Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വൈശാലി'യിലെ ഭരതന്റെ വീട് ഉണ്ടാക്കിയത് കോടിയുടെ കടം; മകളുടെ കല്യാണത്തിന് കടം ചോദിച്ചപ്പോൾ സൂപ്പർ താരം പറഞ്ഞത് ഭാര്യയോട് ചോദിക്കാൻ; സമ്മാനമായി കൊടുത്ത 50,000വും തിരിച്ചു കൊടുക്കാൻ ആഗ്രഹിച്ച ലളിതേച്ചി; തുണയായത് ദിലീപിന്റേയും സുരേഷ് ഗോപിയുടേയും കരുതൽ; കെപിഎസി ലളിതയുടെ ഫോണിനെ ഭയന്ന സൂപ്പർ സ്റ്റാറുകളും; കെപിഎസി ലളിതയുടെ ആരും അറിയാത്ത ദുരിത കഥ

'വൈശാലി'യിലെ ഭരതന്റെ വീട് ഉണ്ടാക്കിയത് കോടിയുടെ കടം; മകളുടെ കല്യാണത്തിന് കടം ചോദിച്ചപ്പോൾ സൂപ്പർ താരം പറഞ്ഞത് ഭാര്യയോട് ചോദിക്കാൻ; സമ്മാനമായി കൊടുത്ത 50,000വും തിരിച്ചു കൊടുക്കാൻ ആഗ്രഹിച്ച ലളിതേച്ചി; തുണയായത് ദിലീപിന്റേയും സുരേഷ് ഗോപിയുടേയും കരുതൽ; കെപിഎസി ലളിതയുടെ ഫോണിനെ ഭയന്ന സൂപ്പർ സ്റ്റാറുകളും; കെപിഎസി ലളിതയുടെ ആരും അറിയാത്ത ദുരിത കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിനയ തികവിന്റെ ലളിത ചേച്ചിയായിരുന്നു മലയാള സിനിമയ്ക്ക് കെപിഎസി ലളിത. ലളിത ചേച്ചി സിനിമയിൽ അഭിനയം അല്ലായിരുന്നു ജീവിക്കുക ആയിരുന്നു.. നല്ല നടി.. പക്ഷേ എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ മുമ്പോട്ട് പോയ പ്രതിഭ. കടമായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ബാധ്യത. ഭർത്താവിൽ തുടങ്ങിയ കടം. ഒരിക്കലും അതു മാത്രം ശരിയായില്ല. ചരിച്ചു കൊണ്ടു അഭിനയിക്കുമ്പോഴും അവർ കടത്തെ ഓർത്ത് കരയുകയായിരുന്നു. സിനിമയിൽ ചുരുക്കം ചിലർ മാത്രമാണ് ലളിതയെ കൈമറന്ന് സഹായിച്ചത്.

വൈശാലി എന്നത് ഭരതന്റെ സ്വപ്‌ന സിനിമയായിരുന്നു. മലയാളിയെ ഞെട്ടിച്ച സിനിമ. ഇതിന് ശേഷം ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഭദ്രൻ ഒരു വീടു വച്ചു. തന്റെ കലാ ഹൃദയം പ്രതിഫലിപ്പിക്കുന്ന തരത്തിലെ മണി മാളിക. എല്ലാ അർത്ഥത്തിലും കലാകാരനായി ജീവിച്ച ഭരതന്റെ ജീവിതം താളം തെറ്റിയതുമായിരുന്നു. കിട്ടുന്നതെല്ലാം പലർക്കായി നൽകുന്ന അരാജക ജീവിതം. ഈ ജീവിതം ലളിതയെ പലപ്പോഴും മാനസികമായി തളർത്തി. വൈശാലിയെന്ന വീടിന്റെ കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു, ഈ കടം വീട്ടാനായി ആ വീടും വിറ്റു. അപ്പോഴും കടം തീർക്കാൻ വീടു വിറ്റ് കിട്ടിയ പണം പര്യാപ്തമായിരുന്നില്ല.

പിന്നീട് ഭരതന്റെ മരണം. ഇതോടെ ജീവിത പ്രാരാബ്ദങ്ങളെല്ലാം ലളിതയുടെ തോളിലായി. എത്ര അഭിനയിച്ചാലും തീർത്ത അത്രയുണ്ടായിരുന്നു ബാധ്യത. ചുറ്റും നിൽക്കുന്നവരെ സഹായിക്കുകയും വേണം. ഇതിനൊപ്പം മകളേയും മകനേയും മുമ്പോട്ട് കൊണ്ടു പോകണം. പ്രതീക്ഷയായ മകൻ സിദ്ധാർത്ഥും വിവാദങ്ങളിലേക്കാണ് വീണത്. വിവാഹത്തിലെ പ്രശ്‌നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി. മുറിയടച്ച് അകത്തിരുന്ന സിദ്ധാർത്ഥ അമ്മയ്ക്ക് കുറച്ചു കാലം തീരാ വേദനയായി. ഇതെല്ലാം അതിജീവിച്ച് സിദ്ധാർത്ഥ് മിടു മിടുക്കനായപ്പോഴേക്കും ലളിതയെ രോഗം പിടിച്ചു കുലുക്കി. പിന്നെ ചികിൽസയ്ക്ക് വേണ്ടിയുള്ള യാത്രകൾ. അഭിനയത്തിലും സജീവമാകാൻ കഴിയാത്ത അത്ര രോഗാവസ്ഥ. അപ്പോഴും തട്ടീം മുട്ടീം അടക്കമുള്ള ടെലിവിഷൻ സീരിയലുകളിൽ ലളിത അഭിനയിച്ചു. പണം വാങ്ങി.

മകളുടെ വിവാഹമായിരുന്നു ലളിതയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടം. സഹായിക്കാൻ ആരുമില്ലേ എന്ന് സ്വയം ചോദിച്ച സമയം. മലയാളത്തിൽ സൂപ്പർതാര പരിവേഷമുള്ള നടനോട് പണം കടമായി ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ ആ വാക്കുകൾ ലളിതയെ തളർത്തിയിരുന്നു. ഒടുവിൽ 50000 രൂപ വിവാഹത്തിന് സമ്മാനമായി നൽകി. അത് തിരിച്ചു കൊടുക്കുമെന്ന് പല സുഹൃത്തുക്കളോടും ലളിത പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് ഏറ്റവും അധികം സഹായിച്ചത് ദിലീപായിരുന്നു.

ലളിതയുടെ മകന്റെ അപകടവും അവരെ തളർത്തി. അപ്പോഴും ദിലീപായിരുന്നു സഹായം. മകന് തിരിച്ചു വരവിനായി സിനിമ പോലും ദിലീപ് ഒരുക്കാൻ തയ്യാറായി. അതായിരുന്നു ചന്ദ്രേട്ടൻ എവിടെയാണ് എന്ന സിനിമ. ചികിൽസാ സമയത്ത് സുരേഷ് ഗോപിയും സഹായവുമായെത്തി. അതല്ലാതെ ഒരു നടനേയും തന്നെ സഹായിച്ചതായി കെപിഎസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല. പല ചാനൽ അഭിമുഖത്തിലും സഹായിക്കുന്നവരെ കൃത്യമായി പറയുന്ന സ്വഭാവക്കാരിയായിരുന്നു ലളിത. അവാസന കാലത്ത് ലളിത ഫോണിൽ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നതാണോ എന്ന് പോലും കരുതിയ നടന്മാരും നടിമാരുമുണ്ട് എന്നതാണ് വസ്തുത.

ഭർത്താവ് ഭരതൻ മരിക്കുമ്പോൾ ഏകദേശം ഒരു കോടിരൂപ കടം വരുത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആ കടം വീട്ടാനുള്ള ചുമതല ലളിതയുടെതായി. വിവാഹം കഴിക്കാൻ പ്രായമായ മകളും മകനും മാത്രമേയുണ്ടായിരുന്നു. കടം കാരണം മദ്രാസിലെ വീടെല്ലാം വിറ്റിരുന്നു. അങ്ങെയിരിക്കുമ്പോൾ ദിലീപാണ് സഹായവുമായി വന്നതെന്ന് ലളിത പറഞ്ഞിരുന്നു. അന്ന് മഞ്ജുവാര്യരാണെത്രെ പണം കൊണ്ടുവരുന്ന കാര്യം സൂചിപ്പിച്ചത്. ലളിതേച്ചിക്കു പണത്തിന്റെ ആവശ്യമുണ്ടെന്ന് ദിലീപേട്ടൻ പറഞ്ഞിരുന്നു. അതുകൊടുത്തയച്ചിട്ടുണ്ടെന്ന് മഞ്ജുവാണു വിളിച്ചുപറഞ്ഞത്.

ദിലീപ് വന്ന വഴി മറക്കാത്തവനാണെന്നാണ് ലളിത മുമ്പ് പറഞ്ഞിരുന്നു. ലളിതയുടെ മകളുടെ വിവാഹത്തിനു സഹായിച്ചത് നടനും സംവിധായകനുമായ ലാൽ ആയിരുന്നു. അതുപോലെ ഫാസിലും ജയരാജും സഹായിച്ചതായി അവർ വെളിപ്പെടുത്തിയിട്ടുണ്ട്. 1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. പിന്നെ, ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി. ഭരതന്റെ ജന്മനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി. ഭരതന്റെ വീട്ടുപേര് പാലിശേരിയിൽ എന്നാണ്. തറവാട് വീടിനോട് ചേർന്ന ഭൂമിയിൽ പുതിയ വീടു പണിതപ്പോൾ വീടിനിടേണ്ട പേരിന്റെ കാര്യത്തിൽ ലളിതയ്ക്കു സംശയമുണ്ടായിരുന്നില്ല. പാലിശേരിയിൽ ഓർമ എന്നായിരുന്നു വീടിനിട്ട പേര്. 2004 ജനുവരിയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.

നാടുമായി ഇഴുകിച്ചേർന്നായിരുന്നു പിന്നീടുള്ള ജീവിതം. വടക്കാഞ്ചേരിയുടെ മരുമകൾ എന്ന വിളി എല്ലായ്‌പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. 18 വർഷത്തെ താമസത്തിനിടയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്നു. ഭരതനു നാട്ടുകാരിൽ നിന്ന് കിട്ടിയ സ്‌നേഹവും ആദരവും ലളിതയ്ക്കും കിട്ടി. സംഗീത നാടക അക്കാദമി അധ്യക്ഷയായതോടെ വടക്കാഞ്ചേരിയിലായിരുന്നു കൂടുതൽ ദിവസങ്ങളിലും താമസം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചതു ലളിതയെ ആയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പക്ഷേ, പ്രാദേശികമായി പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നു. പരസ്യമായ പ്രതിഷേധങ്ങൾ കണ്ടതോടെ ലളിത തന്നെ പിന്മാറുകയായിരുന്നു.

എന്നും പാർട്ടിക്കൊപ്പം നിന്നു. ഇതു തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞില്ല. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനമായിരുന്നു പാർട്ടിക്കൂറിനുള്ള സമ്മാനം. ശുചിത്വ അംബാസഡർ പദവി നൽകി വടക്കാഞ്ചേരി നഗരസഭയും ഒപ്പംനിർത്തി. നാട്ടിലെ വിവാഹങ്ങൾക്കും എന്തിന് തീരെ ചെറിയ ചടങ്ങുകളിൽ പോലും പങ്കെടുക്കുമായിരുന്നു. എങ്കക്കാടിന്റെ ഹൃദയത്തിൽ ജീവിച്ച പ്രിയപ്പെട്ട മരുകൾ ഒരിക്കൽക്കൂടി അതേനാട്ടിലേക്ക് എത്തുകയാണ്. അന്ത്യവിശ്രമത്തിനായി.

എല്ലാം നശിപ്പിച്ച ഭരതൻ

പ്രശസ്ത സംവിധാകൻ ഭരതനെ വിവാഹം കഴിച്ചതിനുശേഷവും കെപിഎസി ലളിതുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിയിരുന്നില്ല. കടുത്ത മദ്യപാനവും എക്സെൻട്രിക്ക് സ്വഭാവവും കൂടെപ്പിറപ്പായിരുന്ന ഭരതൻ വരുത്തിയ കടം വീട്ടിയതും ഈ അഭിനേത്രിയാണ്. അതേക്കുറിച്ച് കെപിഎസി ലളിത ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.'' അത്രക്ക് സാമ്പത്തിക അച്ചടക്കമുള്ള ജീവിതം ആയിരുന്നില്ല ഭരതേട്ടന്റെത്. പൊതുവെ കലാകാരന്മാർ അങ്ങനെയാണെല്ലോ. അവസാനകാലത്ത് ഭരതേട്ടൻ നിർമ്മാണത്തിലേക്ക് തിരിഞ്ഞതും വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. മറ്റുള്ളവർക്കുവേണ്ടി ഞങ്ങൾ എടുത്ത ചിത്രങ്ങളെല്ലാം വൻ ഹിറ്റായി. എന്നാൽ ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷൻ വൻ നഷ്ടമാണ് ഉണ്ടാക്കിയത്. അവസാനം ഇറങ്ങിയ മഞ്ചീരധ്വനി എന്ന ചിത്രമൊക്കെ കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്.''

ഭരതൻ മരിച്ചതോടെ ശരിക്കും ലളിതച്ചേച്ചിയുടെ ജീവിതവും പ്രതിസന്ധിയിലായി. കടക്കാരും മാർവാഡികളും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. ജയാറാമിനെപ്പോലുള്ള നടന്മാരാണ് ഈ ഘട്ടത്തിൽ തുണയായത്. ഇങ്ങനെയുള്ള സഹായം കൊണ്ടാണ് അവർ കോടികൾ വരുന്ന ആ കടം വീട്ടിയത്. മകൻ സിദ്ധാർഥ് ഭരതൻ അഭിനയത്തതിലേക്കും, സംവിധാനത്തിലേക്കും കടന്നപ്പോൾ ഇനിയെങ്കിലും തന്റെ ദുരിതം അവസാനിക്കുമെന്നാണ് ലളിതചേച്ചി കരുതിയത്. പക്ഷേ അതിനിടയിലുണ്ടായ ഒരു ആക്സ്ഡിന്റ് എല്ലാ കണക്കൂകൂട്ടലും തെറ്റിച്ചു. മരണാസന്നനായ മകനെ ലക്ഷങ്ങൾ ചെലവിട്ട് രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഈ അമ്മയുടെ ഒറ്റ മിടുക്കാണ്.

ഇങ്ങനെയെല്ലാമായി പലവഴിക്ക് പണം ചെലവായിപ്പോകുന്നതുകൊണ്ടായിരിക്കണം, അരനൂറ്റാണ്ടോളം അഭിനയിച്ചിട്ടും കാര്യമായ ഒരു കൈയിലിരിപ്പും ലളിതചേച്ചിക്ക് ഇല്ലായിരുന്നു. അവർക്ക് അസുഖം വന്നപ്പോൾ സർക്കാർ സഹായം നൽകിയതും വിവാദമായി. കോടീശ്വരന്മാരായ സിനിമ താരങ്ങളെയാണോ സർക്കാർ സഹായിക്കേണ്ടത് എന്നാണ് ചിലർ ചോദിച്ചത്. പക്ഷേ അവർ അറിഞ്ഞിരുന്നില്ല കെപിഎസി ലളിതയുടെ സാമ്പത്തിക സ്ഥിതി. സിനിമാലോകത്തെ പ്രമുഖരും അവർക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.

ചികിത്സാസഹായത്തിലും രാഷ്ട്രീയ വിവാദം

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിഎസി ലളിതക്ക് സർക്കാർ ചികിത്സാസഹായം അനുവദിച്ചതും വിവാദമായിരുന്നു. സിനിമാതാരങ്ങൾക്ക് കൈയിൽ പണമില്ലേ എന്തിനാണ് സർക്കാർ സഹായം എന്നാണ് പലരും ചോദിച്ചത്. അന്ന് കോൺഗ്രസിലും ഇതുസംബദ്ധിച്ച് ഭിന്നതയുണ്ടായി.

സർക്കാർ സഹായത്തെ പിന്തുണച്ചുകൊണ്ട് കെപിസിസി വർക്കിങ് പ്രസിഡന്റ് പിടി തോമസാണ് ആദ്യം രംഗത്ത് എത്തിയത്. കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. അവരുടെ രാഷ്ട്രീയ നിലപാടുകളെ ബഹുമാനിക്കണം. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട് അവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും പിടി മുന്നറിയിപ്പ് നൽകുന്നു. ഇതോടെ കോൺഗ്രസ് അണികളുടെ സൈബർ പൊങ്കാലയും പിടി തോമസ് ഏറ്റുവാങ്ങി. പക്ഷേ അദ്ദേഹം നിലപാടിൽ ഉറച്ചു നിന്നു. ആ പി ടി തോമസ് ലളിതചേച്ചിക്ക് മുന്നേ മരിച്ചതും കാലത്തിന്റെ കളി.

പിടിക്ക് പിന്തുണയുമായി അനിൽ അക്കരയും രംഗത്തെത്തി. പിടിയുടെ നിലപാടിനൊപ്പം എന്ന് തലക്കെട്ട് നൽകി പിടി തോമസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അക്കരയുടെ പിന്തുണ. അപ്പോഴേയ്ക്കു കോൺഗ്രസ് സൈബർ പോരാളികൾ അനിൽ അക്കരയ്ക്കെതിരെ തിരിഞ്ഞു. പിടി തോമസിന്റെയോ അനിൽ അക്കരയുടേയോ പേര് പറയാതെ ഇരുവരുടെയും നിലപാട് തള്ളി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും ഫേസ്‌ബുക്കിൽ അഭിപ്രായം പങ്കുവച്ചു. സിനിമാ മേഖലയിൽ അവശത അനുഭവിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരുണ്ടെന്നും അതിൽ കെപിഎസി ലളിതയ്ക്ക് മാത്രം സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്നും വിപി സജീന്ദ്രൻ പറഞ്ഞത്.

അതേസമയം കെപിഎസി ലളിതയുടെ ചികിൽസാ സഹായത്തെ അനകൂലിക്കയാണ് ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി എം പി ചെയ്തത്. ചികിൽസാ സഹായത്തെ ബിജെപി എതിർക്കുമ്പോളാണ് സുരേഷ് ഗോപിയുടെ വേറിട്ട അഭിപ്രായം. ''അവരുടെ അവസ്ഥ സർക്കാർ അറിഞ്ഞിട്ടാവാം സഹായം നൽകുന്നത്. നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നൽകിയത് സർക്കാരാണ്. സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നിട്ടുണ്ടാവും. അപ്പോൾ സർക്കാർ അത് പരിശോധിച്ച് കാണും. അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാവും ഇങ്ങനെയൊരു തീരുമാനമെടുത്തത്''- സുരേഷ് ഗോപി വ്യക്തമാക്കി.

കെപിഎസി ലളിതയ്ക്കു ചികിത്സ നൽക്കുന്നത് രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങൾ സംസ്‌കാര ശൂന്യമാണെന്നമായിരുന്നു കെബി ഗണേശ് കുമാറിന്റെ പ്രതികരണം.'ഒരു കലാകാരിയാണവർ, അവർക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവിൽ സംഗീത നാടക അക്കാദമിയുടെ ചെയർമാന്റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സർക്കാർ ചികിത്സാ സഹായം ലഭിക്കാൻ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്.'-ഗണേശ് കുമാർ പറഞ്ഞു.

എന്നാൽ പിണറായി സർക്കാർ കെപിഎസി ലളിതയെ കൈവിട്ടില്ല. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ ഫേസ്‌ബുക്ക് പോസ്റ്റിലുടെ അറിയിച്ചു. ''കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തത്'- മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP