Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കട്ടിലിൽ പാതി മുറിഞ്ഞ രക്തം പുരണ്ട സിമന്റ് കട്ട; ഒപ്പം പോസ്റ്റ് കാർഡിൽ കുറിപ്പും; ലോഡ്ജിലെ രജിസ്റ്ററിലെ ഒപ്പും പോസ്റ്റ് കാർഡിലെ ഒപ്പും സമാനമായി കണ്ടതും സംശയമായി; രഹസ്യാന്വേഷണത്തിന് ഒടുവിൽ നിലമ്പൂർ ദണ്ഡപാണി കൊലക്കേസ് പ്രതി പിടിയിൽ

കട്ടിലിൽ പാതി മുറിഞ്ഞ രക്തം പുരണ്ട സിമന്റ് കട്ട; ഒപ്പം പോസ്റ്റ് കാർഡിൽ കുറിപ്പും; ലോഡ്ജിലെ രജിസ്റ്ററിലെ ഒപ്പും പോസ്റ്റ് കാർഡിലെ ഒപ്പും സമാനമായി കണ്ടതും സംശയമായി; രഹസ്യാന്വേഷണത്തിന് ഒടുവിൽ നിലമ്പൂർ ദണ്ഡപാണി കൊലക്കേസ് പ്രതി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂരിനെ ഞെട്ടിച്ച ദണ്ഡപാണി കൊലക്കേസിലെ പ്രതി അറസ്റ്റിൽ. നിലമ്പൂർ ടൗണിൽ കെ.എൻ.ജി പാതയോരത്തിന് ചേർന്ന ഓടിട്ട വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ദണ്ഡപാണിയെ മുറിഞ്ഞ സിമന്റ് കട്ടകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ സുഹൃത്തുകൂടിയായിരുന്ന നിലമ്പൂർ കല്ലേമ്പാടം സ്വദേശി ചെറുക്കുത്ത് ചന്ദ്രനാണ് (59) അറസ്റ്റിലായത്.

കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷം ജീർണ്ണിച്ച് അഴുകിയ നിലയിൽ കഴിഞ്ഞ ഫെബ്രുവരി 13നാണ് ദണ്ഡപാണിയുടെ മൃതദേഹം കണ്ടെത്തിയത്. വീട് സ്ഥിരമായി പൂട്ടി കിടക്കുന്നതിനാലും വല്ലപ്പോഴും ആൾപ്പെരുമാറ്റം കാണുന്നതിനാലും ചിലർ അവിടെ ഇടക്ക് വന്നു പോകുന്നതിനാലും അയൽവാസികളാരും അവിടേക്ക് ശ്രദ്ധിക്കാറില്ല. ഭാര്യ മരണപ്പെട്ടിട്ട് രണ്ടു വർഷമായി. രണ്ടു മക്കളിൽ ഒരാൾ കോഴിക്കോടും, മറ്റൊരാൾ കുടുംബസമേതം നിലമ്പൂരിലെ ഫ്ലാറ്റിലും ആണ് താമസം.

കുറച്ച് ദിവസമായി അച്ഛനെ പുറത്തു കാണാത്തതിനാൽ മകൻ ബാബു വീടിനടുത്ത് വന്നു നോക്കിയെങ്കിലും വീട് പൂട്ടികിടക്കുന്നതിനാൽ ക്ഷേത്ര ദർശനത്തിന് പോയിക്കാണും എന്നാണു വിചാരിച്ചത്. ദണ്ഡപാണിക്ക് ആയുർവേദ പച്ചമരുന്ന് കച്ചവടവുമുണ്ടായിരുന്നു. മകൻ ബാബുവാണ് മൃതദേഹം അഴുകി, ദുർഗന്ധം വമിക്കുന്ന നിലയിൽ കാണപ്പെട്ട വിവരം പൊലീസിൽ അറിയിക്കുന്നത്.

തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്‌പി: സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ മൃതദേഹം കിടന്നിരുന്ന കട്ടിലിൽ പാതി മുറിഞ്ഞ സിമന്റ് കട്ടയും അതിൽ രക്തം പുരണ്ടതായും കൂടുതൽ പരിശോധന നടത്തിയതിൽ ഒരു പോസ്റ്റ് കാർഡിൽ ഒരു കുറിപ്പും കാണപ്പെട്ടതിൽ തുടക്കത്തിൽതന്നെ പൊലീസിന് മരണത്തിൽ ദുരൂഹത ജനിപ്പിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം പരിശോധനയിലും കൊലപാതകത്തിന്റെ സാധ്യതയിലേക്ക് സൂചന കിട്ടിയതോടെ വളരെ പഴുതടച്ച അതീവ രഹസ്യമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. മുമ്പ് സ്വർണ്ണകച്ചവടവും മറ്റു ബിസിനസുകളും നടത്തിയിരുന്ന ദണ്ഡപാണിയുടെ വീട്ടിൽ വിലപിടിപ്പുള്ള മുതലുകൾ ഉണ്ടാവാൻ സാധ്യതയുള്ളതായും പൊലീസിനെ അറിയിച്ചു.

പരിശോധനയിൽ ലോക്കറിൽ നാല് ലക്ഷത്തോളം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നും തന്നെ നഷ്ട്ടപ്പെട്ടിട്ടില്ല എന്നും കണ്ടെത്തി. ബന്ധുകളും അടുപ്പക്കാരേയും ദണ്ഡപാണിയുടെ ദിനചര്യ നിരീക്ഷിച്ചും പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിലും ഇടക്ക് ദണ്ഡപാണിയുടെ കൂടെ താമസിക്കാറുള്ള പ്രതിയിലേക്ക് അന്വേഷണം ചെന്നെത്തുകയായിരുന്നു. ചന്ദ്രനെ പറ്റി അന്വേഷിച്ചതിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതായും സ്ഥലം വിട്ടതായും അറിയാൻ കഴിഞ്ഞു.

സംഭവശേഷം ഗൂഡല്ലൂരിലുള്ള ബന്ധുവീട്ടിൽ പതിവില്ലാതെ ഒരാഴ്‌ച്ച താമസിച്ചിരുന്നതായും അവിടെയുള്ള ലോഡ്ജിൽ ഒരു ദിവസം തങ്ങിയതായും വിവരം കിട്ടി. ലോഡ്ജിലെ രജിസ്റ്ററിലെ ഒപ്പും സംഭവസ്ഥലത്ത് നിന്നും കിട്ടിയ പോസ്റ്റ് കാർഡിലെ ഒപ്പും സമാനമായി കണ്ടതും ചന്ദ്രനിലേക്ക് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് അന്വേഷണ സംഘം ഗൂഡല്ലൂർ, ബത്തേരി, മൈസൂർ, നാടുകാണി, എന്നിവിടങ്ങളിലെത്തി ചന്ദ്രനെ അന്വേഷിച്ചെങ്കിലും മഞ്ചേരി ഭാഗത്ത് കണ്ടതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടക്ക് നിലമ്പൂർ ടൗണിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നും.

മൂന്ന് വിവാഹം കഴിച്ച ചന്ദ്രൻ നിലവിൽ ഭാര്യമാരെ ഉപേക്ഷിച്ച് ഒറ്റക്കാണ് താമസം. സ്ഥിരം മദ്യപാനിയായ ചന്ദ്രൻ 2009 ൽ വണ്ടൂർ പൊലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണ കേസിൽ പിടിയിലായി 6 മാസം ജയിൽവാസം അനുഭിവച്ചയാളും പത്ത് വർഷത്തോളം ജോലി ചെയ്തിരുന്ന ഗുഡല്ലൂരിലെ ഹോട്ടലിൽ സാധനങ്ങൾ നശിപ്പിച്ച് അര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയ സംഭവവും അടുത്തിടെ നിലമ്പൂരിലെ ഒരു ഡ്രൈവിങ് സ്‌കൂളിലെ കാർ മോഷ്ടിച്ച് കടത്താനും ശ്രമം നടത്തിയിരുന്നു.

ഒരു വർഷത്തോളമായി ദണ്ഡപാണിയുമായി പരിചയപ്പെട്ട ചന്ദ്രൻ ഇടക്ക് രാത്രിയിൽ തങ്ങാൻ ദണ്ഡപാണിയുടെ വീട്ടിൽ എത്താറുണ്ട്. താമസിക്കുന്ന ദിവസങ്ങളിൽ ചന്ദ്രൻ ദണ്ഡപാണിക്ക് ഭക്ഷണം വച്ചു നൽകാറുമുണ്ട്. 28.01.2022 ന് പകൽ സമയത്ത് ചന്ദ്രനോട് ദണ്ഡപാണി രണ്ട് ദിവസം മണ്ണാർകാടേക്ക് പോവുകയാണെന്നും വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറയുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് ഇറങ്ങിപ്പോയ ചന്ദ്രൻ രാത്രിയിൽ വീണ്ടും തിരിച്ചെത്തി ഉറങ്ങുകയായിരുന്ന ദണ്ഡപാണിയെ വീടിന്റെ പിറകുവശത്തു നിന്നും പാതി മുറിഞ്ഞ സിമന്റ് കട്ട എടുത്തു കൊണ്ട് വന്ന് തലക്ക് ശക്തിയായി ഇടിച്ചു. തുടർന്ന് ദണ്ഡപാണി മരണപ്പെട്ടു എന്ന് ധരിച്ച് അവിടെ ഉണ്ടായിരുന്ന വെള്ളി ആഭരണം കൈവശപ്പെടുത്തുകയും സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് അവിടെ നിന്നു കിട്ടിയ കുറച്ചു പണവും ദണ്ഡപാണി ഉപയോഗിച്ച തോൾ സഞ്ചിയും എടുത്ത് സ്ഥലം വിട്ടു. ഒരാഴ്ചയോളം ഗൂഡല്ലൂരിലെ ബന്ധുവീട്ടിലും ലോഡ്ജിലും താമസിച്ച് നിലമ്പൂരിൽ മടങ്ങിയെത്തി സംഭവസ്ഥലം സന്ദർശിച്ച് ഒരു ദിവസം അവിടെ തങ്ങുകയും ചെയ്തു. ദുർഗന്ധം അസഹ്യമായപ്പോൾ അവിടെയുണ്ടായിരുന്ന മണ്ണെണ്ണ മൃതദേഹത്തിൽ ഒഴിച്ചു. അവിടുന്നെടുത്ത വെള്ളിയാഭരണം എടക്കരയിലെ ജൂവലറിയിൽ വിൽക്കുകയും ചെയ്തു.

പതിനാലാം തിയതി പത്രങ്ങളിൽ മരണ വാർത്ത കണ്ടതോടെ മൊബൈൽ സ്വിച്ച് ഓഫാക്കി സ്ഥലം വിട്ടു. പിന്നീട് പെരിന്തൽമണ്ണയിലെ ബസ് സ്റ്റാന്റിൽ അന്തിയുറങ്ങി. പകൽ സമയങ്ങളിൽ മഞ്ചേരി ബാർ പരിസരങ്ങളിൽ മോഷ്ടിച്ച തൈലവും എണ്ണയും വിൽപ്പന നടത്തി മദ്യപിച്ച് നടക്കുകയായിരുന്നു. രഹസ്യവിവരത്തേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നതറിഞ്ഞ ചന്ദ്രൻ തമിഴ് നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ നിലമ്പൂർ ബസ്സ്റ്റാന്റ് പരിസരത്തു നിന്നും പിടിയിലായി.

പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകൾ ശേഖരിച്ചു. പ്രതി കൊല നടത്തിയ രീതിയും മോഷണം നടത്തിയ രീതിയും പൊലീസിനോട് വിവരിച്ചു.പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌പി സജു കെ. എബ്രഹമിന്റെ നേത്യത്വത്തിൽ സിഐ. പി.വിഷ്ണു, എസ് ഐ നവീൻ ഷാജ്, എം അസൈനാർ, എ എസ് ഐമാരായ അൻവർ സാദത്ത്, അനിൽ.കെ,സി പി ഓ മാരായ ഷീബ ,സുനിൽ എൻ. പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി കെ.ടി, ടി. നിബിൻ ദാസ് , ജിയോ ജേക്കബ്, നൗഷാദ് കെ., എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP