ ചിന്തിക്കുന്ന ഒരു നടപടിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതോടെ രാജ്യാന്തര തലത്തിലുള്ള ഒരു ഇ പേയ്മെന്റും റഷ്യക്ക് നടത്താൻ കഴിയില്ല. കോടികളുടെ നഷ്ടമാണ് അതുകൊണ്ട് ആ രാജ്യത്തിന് ഉണ്ടാവുക. അതോടെ റഷ്യൻ റൂബിളിന്റെയും വില കുത്തനെ ഇടിയും. അനിനിയന്ത്രിതമായ വിലക്കയറ്റവും രാജ്യത്ത് ഉണ്ടാവും. പക്ഷേ ഏകാധിപതികൾക്ക് നാട് തകരുന്നത് ഒരു പ്രശ്നമല്ലല്ലോ. മവോ സേതൂങ്ങിനെ ഓർത്തുനോക്കുക. മാവോയുടെ ഭരണപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ലക്ഷങ്ങൾ മരിച്ചുവീഴുമ്പോഴും അയാൾക്ക് അത് ഒരു തമാശയായിരുന്നു!

പക്ഷേ പുടിനെ വ്യക്തിപരമായി കുരുക്കാനുള്ള പദ്ധതിയും, ഇത്തവണ യു.എസ് തയ്യാറാക്കിയിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതായത് പുടിനും തന്റെ ക്രോണികളും ചേർന്ന് സ്വിസ് ബാങ്കുകളിലും, അമേരിക്കയുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തുക്കൾ മരവിപ്പിക്കുക എന്നതാണ് ഇതിൽ പ്രധാനം. പുടിനുമായി ബന്ധമുള്ള സകലരുടെയും സ്വത്തുകൾ മരവിപ്പിക്കുക എന്നതാണ് അവർ കാണുന്ന മറ്റൊരു നീക്കം. പക്ഷേ റഷ്യയിൽതന്നെയുള്ള പുടിന്റെ സ്വത്തുകൾ ശതകോടികൾ വരും. അത് ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല. ഇത് അഥവാ ഒരു അട്ടിമറി റഷ്യയിൽ ഉണ്ടാവുമെന്ന് ഭയന്ന് പുടിൻ പുറത്ത് നിക്ഷേപിച്ച സ്വത്തുക്കളാണ്. റഷ്യയുടെ ഒരു സ്വഭാവം വെച്ച് അടുത്തകാലത്തൊന്നും അട്ടിമറിക്ക് യാതൊരു സാധ്യതയും കാണുന്നില്ല.

പെട്രോൾ,ഡീസൽ വില കുത്തനെ കൂടും

നോക്കുക, റഷ്യയും യുക്രൈനും തമ്മിൽ ഒരു യുദ്ധം നടന്നാൽ അത് ആയിരക്കണക്കിന് കിലോമീറ്റർ അകലെ കിടക്കുന്ന ഇന്ത്യയേപ്പോലും ബാധിക്കയാണ്. പെട്രോൾ, ഡീസൽ വില കുത്തനെ കൂടുമെന്നതാണ് ഈ യുദ്ധം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ ഭവിഷ്യത്ത് എന്നാണ് ലോകമാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്.

ക്രൂഡ് ഓയിൽ നിർമ്മാണത്തിലെ ഭീമനാണ് റഷ്യ. അതുകൊണ്ടുതന്നെ യുക്രൈനിലെ പ്രതിസന്ധി അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഉയർത്തും. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇപ്പോൾ വില എത്തിക്കഴിഞ്ഞു. നിലവിൽ 96.7 ഡോളറാണ് ഒരു ബാരലിന്റെ വില. ഇത് നൂറ് ഡോളർ കവിയുമെന്നും ഒരുപക്ഷേ 150 ഡോളർ വരെയെത്തിയേക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ആഗോള ജിഡിപി വളർച്ച 0.9 ശതമാനമായി ചുരുക്കും. വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഇന്ത്യയിൽ സിഎൻജി, വൈദ്യുത നിരക്ക് വർധിച്ചേക്കാം. ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ എൽപിജി, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി വർധിപ്പിച്ചേക്കും.

പെട്രോളിന്റേയും ഡീസലിന്റേയും വില കൂടുമെന്നതാണ് ഇന്ത്യയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവംബറിൽ രാജ്യത്ത് ഇന്ധന വില പത്ത് രൂപയോളം കുറച്ചിരുന്നു. എന്നാൽ യുക്രൈൻ സാഹചര്യം പെട്രോൾ വില ഇന്ത്യയിൽ ലിറ്ററിന് ഏഴ് രൂപ വരെ കൂടുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അസംസ്‌കൃത എണ്ണയ്ക്ക് ചൊവ്വാഴ്ച മാത്രം നാലു ശതമാനത്തിനടുത്ത് വില ഉയർന്നു. ആവശ്യത്തിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വിലവർധന വലിയ വെല്ലുവിളിയാണ്. കോവിഡിനു ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ ഇതു ബാധിച്ചേക്കാം. പണപ്പെരുപ്പം ഉയരുമെന്നതാണ് മറ്റൊരു ഭീഷണി. പെട്രോളിന് വില വർധിക്കുമ്പോൾ അവശ്യവസ്തുക്കളുടെ വില ഉയരുന്നത് സ്വാഭാവിക പ്രതിഭാസമാണ്. അതായത് യുക്രൈൻ യുദ്ധംമൂലം ഉപ്പുതൊട്ട് കർപ്പൂരംവരെ സകലതിനും വിലകൂടുന്ന അവസ്ഥയാണ് ഉണ്ടാവുക.

യുദ്ധം ആരംഭിച്ചാൽ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധമേർപ്പെടുത്തും. അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്കാകും പോകുക. ഇവിടെയും അമേരിക്കയ്ക്ക് സന്തോഷിക്കാൻ ഏറെയുണ്ട്. കാരണം റഷ്യയിൽനിന്ന് ജർമ്മനിയിലേക്ക് നേരിട്ട് എത്തുന്ന നിർദിഷ്ട നോർഡ്് സ്ട്രീം പൈപ്പ് ലൈൻ 2 വിനോട് നേരത്തെ തന്നെ യു.എസിന് എതിർപ്പുണ്ട്. യുകൈയ്‌രിനെ ആശ്രയിക്കാതെ ജർമ്മനിയിലേക്ക് നേരിട്ട് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി മൂലമാണ് റഷ്യക്കെതിരെ കടുത്ത നിലപാട് ജർമ്മനി എടുക്കാത്തത്. ജർമ്മനിയിലെ പുതിയ സർക്കാർ ഇടത്തരക്കാരുടെ വോട്ട് വാങ്ങിയാണ് ജയിച്ചത്. അപ്പോൾ പ്രകൃതിവാതക വിലകുറഞ്ഞാൽ അവർക്ക് നല്ലതാണ്. പക്ഷേ യുക്രൈൻ യുദ്ധം തുടങ്ങിയാൽ ഈ പൈപ്പ് ലൈനും ഉപരോധത്തിൽപെടും. പിന്നെ ഒരിക്കലും പദ്ധതി നടപ്പാകുമെന്ന് കരുതേണ്ട്. 27 അംഗമുള്ള യൂറോപ്യൻ യൂണിയന്റെ പ്രകൃതിവാതക കയറ്റുമതിയിലെ 40 ശതമാനവും റഷ്യയിൽ നിന്നാണ്. ഇപ്പോൾ ഇറക്കുമതിയിൽ കുറവ് വന്നതോടെ യൂറോപ്പിൽ ഇന്ധനവില വർധിക്കയാണ്. അതുപോലെ തന്നെ ഹങ്കറിയും റഷ്യയും തമ്മിൽ ആണവ നിലയത്തെക്കുറിച്ച് ചർച്ച നടക്കുന്ന സമയമാണ്. ഹങ്കറിയും റഷ്യയോട് മൃദു സമുപനമാണ് എടുക്കുന്നത്.

പക്ഷേ റഷ്യൻ ഉപരോധം ഉണ്ടായാൽ റൂബിളിന്റെ വില ഇടിയുകയും ഡോളർ ശക്തിപ്പെടുയും ചെയ്യും. ഇത് അമേരിക്കയ്ക്ക് നേട്ടമാവും. അതുകൊണ്ടാണ് അവർ റഷ്യ ഇതാ ആക്രമിച്ചേ എന്ന് ഇടക്കിടെ പറയുന്നത് എന്നാണ് ചില വിദഗ്ദ്ധർ വിലയിരുത്തുന്നത്.

അതിനിടെ ഇറാനെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നതാണ് പ്രതീക്ഷ നൽകുന്നത്. ഇറാനിൽനിന്ന് എണ്ണ വിപണിയിലെത്തിത്തുടങ്ങിയാലും റഷ്യയിൽനിന്നുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാകില്ലെന്നാണ് കരുതുന്നത്. ഏപ്രിൽ, മെയ്‌ മാസങ്ങളിലായി അഞ്ചു ലക്ഷം ബാരൽ അധിക എണ്ണ ഇറാനിൽനിന്നെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഷ്യ-യുക്രൈൻ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഇത് ആഗോള എണ്ണവില കുറയ്ക്കാനുള്ള ശ്രമത്തിന് വലിയ തിരിച്ചടിയാണ്. 2008 ജൂലായിൽ അന്താരാഷ്ട്ര എണ്ണവില 147 ഡോളർ വരെ എത്തിയിരുന്നു.

ഗോതമ്പ് തൊട്ട് കാറിന് വരെ വിലകൂടും

ഗോതമ്പ് ഉത്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യമാണ് റഷ്യ. പട്ടികയിൽ നാലാം സ്ഥാനത്താണ് യുക്രൈൻ. ഈ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ അത് ഗോതമ്പിന്റെ വില വർധിക്കുന്നതിന് കാരണമാകും. ലോകത്തിന്റെ മൊത്തം ഗോതമ്പ് കയറ്റുമതിയിൽ നാലിലൊന്നാണ് റഷ്യയും യുക്രൈനും ചേർന്നുള്ള സംഭാവന. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് കോവിഡ് പ്രതിസന്ധി കാരണം നിലവിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കഴിഞ്ഞ പത്ത് വർഷത്തെ ഉയർന്ന നിലയിലാണ്. അതിനിടയിലാണ് പുതിയ പ്രതിസന്ധി.

യുദ്ധമുണ്ടായാൽ ലോഹവിപണിയെയും കാര്യമായി ബാധിക്കും. പുകക്കുഴൽ നിർമ്മാണം, മൊബൈൽ ഫോൺ നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന പലാഡിയം എന്ന ലോഹത്തിന്റെ വില കൂടുന്നത് ഉപരോധ ഭീഷണികൂടി നേരിടുന്ന റഷ്യക്ക് പിടിച്ചുനിൽക്കാനുള്ള മാർഗങ്ങളിലൊന്നാണ്. കാരണം പലാഡിയം ഉത്പാദനത്തിൽ റഷ്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.

അലൂമിനിയം, ചെമ്പ്, കോബാൾട്ട്, പ്രകൃതി വാതകം എന്നിവയുടെ പ്രധാന ഉത്പാദകരാണ് റഷ്യ. ഉപരോധം വന്നാൽ ആഗോള വിപണിയിൽ ഇവയുടെ വിതരണത്തിൽ വലിയ തടസ്സങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ ഇവയുടെ വിലയും കുതിച്ചുയർന്നേക്കാം. ഇതുവഴി ആഗോളതലത്തിൽ വലിയ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വൈദ്യുത വാഹന, ഹരിത ഊർജ മേഖലകൾക്കും റഷ്യൻ അധിനിവേശം തിരിച്ചടിയായേക്കാം.

2021 -ൽ 37 ലക്ഷം ടൺ അലൂമിനിയമാണ് റഷ്യ ഉത്പാദിപ്പിച്ചത്. ആഗോളതലത്തിൽ ആറു ശതമാനം വിപണിവിഹിതമുണ്ട്. അലൂമിനിയം ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നതും റഷ്യതന്നെ. ഈ വർഷം ഇതുവരെ അലൂമിനിയം വിലയിൽ 15 ശതമാനം വരെ വർധനയുണ്ടായി. കഴിഞ്ഞ വർഷം 63,900 കോടി ക്യുബിക് മീറ്റർ പ്രകൃതി വാതകം റഷ്യ ഉത്പാദിപ്പിച്ചു. ആഗോള ഉത്പാദനത്തിന്റെ 17 ശതമാനം വരുമിത്. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ കുറച്ചത് അവിടെ പ്രകൃതിവാതക ക്ഷാമം രൂക്ഷമാക്കിയിരുന്നു.

വൈദ്യുത വാഹനങ്ങൾ, കാറ്റാടികൾ, സൗരോർജ പാനൽ, പവർ ഗ്രിഡ് എന്നിവയുടെ ഉത്പാദനം ഉയർന്നതിനാൽ ചെമ്പിന്റെ ഉപഭോഗം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വൈദ്യുത വാഹനങ്ങളിൽ ഐ.സി.ടി. വാഹനങ്ങളേക്കാൾ നാലു മടങ്ങുവരെ അധികം ചെമ്പുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. റഷ്യയിൽനിന്നുള്ള ചെമ്പിന്റെ വരവ് നിലച്ചാൽ ഈ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. ബാറ്ററിയുടെ പ്രധാന ഘടകമായ കോബാൾട്ടിന്റെയും പ്രധാന ഉത്പാദകരാണ് റഷ്യ. 2021 -ൽ കോബാൾട്ട് വിലയിൽ 90 ശതമാനം വരെ വർധനയുണ്ടായിരുന്നു. ഇത് വാഹന വിപണിയെ പ്രത്യേകിച്ച് കാറുകളെ ബാധിക്കുമെന്നാണ് വിലയരുത്തൽ.

യുദ്ധ ഭീതിയിൽ വിലക്കയറ്റം തുടങ്ങി

അതേസമയം യുദ്ധ ഭീതിയിൽ ലോകമെമ്പാടും ചെറിയ തോതിൽ ഇപ്പോഴേ വിലക്കയറ്റം തുടങ്ങിയിട്ടുണ്ടെന്നാണ് ബിസിനസ് മാധ്യമങ്ങൾ പറയുന്നത്. റഷ്യയിലും യുക്രൈനിലും ഇപ്പോൾ തന്നെ വിലക്കയറ്റം ശക്തമാണ്. കാരണം എന്ത് സംഭവിക്കുമെന്ന് അറിയാത്തതിനാൽ ജനം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുകയും സ്റ്റോക്ക് ചെയ്യുകയുമാണ്. റഷ്യയേക്കാൾ വിലക്കയറ്റം ബാധിച്ചിരിക്കുന്നത് യുക്രൈനെയാണ്. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം ബാധിച്ചിരിക്കുന്ന വസ്തു തോക്ക് തന്നെയാണ്. റൈഫിളുകളും ഗണ്ണുകളും ഒന്നും എവിടെയും കിട്ടാനില്ല!

അതേസമയം ആരോഗ്യമുള്ള മുഴുവൻ യുവാക്കളെയും എന്തിന് കുട്ടികളും കൗമാരക്കാരും പോലും തോക്ക് വാങ്ങിക്കഴിഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ എട്ടരലക്ഷം വരുന്ന സൈനിക ശേഷിക്കുമുന്നിൽ രണ്ടരലക്ഷം പോലുമില്ലാത്ത തങ്ങൾ ഒന്നുമല്ലെന്ന്, യുക്രൈയിന് നന്നായി അറിയാം. അതിനാലാണ് അവർ സിവിലിയൻസിനെയും വ്യാപകമായി പരിശീലിപ്പിക്കുന്നത്. സ്ത്രീകൾ അടക്കമുള്ളവർക്ക് മിലിട്ടറി ക്യാമ്പുകളിൽ കൊണ്ടുപോയി സൈനിക പരിശീലനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. നേരത്തെ ക്രിമിയയിൽ റഷ്യൻ സൈന്യം കടന്നുകയറിയപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ യുക്രൈയിന് കഴിഞ്ഞിട്ടില്ല. ഏതാനും യുക്രൈൻ സൈനികർ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതും. ശിരക്കും ഒരു രക്തരഹിത വിപ്ലവത്തിലുടെയാണ് റഷ്യ അവിടം പിടിച്ചടക്കിയത്.

പക്ഷേ ഇത്തവണ അങ്ങനെ ഉണ്ടാവില്ലെന്ന് യുക്രൈനികൾ ഉറപ്പിച്ചിരിക്കയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെരുവിൽ എവിടെയും, ദേശീയഗാനം ആലപിച്ചുകൊണ്ടുള്ള യുവാക്കളുടെ ചെറു സംഘങ്ങളെ കാണാമെന്നും, അവരുടെ കൈയിലൊക്കെ റൈഫിളുകൾ ഉണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഒരു കാര്യം ഉറപ്പാണ്. നാറ്റോയുടെ പിന്തുണ കിട്ടിയില്ലെങ്കിലും അത്ര എളുപ്പത്തിലൊന്നും റഷ്യക്ക് യുക്രൈയിനെ തകർക്കാൻ കഴിയില്ല.

അമേരിക്കയിലും പ്രശ്നങ്ങൾ

അതിനിടെ ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുക്കാത്ത അമേരിക്കൻ പ്രസിൻഡറ് ജോ ബൈഡന് എതിരെ യുഎസിൽ വികാരമുണ്ടെന്ന് വാഷിങ്ങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ബൈഡന്റെ തണുപ്പൻ സമീപനം പ്രശ്നങ്ങൾ വലുതാക്കുകയാണെന്നും, പുടിനെ ഒതുക്കണമെന്നുമാണ് ഭൂരിഭാഗം അമേരിക്കക്കാരും അഭിപ്രായപ്പെടുന്നത് എന്ന ഒരു ടെലിവിഷൻ സർവേയും പുറത്തുവന്നിട്ടുണ്ട്. ലോക പൊലീസ് എന്ന അമേരിക്കയുടെ വികാരത്തിന് ബൈഡന്റെ തണുപ്പൻ നയം കോട്ടം തട്ടിച്ചുവെന്ന് വ്യക്തം.

ബൈഡനെ വിമർശിച്ച് മൂൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയതും വലിയ വാർത്തയായി. താനായിരുന്നു അധികാരത്തിലെങ്കിൽ പുടിൻ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ബുദ്ധിപരമായ നീക്കമാണ് പുടിൻ ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് റേഡിയോ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.''യുക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ ബുദ്ധിപരമായ നീക്കമാണ് പുടിൻ നടത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും. കൂടുതൽ കൂടുതൽ സമ്പന്നനാകുക എന്ന പുടിന്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുക', - ട്രംപ് പറഞ്ഞു.

കിഴക്കൻ യുക്രൈനിലെ വിമത മേഖലകളായ ഡൊണെറ്റ്സ്‌ക്, ലുഹാൻസ്‌ക് എന്നിവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച പുതിന്റെ നടപടിയെ കുറിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡൻ സർക്കാർ ദുർബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. വ്‌ളാഡിമിർ പുടിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയിൽ അധികാരത്തിലെങ്കിൽ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാൻ പുടിൻ മുതിരുകയില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.

എന്നാൽ ബൈഡന്റെ നിലപാട്, ട്രംപിന്റെ പോലെ എടുത്തുചാട്ടമല്ലെന്നാണ് അദ്ദേഹത്തെ അനുകുലിക്കുന്നവർ പറയുന്നത്. കോവിഡിന്റെ തകർച്ചയിൽനിന്ന് കരകയറിയിട്ടില്ലാത്ത ലോകത്തെ, വീണ്ടും ഒരു സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിടാതെ നോക്കുകയാണ് ബൈഡൻ ചെയ്യുന്നത് എന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. മാത്രമല്ല, അമേരിക്ക നേരിട്ട് യുദ്ധം ചെയ്യുന്നില്ല എന്നേയുള്ളൂ, നാറ്റോ സഖ്യത്തിന് എല്ലാ പിന്തുണയും കൊടുക്കുമെന്നും ഒപ്പമുണ്ടാവുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വാൽക്കഷ്ണം: പുടിനെ എതിർക്കുന്ന ജേർണലിസ്റ്റുകൾ ഒക്കെയും റഷ്യയിൽ ഒന്നൊന്നായി കൊല്ലപ്പെടുകയാണ് പതിവ്. പലരും ഉയരമുള്ള കെട്ടിടങ്ങളിൽനിന്ന് താഴേക്ക് വീഴുകയാണ്. രണ്ടു ഡസൻ മാധ്യമ പ്രവർത്തകരെങ്കിലും ഇങ്ങനെ ദുരൂഹമായി മരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുടിനെ എതിർത്ത ഒരു വ്ളോഗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽനിന്ന് പുടിനെതിരെ എഴുതി മറിക്കുന്നതുപോലെ അല്ല, റഷ്യയിൽനിന്ന് എഴുതുന്നത് എന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP