Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം കട്ടായം പറഞ്ഞതോടെ പോയത് ധനമന്ത്രിസ്ഥാനം; പാർട്ടി ലെവിയും കിഴിച്ച് തുച്ഛമായ പെൻഷൻ മാത്രം; തോമസ് ഐസക് പട്ടിണിയിൽ എന്ന മാധ്യമ റിപ്പോർട്ടുകൾ ശരിയോ?

രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം കട്ടായം പറഞ്ഞതോടെ പോയത് ധനമന്ത്രിസ്ഥാനം; പാർട്ടി ലെവിയും കിഴിച്ച് തുച്ഛമായ പെൻഷൻ മാത്രം; തോമസ് ഐസക് പട്ടിണിയിൽ എന്ന മാധ്യമ റിപ്പോർട്ടുകൾ ശരിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം കട്ടായം പറഞ്ഞപ്പോൾ തിളങ്ങി നിന്ന രണ്ടുമന്ത്രിമാർക്ക് സീറ്റ് പോയി. തോമസ് ഐസക്കിനും, ജി.സുധാകരനും. തുടർച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിർത്താൻ തീരുമാനിച്ചപ്പോഴാണ് ഇരുവരെയും പാർട്ടി മാറ്റി നിർത്തിയത്. ജി.സുധാകരൻ അതിനിടെ, തിരഞ്ഞെടുപ്പിലെ നിസ്സഹകരണത്തിന് പേരിൽ പാർട്ടി നടപടി നേരിട്ടു. എന്നാൽ, ഐസക്കാവട്ടെ, തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു എന്ന് മാത്രമല്ല, പൊതുഇടത്തിലും, സോഷ്യൽ മീഡിയയിലും, പുസ്തക രചനയിലും എല്ലാമായി നിറഞ്ഞു നിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, കഴിഞ്ഞ ദിവസം, ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ഒരു വാർത്ത കൗതുകമാകുന്നുത്.

സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്ന ഈ 69 കാരൻ സമീപകാലം വരെ സംസ്ഥാന ഖജനാവ് കൈയാളിയ ധനമന്ത്രിയായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം പാർട്ടി ലെവി പിടിച്ച ശേഷമുള്ള തുച്ഛമായ എംഎൽഎ പെൻഷനും പറ്റി കഷ്ടപ്പാടിലാണ്. എംഎൽഎ ആകും മുമ്പ് ഐസക് പ്ലാനിങ് ബോർഡ് ഫുൾ ടൈം അംഗമായിരുന്നു.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം പി.ജെ.ഫ്രാൻസിസിനെ തോൽപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയത്. 1996 ൽ മാരാരിക്കുളത്ത് സാക്ഷാൽ വിഎസിനെ അട്ടിമറിച്ച നേതാവായിരുന്നു പി.ജെ.ഫ്രാൻസിസ്. 2001 വരെ സിഡിഎസിൽ ഫാക്കൽറ്റി അംഗമായിരുന്നു ഐസക് ഇവിടെ നിന്നാണ് അദ്ദേഹം എഴുപതുകളിലും എൺപതുകളിലുമായി എംഎഫിലും പിഎച്ച്ഡിയും എടുത്തത്. സിഡിഎസിൽ പ്രൊഫസർ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം കിട്ടിയ ഗ്രാറ്റ്‌വിറ്റി അദ്ദേഹം മാരാരിക്കുളത്തെ ജനങ്ങളുടെ ഉന്നമനത്തിനായാണ് ചെലവഴിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പറയുന്നു.

സീറ്റ് കിട്ടാതെ വന്നത് ഷോക്കായി

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് പാർട്ടി സീറ്റ് നിഷേധിക്കുമെന്ന് തോമസ് ഐസക് ഒട്ടും കരുതിയിരുന്നില്ല. കുറച്ചുദിവസത്തേക്ക് പാർട്ടി തീരുമാനവുമായി പൊരുത്തപ്പെടാൻ ഐസക് വിഷമിച്ചുവെന്നാണ് അടുപ്പക്കാർ പറയുന്നത്. തനിക്ക് ധനമന്ത്രി സ്ഥാനത്ത് മൂന്നാമതൊരു വട്ടം കൂടി അവസരം കിട്ടുമെന്നും കിഫ്ബി പോലെ അപൂർണമായ പദ്ധതികൾ പൂർത്തിയാക്കാമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സംഭവിച്ചത് മറിച്ചാണ്.

ഐസക് പട്ടിണിയിലായോ?

പുത്തൻ കാലത്ത് കമ്യൂണിസ്റ്റുകാർക്കിടയിൽ പട്ടിണിയുടെയും, പരിവട്ടത്തിന്റെയും കഥകൾ അങ്ങനെ കേൾക്കാനില്ല. പാലോളി മുഹമ്മദ് കുട്ടിയെയും കാട്ടായിക്കോണം ശ്രീധരനെയും ഒക്കെ പോലെ ഒന്നും സമ്പാദിക്കാത്ത കമ്യൂണിസ്റ്റ് നേതാക്കളുടെ അപൂർവത ഉണ്ടെങ്കിലും. ആ നിരയിലേക്ക് വരികയാണോ ഐസക്കും എന്നതാണ് ചോദ്യം. തോമസ് ഐസക് പട്ടിണിയിലായെങ്കിൽ, എന്തുകൊണ്ട് എന്ന ചോദ്യവും ചർച്ച ചെയ്യേണ്ടതാണ്.

തോമസ് ഐസക് ഇപ്പോൾ ഒറ്റയാൻ ജീവിതമാണ് നയിക്കുന്നത്. കുട്ടികൾ വിദേശത്ത് ജോലി ചെയ്യുന്നു. ഐസക് കണ്ടെത്തേണ്ടത് സ്വന്തം ചെലവാണ്. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ഐസക്. 2001 ൽ മാരാരിക്കുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് വരെ 80 കൾ മുതൽ അദ്ദേഹം സിഡിഎസിലെ പ്രൊഫസറായിരുന്നു. 21 വർഷത്തോളം പ്രൊഫസറുടെ ജോലി ചെയ്തു. പിന്നീട് പ്ലാനിങ് ബോർഡ് ഫുൾ ടൈം അംഗമായി. സർക്കാർ സെക്രട്ടറിയുടെ റാങ്കിലുള്ള ശമ്പളം. നാല് വട്ടം എംഎൽഎയായി. 20 വർഷം എംഎൽഎ സ്ഥാനത്തിരുന്നു. 40,000-50, 000 രൂപ വരെ അദ്ദേഹത്തിന് പെൻഷൻ കിട്ടുന്നുണ്ടാകും എന്നാണ് കണക്ക്. മന്ത്രിയായിരുന്ന കാലയളവിൽ ഒരുലക്ഷത്തോളം രൂപ ശമ്പളമുണ്ടായിരുന്നു. ആനുകൂല്യങ്ങൾ വേറെ. 2006 മുതൽ 2011 വരെ വി എസ് സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്നു. 2016 മുതൽ 2021 വരെ പിണറായി സർക്കാരിലും ധനമന്ത്രിയായിരുന്നു. ഈ സമയത്തൊക്കെയും അദ്ദേഹം ലക്ഷത്തിൽ പരം രൂപ ശമ്പളം പറ്റിയിരുന്നു. ഇപ്പോഴും യാത്രകൾ സൗജന്യമാണ്. മുന്മന്ത്രി എന്ന നിലയിൽ, 75,000 രൂപ അലവൻസുകൾ ലഭിക്കുന്നു.

20 വർഷത്തോളം എല്ലാ ആനുകൂല്യങ്ങളും കൈപറ്റി. പെൻഷൻ ഇപ്പോഴും കൈപ്പറ്റി കൊണ്ടിരിക്കുന്നു. കുറഞ്ഞത് പെൻഷനും ആനുകൂല്യങ്ങളുമായി 60,000 മുതൽ 70,000 രൂപ വരെ കിട്ടുന്നുണ്ടാകണം. പ്രൊഫസറായിരുന്ന കാലയളവിലെ ആനുകൂല്യങ്ങൾ വേറെയും. ഇതുമാത്രമല്ല, നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. 15 ഓളം മലയാളം പുസ്തകങ്ങളും അഞ്ചോളം ഇംഗ്ലീഷ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇതിനെല്ലാം റോയൽറ്റി കിട്ടുന്നുണ്ട്. ബാധ്യതകൾ കാര്യമായി ഇല്ലാതിരിക്കെ, തോമസ് ഐസക് പട്ടിണിയിലാകുന്നത് എങ്ങനെയെന്നാണ് ചോദ്യം. പൊരുത്തപ്പെടാത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഐസക് ഇനി എന്തു ചെയ്യും?

പാർട്ടി പ്രവർത്തനം കൂടാതെ പുസ്തക രചനയും പ്രഭാഷണങ്ങളുമാണ് ഐസക്കിന്റെ ദിവസങ്ങൾ നിറയ്ക്കുന്നത്. ഐഐടികളിലും, നിരവധി സർവകലാശാലകളിലും ക്ലാസ് എടുത്തു വരുന്നു. എന്തായാലും പാർട്ടിയിൽ പിണറായി വിജയനുമായി ഊഷ്മള ബന്ധമല്ല ഐസക്കിന് എന്നാണ് സംസാരം. എന്നിരുന്നാലും, കേന്ദ്ര കമ്മിറ്റി അംഗമായ ഐസക്കിന് രാജ്യസഭയിലേക്ക് ഒരുസീറ്റ് പാർട്ടി നൽകുമെന്നാണ് അഭ്യൂഹം. ഈ ഏപ്രിലിൽ മൂന്നു സീറ്റുകൾ ഒഴിയുകയാണ്. രണ്ട് സീറ്റിൽ ഇടതുപക്ഷത്തിന് ഉറപ്പായും ജയിച്ചുകയറാം. അതുകൊണ്ട് ഐസക്കിന് മൂന്നാം ഇന്നിങ്‌സിന് സമയമായി എന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനായി പട്ടിണിയെ കൂട്ടുപിടിക്കുന്നുവെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP