Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്കേറ്റവും പ്രിയപ്പെട്ടയാളെന്ന് മമ്മൂട്ടി; വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് മമ്മൂട്ടി; നഷ്ടമായത് തന്റെ അമ്മയെ തന്നെയെന്ന് മഞ്ജു വാര്യർ; അനുസ്മരിച്ച് മുഖ്യമന്ത്രിയും; കൊച്ചിയിലേക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത് നിരവധി പേർ; കെപിഎസി ലളിത കണ്ണീരോർമ്മയാകുമ്പോൾ

തനിക്കേറ്റവും പ്രിയപ്പെട്ടയാളെന്ന് മമ്മൂട്ടി; വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് മമ്മൂട്ടി; നഷ്ടമായത് തന്റെ അമ്മയെ തന്നെയെന്ന് മഞ്ജു വാര്യർ; അനുസ്മരിച്ച് മുഖ്യമന്ത്രിയും; കൊച്ചിയിലേക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത് നിരവധി പേർ; കെപിഎസി ലളിത കണ്ണീരോർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെപിഎസി ലളിത നാടകത്തിലൂടെ സജീവമായി വെള്ളിത്തിര കീഴടക്കിയ അതുല്യ അഭിനേത്രിയാണ്. കാമുകിയായും അമ്മയായും അമ്മൂമ്മയായുമെല്ലാം വേഷപ്പകർച്ചകൾ നടത്തി. 550ഓളം ചിത്രങ്ങളിലൂടെ അര നൂറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയും വേദനയിലാണ്. കൊച്ചിയിലെ വീട്ടിൽ മോഹൻലാൽ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. നിരവധി പേരാണ് കൊച്ചയിലെ വീട്ടിലേക്ക് എത്തുന്നത്.

1970ൽ കെപിഎസി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ കൂട്ടുകുടുംബത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. സിനിമയിലെ ആദ്യകാലത്തു സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസുകളിൽ ഇടം പിടിച്ചു. 1978ലായിരുന്നു മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഭരതനുമായുള്ള വിവാഹം. പിന്നീട് കുറച്ചുവർഷങ്ങൾ ലളിത സിനിമയിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1983ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി.

1998ൽ ഭർത്താവ് ഭരതൻ മരിച്ചപ്പോഴും കുറച്ചുകാലം സിനിമയിൽനിന്നു വിട്ടുനിന്ന ലളിതച്ചേച്ചി തൊട്ടടുത്ത വർഷം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തന്നെ താനാക്കിയ നാടക രംഗത്തിനു വേണ്ടിത്തന്നെയായിരുന്നു അവസാനകാലത്ത് ലളിതചേച്ചി പ്രവർത്തിച്ചിരുന്നത്. അന്താരാഷ്ട്ര നാടകോത്സവം ഉൾപ്പെടെയുള്ള മേളകളിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ എന്ന നിലയിൽ അവർ സജീവമായിരുന്നു.

ഏറ്റവും പ്രിയപ്പെട്ട ഒരാൾ

ജീവിതത്തിൽ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി. കെപിഎസി ലളിതയുടെ വിയോഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവം.'മമ്മൂട്ടി കുറിച്ചു.

കോട്ടയം കുഞ്ഞച്ചൻ, കനൽക്കാറ്റ്, അമരം, ലൗഡ്‌സ്പീക്കർ, നസ്രാണി, ഉട്യോപ്പയിലെ രാജാവ്, ബെസ്റ്റ് ആക്ടർ തുടങ്ങി മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച നടിയായിരുന്നു കെപിഎസി ലളിത. പ്രശസ്ത ചിത്രമായ മതിലുകളിൽ നാരായണി എന്ന കഥാപാത്രത്തിന്റെ ശബ്ദസാന്നിധ്യമായി മമ്മൂട്ടിക്കൊപ്പമെത്തി. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവം കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്നാണ്.

നഷ്ടമാകുന്നത് അമ്മയെ

അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്.

'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അദ്ധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട...

അനുസ്മരിച്ച് മുഖ്യമന്ത്രി

മലയാള സിനിമയുടെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

അനുശോചിച്ച്  വിഡി സതീശൻ

അനുപമമായ അഭിനയമികവുകൊണ്ടു മലയാള സിനിമയിൽ പതിറ്റാണ്ടുകളോളം തിളങ്ങിനിന്ന നടി കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കിയെന്ന് വി.ഡിസതീശൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി... അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി... സ്വാഭാവിക അഭിനയത്തിന്റെ പാഠശാല... നാടകവേദി മൂർച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെപിഎസി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP