Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി; 592 സീറ്റുകളിൽ വിജയം; ബിജെപി നേടിയത് 308 സീറ്റുകൾ; തമിഴ് മണ്ണിൽ കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിൽ കോൺഗ്രസ് നേതൃത്വം

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി; 592 സീറ്റുകളിൽ വിജയം; ബിജെപി നേടിയത് 308 സീറ്റുകൾ; തമിഴ് മണ്ണിൽ കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിൽ കോൺഗ്രസ് നേതൃത്വം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് നഗര - തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയായി കോൺഗ്രസ്. ദ്രാവിഡ കക്ഷികളായ ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും വേരോട്ടമുള്ള തമിഴ് മണ്ണിൽ കോൺഗ്രസ് ശക്തി തെളിയിച്ച തിരഞ്ഞെടുപ്പായി മാറി ഇത്തവണത്തേത്. ആകെ 592 സീറ്റിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 308 സീറ്റുകൾ നേടി.

21 നഗര കോർപറേഷനുകളിൽ 73 വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. വിവിധ മുനിസിപ്പാലിറ്റികളിലേക്ക് 151 പേർ വിജയിച്ചു. ടൗൺ പഞ്ചായത്തിലേക്ക് വിജയിച്ചെത്തിയത് 368 സ്ഥാനാർത്ഥികളാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ മുന്നണിയിലാണ് കോൺഗ്രസ് അങ്കത്തിനിറങ്ങിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് ഡിഎംകെ മുന്നണി കൈവരിച്ചത്. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി.

1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തിൽ വേരുള്ള സിപിഎം, മുസ്ലിംലീഗ്, സിപിഐ കക്ഷികൾക്കും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താനായി. 166, 41, 58 സീറ്റുകളാണ് യഥാക്രമം കക്ഷികൾക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. എസ്ഡിപിഐക്ക് 22 സീറ്റു ലഭിച്ചു.

തദ്ദേശ സ്ഥാപനങ്ങൾ മാത്രമെടുത്തു പരിശോധിച്ചാലും കോൺഗ്രസിന് ബിജെപിയേക്കാൾ വ്യക്തമായ മേൽക്കൈയുണ്ട്. സിറ്റി കോർപറേഷനുകളിൽ കോൺഗ്രസിന് ലഭിച്ചത് 73 സീറ്റാണ് എങ്കിൽ ബിജെപിക്ക് 22 ഇടത്തേ ജയിക്കാനായുള്ളൂ. 952 സീറ്റു നേടിയ ഡിഎംകെയാണ് കോർപറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാം സ്ഥാനത്തെത്തിയ എഐഎഡിഎംകെയ്ക്ക് 164 സീറ്റേ കിട്ടിയുള്ളൂ. 24 സീറ്റു നേടിയ സിപിഎമ്മാണ് നാലാം സ്ഥാനത്ത്. സിപിഐക്ക് 13ഉം മുസ്ലിം ലീഗിന് ആറും സീറ്റു ലഭിച്ചു.

മുനിപ്പാലിറ്റികളിലും കോൺഗ്രസ് മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബിജെപി നാലാമതായി. കോൺഗ്രസ് 151, ബിജെപി 56, സിപിഎം 41, സിപിഐ 19, മുസ്ലിംലീഗ് 23 എന്നിങ്ങനെയാണ് സീറ്റു നില. ഏറ്റവും കൂടുതൽ സീറ്റു നേടിയ ഡിഎംകെ 2360 ഇടത്ത് വിജയിച്ചു. 638 ഇടത്ത് എഐഎഡിഎംകെയും.

ഏറ്റവും കൂടുതൽ സീറ്റുകളിൽ പോരാട്ടം നടന്ന ടൗൺ പഞ്ചായത്തിൽ 368 സീറ്റിലാണ് കോൺഗ്രസ് ജയിച്ചത് എങ്കിൽ ബിജെപിക്ക് വിജയിക്കാനായത് 230 വാർഡുകളിൽ മാത്രം. ഡിഎംകെ 4388 സീറ്റും എഐഎഡിഎംകെ 1206 സീറ്റും സ്വന്തമാക്കി. ദ്രാവിഡ കക്ഷികൾക്ക് മേൽക്കൈയില്ലാത്ത കന്യാകുമാരി ജില്ലയിലാണ് ബിജെപി കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയത്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അടക്കമുള്ള പ്രമുഖർ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.

ഇതുവരെ ബിജെപി വിജയിക്കാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പാർട്ടിക്ക് പ്രാതിനിധ്യം ലഭിച്ചു കഴിഞ്ഞുവെന്ന് ബിജെപി അവകാശപ്പെട്ടു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ചെന്നൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോയമ്പത്തൂരിൽ ബിജെപി 15 ശതമാനം വോട്ട് നേടിയെന്നും അണ്ണാമലൈ അവകാശപ്പെട്ടു.

ചെന്നൈയിൽ മുപ്പതോളം വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തിയതായും അണ്ണാമലൈ അവകാശപ്പെട്ടു. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഡിഎംകെ കൊങ്ങു മേഖലയിൽ വിജയിച്ചതുകൊണ്ടുമാത്രം അത് അവരുടെ ആധിപത്യമായി കാണേണ്ടതില്ലെന്നാണ് അണ്ണാമലൈ പറയുന്നത്.

2011 ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് ടൗൺ പഞ്ചായത്തുകളിൽ 2.2 % സീറ്റുകളിലാണ് വിജയം നേടാനായത്. ഇത്തവണ ഇത് 3.01 % ആയി ഉയർത്താനായി. മുനിസ്സിപാലിറ്റികളിൽ 1 ശതമാനത്തിൽ നിന്ന് 1.45 % ആയി. കോർപറേഷനുകളിൽ 0.5% ത്തിൽ നിന്ന് 1.67 %ആയി വർധിച്ചു. 2011ൽ ആകെ 1.76 ശതമാനം വാർഡുകളിൽ വിജയം നേടാനായപ്പോൾ ഇത്തവണ ഇത് 2.4 ശതമാനമായി. 2011ൽ ആകെയുള്ള 12,816 സീറ്റുകളിൽ 226 ഇടത്താണ് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണ ആകെയുള്ള 12,838 വാർഡുകളിൽ 308ൽ വിജയിക്കാനായി.

കന്യാകുമാരിയിലാണ് ബിജെപി മികച്ച വിജയം നേടിയത്. ബിജെപി ആകെ നേടിയ 308 വാർഡുകളിൽ 200 എണ്ണം കന്യാകുമാരി ജില്ലയിലാണ്. എഐഎഡിഎംകെയുമായി വേർപിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് 10 ജില്ലകളിൽ ഒരു പ്രതിനിധി പോലും ഇല്ല. 230 ടൗൺ പഞ്ചായത്ത് വാർഡുകളിലും 56 മുനിസ്സിപ്പാലിറ്റി വാർഡുകളിലും 22 കോർപറേഷൻ വാർഡുകളിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്.

ദ്രാവിഡ പാർട്ടികളേക്കാൾ ദേശീയ കക്ഷികൾക്ക് സ്വാധീനമുള്ള ജില്ലയാണ് കന്യാകുമാരി. മുമ്പ് നേടിയതിൽ നിന്നും ഇരട്ടിയോളം സീറ്റുകൾനേടിയാണ് ബിജെപി മികച്ച നേട്ടം കൈവരിച്ചത്. മികച്ച നേട്ടം കൈവരിച്ചതിന് ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

അതേ സമയം ചെറു കക്ഷികളായ പിഎംകെ, നാം തമിലർ കച്ചി, കമൽ ഹാസന്റെ മക്കൾ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികൾക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. തനിച്ചു മത്സരിച്ച പിഎംകെ അഞ്ചു കോർപറേഷൻ വാർഡുകളിലും 48 മുനിസിപ്പൽ സീറ്റുകളിലും 73 ടൗൺ പഞ്ചായത്ത് വാർഡുകളിലും വിജയിച്ചു. ഒരത്തനാട് ടൗൺ പഞ്ചായത്തിൽ എഎംഎംകെ ഭൂരിപക്ഷം നേടി. മൂന്നു കോർപറേഷൻ സീറ്റിലും 33 മുനിസിപ്പൽ സീറ്റിലും 66 ടൗൺ പഞ്ചായത്ത് സീറ്റിലും അവർ വിജയിച്ചു.

ഒരു കോർപറേഷൻ സീറ്റിലും ഡിഎംഡികെയ്ക്ക് വിജയിക്കാനായില്ല. എന്നാൽ 12 മുനിസപ്പൽ സീറ്റിലും 23 ടൗൺ പഞ്ചായത്ത് സീറ്റിലും ജയം കണ്ടു. കോയമ്പത്തൂർ മുനിസപ്പൽ കോർപറേഷനിലെ ഒരു സീറ്റിൽ വിജയിച്ച എസ്ഡിപിഐ അഞ്ചു മുനിസിപ്പൽ വാർഡുകളും 16 ടൗൺ പഞ്ചായത്ത് വാർഡുകളും വിജയിച്ചു. കോർപറേഷനുകളിൽ 73 സ്വതന്ത്രരും വിജയിച്ചു.

21 മുനിസിപ്പൽ കോർപറേഷനുകളും 138 മുനിസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളും ഉൾപ്പെടെ 649 തദ്ദേശ ഭരണസ്ഥാപനങ്ങളേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 12,607 സീറ്റുകളിൽ 57778 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP